പൗരത്വനിയമത്തിനും പട്ടികയ്ക്കുമെതിരായ പാര്‍ട്ടിയുടെ സമരങ്ങള്‍ക്ക്ചുക്കാന്‍ പിടിച്ചിരുന്ന കാലത്ത് തരുണ്‍ ഗൊഗോയ് മാതൃഭൂമി പ്രതിനിധി മനോജ് മേനോനു നല്‍കിയ അഭിമുഖത്തിന്റെ പുനപ്രസിദ്ധീകരണം

അസമിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേയാണ് ബി.ജെ.പി. നേതാക്കള്‍ ആരോപണത്തിന്റെ മുനകള്‍ ഏറ്റവും ഒടുവില്‍ തിരിച്ചുവിട്ടിരിക്കുന്നത്. അസമിലെ ആറ് തടങ്കല്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണകാലത്താണ് തുടങ്ങിയതെന്ന് ബി.ജെ.പി. കേന്ദ്രനേതാക്കള്‍ പറയുന്നു. ഇതില്‍ വാസ്തവമുണ്ടോ


അതെ. വസ്തുതാപരമായി ശരിയാണ്. ഞങ്ങള്‍ അത് നിഷേധിക്കുന്നില്ല. എന്നാല്‍, എന്തിനാണ് ബി.ജെ.പി. അത് തുടരുന്നത്? ആ കേന്ദ്രങ്ങള്‍ തുടരുക മാത്രമല്ല. ഇന്ത്യയിലെ ഏറ്റവും വലിയ തടങ്കല്‍ കേന്ദ്രം അവര്‍ മാട്ടിയയില്‍ നിര്‍മിക്കുന്നു. ഇതിനായി 2018-ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 46 കോടി രൂപ അനുവദിച്ചു. എന്റെ സര്‍ക്കാരിന്റെ ഭരണകാലത്ത് നിര്‍മിച്ചവ കൂടാതെ, കൂടുതല്‍ തടങ്കല്‍ സെന്ററുകള്‍ അവര്‍ ആരംഭിക്കുകയാണ്. എന്തിനാണത്? കേന്ദ്രത്തിലെയും അസമിലെയും ബി.ജെ.പി. സര്‍ക്കാരുകളാണ് പുതിയ തടങ്കല്‍ സെന്ററുകള്‍ക്ക് പിന്നില്‍. അസമില്‍ മാത്രമല്ല, കര്‍ണാടകത്തിലും ഡിറ്റന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ടിടത്തും ബി.ജെ.പി.ക്കാണ് ഭരണം. 1998-ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിച്ച് സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയില്ലേ?

 എന്നാല്‍, രാജ്യത്ത് ഡിറ്റന്‍ഷന്‍ സെന്ററുകള്‍ ഇല്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഒരു വശത്തുണ്ട്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടോ

മോദി രാജ്യത്തോട് നുണ പറയുകയാണ്. അസമിലും കര്‍ണാടകത്തിലുമുള്ളത് മറ്റെന്താണ്? കര്‍ണാടകസര്‍ക്കാര്‍ സംസ്ഥാനത്തെ തടങ്കല്‍ കേന്ദ്രങ്ങളുടെ കണക്ക് ഹൈക്കോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 2018-ല്‍ ഏറ്റവും വലിയ തടങ്കല്‍കേന്ദ്രത്തിന് അനുമതി നല്‍കിയത് ആരാണ്? ഇല്ലെന്ന് എങ്ങനെ നുണപറയാന്‍ കഴിയുന്നു? തടങ്കല്‍കേന്ദ്രങ്ങളെക്കുറിച്ച്  മാത്രമല്ല, പൗരത്വപ്പട്ടികയെക്കുറിച്ചും പ്രധാനമന്ത്രി പറയുന്നത് നുണയാണ്. സര്‍ക്കാര്‍ ചര്‍ച്ചപോലും ചെയ്തിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍, പൗരത്വപ്പട്ടിക ഉടന്‍ നടപ്പാക്കുമെന്ന് അമിത് ഷാ എത്രയോ വേദികളില്‍ ആവര്‍ത്തിച്ചിരിക്കുന്നു. പൊതുവേദികളില്‍ മാത്രമല്ല, പാര്‍ലമെന്റിലും പറഞ്ഞു. ഞങ്ങളല്ല, സര്‍ക്കാരാണ് നുണപരത്തുന്നത്. തങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നില്ല എന്നായപ്പോള്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ കള്ളം പ്രചരിപ്പിക്കുകയാണ്. ഹിന്ദുക്കളുടെ പാര്‍ട്ടിയെന്നാണ് ബി.ജെ.പി. അവകാശപ്പെടുന്നത്. എന്നാല്‍, മോദി ഭരണകാലത്ത് ഏറ്റവും കൂടുതല്‍ സഹിക്കുന്നത് ഹിന്ദുക്കളാണ്. രാജ്യത്ത് ഹിന്ദുക്കളാണ് ഭൂരിപക്ഷം. ജോലി നഷ്ടപ്പെടുന്നവരില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്. ദുരിതത്തിലായ കൃഷിക്കാരില്‍ ഏറെയും ഹിന്ദുക്കളാണ്.

