സി.എ.ജി. റിപ്പോര്‍ട്ട് പുറത്തായതിനെക്കുറിച്ചും കിഫ്ബിയെക്കുറിച്ചുള്ള സി.എ.ജി.യുടെ വിമര്‍ശനത്തെക്കുറിച്ചും മന്ത്രി തോമസ് ഐസക് വിശദീകരണം നല്‍കുന്നു. ഉണ്ണി ബാലകൃഷ്ണന്‍ നടത്തിയ മാതൃഭൂമി ന്യൂസ് 'ചോദ്യം ഉത്തരം', പരിപാടിയില്‍ തോമസ് ഐസക്കുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗം

പുറത്തായത് അന്തിമറിപ്പോര്‍ട്ടാണോ കരട് റിപ്പോര്‍ട്ടാണോ

അത് അന്തിമ റിപ്പോര്‍ട്ട് തന്നെയാണ്. ധനകാര്യസെക്രട്ടറിക്കാണ് അന്തിമറിപ്പോര്‍ട്ട് ലഭിച്ചത്. അദ്ദേഹം അത് തുറന്നുവായിച്ചു. കിഫ്ബിയെക്കുറിച്ച് ഗുരുതരമായ ചില പരാമര്‍ശങ്ങള്‍ അതില്‍ കണ്ടതോടെ, ആ ഭാഗത്തിന്റെ പകര്‍പ്പെടുത്ത് കിഫ്ബി സി.ഇ.ഒ.യ്ക്ക് അയച്ചുകൊടുത്തു. പിന്നാലെ ധനകാര്യ സെക്രട്ടറി അവധിയില്‍പോയി. ഗുരുതരമായ കാര്യമാണ് സി.എ.ജി. കിഫ്ബിയെക്കുറിച്ച് പറഞ്ഞത്. മാത്രവുമല്ല, 2018-'19 വര്‍ഷത്തെ കണക്കില്‍ ഇങ്ങനെയൊരുകാര്യം എ.ജി. ചൂണ്ടിക്കാട്ടിയിട്ടുമില്ല. നാലുപേജുള്ള പ്രസക്തഭാഗങ്ങള്‍ മാത്രമാണ് കിട്ടിയത് എന്നതിനാല്‍ അത് കരടാകുമെന്നും അതിന് വിശദീകരണം തേടിയതാകുമെന്ന് കിഫ്ബി സി.ഇ.ഒ. കരുതി. അദ്ദേഹമാണ് ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് പറഞ്ഞത്. ഈ സന്ദര്‍ഭത്തിലാണ് ഹൈക്കോടതിയില്‍ കിഫ്ബിക്കെതിരേ കേസ് വരുന്നകാര്യം അറിഞ്ഞത്. അതില്‍ സി.എ.ജി.യെയും കക്ഷിചേര്‍ത്തിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞകാര്യം തന്നെയാണ് സി.എ.ജി. കോടതിയെ അറിയിക്കുന്നതെങ്കില്‍ അത് അപകടമുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഉത്തമവിശ്വാസത്തില്‍ പുറത്തുപറയാന്‍ തീരുമാനിച്ചത്. അന്തിമറിപ്പോര്‍ട്ടാണ് നല്‍കിയതെന്ന് സി.എ.ജി.യുടെ പത്രക്കുറിപ്പ് വന്നതിന് ശേഷമാണ് ഇക്കാര്യം ധനകാര്യ സെക്രട്ടറിയോട് അന്വേഷിച്ചത്. അന്തിമ റിപ്പോര്‍ട്ടാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇതോടെയാണ് കരട് റിപ്പോര്‍ട്ടല്ലെന്ന് തിരുത്തിയത്. സെക്രട്ടറി അവധിയിലായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ അനുമതിയോടെ മേശയില്‍നിന്നാണ് പിന്നീട് അന്തിമ റിപ്പോര്‍ട്ട് എടുത്തത്.

രഹസ്യമായി സൂക്ഷിക്കേണ്ട എ.ജി. നല്‍കുന്ന ഒരു റിപ്പോര്‍ട്ട് തുറന്ന് പരിശോധിക്കുകയും അത് പുറത്തുപറയുകയും ചെയ്യുന്നത് എങ്ങനെയാണ്

ധനമന്ത്രിയായിരുന്ന പത്തുവര്‍ഷവും സി.എ.ജി.റിപ്പോര്‍ട്ട് പൊളിച്ചുവായിച്ചിട്ടുണ്ട്. ധനമന്ത്രി ഒരു പോസ്റ്റ്മാനല്ല. തനിക്ക് വരുന്ന റിപ്പോര്‍ട്ടുകള്‍ കൈമാറാന്‍ മാത്രമുള്ളതല്ല. അതെല്ലാം വായിച്ചുനോക്കാറുണ്ട്.

അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുമുമ്പ് എല്ലാകാര്യങ്ങളും സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നാണ് അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസില്‍നിന്നുള്ള വിവരം

ശുദ്ധനുണയാണിത്. ധനസെക്രട്ടറിയോടും വകുപ്പിലും കിഫ്ബിയിലും ഇത് സംബന്ധിച്ച് അന്വേഷിച്ചിരുന്നു. ഇങ്ങനെയൊരുവിവരം അവര്‍ക്ക് അറിയില്ല. രഹസ്യം സൂക്ഷിക്കണമെന്ന വ്യവസ്ഥ എ.ജി.ക്കും ബാധകമാണ്. അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസില്‍നിന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍ ആരുടെയും കൈക്കോടാലിയായി മാറാന്‍ പാടില്ല. .

