അവന് നല്ല വായനയും ചിന്തയുമുണ്ട് അതാണ് അവനെ പോലീസ് സംശയിക്കാൻ കാരണം എന്ന് യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലന്റെ അമ്മ സബിതാ മഠത്തിൽ. "സമൂഹത്തിന് ആവശ്യം അത്രവായനയും വിജ്ഞാനമില്ലാത്ത കുട്ടികളെയായായിരിക്കും. പുസ്തകങ്ങള്‍ വായിച്ച് ശരികള്‍ മനസ്സിലാക്കി അനീതികള്‍ ചോദ്യം ചെയ്യുമ്പോള്‍ അത് വലിയ പ്രശ്‌നമാവുകയാണ്. പോലീസ് വന്നത് പുസ്തകങ്ങളും ലഘുലേഖകളും തിരയാനാണെന്നും വായിക്കാത്ത കുട്ടിയായിരുന്നു അലനെങ്കില്‍ ഇതൊന്നും വരില്ലായിരുന്നു എന്നും അവർ പറഞ്ഞു. മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പ്രളയം വന്നപ്പോൾ മുഴുവൻ സമയ ക്യാമ്പിലുണ്ടായിരുന്നയാളാണ് അലൻ. മറ്റുള്ളവരുടെ പ്രശ്നം തന്റെ പ്രശ്നമായി കരുതുന്ന സഹാനുഭൂതിയുള്ള കുട്ടി. കശ്മീരിലെ ജനങ്ങൾ ഒറ്റപ്പെട്ടപ്പോൾ അവൻ പരീക്ഷയെഴുതാൻ വരെ ബുദ്ധിമുട്ടി ഡിപ്രഷൻ വരുന്നെന്ന് പറഞ്ഞിരുന്നുവെന്ന് അലന്റെ വല്ല്യമ്മയും നടിയുമായ സജിത മഠത്തിൽ ഓർക്കുന്നു.
"ആ പ്രായത്തിലുള്ള കുട്ടികളേക്കാള്‍ എംപതി കൂടുതലുള്ള പയ്യനാണ് അലന്‍. പ്രളയകാലത്ത് വീട്ടിലേക്കു പോലും വരാതെ തുടര്‍ച്ചയായി പണിയെടുക്കുകയായിരുന്നു. ദുരിതാശ്വാസ ക്യാമ്പിലായിരുന്നു അവന്‍. കശ്മീര്‍ വിഷയത്തില്‍ അവിടുത്തെ ജനം ഒറ്റപ്പെട്ടപ്പോള്‍ എനിക്ക് പരീക്ഷയെഴുതാന്‍ പറ്റണില്ല ഡിപ്രഷന്‍ തോന്നുന്നു എന്ന് അവന്‍ എന്നോട് പറഞ്ഞിരുന്നു", സജിത മഠത്തിൽ പറഞ്ഞു. അലനെ അറസ്റ്റ് ചെയ്ത അവസരത്തിൽ തനിക്കെതിരേ ഉയരുന്ന സൈബർ ആക്രമണങ്ങളെ കുറിച്ചും സജിത മഠത്തിൽ പ്രതികരിച്ചു. അലനെ കുറിച്ച് അവന്റെ അമ്മയായ സബിത മഠത്തിലും അലന്റെ വല്ല്യമ്മയും നടിയും നാടകപ്രവർത്തകയുമായ സജിത മഠത്തിലിനും പറയാനുള്ളത്
അലന്‍ പോലീസ് പിടിയിലായ ആ ദിവസത്തെ ഓർത്തെടുക്കാമോ. എന്തെങ്കിലും അസ്വാഭാവികതകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നോ.
