Sardar patelഗാന്ധിജിയുടെ ഇടതും വലതുമായി ഒരുപോലെ ശക്തരായി നിന്ന രണ്ടുപേരില്‍ ഒരാള്‍, അതും ഗാന്ധിയുടെ രണ്ടാമത്തെ സത്യാഗ്രഹം മുതല്‍ അവസാനംവരെ അദ്ദേഹത്തിന്റെ പ്രധാന സമര സഖാവായിരുന്നയാള്‍, ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ ഏറക്കുറെ അപ്രസക്തനായത് നിര്‍ഭാഗ്യകരമാണ്.

രുക്കു വനിതയെന്നറിയപ്പെട്ടിരുന്ന ഇന്ദിരാ ഗാന്ധിയുടെയും ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെയും ഓര്‍മദിനം ഒരേ ദിവസമാവുന്നത് ഇന്ത്യന്‍ രാഷ്ട്രനിര്‍മാണ ചരിത്രത്തിന്റെ നാള്‍വഴികളെക്കുറിച്ച് എല്ലാ വര്‍ഷവുമുള്ള ഓര്‍മപ്പെടുത്തലാണ്. ഒരാളുടെ (ഇന്ദിരാ ഗാന്ധി) ചരമ വാര്‍ഷികം മറ്റൊരാളുടെ (സര്‍ദാര്‍ പട്ടേല്‍) ജന്മ വാര്‍ഷികമാവുന്നത് കൗതുകകരമായ ഒരു പുരാവൃത്ത യാദൃച്ഛികത.

പട്ടേലിന്റെ ജീവചരിത്രം മഹാത്മാ ഗാന്ധിയോടൊപ്പംതന്നെ പഴക്കമുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെയും രാജ്യനിര്‍മിതിയുടെയും ചരിത്രമാണ്; ഇന്ദിരാ ഗാന്ധിയുടേതോ, ആത്മവിശ്വാസത്തോടെയുള്ള സ്വതന്ത്ര ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെയും. രണ്ടുപേരും രണ്ടു കാലഘട്ടങ്ങളുടെ, രണ്ടു നിയുക്തികളുടെ ആള്‍രൂപങ്ങള്‍.

yogi patel
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
പട്ടേൽ പ്രതിമക്കു മുന്നിൽ പുഷ്പാർച്ചന
നടത്തുന്നു ർ ANI ഫയൽ ചിത്രം

പല ചരിത്രകാരന്മാരും സൂചിപ്പിച്ചിട്ടുള്ളതു പോലെ, നെഹ്രുവിനു ശേഷമുള്ള ഇന്ത്യയില്‍ പട്ടേലിന് അദ്ദേഹമര്‍ഹിക്കുന്ന ബഹുമതി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നല്‍കിയിട്ടില്ല എന്നത് വാസ്തവമാണ്. ഗാന്ധിജിയുടെ ഇടതും വലതുമായി ഒരുപോലെ ശക്തരായി നിന്ന രണ്ടുപേരില്‍ ഒരാള്‍, അതും ഗാന്ധിയുടെ രണ്ടാമത്തെ സത്യാഗ്രഹം മുതല്‍ അവസാനംവരെ അദ്ദേഹത്തിന്റെ പ്രധാന സമര സഖാവായിരുന്നയാള്‍, ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ ഏറക്കുറെ അപ്രസക്തനായത് നിര്‍ഭാഗ്യകരമാണ്. ഒരു പക്ഷേ, കോണ്‍ഗ്രസിന്റെ ആ പരാജയമാണ് പിന്നീട് അദ്ദേഹത്തെ സംഘപരിവാര്‍ തങ്ങളുടെയാളാക്കി മാറ്റാന്‍ കാരണം. കോണ്‍ഗ്രസിന് അവകാശപ്പെട്ട, പക്ഷേ, കുറച്ചെങ്കിലും സംഘപരിവാര്‍ അപഹരിച്ചെടുത്ത, പട്ടേലിന്റെ ആവേശമുണര്‍ത്തുന്ന പാരമ്പര്യം ഇന്നും കോണ്‍ഗ്രസ് വീണ്ടെടുത്തിട്ടില്ല എന്ന് പറയുന്നത് അതിലേറെ നിര്‍ഭാഗ്യകരം.

