'പൗരത്വനിയമ ഭേദഗതി ബില്‍ ജിന്നയ്ക്കു മുന്നിലെ കീഴടങ്ങല്‍' എന്ന തലക്കെട്ടില്‍  ശശി തരൂര്‍ എഴുതിയ ലേഖനം ഏറെ തെറ്റിദ്ധാരണകളും അബദ്ധധാരണകളും പരത്തുന്നതാണ്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്ന മുസ്ലിങ്ങളൊഴികെയുള്ള എല്ലാവരും ബില്ലിന്റെ പരിധിയില്‍ വരുന്നുവെന്നും മുസ്ലിങ്ങളെ ഒഴിവാക്കിയത് ഇന്ത്യ ഹിന്ദുക്കളുടെ മാതൃഭൂമി ആണെന്നതിനെ ഉറപ്പിച്ചു പ്രഖ്യാപിക്കലാണെന്നും ശശി തരൂര്‍ വാദിക്കുന്നു. ഇതു പറയുമ്പോള്‍ ബില്ലിന്റെ പരിധിയില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടുന്നു എന്ന കാര്യം തരൂര്‍ മറന്നുപോകുന്നു. തരൂര്‍ ഉന്നയിക്കുന്ന വാദങ്ങള്‍:

1. അസഹിഷ്ണുതയില്‍ അധിഷ്ഠിതമായ ഈ ബില്‍ ദേശീയതയുടെ അടിത്തറ തകര്‍ക്കുന്നു.  
2. ഇന്ത്യയുടെ തനിമയായ മതനിരപേക്ഷത ഇല്ലാതാക്കുന്നതാണ് ബില്‍.
3 മുസ്ലിം നാമമുള്ള സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്നത് മതനിരപേക്ഷതയെ നിരാകരിക്കുന്നതിന്റെ ഉദാഹരണമാണ്.  
4. ജിന്നയുടെ ദ്വിരാഷ്ട്രയുക്തിയാണ് ബില്ലില്‍ ഉള്ളത്. ഇത് ഇന്ത്യയുടെ ദേശീയതയ്ക്കും സംസ്‌കാരത്തിനും എതിരാണ്.

യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയാണ് തരൂര്‍. പാകിസ്താന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങള്‍ ഇസ്ലാമിക രാജ്യങ്ങളാണ്. അവിടെ മറ്റു മതവിശ്വാസികള്‍ മതപീഡനം നേരിടുന്നു. ജീവരക്ഷാര്‍ഥം അവര്‍ ഭാരതത്തിലേക്ക് ഓടിപ്പോരുന്നു. ഇവിടെ ഒരു കാര്യം ഓര്‍ക്കണം, വിഭജനം നടക്കുമ്പോള്‍ അന്നത്തെ പാകിസ്താനില്‍ 20 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. ഇന്നത് രണ്ട് ശതമാനത്തില്‍ താഴെയാണ്. 
അഭയാര്‍ഥികളും നുഴഞ്ഞുകയറ്റക്കാരും  അയല്‍രാജ്യങ്ങളില്‍നിന്ന് വരുന്നവരുടെ ശരിയായ ഉദ്ദേശ്യം മനസ്സിലാക്കി യഥാര്‍ഥ അഭയാര്‍ഥികളെ സ്വീകരിക്കുകയും നാടിനെ തകര്‍ക്കാന്‍ വന്നവരെ പുറന്തള്ളുകയും ചെയ്യുക എന്ന നിലപാട് രാജ്യസുരക്ഷയ്ക്ക് ആവശ്യമാണ്. ജിന്നയുടെ ആശയത്തെയും ലക്ഷ്യത്തെയും പരാജയപ്പെടുത്താനുള്ള വഴി ഇതാണ്. മറിച്ച് കോണ്‍ഗ്രസും തരൂരും പറയുന്നതുപോലെ അഭയാര്‍ഥികളെയും നുഴഞ്ഞുകയറ്റക്കാരെയും ഒരേപോലെ കാണുന്നത് ജിന്നയുടെ ലക്ഷ്യത്തെ സഹായിക്കലാണ്, മതേതരത്വം ഇന്ത്യയിലെ പൗരന്മാരെ സംബന്ധിച്ചുള്ളതാണ്. മറ്റു രാജ്യങ്ങളില്‍നിന്ന് വരുന്നവരെ സ്വീകരിക്കുമ്പോള്‍ ദേശസുരക്ഷയ്ക്കാണ് പ്രാധാന്യം. ശ്രീരാമന്‍ അഭയാര്‍ഥിയായി വന്ന വിഭീഷണനെ സ്വീകരിച്ചു. എന്നാല്‍, രാമന്റെ സൈന്യത്തില്‍ നുഴഞ്ഞുകയറിയ ശുകസാരണന്മാരുടെ അഭയാഭ്യര്‍ഥന സ്വീകരിച്ചില്ല. ആര് അഭയം ചോദിച്ചാലും നല്‍കുന്നതാണെന്ന് രഘുകുലപരമ്പരയെന്ന് ശ്രീരാമന്‍ കരുതിയില്ല. വിവേകരഹിതമായി അഭയം നല്‍കുന്നത് ആത്മഹത്യാപരമാണെന്ന് ശ്രീരാമന്‍ മനസ്സിലാക്കിയിരുന്നു. മതത്തിന്റെ പേരില്‍ ഭാരതത്തെ വിഭജിക്കാനുള്ള ശ്രമത്തെയാണ് എതിര്‍ക്കുന്നത്. യഥാര്‍ഥ അഭയാര്‍ഥി മുസ്ലിം ആയാലും സ്വീകരിക്കുന്നതിന് ആരും എതിരല്ല. ബംഗ്ലാദേശില്‍നിന്ന് തസ്ലിമ നസ്രിന്‍ വന്നപ്പോള്‍ അവരെ സ്വീകരിച്ചു. ആരും എതിര്‍ത്തില്ല.