സബിത മഠത്തില്‍(അലന്റെ അമ്മ): അലന്‍ കണ്ണൂരിലാണ് പഠിക്കുന്നത്. മഴയായത് കാരണം അവധിയായിരുന്നു. ഞാന്‍ അന്ന് തിരുവനന്തപുരത്ത് നിന്ന് വന്നതേ ഉണ്ടായിരുന്നുള്ളൂ. 5.30 ന് എന്റെ പഴ്‌സില്‍ നിന്ന് 20 രൂപ എടുക്കുന്നുണ്ട് ഇപ്പോ വരാം എന്ന് പറഞ്ഞ് പോയതാണ് അവന്‍. സാധാരണയായി നേരത്തെ ഉറങ്ങുന്ന കുട്ടിയാണ്. 8മണിക്കെങ്കിലും അവന്‍ വരേണ്ടതാണ്. 10മണിയും 11മണിയും കടന്നു പോയി. മൂന്നാഴ്ച മുമ്പാണ് അവന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയത്. അത് 'വേര്‍ ഈസ് മൈ ട്രെയിന്‍' ആപ്പെല്ലാം ഉപയോഗിക്കാന്‍ വേണ്ടിയാണ്. ഫോണ്‍ വീട്ടില്‍ ചാര്‍ജ്ജ് ചെയ്യാന്‍ വെച്ചാണ് അവന്‍ പുറത്ത് പോയത്. ഈ ആളാണ് നേരം വൈകുന്നത്. അതോടെ ആകെ വിഷമമായി. അവനെന്തോ അപകടം പറ്റി ബോധമില്ലാതെ എവിടെയോ കിടക്കുകയായിരിക്കും എന്ന് ഞാനും ഭര്‍ത്താവ് ഷുഹൈബും ഭയപ്പെട്ടു. ബോധമുണ്ടെങ്കില്‍ അവനെങ്ങനെയെങ്കിലും ഞങ്ങളെ വിളിക്കും. നാലുമണിയോടടുത്ത് കോളിങ് ബെല്‍ അടിച്ചു. മുമ്പില്‍ 30ഓളം പോലീസ്. അലന്റെ കൈയ്യില്‍ നിന്ന് ലഘു ലേഖ കിട്ടിയെന്ന് അവര്‍ പറഞ്ഞു. മാന്യമായാണ് പോലീസ് ആ സമയം പെരുമാറിയത്. സെര്‍ച്ച് വാറണ്ടുണ്ടോ എന്നൊന്നും ചോദിച്ചില്ല. അവര്‍ അലന്റെ മുറിയെവിടെ എന്ന് ചോദിച്ചു. അലന് മാത്രമായി മുറിയുണ്ടായിരുന്നില്ല. എനിക്കും അവനുമായി കോമണ്‍ റൂമായിരുന്നു. കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചെഴുതിയ മാസികകൾ, രാഷ്ട്രീയ പുസ്തകങ്ങള്‍, അങ്ങനെ വീട്ടിലുള്ളവരെല്ലാം വായിക്കുന്നത് അവര്‍ തപ്പാന്‍ തുടങ്ങി. ഈ രീതിയില്‍ തിരയുകയാണെങ്കില്‍ ഈ വീട് മുഴുവന്‍ രാഷ്ട്രീയ പുസ്തകങ്ങൾ മാത്രമേ നിങ്ങള്‍ക്ക് വായിക്കാന്‍ കിട്ടൂവെന്ന് പോലീസിനോട് എനിക്ക് പറയേണ്ടി വന്നു. മാത്രവുമല്ല മുകളിലുള്ള പുസ്തകങ്ങള്‍ പലതും അവന്‍ ജനിക്കുന്നതിന് മുമ്പുള്ളതാണ്. അതവന്റെ തലയിലിടാന്‍ പറ്റില്ലെന്നും സിഐയോട് ഞാന്‍ തറപ്പിച്ചു പറഞ്ഞു.
അലനെയും താഹയെയും കൂടാതെ ഇവര്‍ക്കൊപ്പം മൂന്നാമതൊരാളുണ്ട് എന്ന് പറയുന്നു
സബിത മഠത്തില്‍: അവിടെ എന്തുണ്ടായി എന്ന് എനിക്ക് അവന്റെ വായില്‍ നിന്ന് കേള്‍ക്കണം. അവന്‍ കള്ളത്തരം പറയില്ല. അവന്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് തുറന്നു പറയുന്ന സ്വഭാവക്കാരനാണ്. ഈ മേഖലയിലെ തന്നെ സാമൂഹിക പ്രവര്‍ത്തകനാണ്.
