കോഴിക്കാട് : നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കവെ പരാതിക്കാരിയുടെ അപേക്ഷയെത്തുടർന്ന് സോളാര്‍ ലൈംഗിക പീഡന കേസ് സിബിഐക്ക് വിട്ട് ഇടതുപക്ഷ സര്‍ക്കാര്‍. കോണ്‍ഗ്രസ്സിന്റേയും യുഡിഎഫിന്റെ ഒന്നാകെയും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉമ്മന്‍ ചാണ്ടിയാണ് കേസില്‍ ഏറ്റവും വലിയ അന്വേഷണം നേരിടുന്നയാള്‍ എന്നതാണ് ഈ നീക്കത്തിന് അത്രവലിയ പ്രാധാന്യം നൽകുന്നത്. 

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലായിരുന്നു 15 വർഷങ്ങൾക്കുമുൻപ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവലിന്‍ കേസ് സിബിഐയ്ക്ക് വിട്ടത്. 2006ലാണ് ലാവലിന്‍ കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിജ്ഞാപനം ഇക്കിയത്. പിണറായി വിജയന്‍ വി. എസ് അച്യുതാനന്ദന്‍ എന്നീ രണ്ട് ധ്രുവങ്ങളിലായി സിപിഎം നിലകൊണ്ടിരിക്കുന്ന കാലത്ത് അച്യുതാനന്ദന് അനുകൂലമായി പാര്‍ട്ടി വികാരം രൂപപ്പെടുത്തിയതിലും ലാവലിന്‍ വിഷയം വലിയ പങ്കാണ് വഹിച്ചത്. ആ തരത്തില്‍ വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള രാഷ്ട്രീയ തിരിച്ചടിയായും പിണറായി സര്‍ക്കാരിന്റെ ഈ നീക്കത്തെ കാണാവുന്നതാണ്. 

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഈ അഞ്ചു വര്‍ഷവും സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന തരത്തിലാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ആദ്യ പ്രതിരോധ നീക്കം. നിലവിൽ സിബിഐയ്ക്കു സ്വമേധയാ സംസ്ഥാനത്തെ കേസെടുക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ സംസ്ഥാനത്ത് സിബിഐക്ക് കേസെടുക്കാന്‍ പറ്റൂ. ആ തരത്തില്‍ സിബിഐയ്ക്കു തന്നെ നിയന്ത്രണമേര്‍പ്പെടുത്തിയ ഇടതുസര്‍ക്കാര്‍ സോളാര്‍ കേസ് സിബിഐയ്ക്കു വിടുന്നെന്ന കൗതുകവും ഈ സംഭവത്തിലുണ്ട്. അപ്പോഴും കേസെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സിബിഐ ആണ്. രാഷ്ട്രീയ ആയുധം എന്ന നിലയില്‍ വിഷയം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന സാധ്യതയുമുണ്ട്. 

പിണറായി വിജയൻ അധികാരത്തിൽ വന്നതിനു ശേഷമുള്ള ഒരു തിരഞ്ഞെടുപ്പിലും ഇടതുപക്ഷം സോളാർ ലൈംഗികാരോപണ കേസ് പ്രധാന പ്രചാരണ വിഷയമായി ഉയർത്തിക്കാണിച്ചിരുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പിൽ വികസന പ്രവർത്തനങ്ങളായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചാരണ വിഷയം. സിബിഐക്ക് സോളാർ ബലാത്സംഗ കേസ് വിട്ടുകൊടുത്തത് ഇടതുപക്ഷം തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാൻ സാധ്യതയില്ലെങ്കിലും തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കുന്ന ഉമ്മൻചാണ്ടിയുടെ പേര് തിരഞ്ഞെടുപ്പ് കാലത്ത് സംശയ മുനയിൽ നിർത്താൻ ഇതിലൂടെ സാധിക്കും. അതാണ് ഇടതുപക്ഷവും സർക്കാരും ലക്ഷ്യമിടുന്നതും.

ഉമ്മന്‍ ചാണ്ടിക്കു പുറമെ നേതാക്കളായ കെ.സി. വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയുള്ള അന്വേഷണവും ഉള്‍പ്പെടും.

അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തു. സര്‍ക്കാരിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് അയയ്ക്കും.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാന സര്‍ക്കാരിന്റെ ഏററവും കടുത്ത രാഷ്ട്രീയനീക്കമാണിത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രതിരോധത്തിലായ ഘട്ടത്തില്‍പോലും ഇടതുപക്ഷം ഉപയോഗിക്കാത്ത തുറുപ്പ ചീട്ടാണ് ഈ സിബിഐ അന്വേഷണം. എന്നാൽ ഈ തീരുമാനം സര്‍ക്കാരിന് തിരിച്ചടിയാവുമെന്നാണ് ഉമ്മന്‍ചാണ്ടി വാര്‍ത്തയോട് പ്രതികരിച്ചത്. 

content highlights: State government decided to let CBI probe Solar rape case