വിദേശ സെലിബ്രിറ്റികള്‍ക്കെതിരേ ഇന്ത്യയിലെ പ്രമുഖരെ അണിനിരത്തുകയെന്നത് ബാലിശമായ ഏര്‍പ്പാടാണെന്ന് പറയാതെവയ്യ. ഒരു സര്‍ക്കാരിനെ സംബന്ധിച്ച് അത് മോശമാണുതാനും. എന്നാല്‍, ഇന്ത്യയിലെ മുഴുവന്‍ പ്രമുഖതാരങ്ങളെയും ഉപയോഗിച്ചുകൊണ്ട് സര്‍ക്കാരിന്റെ പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍നടത്തുന്ന ശ്രമങ്ങളൊന്നും റിയാന്നയുടെയും ഗ്രെറ്റയുടെയും പ്രതികരണങ്ങളെ മറികടക്കാന്‍പോന്നവയല്ല.

ര്‍ഷകപ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന നടപടികളിലൂടെ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ സത്പേര് കളങ്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന വാസ്തവം സര്‍ക്കാര്‍ ഉള്‍ക്കൊള്ളേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. എന്നാല്‍, അതംഗീകരിക്കാനോ ആ കോട്ടം പരിഹരിക്കാന്‍ ശ്രമിക്കാനോ നമ്മുടെ അധികാരികള്‍ തയ്യാറല്ല. ഇങ്ങനെയൊരു നില സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്നറിയാതെ തലകറങ്ങിയിരിക്കുകയാണ് ജനങ്ങള്‍

റിയാന്നയും ഗ്രെറ്റയും ഇന്ത്യന്‍ സെലിബ്രിറ്റികളും

കര്‍ഷകസമരവുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്തും സമീപപ്രദേശങ്ങളിലും ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനെക്കുറിച്ചുള്ള സി.എന്‍.എന്നിന്റെ ലേഖനം പങ്കുവെച്ചുകൊണ്ടുള്ള പോപ് ഗായിക റിയാന്നയുടെ ട്വീറ്റ് സര്‍ക്കാരിനെ പ്രകോപിതരാക്കി. പിന്നാലെ സര്‍ക്കാരിന്റെ പ്രതികരണവുമെത്തി. ട്വിറ്ററില്‍ പത്തുകോടിയോളംപേര്‍ റിയാന്നയെ പിന്തുടരുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ ട്വിറ്ററില്‍ പിന്തുടരുന്നവരേക്കാള്‍ നാലുകോടിയോളം കൂടുതല്‍. സാമൂഹികമാധ്യമ സ്വാധീനത്തിന്റെ യുക്തിവെച്ചുനോക്കിയാല്‍ ഒരിക്കല്‍പ്പോലും റിയാന്നയുടെ പാട്ടുകേള്‍ക്കുകയോ അവയെ ഇഷ്ടപ്പെടുകയോ ചെയ്യാത്തവര്‍പോലും ഈ ട്വീറ്റ് ഗൗരവമായി കണ്ടിട്ടുണ്ടാകും.

ഒരേസമയം മൂന്ന് സമാന്തരരീതികളിലാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണമെത്തിയത്. അന്താരാഷ്ട്രതലത്തിലും നയതന്ത്രതലത്തിലും മറ്റ് ലോകരാജ്യങ്ങളുമായി ഇടപെടാന്‍ ചുമതലപ്പെട്ട വിദേശകാര്യമന്ത്രാലയം ധാര്‍മികരോഷത്തോടെ പ്രസ്താവനയിറക്കിയതാണ് ഇതില്‍ ആദ്യത്തേത്. വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരായ രണ്ടുമന്ത്രിമാരടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ ട്വിറ്ററില്‍ പ്രതിഷേധിച്ചതാണ് രണ്ടാമത്തേത്. കാലാവസ്ഥാസംരക്ഷണ പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബേയുള്‍പ്പെടെയുള്ള അന്താരാഷ്ട്രതലത്തിലെ ചങ്കൂറ്റമുള്ള പ്രതിഭകളും റിയാന്നയ്ക്കു പിന്നാലെ രംഗത്തെത്തിയതോടെ ചലച്ചിത്ര-ക്രിക്കറ്റ് താരങ്ങളടങ്ങുന്ന സംഘത്തെ വിദേശപ്രതികരണങ്ങള്‍ക്കെതിരായി രംഗത്തിറക്കിയതാണ് മൂന്നാമത്തേത്. ഒട്ടേറെ തലങ്ങളില്‍ വലിയ നാണക്കേടുണ്ടാക്കിയ നടപടിയായിരുന്നു ഇത്.

