തിരുവനന്തപുരം : കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞാല്‍ കേരളത്തിന്റെ ഏതാണ്ട് 50,000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് സ്തംഭിക്കുകയെന്നും ആ ഘട്ടത്തില്‍ പൊതുജനങ്ങളോട് പറയണമെന്ന കടമയാണ് താന്‍ നിര്‍വ്വഹിച്ചതെന്നും ധനമന്ത്രി തോമസ് ഐസക്ക്.  മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരട് റിപ്പോര്‍ട്ട് ആണെന്ന ഉത്തമവിശ്വാസത്തിലാണ് ചെയ്തതെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

സിഎജി രാഷ്ട്രീയം കളിച്ചാല്‍ അത് രാഷ്ട്രീയമായി നേരിടും. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ മറ്റുള്ളവരുടെ കൈക്കോടാലി ആവരുത്. കരട് നോക്കാനുള്ള അവകാശം ധനമന്ത്രിക്കുണ്ടെന്നും തനിക്ക് പോസ്റ്റ്മാന്റെ പണിയല്ലെന്നും ധനമന്ത്രി തുറന്നടിച്ചു.

" ഇത്തരം റിപ്പോർട്ടുകൾ മന്ത്രിയായിരുന്ന എല്ലാകാലത്തും പൊട്ടിച്ചു നോക്കിയിട്ടുണ്ട്.ഫിനാന്‍സ് സെക്രട്ടറി ഇവിടെ ഇല്ലായിരുന്നു അനുവാദം മേടിച്ച് മേശ തുറന്ന് റിപ്പോര്‍ട്ടിന്റെ കോപ്പി എടുത്തു. ഞാനെന്താ പോസ്റ്റ്‌മാനാണോ. എനിക്ക് വരുന്ന റിപ്പോര്‍ട്ട് ഞാന് കാണാൻ പാടില്ലെന്ന് പറയുന്നത് എന്താണ്. ഫിനാന്‍സ് സെക്രട്ടറിക്ക് വരുന്നത് ഫിനാൻസ് സെക്രട്ടറിയും നോക്കും. എനിക്ക് നോക്കാനുള്ള അവകാശം ഉണ്ട്. വേറെ പുറത്താര്‍ക്കും നൽകില്ല. ഇത് കിഫ്ബിയുമായി ബന്ധപ്പെട്ട വിവരമായതു കൊണ്ടാണ് കിഫിബി സിഇഒയ്ക്ക് അതുമായി ബന്ധപ്പെട്ട നാലു പേജ് കോപ്പി എടുത്ത് നൽകിയത്. വേഗം മറുപടി നല്‍കാന്‍ തയ്യാറെടുപ്പ് നടത്താൻ. കരടാണെന്നാണ് കരുതിയത്.  എക്‌സിറ്റ് മീറ്റിങ്ങിലൊന്നുമില്ലാത്ത പുതിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ സ്വാഭാവികമായും കരടാണെന്നേ കരുതൂ", തോമസ് ഐസക്ക്  പറഞ്ഞു.

സിഎജിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക അറിവ് എന്ന പറഞ്ഞ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് നല്‍കി. ഈ രഹസ്യാത്മകതയും ഭരണഘടനാ ചുമതലയും സിഎജിക്ക് ബാധകമല്ലേ എന്നും തോമസ് ഐസക്ക് ചോദിച്ചു. 

"മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തികൊടുക്കാനുള്ള എന്തെങ്കിലും അവകാശം അവര്‍ക്കുണ്ടോ. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ ആ സ്ഥാനമനുസരിച്ച് പ്രവര്‍ത്തിക്കണം. അല്ലാതെ മറ്റുള്ളവരുടെ കൈക്കോടാലി ആയി മാറരുത്. ബിജെപി ഭരണത്തിന്‍ കീഴില്‍ ഭരണ ഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി ചൊല്‍പ്പടിക്കു നിര്‍ത്തി അവരുടെ രാഷ്ട്രീയ ഉപകരണങ്ങളാക്കി മാറ്റികൊണ്ടിരിക്കുകയാണ്. അതിലെ ഉദാഹരണമായി മാറിയിരിക്കുകയാണ് കേരളത്തിലെ സിഎജിയുടെ പ്രവൃത്തികള്‍. വ്യത്യസ്ത അഭിപ്രായമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കണം അല്ലാതെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കുന്നത് ശരിയല്ല.സിഎജി രാഷ്ട്രീയം കളിച്ചാല്‍ അത് രാഷ്ട്രീയമായി നേരിടും".

ഫേക്ക് മെസ്സേജുകള്‍ പ്ലാന്റ് ചെയ്യുന്നത് സിഎജി ചെയ്യാന്‍ പാടില്ലാത്ത പണിയാണ്. കേരളത്തിനെതിരായുള്ള വമ്പന്‍ ഗൂഢാലോചനയാണ് നടക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.

ഏത് ഗ്രാമത്തിലാണ് കിഫ്ബിയുടെ പദ്ധതി ഇല്ലാത്തത്. കിഫ്ബിക്കെതിരേ കേസ് രണ്ട് പേര്‍ ചേര്‍ന്ന് കൊടുക്കുന്നു. സിഎജിയെ കക്ഷി ചേര്‍ക്കുന്നു. യുഡിഎഫിന്റെ കാലത്തും എല്‍ഡിഎഫിന്റെ കാലത്തും കിഫ്ബി ഉണ്ടായിരുന്നു. കേരളത്തിന്റെ അവകാശം പെട്ടെന്ന് എടുത്ത് കളഞ്ഞാല്‍ എതിര്‍ക്കുമെന്നും രാഷ്ട്രീയം കളിച്ചാൽ രാഷ്ട്രീയമായി നേരിടുമെന്നും തോമസ് ഐസക്ക് പറഞ്ഞു..

content highlights: Thomas Issac KIIFB, Interview