എങ്ങനെയുള്ള ആളാണ് അലന്‍.
സജിത മഠത്തില്‍(അലന്റെ വല്ല്യമ്മ): ഓഗസ്റ്റില്‍ 20 വയസ്സായി അലന്. അലന്‍ നല്ല സാമൂഹിക ബന്ധമുള്ള വ്യക്തിയാണ്. അവന് അറിയാത്ത ആളുകള്‍ തിരുവണ്ണൂരില്‍ ഉണ്ടാവില്ല. കോഴിക്കോടും നല്ല സാമൂഹിക ബന്ധങ്ങളവനുണ്ട്. ആ ഇടപഴകലില്‍ രാഷ്ട്രീയ വ്യത്യാസമില്ല. പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകനാണ്. ബാലസംഘത്തിലുണ്ടായിരുന്നു. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്നിവയിലെല്ലാമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനപ്പുറത്ത് നല്ല വായനയുള്ളയാളാണ് അലന്‍. ആ വായനയിലൂടെ പല അന്വേഷണങ്ങളും നടത്താന്‍ ശ്രമിക്കുന്ന വ്യക്തിയുമാണ്. ഈ പ്രായത്തില്‍ എനിക്ക് കണ്ട് പരിചയുമുള്ള കുട്ടികളില്‍ നിന്ന് വ്യത്യസ്തന്‍. 20 വയസ്സിന്റെ കൗതുകവും ജിജ്ഞാസയുമെല്ലാമുണ്ട്. പക്ഷെ അതുകൊണ്ടാണോ അവന്‍ എന്തോ അപകടം ചെയ്യുന്ന പയ്യനാണെന്ന് പോലീസിന് തോന്നിയതെന്നറിയില്ല.
370 റദ്ദാക്കി കശ്മീരിലെ ജനങ്ങളുടെ ആശയവിനിമയ സംവിധാനങ്ങളെല്ലാം തടസ്സപ്പെട്ട് ആ ജനത ഒറ്റക്ക് കഴിഞ്ഞപ്പോള്‍ അതവനെ വല്ലാതെ ബാധിച്ചിരുന്നെന്ന് പറഞ്ഞ് കേട്ടു. പലതിനെയും വൈകാരികമായി ഉള്ളിലേക്കെടുക്കുന്ന പ്രകൃതക്കാരനാണോ അലന്‍.
സജിതാമഠത്തില്‍: അവന്റെ പ്രായത്തില്‍ ഞാനും ഇതുപോലൊക്കെ തന്നെയായിരുന്നു. വളരെ ആക്ടീവാണ്. എക്‌സ്ട്രീം ലെഫ്റ്റിലുള്ള ധാരാളം സുഹൃത്തുക്കളുമായി ഞങ്ങള്‍ക്ക് സൗഹൃദമുണ്ടായിരുന്നു. ഫിലിം സൊസൈറ്റി മൂവ്‌മെന്റുള്ള ആ സമയത്ത് ഈ എക്‌സ്ട്രീം ലെഫ്റ്റുള്ളവര്‍ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു. അവരോടൊത്ത് യാത്രചെയ്തിട്ടുണ്ട്. അവരുടെ സിനിമികള്‍ കണ്ടിട്ടുണ്ട്. അവരുടെ ചിത്രപ്രദര്‍ശനം കണ്ടിട്ടുണ്ട്. അവരില്‍ പലരോടും തര്‍ക്കിച്ചിട്ടുണ്ട്. അവരുടെ നോട്ടീസുമായി വീട്ടില്‍ വന്നിട്ടുണ്ട്. 20 വയസ്സിലല്ലേ നമ്മള്‍ ഇതെല്ലാം ചെയ്യേണ്ടത്. 