കോഴിക്കോട്: റിപ്പോര്‍ട്ടറുടെ ചോദ്യം ശ്രദ്ധിക്കാതെ പോയതിനാല്‍ തിരിച്ചടിയെന്ന ട്രംപിന്റെ പ്രയോഗം തെറ്റിദ്ധരിക്കപ്പെട്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ കയറ്റുമതിക്ക് ഇന്ത്യ തയ്യാറായില്ലെങ്കില്‍ തിരിച്ചടിയെന്ന് ട്രംപ് പറഞ്ഞതായുള്ള മാധ്യമങ്ങളുടെ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
" 'അമേരിക്ക ചില മരുന്നുകളുടെ കയറ്റുമതി നിരോധിച്ചതിന് ഇന്ത്യ ഹൈഡ്രോക്സി ക്ലോറോക്വിന്‍ കയറ്റുമതി നിരോധിച്ചതുപോലുള്ള തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയുണ്ടോ' എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. യുഎസ് തിരിച്ചടിക്കുമോ എന്നല്ല റിപ്പോർട്ടർ ചോദിച്ചത്. ആ ചോദ്യത്തോടുള്ള ട്രംപിന്റെ പ്രതികരണമാണ് മാധ്യമങ്ങള്‍ തെറ്റിദ്ധരിച്ചത്. ദേശീയ മാധ്യമങ്ങളിലെയും അന്തര്‍ദേശീയ മാധ്യമങ്ങളിലെയും വാര്‍ത്തകളില്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം ഇല്ലാത്തതിനാല്‍ ട്രംപിന്റെ മറുപടിയൊന്നാകെ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു", വി . മുരളീധരന്‍ പറയുന്നു.
'ഞായറാഴ്ച ഞാന്‍ മോദിയുമായി സംസാരിച്ചിരുന്നു. ഞങ്ങള്‍ക്കാവശ്യമുള്ള മരുന്ന് എത്തിച്ചു നല്‍കുന്നതിനെ ഞങ്ങള്‍ വിലമതിക്കും. ഇനി ഇപ്പോള്‍ അത് ചെയ്തില്ലെങ്കിലും കുഴപ്പമൊന്നുമില്ല. പക്ഷെ തിരിച്ചടിയുണ്ടായേക്കാം. അതുണ്ടാവാതിരിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ', എന്നാണ് തിങ്കളാഴ്ച പ്രസ് കോണ്‍ഫറന്‍സില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി ട്രംപ് പറഞ്ഞത്. തുടർന്ന് മരുന്ന് കയറ്റുമതി വിലക്ക് ഇന്ത്യ നീക്കം ചെയ്തിരുന്നു
വിവാദ വിഷയത്തില്‍ മുരളീധരനുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ
- തിരിച്ചടിക്കുമെന്ന ട്രംപിന്റെ പ്രതികരണവും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റുമതി ചെയ്യാമെന്ന ഇന്ത്യയുടെ തീരുമാനവും പല രീതിയിലുള്ള വ്യാഖ്യാനങ്ങളോടുള്ള പ്രതികരണം
യുഎസ്സില്‍ നിന്ന് മെഡിക്കല്‍ സപ്ലൈസ് കയറ്റുമതി ചെയ്യുന്നത് ട്രംപ് നിരോധിച്ചിരുന്നു. ഇതിന് ഇന്ത്യ കയറ്റുമതി നിരോധിച്ച പോലെ തിരിച്ചടിയുണ്ടാവുമോ എന്നാണ് റിപ്പോർട്ടർ ചോദിച്ചത്. ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ ഏറ്റവും വലിയ ഉത്പാദകര്‍ ഇന്ത്യയാണ്. ഇന്ത്യ 25ാം തീയതി ഈ മരുന്നുമായി ബന്ധപ്പെട്ട അസംസ്‌കൃത വസ്തുക്കൾ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു. മാത്രമല്ല മാസ്‌കുകള്‍ക്കാവശ്യമായ ടെക്‌സ്റ്റൈല്‍ വസ്തുക്കൾ കയറ്റുമതി ചെയ്യുന്നതും ഇന്ത്യ നിരോധിച്ചിരുന്നു. നമുക്കാവശ്യമുള്ളതിന്റെ കണക്കെടുപ്പ് നടത്തുന്നത് വരെ നിരോധനം തുടരാം എന്നായിരുന്നു തീരുമാനം. കണക്കെടുപ്പ് നടത്തിയ ശേഷം ആവശ്യപ്പെട്ട ചില രാജ്യങ്ങള്‍ക്ക് കൊടുക്കാമെന്നും ഇന്ത്യ തീരുമാനിച്ചു. അതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം വരുന്നതും തെറ്റിദ്ധരിക്കപ്പെടുന്നതും. ട്രംപിന്റെ പരാമര്‍ശവും ഇന്ത്യന്‍ തീരുമാനവുമായി യാതൊരു ബന്ധവുമില്ല. ട്രംപിന്റെ പ്രതികരണം മാത്രമേ മാധ്യമങ്ങളില്‍ വന്നുള്ളൂ. മാധ്യമപ്രവർത്തകന്റെ ചോദ്യം വന്നില്ല. അതാണ് തെറ്റിദ്ധാരണക്കിടയാക്കിയത്. അന്താരാഷ്ട്ര ബന്ധങ്ങളില്‍ ആശയവിനിമയം നടത്തുമ്പോള്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാവാറേ ഇല്ല.
- ഇങ്ങനെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന രാഷ്ട്രത്തലവനെ കണ്ടിട്ടില്ലെന്ന് തരൂരും പറഞ്ഞിരുന്നു.
ചോദ്യം കാണാതെ ഉത്തരം കണ്ടതുകൊണ്ടാവാം തരൂരും ഇത്തരത്തില്‍ പ്രതികരിച്ചത്. അന്താരാഷ്ട്ര ആശയവിനിമയത്തില്‍ ഇങ്ങനെ ഉണ്ടാവാറില്ലെന്നാണല്ലോ തരൂരും പറഞ്ഞത്. ഇങ്ങനെ പറയില്ലെന്ന് തരൂരിനും ധാരണയുണ്ട്. പക്ഷെ അന്താരാഷ്ട്ര ആശവിനിമയത്തില്‍ പൊതുവേ പാലിക്കുന്ന രീതിയില്‍ നിന്ന് കുറച്ചു വ്യത്യാസപ്പെട്ടുകൊണ്ടാണ് ട്രംപ് സംസാരിക്കാറ്. അതുകൊണ്ടാവാം ആളുകളെല്ലാം അത്തരത്തില്‍ തെറ്റിദ്ധരിച്ചത്. ചോദ്യം കൂടി നൽകാൻ മാധ്യമങ്ങൾ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നം ഉടലെടുക്കില്ലായിരുന്നു.എല്ലാ മാധ്യമങ്ങളും വാസ്തവം മനസ്സിലാക്കാതെ ഈ വിഷയത്തില്‍ എഴുതുകയാണുണ്ടായത്.
- അങ്ങനെയെങ്കിൽ ഈ വിഷയത്തില്‍ ഇത്രവിവാദം ഉണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കാഞ്ഞത് എന്തുകൊണ്ടാണ്
കേന്ദ്ര സര്‍ക്കാര്‍ വസ്തുത എന്താണെന്ന് ഇതിനോടകം പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരെ ആശങ്കാകുലരല്ല. ഒന്ന് ട്രംപ് ഈ പറഞ്ഞതില്‍ തിരിച്ചടിയുണ്ടാകുമെന്ന ധ്വനിയില്ല. മാത്രവുമല്ല ഈ ഘട്ടത്തില്‍ ഇത്തരം കാര്യങ്ങളോട് പ്രതികരിച്ച് മറ്റൊരു വലിയ പ്രശ്നമായി ഉയര്‍ത്താനും വിവാദമുണ്ടാക്കാനും സര്‍ക്കാര്‍ ആഗ്രഹിക്കുന്നുമില്ല.
- യുഎസ്സിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് വലിയ ആഘാതമല്ലെ ഉണ്ടാക്കിയത്. വികസിത രാജ്യങ്ങളുടെ കോവിഡ് ഉൻമൂലന പരാജയത്തെ എങ്ങനെ കാണുന്നു.