 ന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് പൗരത്വനിയമത്തിനെതിരേ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് ബി.ജെ.പി.യും തിരിച്ചടിക്കുന്നുണ്ട്


ഈ വിഷയത്തില്‍  എവിടെയാണ് വോട്ട് ബാങ്ക് രാഷ്ട്രീയമുള്ളത്? ഇന്ത്യക്കാര്‍ മുഴുവന്‍ വിഡ്ഢികളാണെന്ന് ബി.ജെ.പി. കരുതുന്നുണ്ടോ ? കോണ്‍ഗ്രസ് പറയുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കാന്‍ അവര്‍ ബുദ്ധിയില്ലാത്തവരാണോ? ആരെന്ത് പറഞ്ഞാലും അവര്‍ വിശ്വസിക്കുമെന്നാണോ? കോണ്‍ഗ്രസ് പറഞ്ഞാലും മറ്റാരു പറഞ്ഞാലും ജനങ്ങള്‍  സ്വയം പരിശോധിച്ചിട്ടാണ് നിലപാടെടുക്കുന്നത്. രാജ്യത്തെ ബുദ്ധിജീവികള്‍, പ്രമുഖ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സമരരംഗത്തിറങ്ങിയത് സ്വയം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്.

 എന്തിനാണ് കോണ്‍ഗ്രസ് പൗരത്വനിയമത്തെ എതിര്‍ക്കുന്നത്? ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ മറ്റ് രാജ്യങ്ങളില്‍നിന്ന് സ്വീകരിച്ചത് ഇന്ദിരാഗാന്ധി ഭരണകാലത്തല്ലേ 

     അഭയാര്‍ഥികളോട് കോണ്‍ഗ്രസിന് ഒരു കാലത്തും എതിര്‍പ്പില്ല. അഭയാര്‍ഥികളെ വേര്‍തിരിച്ച് ഞങ്ങള്‍ ഇതുവരെ കണ്ടിട്ടുമില്ല. ദലൈലാമയ്ക്ക് കോണ്‍ഗ്രസ് ഭരണകാലത്ത് അഭയം നല്‍കിയിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള ആയിരക്കണക്കിന് അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കിയിട്ടുണ്ട്. ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രീന്‍ ഇന്ത്യയില്‍ താമസിക്കുന്നുണ്ട്. 
അതൊക്കെ വ്യത്യസ്തമായ വിഷയമാണ്. ഞങ്ങള്‍ അതെല്ലാം ചെയ്തു. ആരും എതിര്‍ത്തിട്ടില്ല. മതത്തിന്റെ അടിസ്ഥാനത്തിലല്ല അത് ഞങ്ങള്‍ നല്‍കിയത്. എന്നാല്‍, ബി.ജെ.പി.സര്‍ക്കാര്‍ മതത്തിന്റെ അടിസ്ഥാനത്തിലാണ് അഭയാര്‍ഥികളെ നിശ്ചയിക്കുന്നതും പൗരത്വം നല്‍കുന്നതും. 