30 വയസ്സില്‍ നമ്മള്‍ കുറച്ചു കൂടി ഡിഫൈന്‍ഡ് ആവില്ലേ. അങ്ങോട്ടും ഇങ്ങോട്ടും ചെരിഞ്ഞും യാത്ര ചെയ്ത് ശ്രമിക്കേണ്ട അവസരമല്ലേ ഈ പ്രായം. ആ പ്രായത്തിലുള്ള കുട്ടികളേക്കാള്‍ എംപതി കൂടുതലുള്ള പയ്യനാണ് അലന്‍. പ്രളയ കാലത്ത് വീട്ടിലേക്കു പോലും വരാതെ തുടര്‍ച്ചയായി പണിയെടുക്കുകയായിരുന്നു. ദുരിതാശ്വാസ ക്യാമ്പിലായിരുന്നു അവന്‍. കശ്മീര്‍ വിഷയത്തില്‍ അവിടുത്തെ ജനം ഒറ്റപ്പെട്ടപ്പോള്‍ എനിക്ക് പരീക്ഷയെഴുതാന്‍ പറ്റണില്ല ഡിപ്രഷന്‍ തോന്നുന്നു എന്ന് അവന്‍ എന്നോട് പറഞ്ഞിരുന്നു. മറ്റുള്ളവരെ ചേര്‍ത്തു പിടിച്ച് എന്റെ പ്രശ്‌നം കൂടിയാണ് എന്ന മട്ടിലുള്ള എംപതറ്റിക് ആയ കുട്ടിയാണവന്‍. അങ്ങനെയുള്ള കുട്ടിക്ക് ഈ അവസ്ഥ ഉണ്ടാക്കി എന്നതാണ് സങ്കടം തോന്നുന്ന കാര്യം.
സബിതാമഠത്തില്‍: കശ്മീര്‍ വിഷയത്തില്‍ അവന്‍ മാത്രമല്ല ഞങ്ങളെല്ലാം ദുഃഖിതരായിരുന്നു. എക്‌സാം നന്നായി എഴുതാന്‍ പറ്റില്ലെന്ന് അവന്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ അകത്തും പുറത്തും നടക്കുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കാണുമ്പോല്‍ ഡിപ്രഷന്‍ വരുന്ന ആളുകളാണ് ഞാനും അവന്റെ അച്ചന്‍ ഷുഹൈബും.
അഞ്ച് വർഷമായി പോലീസ് അലനെ നിരീക്ഷിക്കുകയായിരുന്നു എന്ന് പറയുന്നതിനെകുറിച്ച് എന്താണ് പ്രതികരണം
സബിത മഠത്തിൽ: ഒമ്പതിലും 10ലും പഠിക്കുമ്പോഴാണോ അവര്‍ അവനെ നിരീക്ഷിച്ചത്. 30 വയസ്സുള്ള ആളെ അഞ്ചു വര്‍ഷമായി നിരീക്ഷിക്കുന്നു എന്നാണ് പറയുന്നതെങ്കില്‍ കേട്ടിരിക്കാം. പക്ഷെ 20 വയസ്സുള്ള കുട്ടിയെ അഞ്ചുവര്‍ഷമായി നിരീക്ഷിക്കുന്നു എന്ന് പറയുന്നത് എന്തൊരു യുക്തിയില്ലായ്മയാണ്. അവനെ പഠിപ്പിച്ചവരെയെല്ലാം, അധ്യാപകരെയെല്ലാം അങ്ങനെയെങ്കില്‍ പിടിക്കേണ്ടി വരുമല്ലോ. ഫാള്‍സ് അക്യുസേഷന്‍ എന്നാണ് അവന്‍ പറഞ്ഞത്. അങ്ങനെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അതാണ് ശരി. അവന്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവനത് തുറന്നു പറയും.