ഇത്രയും ത്യാഗപൂര്‍ണമായ, ആവേശോജ്ജ്വലമായ സമരങ്ങളുടെ നായകനായിരുന്നിട്ടും പട്ടേല്‍ സാധാരണജനങ്ങളുടെ ഇടയില്‍ അറിയപ്പെടുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിന്റെ പേരില്‍ മാത്രമാണെന്നത് നിരാശാജനകമായ ഒരു വിരോധാഭാസമാണ്

ഇംഗ്‌ളണ്ടിലെ നിയമവിദ്യാഭ്യാസം കഴിഞ്ഞ് ഉന്നത നിലയില്‍ വക്കീലായി പ്രാക്ടീസ് ചെയ്യുമ്പോള്‍, പട്ടേലിന് ഗാന്ധിയുടെ സമരത്തോടോ, ആദര്‍ശത്തോടോ തുടക്കത്തില്‍ ഒരു ആഭിമുഖ്യവുമുണ്ടായിരുന്നില്ല. പക്ഷേ, 1915-ല്‍ ഗുജറാത്ത് ക്ലബ്ബില്‍ ബ്രിഡ്ജ് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ആദ്യമായി നേരിട്ടുകേട്ട ഗാന്ധിജിയുടെ പ്രസംഗത്തെ ആദര്‍ശത്തിന്റെ വാചകമടി (idealistic hot air) എന്നു പറഞ്ഞ് പരിഹാസത്തോടെ അവഗണിച്ച അതേ പട്ടേല്‍ മൂന്നു കൊല്ലത്തിനകം എല്ലാമുപേക്ഷിച്ച് ഗുജറാത്തിലെ ഖേഡാ സത്യാഗ്രഹത്തില്‍ അദ്ദേഹത്തിന്റെ അനുയായി ആയി എന്നത് അദ്ദേഹത്തിന്റെ ദൃഢമായ വ്യക്തിവൈശിഷ്ട്യം വിളിച്ചോതുന്നു.

gandhiji patel
നെഹ്റുവും പട്ടേലും ഇന്ദിരയും | മാതൃഭൂമി ആർക്കൈവ്

ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു ഖേഡാ സത്യാഗ്രഹം. ബിഹാറിലെ ചമ്പാരനു ശേഷം ഗാന്ധിജിയുടെ സത്യാഗ്രഹം എന്ന സമരമുറയിലെ രണ്ടാമത്തെ സംഭവം. കൊടും പട്ടിണിയിലും പകര്‍ച്ചവ്യാധികളിലും പെട്ട് ജീവന്‍തന്നെ നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്ന കര്‍ഷകരുടെമേല്‍ ബ്രിട്ടീഷുകാര്‍ അടിച്ചേല്‍പ്പിച്ച വന്‍ നികുതിവര്‍ധനയ്‌ക്കെതിരായ ആ അക്രമരഹിത ജനകീയപോരാട്ടത്തിന് ഗാന്ധിജിയോടൊപ്പം നേതൃത്വം നല്‍കിയത് പട്ടേല്‍ ആയിരുന്നു. അതികഠിനമായിരുന്നെങ്കിലും ഖേഡാ സത്യാഗ്രഹം വിജയമായി, ഒപ്പം പട്ടേലിന്റെ ജീവിതദിശയെത്തന്നെ മാറ്റിമറിച്ചു. ഒരു വരേണ്യവര്‍ഗ ബാരിസ്റ്റര്‍ ആയിരുന്ന അദ്ദേഹം മുഴുവന്‍സമയ സ്വാതന്ത്ര്യസമര സേനാനിയായും ഗാന്ധിജിയുടെ വലംകൈയായി മാറുകയും ചെയ്തു. അടുത്തവര്‍ഷംതന്നെ റൗലറ്റ് ആക്ടിനെതിരായ സമരത്തിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഖേഡാ സത്യാഗ്രഹത്തെപ്പോലെ പട്ടേലിന്റെ ദൃഢനിശ്ചയത്തിന്റെയും സമരവീര്യത്തിന്റെയും മറ്റൊരുദാഹരണമായിരുന്നു നിസ്സഹകരണ പ്രസ്ഥാനത്തിലെ പ്രധാന കാല്‍വെപ്പായ 1920-ലെ നാഗപുര്‍ ഫ്‌ളാഗ് സത്യാഗ്രഹം.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ ലേഖനങ്ങള്‍ വായിക്കാന്‍ JOIN Mathrubhumi Social and environmental  Whatsapp group