സ്ഥലങ്ങളുടെ പുനര്‍നാമകരണം  

ഇന്ത്യയില്‍ വിവിധ പ്രദേശങ്ങളില്‍ മുസ്ലിം സ്ഥലനാമങ്ങള്‍ മാറ്റുന്നു. ഇന്ത്യയെ ഒരു ഹിന്ദുരാജ്യമായി മാറ്റാനുള്ള ശ്രമമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നു തരൂര്‍ പറയുന്നു. വാദത്തിനുവേണ്ടി അത് സമ്മതിച്ചാല്‍ ഒരു സ്ഥലത്തിന്റെ നിലവിലുണ്ടായിരുന്ന പേര് മാറ്റി മുസ്ലിംപേര് നല്‍കിയപ്പോള്‍ ഇന്ത്യയെ മുസ്ലിംരാജ്യമാക്കാനുള്ള ശ്രമം നടത്തുകയായിരുന്നു എന്നും വാദിക്കാം. സ്ഥലനാമങ്ങള്‍ മാറ്റിയത് മുസ്ലിം ഭരണാധികാരികളാണ്. അത്തരം പേരുകള്‍ മാറ്റി യഥാര്‍ഥപേരുകള്‍ നല്‍കുന്നത് എങ്ങനെ തെറ്റാകും? അയോധ്യ ഫാസിയാബാദ് ആകുമ്പോള്‍ വിസ്മരിക്കുന്നത് ശ്രീരാമനെയാണ്. പ്രയാഗ് മാറി അലഹാബാദ് ആകുമ്പോള്‍ തിവേണീസംഗമവും വിസ്മൃതമാകും. 
 

എല്ലാവരുടെയും ഇന്ത്യ

  ഇന്ത്യ ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റേതല്ല. ഇന്ത്യയില്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, സിഖ്, പാഴ്സി തുടങ്ങി എല്ലാ മതക്കാരും ഉണ്ടാകണം. ശ്രീരാമനും കൃഷ്ണനും ബുദ്ധനും ജൈനനും വാല്മീകിയും വ്യാസനും കാളിദാസനും എഴുത്തച്ഛനും ശിവജിയും റാണാപ്രതാപനും അക്ബറും ഔറംഗസേബും ചാണക്യനും ചന്ദ്രഗുപ്തനും എല്ലാം വേണം.  ഒരു രാജ്യത്തിന്റെ ആഭ്യന്തരനീതിയും ബാഹ്യനീതിയും ഒന്നാക്കാന്‍ സാധിക്കില്ല. ആഭ്യന്തരനീതി ജനക്ഷേമത്തിലും ബാഹ്യനീതി സുരക്ഷയിലുമാണ് ഊന്നുന്നത്. തരൂര്‍ ഇവ രണ്ടും ഒന്നായിക്കാണുന്നു.  

(ബി.ജെ.പി. മുന്‍ സംസ്ഥാന സംഘടനാ ജനറല്‍സെക്രട്ടറിയാണ് ലേഖകന്‍

24 1 19 ലെ മാതൃഭൂമി എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച കത്ത്‌

content highlights: Tharoor on secular India, Assam NRC and BJP reaction