ഒറ്റപ്പാലം സമ്മേളനത്തോടെ കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി രൂപംകൊണ്ടു. അതോടെ മലബാറില്‍ ഒതുങ്ങിനിന്ന കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തിരുവിതാംകൂറിലും കൊച്ചിയിലും പതുക്കെ വ്യാപിക്കാന്‍ തുടങ്ങി. ഇതിന്റെകൂടി ഊര്‍ജം ഉള്‍ക്കൊണ്ടതായിരുന്നു തിരുവിതാംകൂറിലെ വിദ്യാര്‍ഥിസമരത്തിന്റെ പരിണാമം

രാഷ്ട്രീയചരിത്രത്തില്‍ ഇന്ത്യക്കും കേരളത്തിനും സംഭവബഹുലമായ വര്‍ഷമായിരുന്നു 1921. ഗാന്ധിജിയുടെ നിസ്സഹകരണ സമരം, ഖിലാഫത്ത് സമരം, പല സംസ്ഥാനങ്ങളിലെയും പഠിപ്പുമുടക്ക്, ഇംഗ്ലണ്ടിലെ കേംബ്രിജ് സര്‍വകലാശാലയില്‍നിന്നു പഠനംകഴിഞ്ഞ് മുംബൈയിലെത്തിയ സുഭാഷ് ചന്ദ്രബോസിന്റെ ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ച, സി.ആര്‍. ദാസിനെ നേതാവായി അംഗീകരിച്ച് സുഭാഷിന്റെ കോണ്‍ഗ്രസ് പ്രവര്‍ത്തനം, ബ്രിട്ടീഷ് കിരീടാവകാശി വെയില്‍സ് രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം തുടങ്ങിയവയായിരുന്നു ദേശീയതലത്തിലെ സംഭവങ്ങള്‍. എന്നാല്‍, തിരുവിതാംകൂറും കൊച്ചിയും മലബാറും ആയി വേര്‍തിരിഞ്ഞുകിടന്നിരുന്ന കേരളത്തിലും അന്ന് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട സംഭവങ്ങളുണ്ടായി. 1921-ലെ മലബാര്‍ കലാപവും തിരുവിതാംകൂര്‍ രാജഭരണത്തെ പിടിച്ചുലച്ച വിദ്യാര്‍ഥിസമരവും അതില്‍ പ്രധാനമായിരുന്നു.

പൊട്ടിപ്പുറപ്പെട്ട സമരം

ഈ സംഭവങ്ങള്‍ക്ക് അല്പം മുമ്പാണ് മൂന്നായിക്കിടന്ന കേരളത്തെ രാഷ്ട്രീയമായി ഏകീകരിച്ച 'കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി.)' ഒറ്റപ്പാലം സമ്മേളനംവഴി രൂപംകൊണ്ടത്. അതോടെ മലബാറില്‍ ഒതുങ്ങിനിന്ന കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തിരുവിതാംകൂറിലും കൊച്ചിയിലും പതുക്കെ വ്യാപിക്കാന്‍ തുടങ്ങി. ഇതിന്റെകൂടി ഊര്‍ജം ഉള്‍ക്കൊണ്ടതായിരുന്നു തിരുവിതാംകൂറിലെ വിദ്യാര്‍ഥിസമരത്തിന്റെ പരിണാമം. രാജകീയ സര്‍ക്കാരിന്റെയും ക്രിസ്ത്യന്‍ മിഷണറിമാരുടെയും സഹായത്തോടെ വിദ്യാഭ്യാസരംഗത്ത് ബഹുദൂരം മുന്നോട്ടുപോയ നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂര്‍. അവിടെ ഒരു സര്‍വകലാശാലതന്നെ സ്ഥാപിക്കണമെന്ന ആലോചന തുടങ്ങിയ സമയത്താണ്, അമിതമായ ഫീസ് വര്‍ധനയ്‌ക്കെതിരേ വിദ്യാര്‍ഥിസമരം പൊട്ടിപുറപ്പെട്ടത്. ഇതിന്റെ മുന്നില്‍ വിദ്യാര്‍ഥികളായിരുന്നെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചത് അന്നത്തെ നേതാക്കളായിരുന്നു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ശ്രീമൂലം തിരുനാള്‍ (18851924) അന്നത്തെ മഹാരാജാവും രാഘവയ്യ ദിവാനും. ശ്രീമൂലം തിരുനാളിന്റെ പേരില്‍ അന്ന് വഞ്ചിയൂരില്‍ ഉണ്ടായിരുന്ന എസ്.എം.വി. (ശ്രീമൂലവിലാസം) ഹൈസ്‌കൂളില്‍ 1921 ഓഗസ്റ്റിലാണ് ആദ്യസമരം പൊട്ടിപ്പുറപ്പെട്ടത്. ഫീസ് വര്‍ധനയ്‌ക്കെരേ പഠിപ്പുമുടക്കിയ വിദ്യാര്‍ഥികള്‍, പിന്നീട് സെയ്ന്റ് ജോസഫ് സ്‌കൂളിലെത്തി. അവിടെനിന്നു സമരം മറ്റുവിദ്യാലയങ്ങളിലേക്കും വ്യാപിച്ചു.