patel
പട്ടേൽ

വല്ലഭ്ഭായ് പട്ടേലിനെ സര്‍ദാര്‍ പട്ടേല്‍ ആയി മാറ്റിയത് 1928-ലെ ബര്‍ദോളി സത്യാഗ്രഹമായിരുന്നു. ഖേഡയില്‍ നടന്നപോലെ ബ്രിട്ടീഷുകാരുടെ കഠിനമായ നികുതി വര്‍ധനയ്‌ക്കെതിരായ ജനകീയ പ്രതിരോധം. പട്ടേലിന്റെ ആവേശോജ്ജ്വലമായ നേതൃത്വത്തില്‍ ജനങ്ങള്‍ എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറായിരുന്നു. മാസങ്ങളോളം അവര്‍ ഒറ്റക്കെട്ടായി ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമര്‍ത്തലിനെയും സമരം പൊളിക്കാനുള്ള ക്രൂര പ്രവൃത്തികളെയും ചെറുത്തുനിന്നു. നിസ്സഹകരണം ഇത്തരത്തില്‍ അതിന്റെ പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കപ്പെട്ട സമരങ്ങള്‍ ലോകചരിത്രത്തില്‍തന്നെ അപൂര്‍വമായിരിക്കും. വരാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും

കഷ്ടപ്പാടുകളെക്കുറിച്ചും പൂര്‍ണമായും ജനങ്ങളെ ബോധ്യപ്പെടുത്തി, അവരുടെ പിന്തുണയോടെയായിരുന്നു പട്ടേല്‍ ഈ സത്യാഗ്രഹം നയിച്ചത്. 'ഒരു നയാപ്പൈസ പോലും കരം കൊടുക്കരുത്' എന്ന അദ്ദേഹത്തിന്റെ ആഹ്വാനം അവര്‍ ആവേശത്തോടെ നടപ്പാക്കി. അദ്ദേഹത്തിന്റെ ഉരുക്കുപോലുള്ള ദൃഢനിശ്ചയത്തിന്റെയും സംഘാടനപാടവത്തിന്റെയും ശക്തമായ ഉദാഹരണമായിരുന്നു ബര്‍ദോളി.

സ്വാതന്ത്ര്യലബ്ധി വരെയുള്ള എല്ലാ സമരങ്ങളിലും സംഭവങ്ങളിലും നെഹ്രുവിനെപ്പോലെ പട്ടേല്‍ ഗാന്ധിയോടൊപ്പമുണ്ടായിരുന്നു. അവര്‍ തമ്മില്‍ പലപ്പോഴും തര്‍ക്കങ്ങളുണ്ടായി, പക്ഷേ, എല്ലാം സ്വതന്ത്ര ഇന്ത്യ എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രം. തങ്ങള്‍ക്കില്ലാതെപോയ ചരിത്രനേതാക്കളെ പുനര്‍നിര്‍മിക്കുന്നവര്‍, പട്ടേല്‍ ഗാന്ധിയുമായും നെഹ്രുവുമായും നിത്യസംഘര്‍ഷത്തിലായിരുന്നു, ഗാന്ധിയും നെഹ്രുവും അദ്ദേഹത്തിന് വേണ്ട പ്രാമുഖ്യം നല്‍കിയില്ല എന്നൊക്കെ പ്രചാരണം നടത്തുമ്പോള്‍ 'ഗാന്ധിജിയുടെ പത്തുവരികള്‍ക്ക് ഒരു നൂറു പേജ് മെമ്മോറാണ്ടത്തെക്കാള്‍ ശക്തിയുണ്ട്' എന്നും, 'നെഹ്റു ഇന്ത്യയുടെ വില മതിക്കാനാവാത്ത സ്വത്ത്' ആണെന്നും അദ്ദേഹം പറഞ്ഞത് ഓര്‍ത്താല്‍ മതി.