സജിതാ മഠത്തില്‍: രഹസ്യസ്വഭാവമുള്ള ആളല്ല അലന്‍. എല്ലാകാര്യങ്ങളും വീട്ടില്‍ വന്ന് ഞങ്ങളോട് സംസാരിക്കുന്ന കുട്ടിയാണവന്‍. അവര്‍ക്കാര്‍ക്കും സംശയം തോന്നുന്ന ഒരു കാര്യം അവന്‍ ചെയ്തിരുന്നെങ്കില്‍ ഇത്രയധികം ആളുകളുടെ പിന്തുണ ഞങ്ങള്‍ക്ക് ലഭിക്കില്ലായിരുന്നു. അവനൊരു തെറ്റും ചെയ്തില്ലെന്ന വിശ്വാസം ഞങ്ങള്‍ക്കുള്ളതതുകൊണ്ടാണ്. അവന്റെ പ്രായത്തിനനുസരിച്ച കാര്യങ്ങളേ അവന്‍ ചെയ്തിട്ടുള്ളൂ. അവന്‍ പരിപാടികള്‍ക്ക് പോയിട്ടുണ്ടാവും. അവന് സൗഹൃദങ്ങളുണ്ടായിട്ടുണ്ടാവാം. നോട്ടീസുകള്‍ കൈപറ്റിയിട്ടുണ്ടാവാം. വായിച്ചിട്ടുണ്ടാവാം. കമന്റ് പറഞ്ഞിട്ടുണ്ടാവാം, വഴക്കടിച്ചിട്ടുണ്ടാവാം. അത് എനിക്ക് 100 ശതമാനം ഉറപ്പാണ്. അതുപോലെ തന്നെ ഉറപ്പാണ് അവന്‍ ഏതെങ്കിലും തരത്തില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്തിട്ടുണ്ടാവില്ല എന്നതും.
കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന ലഘുലേഖകള്‍ ലഭിച്ചെന്ന് പറയുന്നു
സജിത മഠത്തില്‍: കശ്മീര്‍ സംഭവത്തില്‍ ഞാന്‍ ദുഃഖിതയായിരുന്നു. എന്റെ സുഹൃത്തിന്റെ മകന്‍ അവിടേക്ക് പോയി വിവരമൊന്നുമില്ലാതെ വന്നപ്പോള്‍ ഞങ്ങളെല്ലാം വറീഡായിരുന്നു. കശ്മീരില്‍ സുഹൃത്തുക്കളുണ്ട്. അവരുടെ അവസ്ഥയെന്തെന്ന് ചോദിച്ച് മനസ്സിലാക്കാനാവാതെ വിഷമിച്ചിട്ടുണ്ട്. അങ്ങനെ വിഷമിക്കുന്നതും അതുമായി ബന്ധപ്പെട്ട നോട്ടീസ് വരുന്നതും തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. ഇന്ത്യന്‍ സര്‍ക്കാരിനെതിരായി അവന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. 15 വയസ്സുമുതല്‍ അവനെ പോലീസ് നിരീക്ഷിക്കുകയാണത്രെ. ഏതെങ്കിലും ഘട്ടത്തില്‍ എന്തെങ്കിലും കുഴപ്പം തോന്നിയിട്ടുണ്ടായിരുന്നെങ്കില്‍ പോലീസ് എന്ത് കൊണ്ട് രക്ഷിതാക്കളെ അറിയിച്ചില്ല. അന്ന് പ്രായപൂര്‍ത്തിയായിട്ടുണ്ടാവില്ലല്ലോ അവന്. പോലീസ് പിടിച്ചിട്ട് പോലും ഞങ്ങളോട് പറഞ്ഞില്ല. ആറ് മണിക്ക് പിടിച്ചെന്നും 10 മണിക്ക് പിടിച്ചെന്നും പറയുന്നു. പക്ഷെ പുലര്‍ച്ചെ നാലുമണിവരെ ഞങ്ങളൊന്നും അറിഞ്ഞതേയില്ല. ഇതാണോ ജനമൈത്രി പോലീസ്. 20 വയസ്സുള്ള കുട്ടികളെ ഇങ്ങനെയാണോ പോലീസ് ഡീല്‍ ചെയ്യുന്നത്.
സബിതാ മഠത്തില്‍: ഇവിടുന്ന് അങ്ങനെയൊന്നും കിട്ടിയിട്ടില്ല. വീട്ടില്‍ നിന്ന് ഒന്നും പോലീസ് കൊണ്ടുപോയില്ലെന്നതിന് രേഖയുണ്ട്. ഫോണ്‍ മാത്രമേ കൊണ്ടുപോയിട്ടുള്ളൂ. അവന് നല്ല വായനയും ചിന്തയുമുണ്ട്. ആ ബുദ്ധിമുട്ടുകളാണ് അവന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്.