ബാലിശമായ നടപടി

റിയാന്നയുടെ ട്വീറ്റിനോട് പ്രതികരിക്കുക എന്നത്, ഇന്ത്യന്‍ വിദേശകാര്യനയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ബോധ്യപ്പെടുത്താന്‍ ചുമതലപ്പെട്ട വിദേശകാര്യമന്ത്രാലയ വക്താവിന്റെ ഔദ്യോഗികജോലിയല്ല. 'വാസ്തവമോ ഉത്തരവാദിത്വത്തോടെയുള്ളതോ അല്ല' എന്നുപറഞ്ഞാണ് (അത് നിങ്ങളെന്തിനു പ്രതീക്ഷിക്കുന്നു) വിദേശകാര്യമന്ത്രാലയ വക്താവ് റിയാന്നയുടെ ഒറ്റവരി ട്വീറ്റിനോട് പ്രസ്താവനയിറക്കി പ്രതികരിച്ചത്. 'ഇതേക്കുറിച്ച് നമ്മളെന്താണ് സംസാരിക്കാത്തത്' എന്ന റിയാന്നയുടെ മൂന്നുവാക്കിലെ ചോദ്യത്തിനുള്ള മറുപടിയായി #India Together, #India Against Propaganda എന്നീ രണ്ട് ഹാഷ്ടാഗുകളുടെ അകമ്പടിയോടെ ആറു ഖണ്ഡികയില്‍ വിദേശകാര്യമന്ത്രാലയത്തിന് മറുപടി പറയേണ്ടിവന്നുവെന്നതില്പരം നാണക്കേടെന്താണ്?

ലോകരാജ്യങ്ങള്‍ ഗൗരവത്തോടെ കാണുന്ന ഒരു മന്ത്രാലയം, സെലിബ്രിറ്റികളോട് പ്രതികരിക്കുന്നതിനുമുമ്പ് വിഷയങ്ങള്‍ പരിശോധിക്കണമായിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ പ്രതിച്ഛായനേടാനുള്ള ശ്രമങ്ങളില്‍നിന്ന് അകന്നുനില്‍ക്കണമായിരുന്നു. മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ 'ബാലിശ'മായിപ്പോയി.

ചിദംബരം ചൂണ്ടിക്കാട്ടിയതുപോലെ 'ഇന്ത്യയിലെ പുതിയ സാഹചര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളില്‍ വിദേശികള്‍ പ്രതികരിക്കുന്നതില്‍ അപകീര്‍ത്തികരമായി ഒന്നുമില്ല'. വിദേശരാജ്യങ്ങളിലെ ഇത്തരം സംഭവവികാസങ്ങളില്‍ നമ്മളും എല്ലായ്പ്പോഴും പ്രതികരിക്കാറുണ്ട്. മ്യാന്‍മാറിലെ സൈനിക അട്ടിമറിയില്‍ കഴിഞ്ഞദിവസം നാം പ്രതികരിച്ചില്ലേ, വാഷിങ്ടണിലെ ക്യാപിറ്റോള്‍ മന്ദിരം ആക്രമിക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എന്തിനാണ് അതില്‍ അഭിപ്രായം പറഞ്ഞത്? എന്ന ചിദംബരത്തിന്റെ ചോദ്യം പ്രസക്തമാണ്. ഉപജീവനവും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മനുഷ്യര്‍ ദേശാതിര്‍ത്തികള്‍ നോക്കാറില്ലെന്ന വസ്തുത എന്നാണ് വിദേശകാര്യമന്ത്രാലയത്തിന് ബോധ്യമാകുക?

പാളിപ്പോയ പ്രതിരോധം

കാര്‍ഷികനിയമത്തെ പിന്തുണയ്ക്കുന്ന യു.എസ്.പോലും കര്‍ഷകരുമായി ചര്‍ച്ചനടത്തണമെന്നും അവര്‍ നടത്തുന്ന സമാധാനപരമായ പ്രതിഷേധത്തെ അംഗീകരിക്കണമെന്നും ഇന്റര്‍നെറ്റ് വിലക്ക് നീക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 'ഇന്റര്‍നെറ്റടക്കം തടസ്സമില്ലാതെ വിവരങ്ങള്‍ ലഭിക്കേണ്ടത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനവും ജനാധിപത്യത്തിന്റെ മുഖമുദ്രയുമാകുന്നു' -യു.എസ്. തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