പാകിസ്താന്റെ സ്വരമാണ് പ്രതിപക്ഷത്തെ ചില നേതാക്കള്‍ക്കെന്ന് ബി.ജെ.പി. ആരോപിക്കുന്നു. എന്താണ് മറുപടി

ബി.ജെ.പി.യാണ് പാകിസ്താന്‍ മാതൃക പിന്തുടരുന്നത്. ജിന്ന മുസ്ലിം രാജ്യമുണ്ടാക്കി. ബി.ജെ.പി. ഇപ്പോള്‍ ഹിന്ദുരാഷ്ട്രമുണ്ടാക്കാന്‍ ശ്രമിക്കുന്നു. ബി.ജെ.പി.യല്ലേ പാകിസ്താനെ അനുകരിക്കുന്നത്? 

കോണ്‍ഗ്രസും നഗരനക്‌സലുകളും ചേര്‍ന്നാണ് ആശയക്കുഴപ്പം പരത്തുന്നതെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസവും ആരോപിച്ചു. ഇതില്‍ ശരിയുണ്ടോ

ആരാണ് ഈ നഗര നക്‌സലുകള്‍ എന്ന് ഇന്നുവരെ എനിക്ക് മനസ്സിലായിട്ടില്ല. നഗരത്തിലല്ല നക്‌സലുകളുള്ളത്. ഗ്രാമങ്ങളിലാണ്. ചൂഷണത്തിനെതിരേയാണ് അവരുടെ പോരാട്ടം. എന്നാല്‍, അവരുടെ സായുധപോരാട്ടത്തോട് കോണ്‍ഗ്രസിന് യോജിപ്പില്ല. ചൂഷണത്തിന് ഞങ്ങള്‍ എതിരാണ്. എന്നാല്‍, അതിനെതിരേയുള്ള സായുധയുദ്ധത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. അത് മഹാത്മാഗാന്ധിയുടെ തത്ത്വങ്ങള്‍ക്ക് എതിരാണ്. അത് ജനാധിപത്യവിരുദ്ധമാണ്. രാജ്യത്ത് ബുദ്ധിജീവികളുണ്ടാകും. എന്നാല്‍, രാജ്യത്ത് നഗരനക്‌സലുകളുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

പൗരത്വനിയമവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ചര്‍ച്ചചെയ്യുന്ന വിഷയങ്ങളല്ല അസമിന്റെ പ്രശ്‌നങ്ങള്‍. കുറേക്കൂടി സങ്കീര്‍ണമാണോ

പൗരത്വവിഷയവുമായി ബന്ധപ്പെട്ട് അസമില്‍ നേരത്തേയും ഒട്ടേറെ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു. അങ്ങനെയാണ് അസം ധാരണ (Assam accord)ഉണ്ടായത്. ഇത്തരം അവസ്ഥ അസമിന് പുറത്തുണ്ടായിട്ടില്ല. അസമിന് പുറത്ത്, പൗരത്വനിയമം ഭരണഘടനാലംഘനവും മനുഷ്യാവകാശ ലംഘനപ്രശ്‌നവുമാണ്. എന്നാല്‍, അസമിനുള്ളില്‍ അത് അസം അക്കോര്‍ഡിന്റെ നഗ്നമായ ലംഘനം കൂടിയാണ്. അസം അക്കോര്‍ഡിന്റെ അടിസ്ഥാനതത്ത്വങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. ഭാഷ, സംസ്‌കാരം, പൈതൃകം, വിശ്വാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട സങ്കീര്‍ണ വിഷയങ്ങളാണ് അസമിലുള്ളത്. അതാണ് അസമും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം.

 പൗരത്വനിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങളെക്കുറിച്ച് കരസേനാ മേധാവിയുടെ പ്രസ്താവനയാണ് പുതിയ വിവാദ വിഷയം. എന്ത് തോന്നുന്നു

വളരെ നിര്‍ഭാഗ്യകരമാണ്. ആദ്യമായാണ് ഒരു സൈനിക മേധാവി രാഷ്ട്രീയക്കാരനെ പോലെ സംസാരിക്കുന്നത്. മറ്റൊരു ആര്‍.എസ്.എസുകാരനെപ്പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്.

(27 12 2019 ൽ മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights; Tarun Gogoi old interview