ഈ അവസരത്തില്‍ സജിതാമഠത്തിലിനെതിരേയുള്ള സമൂഹിക മാധ്യങ്ങളിലെ ആക്രണങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത്. ശബരിമല വിഷയത്തില്‍ ഇട്ട പോസറ്റുമായി ബന്ധപ്പെട്ട് അതിനുള്ള ശിക്ഷയാണ്, അല്ലെങ്കില്‍ ശാപമാണ് അലനെ അറസ്റ്റ് ചെയ്തതിലൂടെ സജിതാമഠത്തിലിന് കിട്ടിയതെന്ന് വരെ അവര്‍ പറയുന്നു. ചില ഓണ്‍ ലൈന്‍ മാധ്യമങ്ങളടക്കം.
സജിത മഠത്തിൽ: ഞാന്‍ അന്ന് നടത്തിയ പ്രസ്താവനയെന്തെന്ന് എനിക്ക് ന്നായറിയാം. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. എന്റെ അനിയത്തിയുടെ മകന്റെ വിഷയത്തില്‍ ഇടപെടുന്നത് സജിത മഠത്തിലായല്ല വല്ല്യമ്മ എന്ന നിലയിലാണ്. അങ്ങനെ അവരോടൊപ്പം നില്‍ക്കുന്ന സമയത്ത് എന്നെ സോഷ്യല്‍ മീഡിയ അറ്റാക്ക് ചെയ്യുന്നു എന്നത് എന്നെ സംബന്ധിച്ച് വിഷയമല്ല. ഞാന്‍ അതേ കുറിച്ച് ആശങ്കാകുലയല്ല. എന്നെ ഇപ്പോള്‍ അലട്ടുന്നത് അലനെതിരേ യുഎപിഎ ചുമത്തി അവനെ അറസ്റ്റ് ചെയ്തു എന്ന വിഷയം മാത്രമാണ്. എന്റെ പല രാഷ്ട്രീയ നിലപാടുകളുടെയും പേരില്‍ ശാപം കിട്ടുമെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ ആയിക്കോട്ടെ. ഞാനത് എടുക്കാന്‍ തയ്യാറാണ്. എന്നെ സംബന്ധിച്ച് ഞാന്‍ മുന്നോട്ടു വെച്ച രാഷ്ട്രീയ ബോധങ്ങള്‍ ശരിയാണെന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. അതില്‍ നിന്ന് പുറകോട്ടു ഞാന്‍ പോവില്ല. ആ രാഷ്ട്രീയ ബോധം കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് സന്തോഷം തോന്നുകയാണെങ്കില്‍ എനിക്കിത്രയേ പറയാനുള്ളൂ. നിങ്ങളുടെ വീട്ടിലും ഈ പ്രായത്തിലുള്ള കുട്ടികളുണ്ട്. ശ്രദ്ധിച്ചോളൂ... ഇതേ പോലെ 10- 25 പോലീസുകാര്‍ നിങ്ങളുടെ വീട്ടിലേക്ക് ഇടിച്ചു കയറുന്നത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പ്രത്യേകിച്ച് ഈ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍
അലനും കൂട്ടുകാരനും അര്‍ബന്‍ നക്‌സലൈറ്റ് ആണെന്ന പോലീസ് ഭാഷ്യം കേട്ടിരിക്കുമല്ലോ
സജിത മഠത്തില്‍: 20 വയസ്സുള്ള കുട്ടികളെയാണ് അര്‍ബന്‍ നക്‌സലൈറ്റ് എന്ന പറഞ്ഞ് മുദ്രകുത്തുന്നത്. രാഷ്ട്രീയം തന്നെ അവര്‍ക്ക് ക്ലാരിറ്റിയോട് കൂടി മനസ്സിലാക്കാനുള്ള അവസരം കിട്ടിയിട്ടില്ല. വിളിച്ചോളൂ.. പക്ഷെ പത്ത് വര്‍ഷം കൂടി കഴിയട്ടെ. ഇപ്പോ അവര്‍ക്ക് മാര്‍ക്‌സിസം തന്നെ മനസ്സിലായിട്ടുണ്ടോ എന്ന് സംശയമാണ്. സമൂഹത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ടോ എന്ന സംശയമാണ്. രാഷ്ട്രീയ ബന്ധമുണ്ടെങ്കിലും രാഷ്ട്രീയം പഠിച്ചുവരുന്നതേുള്ളൂ.