പുറത്തുപറഞ്ഞത് ഹൈക്കോടതിയിലെ കേസ് ഭയന്നാണോ അതോ സി.എ.ജി.യുടെ രീതി ശരിയല്ലാത്തതുകൊണ്ടാണോ

ഇത് രണ്ടും ഒരേപോലെ കാണേണ്ടതാണ്. രണ്ടുതവണ പിന്‍വലിച്ച പരാതിയാണ് ഹൈക്കോടതിയില്‍ വരുന്നത്. മൂന്നാംതവണ അത് വരുമ്പോള്‍ സി.എ.ജി.യെ കൂടി കക്ഷിയാക്കിയിട്ടുണ്ട്. ഇതേ നിലപാടാണ് സി.എ.ജി. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതെങ്കില്‍ അത് ചര്‍ച്ച ചെയ്യാതിരിക്കാനാവില്ല. അതിനെ തീര്‍ച്ചയായും പ്രതിരോധിക്കണം.

കിഫ്ബി ബോഡി കോര്‍പറേറ്റാണെന്ന് പറയുന്നു, പക്ഷേ, ബാധ്യത സര്‍ക്കാരിനുമാണ് അത് എങ്ങനെ

കിഫ്ബി ബോഡി കോര്‍പറേറ്റ് ആണ്. സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് ഗ്രാന്‍ഡ് നല്‍കുന്ന രീതിയിലുള്ള വിഹിതമാണ് കിഫ്ബിക്ക് നല്‍കുന്നത്. കടമെടുക്കുന്നത് തിരിച്ചുനല്‍കാനുള്ള ശേഷി ഉറപ്പാക്കിയാണ് കിഫ്ബി പദ്ധതികള്‍ ഏറ്റെടുക്കുന്നത്. 25 ശതമാനം പദ്ധതികള്‍ തിരിച്ചടവ് വരുന്നതാണ്. ഇതിനകം 400 കോടിരൂപ കിഫ്ബിക്ക് തിരിച്ചടവായി ലഭിച്ചിട്ടുണ്ട്. കിഫ്ബി വായ്പകള്‍ക്ക് മാത്രമല്ല സിയാല്‍, കൊച്ചിമെട്രോ തുടങ്ങിയവക്കെല്ലാം സര്‍ക്കാര്‍ ഗാരന്റി നല്‍കുന്നുണ്ട്. ഇതൊന്നും സര്‍ക്കാരിന്റെ ഭാഗമായതുകൊണ്ടല്ല. കിഫ്ബി നിയമത്തില്‍ വ്യവസ്ഥചെയ്ത സഹായമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ നേരിട്ട് എടുക്കുന്ന വായ്പക്കാണ് ഭരണഘടനയുടെ 293 വകുപ്പ് ബാധകമാകുന്നത്. കിഫ്ബിക്ക് അത് ബാധകവുമല്ല. കിഫ്ബി എടുക്കുന്ന വായ്പ സര്‍ക്കാരിന്റെ നേരിട്ടുള്ള ബാധ്യതയായി കണക്കാക്കാനാകില്ല.

8000 കോടി കിഫ്ബിയുടെ അക്കൗണ്ടില്‍ കിടക്കുമ്പോഴാണ് ഉയര്‍ന്ന പലിശയ്ക്ക് മസാല ബോണ്ടിറക്കുന്നത്. എന്തിനുവേണ്ടിയായിരുന്നു ഇത്? ലാവലിന്‍ കമ്പനിയുമായി എന്ത് ബന്ധമാണ് ഇതിനുള്ളത്

കിഫ്ബിയുടെ വലുപ്പം അന്തര്‍ദേശീയ തലത്തില്‍ ബോധ്യപ്പെടുത്താനാണ് മസാല ബോണ്ട് ഇറക്കിയത്. കിഫ്ബിയുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരമായാണ് അതിനെ കണ്ടത്. ബോണ്ട് വാങ്ങിയത് ലാവലിന്‍ കമ്പനിക്ക് ഓഹരിപങ്കാളിത്തമുള്ളവരാണെന്ന് പറയുന്നതില്‍ കാര്യമില്ല.

രഹസ്യവിവരം പരസ്യപ്പെടുത്തിയതില്‍ ഇപ്പോള്‍ കുറ്റബോധമുണ്ടോ? ധനമന്ത്രി രാജിവെക്കേണ്ടതുണ്ടോ

ഇത്രയേറെ അഭിമാനം തോന്നിയ ഒരുഘട്ടമുണ്ടായിട്ടില്ല. അത്തരത്തിലുള്ള ഒരുധനകാര്യ ഇടപെടലാണ് കേരളത്തിലുണ്ടായിട്ടുള്ളത്. ഇങ്ങനെ ഒരു സംസ്ഥാനത്തെ മാറ്റാനാകും. പുതിയ രീതികളെ ഉള്‍ക്കൊള്ളുന്ന ഒരു മുഖ്യമന്ത്രികൂടി ഉള്ളതുകൊണ്ടാണ് ഇതൊക്കെ സാധ്യമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജിയോ. അതൊക്കെ രാഷ്ട്രീയത്തിലെ പതിവ് ആവശ്യങ്ങളാണ്.