വിദേശ സെലിബ്രിറ്റികള്‍ക്കെതിരേ ഇന്ത്യയിലെ പ്രമുഖരെ അണിനിരത്തുകയെന്നത് ബാലിശമായ ഏര്‍പ്പാടാണെന്ന് പറയാതെവയ്യ. ഒരു സര്‍ക്കാരിനെ സംബന്ധിച്ച് അത് മോശമാണുതാനും. എന്നാല്‍, ഇന്ത്യയിലെ മുഴുവന്‍ പ്രമുഖതാരങ്ങളെയും ഉപയോഗിച്ചുകൊണ്ട് സര്‍ക്കാരിന്റെ പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍നടത്തുന്ന ശ്രമങ്ങളൊന്നും റിയാന്നയുടെയും ഗ്രെറ്റയുടെയും പ്രതികരണങ്ങളെ മറികടക്കാന്‍പോന്നവയല്ല. ഇരുവരുടെയും ആരാധകരില്‍ ഏറിയപങ്കും ഇന്ത്യക്കാര്‍ തന്നെയെന്നതാണ് ഇതിനുപിന്നിലെ വസ്തുത. അതുകൊണ്ട് ഇന്ത്യന്‍ താരങ്ങളെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ 'പ്രതിരോധം' ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഇല്ലാതാക്കുന്നതിലേക്കേ നയിക്കൂ.

ഇക്കാര്യത്തില്‍ അനാവശ്യമായ എടുത്തുചാട്ടം കാണിക്കുന്നതിനാല്‍ ഞാനതേക്കുറിച്ച് ഇങ്ങനെ പ്രതികരിക്കുന്നു. 'ഇന്ത്യന്‍ സര്‍ക്കാരിനുവേണ്ടി ഇന്ത്യന്‍ താരങ്ങള്‍ പാശ്ചാത്യപ്രമുഖരോട് പ്രതികരിക്കുകയെന്നത് ലജ്ജാകരമാണ്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ജനാധിപത്യരഹിതവും പിടിവാശിയും കലര്‍ന്ന പെരുമാറ്റത്തിലൂടെ ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയ്ക്കുണ്ടായ കളങ്കത്തെ ഒരു ക്രിക്കറ്റ് താരത്തിന്റെ ട്വീറ്റുകൊണ്ട് പരിഹരിക്കാനാവില്ല (ക്രിക്കറ്റിനെക്കുറിച്ച് അധികമൊന്നും അറിയാത്ത നാട്ടില്‍നിന്നുള്ളവരാണ് റിയാന്നയും ഗ്രെറ്റയുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവര്‍ക്ക് ക്രിക്കറ്റ് എന്നാല്‍, ഒരു ജീവി മാത്രമത്രെ). സര്‍ക്കാര്‍ ഔദ്യോഗികമായി അവതരിപ്പിച്ച ഒരു ഹാഷ്ടാഗുകൂടി ചേര്‍ത്ത് ഇങ്ങനെയാണ് ഞാന്‍ പ്രതികരണം അവസാനിപ്പിച്ചത്, 'കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ച് അവരുമായി ചര്‍ച്ചനടത്തുക. അങ്ങനെ നിങ്ങള്‍ക്ക് ഇന്ത്യയൊന്നിപ്പിക്കാം (#IndiaTogether).'

പറയാന്‍ നല്ല കഥകളില്ലാത്ത ഇന്ത്യ

വിജയകരമായ പ്രതിച്ഛായ നിര്‍മിക്കുകയെന്നത് പറയാന്‍ നല്ല കഥകളുണ്ടാവുക എന്നതുകൂടിയാണ്. ജനങ്ങളുമായി ഇടപെടുന്നതിന്റെ രീതിയെക്കുറിച്ച് അല്പമെങ്കിലും ജ്ഞാനം ഭരണകൂടത്തിലെ ഒരാള്‍ക്കെങ്കിലും വേണം. സ്വതന്ത്ര ജനാധിപത്യത്താലും ആഭ്യന്തര രാഷ്ട്രീയത്താലും പകരംവെക്കാനില്ലാത്ത നാനാത്വത്തിന്റെ മാതൃകയാലും സ്വതന്ത്രവും തുറന്നതുമായ സമൂഹത്താലും 'മെച്ചപ്പെട്ട കഥകള്‍ പറയാനുള്ള നാടാ'യിരുന്നു ഒരിക്കല്‍ ഇന്ത്യ. എന്നാല്‍, ഇന്നോ? സങ്കടത്തോടെ പറയട്ടെ, നേര്‍വിപരീതമാണ് സ്ഥിതി. അന്താരാഷ്ട്രതലത്തിലെ പ്രമുഖ മാധ്യമങ്ങളേതെങ്കിലും എടുത്തുനോക്കൂ, അത് വാള്‍സ്ട്രീറ്റ് ജേണലും ഫിനാന്‍ഷ്യല്‍ ടൈംസുംപോലെയുള്ള വലതുപക്ഷ മാധ്യമങ്ങളോ, ദി ഗാര്‍ഡിയനോ വാഷിങ്ടണ്‍ പോസ്റ്റോ പോലെയുള്ള ഇടതാഭിമുഖ്യമുള്ള മാധ്യമമോ ആയിക്കൊള്ളട്ടെ, അതില്‍ ഇന്ത്യയെക്കുറിച്ച് നിങ്ങള്‍ കാണുന്നതെല്ലാം വിമര്‍ശനപരമായ ലേഖനങ്ങളും മുഖപ്രസംഗങ്ങളുമായിരിക്കും. ദൈനംദിന റിപ്പോര്‍ട്ടുകളുടെ കാര്യത്തിലായാലും ഓപ് എഡിറ്റ് കോളങ്ങളിലായാലും ഇന്ത്യയിലെ അപ്രിയസത്യങ്ങളെക്കുറിച്ചാകും ഏറിയപങ്കും. കര്‍ഷകപ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിയും ഇന്റര്‍നെറ്റ് വിലക്കും അക്കൗണ്ടുകള്‍ റദ്ദാക്കാന്‍ ട്വിറ്ററിനോടുള്ള ആവശ്യപ്പെടലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള കേസെടുക്കലും ഡിലീറ്റ് ചെയ്ത ഒരു ട്വീറ്റിന്റെ പേരില്‍ പ്രതിപക്ഷ എം.പി.യുടെ പേരില്‍ ഫയല്‍ചെയ്ത അഞ്ച് എഫ്.ഐ.ആറുകളെക്കുറിച്ചുമുള്ള വാര്‍ത്തകളാണ് അതില്‍ നിറഞ്ഞുനില്‍ക്കുക.