യുഎപിഎ ചുമത്തരുതെന്ന സിപിഎം സെക്രട്ടറിയേറ്റ് പറഞ്ഞപ്പോള്‍ ഇരുട്ടിന്റെ മറവില്‍ കുട്ടികളെന്ത് ചെയ്യുകയായിരുന്നു എന്നാണ് മുഖ്യമന്ത്രി പോലീസ് ഭാഷ്യമായി അവതരിപ്പിച്ചത്
സജിത മഠത്തില്‍: കേരളത്തിലെത്ര തെരുവ് വിളക്കുകളാണുള്ളത്. കേരളത്തില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ഇരുട്ടാണ്. കുട്ടികള്‍ സംസാരിക്കാനും സിഗരറ്റ് വലിക്കാനും അങ്ങനെ പലവക ആവശ്യങ്ങള്‍ക്ക് വേണ്ടിയും നിന്നു കൂടെ. അതെല്ലാം തീവ്രവാദ പ്രവര്‍ത്തനത്തിനാവുമോ.
മാവോവാദികളെ ആട്ടിന്‍ കുട്ടികളായി ചിത്രീകരിക്കേണ്ട എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കുന്നു
സജിത മഠത്തില്‍ : നമ്മുടെ കുട്ടി എന്ത് ചെയ്തു എന്ന് നമുക്കറിയാം. മുഖ്യമന്ത്രിയിലാണ്, കേരളത്തിലെ ഇടതു സര്‍ക്കാരിലാണ് ഞങ്ങളുടെ വിശ്വാസം.
സബിത മഠത്തില്‍: കേരളത്തിലായതു കൊണ്ടാണ് സിഐയോട് കയർത്തു പറഞ്ഞിട്ടും ഞാന്‍ ജീവിച്ചിരിക്കുന്നത്. മറ്റ് സ്ഥലങ്ങളിലായിരുന്നെങ്കിലും എന്നെയും അവര്‍ അപകടപ്പെടുത്തിയേനേ
പ്രതീക്ഷയുണ്ടോ
സബിത മഠത്തില്‍: കുട്ടി ജീവിച്ചിരിക്കുന്നു എന്നുള്ളതാണ് ഞങ്ങളുടെ പ്രതീക്ഷ. കുട്ടിക്ക് അപകടം പറ്റിയെന്നും അവന്‍ പോയെന്നുമാമാണ് അന്ന് ഞങ്ങള്‍ കരുതിയത്. അവന്‍ ജീവിച്ചിരിപ്പുണ്ടല്ലോ. സമൂഹത്തിന് ആവശ്യം അത്രവായനയും വിജാഞാനവിമില്ലാത്ത കുട്ടികളെയായായിരിക്കും. പുസ്തകങ്ങള്‍ വായിച്ച് ശരികള്‍ മനസ്സിലാക്കി അനീതികള്‍ ചോദ്യം ചെയ്യുമ്പോള്‍ അത് വലിയ പ്രശ്‌നമാവുകയാണ്.സമൂഹത്തിന് അവരെ ആവശ്യമില്ലായിരിക്കും. ഞാന്‍ പോലീസിനോടത് ചോദിക്കുകയും ചെയ്തു. നിങ്ങള്‍ ഉദ്ദേശിക്കുന്നത് പുസ്തകങ്ങള്‍ വായിക്കാത്ത കുട്ടി മതി അല്ലേ എന്നാണ്. കാരണം പോലീസ് വന്നത് പുസ്തകങ്ങളും ലഘുലേഖകളും തിരയാനാണല്ലോ. അപ്പോള്‍ വായിക്കാത്ത കുട്ടിയായിരുന്നു അലനെങ്കില്‍ ഇതൊന്നും വരില്ലായിരുന്നു എന്ന് തോന്നിപ്പോവുകയാണ്.
content highlights: Sabitha Madathil and Sajitha Madathil speaks about Alan and UAPA act