ആരോഗ്യ പരിപാലന രംഗത്തല്ല അവര്‍ക്ക് വീഴ്ചയുണ്ടായത്. സാമൂഹിക അകലം പാലിക്കുന്നതിലാണ് അവര്‍ വലിയ രീതിയില്‍ പരാജയപ്പെട്ടത്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ അവര്‍ വൈകി. കഴിഞ്ഞ ദിവസം യുകെയില്‍ 3000ത്തോളം പേര്‍ കാറ്റുകൊള്ളാനിറങ്ങി എന്നുവരെ ചിലര്‍ പറഞ്ഞറിഞ്ഞു. രോഗം വരാതെ നോക്കുക എന്നതാണ് കോവിഡ് പ്രതിരോധത്തില്‍ ഫലപ്രദമായി കൈക്കൊള്ളാവുന്ന മാര്‍ഗ്ഗം. അതിന് സാമൂഹിക അകലം പാലിച്ചേ മതിയാവൂ. ഇന്ത്യക്കാര്‍ പൊതുവെ പൊടിശല്യത്തെയെല്ലാം അതിജീവിച്ച് പ്രതിരോധം ആര്‍ജ്ജിച്ച ജനവിഭാഗമാണ്.എന്നാല്‍ വളരെ വൃത്തി പാലിച്ച് ജീവിക്കുന്നതിനാല്‍ പടിഞ്ഞാറൻ രാജ്യങ്ങളിലുള്ളവർക്ക് രോഗബാധ കുറവാണ്. അതുകൊണ്ട് തന്നെ രോഗം വന്നാല്‍ പ്രതിരോധിക്കാനുള്ള ശേഷിയും അവരില്‍ കുറയും. നമ്മള്‍ പറയുന്ന കണക്കുകള്‍ സ്ഥിരീകരിച്ചവരുടേത് മാത്രമാണ്. നമ്മള്‍ പരിശോധിക്കാത്തുകൊണ്ട് അറിയാത്തതാണ്. മുംബൈയില്‍ അവസാന സ്‌റ്റേജിലാണ് പലരും ആശുപത്രിയിലെത്തുന്നത്. അങ്ങനെയാണ് അവര്‍ മരിക്കുന്നത്.
- ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീളുമോ
ലോക്കഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്ന പ്രശ്‌നമില്ല. ലോക്ക്ഡൗണ്‍ എന്ന പേരില്‍ നിയന്ത്രണം നീളുമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രിമാരുമായി സംസാരിച്ച ശേഷമേ വ്യക്തത വരുത്താനാവൂ.
- ലോക്ക്ഡൗണിനു ശേഷം ഫ്‌ളൈറ്റ് സര്‍വ്വീസ് പുനസ്ഥാപിച്ചാല്‍ വലിയ ഭീഷണിയാവില്ലെ. രോഗികളുടെ എണ്ണം വീണ്ടും വർധിക്കില്ലേ
ഗള്‍ഫിലുള്ളവരെ തിരിച്ചു കൊണ്ടുവരാന്‍ നമ്മള്‍ തീരുമാനിച്ചു എന്നിരിക്കട്ടെ 50,000 പേര്‍ വന്നാല്‍ പോലും അവരെ ക്വാറന്റൈന്‍ ചെയ്യാനുള്ള സംവിധാനം നമുക്കെവിടെ ഉണ്ട്. 200- 300 ആളുകള്‍ വന്നാല്‍ ക്വാറന്റൈന്‍ ചെയ്യാന്‍ കഴിഞ്ഞേക്കും അതുപോലെയാണോ വലിയ ജനസംഖ്യ വരുന്നത്. ഒരു ഫ്‌ലൈറ്റില്‍ തന്നെ ശരാശരി 200 പേരുണ്ടാവില്ലെ. 10,000 വന്നാല്‍ തന്നെ കൊച്ചിയില്‍ എങ്ങനെ ക്വാറന്റൈന്‍ ചെയ്യും. മാത്രവുമല്ല നിരീക്ഷണ സംവിധാനവും പാളും.
content highlights: V Muraleedharan On Trumps's retaliation statement