അടിച്ചമര്‍ത്തലും പ്രത്യാഘാതവും

ആദ്യം ലാഘവബുദ്ധിയോടെയാണ് സര്‍ക്കാര്‍ സമരത്തെ കണ്ടത്. എന്നാല്‍, മുതിര്‍ന്ന നേതാക്കളുടെ അധ്യക്ഷതയിലുള്ള പൊതുയോഗങ്ങളും ലഘുലേഖ പ്രസിദ്ധീകരണങ്ങളും സമരം വ്യാപിക്കുന്ന ലക്ഷണമായി പിന്നീട് സര്‍ക്കാര്‍ കണ്ടെങ്കിലും നിയമംകൊണ്ട് നേരിടാനായിരുന്നു തീരുമാനം. സമരത്തിന്റെപേരില്‍ പലര്‍ക്കുമെതിരേ കേസും വിദ്യാലയങ്ങളില്‍നിന്നു പുറത്താക്കലും നടന്നു. പക്ഷേ, ഓരോദിവസം കഴിയുന്തോറും സമരം തിരുവിതാംകൂറിന്റെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും വ്യാപിക്കുകയാണുണ്ടായത്.

ഇതിനകം നടന്ന അച്ചടക്കനടപടികളിലും കള്ളക്കേസുകളിലും വിദ്യാര്‍ഥിസമൂഹവും അവരുടെ ഒരുവിഭാഗം രക്ഷാകര്‍ത്താക്കളും ക്ഷുഭിതരായിരുന്നു. സമൂഹത്തില്‍ നിലയും വിലയുമുള്ള പൗരമുഖ്യന്മാരുടെയും നേതാക്കളുടെയും നിയമസഭാംഗങ്ങളുടെയും അഭ്യര്‍ഥനയൊന്നും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. അതേസമയം, മലബാര്‍ കലാപവും നിസ്സഹകരണ സമരവും ഇതുമായി ബന്ധപ്പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മദ്രാസ് സര്‍ക്കാര്‍ തിരുവിതാംകൂറിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

ഇതിനിടെയാണ് 1921 സെപ്റ്റംബര്‍ 21-ന് സമരം രൂക്ഷമായതും അനിഷ്ടസംഭവങ്ങളുണ്ടായതും. ശ്രീമൂലം വിലാസം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ജാഥയായി സെയ്ന്റ് ജോസഫ് സ്‌കൂളിലെത്തി പിക്കറ്റിങ് തുടങ്ങി. കുതിരപ്പുറത്ത് അതുവഴി എത്തിയ യൂറോപ്യനായ പോലീസ് കമ്മിഷണര്‍ പിറ്റിനെ വിദ്യാര്‍ഥികള്‍ കല്ലെറിഞ്ഞു. ഇതോടെ കൂടുതല്‍ പോലീസെത്തി വിദ്യാര്‍ഥികളെ വിരട്ടിയോടിച്ചു. അവര്‍ പിന്നീട് മഹാരാജാസ് (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്) കോളേജിലെത്തി അവിടത്തെ വിദ്യാര്‍ഥികളെ ഇറക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും വിദ്യാര്‍ഥികളുടെ കൂട്ടം വലുതായിരുന്നു. അവരെ നേരിടാന്‍ പോലീസ് കമ്മിഷണര്‍ പിറ്റ്, ദിവാന്‍ രാഘവയ്യയെക്കണ്ട് പട്ടാളത്തിന്റെ സേവനം ആവശ്യപ്പെട്ടു. ഇതോടെ ഒരുസംഘം പട്ടാളം കോളേജ് കോമ്പൗണ്ടിലെത്തി. വിദ്യാര്‍ഥികള്‍ ക്ഷുഭിതരായി കല്ലേറ് ആരംഭിച്ചു. പട്ടാളവും കുതിരപ്പോലീസും വിദ്യാര്‍ഥികളെയും അധ്യാപകരെയും മര്‍ദിക്കാന്‍ തുടങ്ങി. ഒട്ടേറെപ്പേര്‍ക്ക് ഗുരുതരമായ പരിക്കുപറ്റി. ഈ സംഭവം തിരുവിതാംകൂറിനെ ആകെ ഇളക്കിമറിച്ചു. സമരത്തിന് അനുകൂലമായി നാടാകെ യോഗങ്ങളും പ്രമേയം പാസാക്കലും നടന്നു. വിദ്യാര്‍ഥിസമരം ഒരു ബഹുജനസമരംപോലെയായി. കേരളത്തിലെന്നല്ല, ഇന്ത്യയൊട്ടാകെയുള്ള മലയാളികളും സംഘടനകളും സംഭവത്തില്‍ പ്രതിഷേധിച്ചു. തിരുവിതാംകൂറിലെ സംഭവങ്ങള്‍ ഇന്ത്യയിലെ പത്രങ്ങള്‍ക്ക് വലിയ വാര്‍ത്തയായി. പിന്നീട് വളരെ തന്ത്രപൂര്‍വമായിട്ടാണ് സര്‍ക്കാര്‍ ഈ പ്രശ്‌നത്തില്‍നിന്നു തലയൂരിയത്.