തിരികെവരണം ജനാധിപത്യം

ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയില്ലാത്ത ഹിന്ദുത്വഭൂരിപക്ഷവാദത്തെ പ്രോത്സാഹിപ്പിക്കാനും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും മനഃപൂര്‍വം ശ്രമിക്കുന്ന ഒരു വര്‍ഗീയ ഭരണകൂടത്തിനു കീഴില്‍ അസഹിഷ്ണുതയും വര്‍ഗീയതയും വര്‍ധിപ്പിക്കുന്ന അധികാരികളുടെ നടപടികളാണ് ഇതിനു കാരണം. ഈ മോശം പ്രതിച്ഛായയാണ് നാം മാറ്റിയെടുക്കേണ്ടത്. സ്വന്തം രീതികളില്‍നിന്ന് മാറിനടക്കുന്നതിലൂടെ സര്‍ക്കാരിനുമാത്രമേ ആ മാറ്റം സാധ്യമാക്കാനാകൂ. ഹാഷ്ടാഗുകളിലൂടെ അത് സാധ്യമാകില്ലെന്നു ചുരുക്കം.

ലോകത്തിന് നമ്മെക്കുറിച്ചുള്ള ധാരണയെന്തെന്നതില്‍ മറ്റെന്നത്തേക്കാളുംകൂടുതല്‍ പ്രസക്തി ഇന്നുണ്ട്. നാം സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാല്‍ വിദേശവ്യാപാരത്തിലും വിദേശനിക്ഷേപത്തിലും അതിലുമുപരി ആഗോളതലത്തില്‍ നമുക്കുള്ള സത്പേരിലും നാം കൂടുതല്‍ ആശ്രയിക്കേണ്ടിയിരിക്കുന്നെന്ന് അടുത്തിടെ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റ് നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്.

ഭാവിയിലുള്ള വിശ്വാസത്തിലധിഷ്ഠിതമാണ് വിദേശവ്യാപാരം. എന്നാല്‍, ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകരുന്നതോടെ ആ വിശ്വാസവും വേഗത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇടുങ്ങിയ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ഭരണകൂടം നടത്തുന്ന ഏകാധിപത്യ, വിഭജന നടപടികള്‍ അവസാനിപ്പിച്ചേ മതിയാവൂ. തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ ഭരണകൂടമാഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്നത്തെ ഈ സാഹചര്യം മാറിയേ തീരൂ. ജനാധിപത്യവും സകലമനുഷ്യരെയും ഉള്‍ക്കൊള്ളിച്ചുള്ള രാഷ്ട്രീയവും തിരികെവന്നേ തീരൂ.

(മാതൃഭൂമി എഡിറ്റോറിയൽ പേജിൽ 'ഊര്‍ന്നുവീഴുന്നു, ഇന്ത്യന്‍ പ്രതിച്ഛായ' എന്ന തലക്കെട്ടിൽ 6 2 2021ന് പ്രസിദ്ധീകരിച്ചത്)

content highlights: sashiTharoor criticises the way BJP govt responded towards Rihanna's tweet