ഇത്രയും ത്യാഗപൂര്‍ണമായ, ആവേശോജ്ജ്വലമായ സമരങ്ങളുടെ നായകനായിരുന്നിട്ടും പട്ടേല്‍ സാധാരണജനങ്ങളുടെ ഇടയില്‍ അറിയപ്പെടുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിന്റെ പേരില്‍ മാത്രമാണെന്നത് നിരാശാജനകമായ ഒരു വിരോധാഭാസമാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ കയറുപൊട്ടിച്ചു നടന്ന അഞ്ഞൂറിലേറെ വരുന്ന നാട്ടുരാജ്യങ്ങളെ രാജ്യതന്ത്രജ്ഞതയിലൂടെയും ഭീഷണികളിലൂടെയും ബലപ്രയോഗങ്ങളിലൂടെയും വളരെപ്പെട്ടെന്ന് ഒരൊറ്റ രാജ്യമാക്കിയത് അവിശ്വസനീയം തന്നെ. പക്ഷേ, അതിന്റെപേരില്‍ ഇത്രയും ഉന്നതനായ ഒരു ചരിത്രപുരുഷനെ സങ്കുചിതമായ രാഷ്ട്രീയനേട്ടങ്ങള്‍ക്കുവേണ്ടി നവദേശീയതയുടെ ബിംബമാക്കിമാത്രം മാറ്റുന്നത് നെറികേടാണ്. അദ്ദേഹത്തിന്റെ സമരപാരമ്പര്യം എന്ന അമൂല്യമായ സ്വത്ത് തിരിച്ചുപിടിക്കേണ്ടത് കോണ്‍ഗ്രസിന്റെ കടമയാണ്.

അടിയന്തരാവസ്ഥയിൽ തളയ്ക്കപ്പെട്ട ഇന്ദിര

പട്ടേലിന്റെ കാലശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തിലും ചരിത്രത്തിലും ഉയര്‍ന്നുവന്നയാളാണ് ഇന്ദിരാ ഗാന്ധി. നെഹ്രുവിന്റെ സഹായി ആയി തുടങ്ങി, പിന്നീട് കോണ്‍ഗ്രസ് പ്രസിഡന്റും മന്ത്രിയും ഒടുവില്‍ ലോകത്തെ ഏറ്റവും വ്യക്തിപ്രഭാവമുള്ള ഭരണാധികാരികളില്‍ ഒരാളുമായി മാറിയ, ഏറക്കുറെ മൂന്നു ദശകങ്ങള്‍ നിറഞ്ഞുനിന്ന ഇന്ത്യന്‍ പ്രധാനമന്ത്രി.

