ന്യൂഡൽഹി: ദേശീയതലത്തില്‍ ബിജെപിക്ക് പകരമായുള്ള ഏക രാഷ്ട്രീയ ബദലെന്ന നിലയില്‍ കോണ്‍ഗ്രസ്സിന് ചരമകുറിപ്പെഴുതുന്നത് അകാലത്തിലുള്ള ചിന്തയാണെന്ന് ശശിതരൂര്‍ എംപി. നോട്ടസാധുവാക്കലും 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. എന്നാല്‍ ഇത്തവണ വോട്ടര്‍മാര്‍ അത് പരിഗണിച്ചല്ല വോട്ട് ചെയ്തത്. അതേ കുറിച്ച് കോണ്‍ഗ്രസ്സ് പഠിക്കേണ്ടതുണ്ടെന്നും തരൂര്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ പ്രതികരണം.

അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ

"പാര്‍ട്ടിയുടെ നയരേഖ നേരത്തെ പ്രഖ്യാപിക്കുകയും ന്യായ് പദ്ധതിയെ കുറിച്ച് കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുമായിരുന്നെങ്കില്‍ കൂടുതല്‍ ഗുണം ചെയ്‌തേനെ. പഞ്ചാബും കേരളവും കാണിച്ചു തന്നത് പാര്‍ട്ടി ജീവനോടെ സജീവമായി ഉണ്ടെന്ന് തന്നെയാണ്.രാജ്യത്തിന്റെ ആത്മാവും ഹൃദയവും പ്രകാശിപ്പിക്കുന്ന ബഹുസ്വരതയെയാണ്  ഞങ്ങള്‍ പ്രതിനിധീകരിക്കുന്നത്. രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്തിട്ടുണ്ടങ്കിലും തോല്‍വിയില്‍ ഞങ്ങളും കൂടി ഉത്തരവാദികളാണ്. പാര്‍ട്ടിയുടെ പുനരുജ്ജീവനത്തില്‍ ഞങ്ങള്‍ക്കെല്ലാം ഉത്തരവാദിത്വമുണ്ട്‌.

ബിജെപിയുടെ വിജയത്തെ സഹായിച്ചത് മോദി എന്ന അവരുടെ ഉത്പന്നത്തെ അവര്‍ നേരത്തെ തീരുമാനിച്ചതും ആ ഉത്പന്നത്തെ വെച്ച് മാര്‍ക്കറ്റ് ചെയ്തതുമാണ്", തരൂർ പറയുന്നു.

"സാമൂഹിക മാധ്യമ പോരാളികളെയും "മുഖ്യധാരാ" മാധ്യമങ്ങളെയും ഉപയോഗിച്ച് അവര്‍ ഒരു അസാധാരണ രാഷ്ട്രീയ ബിംബമുണ്ടാക്കി. എന്നിട്ട് 24/7 മണിക്കൂറും അവർ സജ്ജമാക്കിയ കാമറകള്‍ അയാളെ ഒപ്പിക്കൊണ്ടേയിരുന്നു. മാത്രമല്ല അവരുടെ പല പദ്ധതികള്‍ക്കും അവര്‍ക്ക് വലിയ പ്രചാരണം നല്‍കാന്‍ കഴിഞ്ഞു. എന്നാല്‍ ആ പദ്ധതികളിലെ പോരായ്മകള്‍ അത് നടപ്പിലാക്കിയതിലെ പാളിച്ചകള്‍ എന്നിവ കുറച്ചു കൂടി നന്നായി ഞങ്ങൾക്ക് അവതരിപ്പിക്കാമായിരുന്നു എന്ന തോന്നുന്നു", കോൺഗ്രസ്സിനെ സ്വയം വിമർശിച്ചു കൊണ്ടും മോദി എന്ന ബിംബത്തിനും പിന്നിലെ മാർക്കറ്റിങ് തന്ത്രങ്ങളെ മുൻനിർത്തിയും തരൂർ പ്രതികരിച്ചു.

"ദേശീയ സുരക്ഷയക്ക് വോട്ടര്‍മാരുടെ മേല്‍ വന്‍ സ്വാധീനം ചെലുത്താന്‍ കഴിയുമായിരുന്നു എന്ന സത്യത്തെ ഞങ്ങൾ നിസ്സാരമായി കണ്ടു. അത് വോട്ടര്‍മാരുടെ മനസ്സിനെ സ്വാധീനിക്കുന്നതിനെയും കാര്യമായെടുത്തില്ല. ദക്ഷിണേന്ത്യയേക്കാള്‍ ഇത് ഉത്തരേന്ത്യയെ സ്വാധീനിച്ചു", തരൂർ കൂട്ടിച്ചേർത്തു.

പാര്‍ലമന്ററി പാര്‍ട്ടി നേതൃ സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി ഏല്‍പ്പിക്കുകയാണെങ്കില്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ശശിതരൂര്‍ അറിയിച്ചു.

ബംഗാളിനും ഒഡീഷയ്ക്കും ശേഷം ഇനി കേരളമാണ് ബിജെപിയുടെ ലക്ഷ്യമെന്ന ചോദ്യത്തിന് അതൊരിക്കലും സംഭവിക്കില്ലെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നാണ് തരൂര്‍ പ്രതികരിച്ചത്.

"വിദ്യാഭ്യാസമുള്ള വോട്ടര്‍മാരുള്ള സംസ്ഥാനമെന്ന നിലയില്‍ ബിജെപിയുടെ വര്‍ഗ്ഗീയ അജണ്ട ഇവിടെ വിലപ്പോവില്ല. മാത്രമല്ല മലയാളീ ധാര്‍മ്മികത ഇന്ത്യന്‍ ധാര്‍മ്മികതയിൽ ഏറ്റവും മൂല്യമേറിയതാണ്. മറ്റുള്ളവരെ സ്വീകരിക്കുന്ന, ഉള്‍ക്കൊള്ളുന്ന, വിശ്വാലവീക്ഷണമുള്ള ജനതയാണ് മലയാളികള്‍. എന്നാല്‍ ബിജെപിയുടെ ചിന്താ ധാര ഇതില്‍ നിന്ന് വിഭിന്നമാണ്", തരൂർ പറഞ്ഞു 

content highlights: SashiTharoor says about congress defeat in Loksabha election 2019