Indira Gandhiപക്ഷേ, നിര്‍ഭാഗ്യവശാല്‍ പട്ടേലിനോടൊപ്പംതന്നെ ആവേശപൂര്‍ണമായ ദേശീയ പാരമ്പര്യമുള്ള അവരെ 21 മാസം മാത്രം നീണ്ടുനിന്ന അടിയന്തരാവസ്ഥയില്‍ തളച്ചിടുകയാണ് ഇടതു, വലതു രാഷ്ട്രീയകക്ഷികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ജനാധിപത്യ സോഷ്യലിസത്തിലൂന്നി നെഹ്റു തുടങ്ങി വെച്ച സ്വതന്ത്ര മതേതര ഇന്ത്യയുടെ നിര്‍മാണം പരശ്ശതം പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടു കൊണ്ടുപോയ രാഷ്ട്രശില്പിയായിരുന്നു ഇന്ദിര. തീവ്രമായ വ്യക്ത്യനുഭവങ്ങളില്‍നിന്നും പാര്‍ട്ടിയിലെ യാഥാസ്ഥിതിക പുരുഷ മേധാവിത്വത്തില്‍നിന്നും ശീതസമരത്താല്‍ കലുഷിതമായ ആഗോള രാഷ്ട്രീയയാഥാര്‍ഥ്യങ്ങളില്‍നിന്നും പാഠമുള്‍ക്കൊണ്ട് ഏറ്റവും സങ്കീര്‍ണമായ കാലത്ത് ഇന്ത്യയെ നയിച്ച നേതാവ്. നെഹ്രുവിനുശേഷമുണ്ടായ പ്രധാന ദേശീയ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ശില്പിയായിരുന്നു ശാസ്ത്രത്തിലും സംസ്‌കാരത്തിലും ആധുനികതയിലും പൂര്‍ണമായും വിശ്വസിച്ച ഇന്ദിര. അറ്റോമിക് എനര്‍ജി, സ്‌പേസ്, ശാസ്ത്രം, സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിര്‍മാര്‍ജനം തുടങ്ങി എല്ലാ രംഗങ്ങളിലും പ്രസ്ഥാനവത്കരണത്തിലൂടെ സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഒരു ആധുനിക ഭരണാധികാരി.

indira nehru
ഇന്ദിരയും നെഹ്റുവും

ഒരു പക്ഷേ, എഴുപതുകളിലെ ഇന്ദിരാ ഭരണമായിരുന്നു ഇന്ത്യയിലെ ഒരേ ഒരു ഇടതുപക്ഷ ഭരണം. കോണ്‍ഗ്രസില്‍ നിന്നുതന്നെയുള്ള ശക്തമായ എതിര്‍പ്പുകളെ അവഗണിച്ച് അവര്‍ നടപ്പാക്കിയ ദേശീയവത്കരണ പ്രക്രിയകളാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മുന്നോട്ടുപോകാനുള്ള ഊര്‍ജം പകര്‍ന്നത്, പ്രിവി പഴ്സ് നിര്‍ത്തലാക്കിയത് ജനാധിപത്യവത്കരണത്തിലെ ഒരു പ്രതീകാത്മകമായ നാഴികക്കല്ലായിരുന്നു.

ബാങ്കുകളുടെ ദേശസാത്കരണത്തിലൂടെ രാജ്യത്തിന്റെ എല്ലാ കോണുകളിലും ചുരുങ്ങിയ കാലത്തിനുള്ളില്‍ ബാങ്കിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ അവര്‍ക്കു സാധിച്ചു. ഏഷ്യയിലെ പ്രധാന രാജ്യങ്ങളെല്ലാംതന്നെ സാമ്പത്തിക ഉദാരീകരണത്തിന്റെയും ആഗോളീകരണത്തിന്റെയും പാതയിലായിരുന്നപ്പോള്‍, ഇന്ദിരാ ഗാന്ധി ഇടതുപക്ഷത്ത് നിലയുറപ്പിച്ചു. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള അവരുടെ ഭരണം രാഷ്ട്രത്തിന്റെ വികസന നവീകരണത്തിന്റെ തുടക്കമായിരുന്നു എന്നതാണ്. ജനതാ ഭരണം എന്ന കോണ്‍ഗ്രസ് വിരുദ്ധ കുമിളയില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയും പൊതുഭരണവും താറുമാറായപ്പോള്‍ ആറാം പഞ്ചവത്സരപദ്ധതിയിലൂടെ അവര്‍ തുടങ്ങിവെച്ചത് അതുവരെ കാണാത്ത സമൂലമായ വികസന പരിണാമങ്ങളാണ്. 1984-ല്‍ അവര്‍ കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ വികസനത്തിന്റെ കുതിപ്പ് നേരത്തേയാവുമായിരുന്നു.

(രാഷ്ട്രീയ നിരീക്ഷകനും യു.എന്‍.ഡി.പി. മുന്‍ ഏഷ്യാ പെസഫിക് സീനിയര്‍ ഉപദേശകനുമാണ് ലേഖകന്‍)

31-10 21ന് മാതൃഭൂമി പത്രം എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചത്

content highlights: Sardar Patel and Indira Gandhi