നോട്ടസാധുവാക്കലിലൂടെ മോദി ഇല്ലാതാക്കിയ സമ്പദ്വ്യവസ്ഥയുടെ മൂല്യം തിരിച്ചുപിടിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പി.ടി.ഐ.യ്ക്ക് അദ്ദേഹം നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

ന്യായ് പദ്ധതിയുടെ ലക്ഷ്യം?

രണ്ട് ലക്ഷ്യങ്ങളാണ് പദ്ധതിക്ക്. ഒന്ന്, ഇന്ത്യയിലെ 20 ശതമാനത്തോളം വരുന്ന ദരിദ്രകുടുംബങ്ങളിലേക്ക് പണമെത്തും. രണ്ട്, നോട്ടസാധുവാക്കലിലൂടെ തകര്‍ന്ന രാജ്യത്തെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടും. നോട്ടസാധുവാക്കലും ജി.എസ്.ടി.യും സമ്പദ്വ്യവസ്ഥയില്‍നിന്ന് പണം അപ്രത്യക്ഷമാക്കി. ഇത്തരം തെറ്റായ നയങ്ങളാണ് അഞ്ചുവര്‍ഷം പ്രധാനമന്ത്രി നടപ്പാക്കിയത്. അസംഘടിതമേഖല പൂര്‍ണമായി തകര്‍ന്നു. ഇവിടെയാണ് ന്യായ് പദ്ധതിയുടെ പ്രാധാന്യം . 

 ന്യായ് എന്ന പേരിടാന്‍ കാരണം?

നീതി എന്നാണ് ഹിന്ദിയില്‍ 'ന്യായ്' എന്ന വാക്കിന്റെ അര്‍ഥം. അത്തരം ഒരു പേര് പദ്ധതിക്കിടാന്‍ കാരണമുണ്ട്. നരേന്ദ്രമോദി അഞ്ചുവര്‍ഷമായി കര്‍ഷരില്‍നിന്ന്, ചെറുകിട-ഇടത്തരം കച്ചവടക്കാരില്‍നിന്ന്, തൊഴില്‍രഹിത യുവജനങ്ങളില്‍നിന്ന് ഒക്കെ പിടിച്ചുപറിക്കുകയാണ്. അമ്മമാരുടെയും സഹോദരിമാരുടെയും ചെറിയ സമ്പാദ്യങ്ങള്‍ ഇല്ലാതാക്കി. 'ന്യായ്' കാര്യങ്ങള്‍ മാറ്റിമറിക്കാന്‍ പോവുകയാണ്. ദാരിദ്ര്യത്തിനെതിരായ അവസാനയുദ്ധമാണത്. 

 ഇതുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച്?

പദ്ധതി അത്തരത്തില്‍ ബാധ്യതയാവുമെന്നത് ശരിയല്ല. വിഷയത്തില്‍ ഒട്ടേറെ സാമ്പത്തിക വിദഗ്ധരുമായി സംസാരിച്ചും റിപ്പോര്‍ട്ടുകളും ഗവേഷണഫലങ്ങളും പഠിച്ചുമാണ് പാര്‍ട്ടി പ്രകടനപത്രിക തയ്യാറാക്കിയത്. ഇത്രയും വലിയ പദ്ധതി നടപ്പാക്കുന്നതിന്റെ പ്രായോഗികതയും ചര്‍ച്ചചെയ്തിട്ടുണ്ട്.

 ജനപ്രിയ പ്രചാരണതന്ത്രം എന്ന ആരോപണത്തെപ്പറ്റി ?

ചിലര്‍ വിമര്‍ശിക്കുന്നപോലെ ഇത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനപ്രിയത പിടിച്ചുപറ്റാനുള്ള പ്രചാരണതന്ത്രമല്ല. 15 ആളുകള്‍ക്കായി നരേന്ദ്രമോദി  3.5 ലക്ഷം കോടി നല്‍കി. അപ്പോഴാണ് പാവങ്ങള്‍ക്ക് ഗുണംലഭിക്കുന്നതിനെ പ്രചാരണതന്ത്രമായി വിമര്‍ശിക്കുന്നത്. മോദിയുടെ സുഹൃത്തുക്കളായ കുത്തകമുതലാളിമാര്‍ക്കുമാത്രമാണോ സര്‍ക്കാര്‍ പദ്ധതികള്‍ക്കൊണ്ട് ഗുണം ലഭിക്കേണ്ടത്. ഇന്ത്യയിലെ പാവങ്ങള്‍ക്ക് നീതിയും തുല്യതയുമാണ് ഞാന്‍ ചോദിക്കുന്നത്. അല്ലാതെ ഒരു ജനപ്രിയതന്ത്രവുമല്ല.

 കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാവുമോ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുക?

 ഇത് വിദഗ്ധരാണ് തീരുമാനിക്കേണ്ടത്. 10 വര്‍ഷത്തെ യു.പി.എ. ഭരണത്തില്‍ 14 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് പുറത്തെത്തിച്ചു. അത് പൂര്‍ണമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. രാജ്യത്തെ ജനങ്ങളില്‍ 20 മുതല്‍ 22 വരെ ശതമാനം ദാരിദ്ര്യത്തിലാണ്. നോട്ടുനിരോധനവും ജി.എസ്.ടി.യുമാണ് കൂടുതല്‍പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടത്. ദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കലാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ന്യായ് അതിനുള്ള അവസാന ആയുധമാണ്.

 വ്യവസായ-സംരംഭക മേഖലയില്‍ പ്രതീക്ഷിക്കാവുന്നത്?

ആഭ്യന്തര വ്യവസായ സംരംഭങ്ങള്‍ക്കാവും ഊന്നല്‍. സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് മൂന്നുവര്‍ഷം വരെ നികുതി ഒഴിവാക്കും. ബാങ്ക് വായ്പകള്‍ എളുപ്പത്തിലാക്കും. വ്യവസായ രംഗത്തെ ചുവപ്പുനാടക്കുരുക്ക് ഇല്ലാതാക്കും. ലൈസന്‍സുകള്‍തേടി അലയേണ്ടി വരില്ല.   ബാങ്കിങ് മേഖലയിലും മാറ്റം കൊണ്ടുവരും. നീരവ് മോദിമാര്‍ക്ക് സഹസ്രകോടികള്‍ വായ്പകിട്ടുമ്പോള്‍ യുവസംരംഭകര്‍ക്ക് കടം അനുവദിക്കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ല.  വ്യാപാര, വ്യവസായ, കാര്‍ഷിക, തൊഴില്‍ മേഖലകളിലെ ഉണര്‍വ് ലക്ഷ്യമിടുന്നതാകും ഏപ്രില്‍ ആദ്യം പുറത്തിറങ്ങുന്ന കോണ്‍ഗ്രസ് പ്രകടനപത്രിക.

ദാരിദ്ര്യമുക്ത ഇന്ത്യ എന്ന് യാഥാര്‍ഥ്യമാവും? 

ന്യായ് പദ്ധതി എടുത്തുചാട്ടമല്ല. കൂടിയാലോചനകളോ വിദഗ്ധരുടെ അഭിപ്രായമോ ഇല്ലാതിരുന്ന നോട്ടുനിരോധനമോ ജി.എസ്.ടി.യോ പോലുള്ള കാല്‍വെപ്പല്ല അത്. പദ്ധതി പൂര്‍ണമായും പ്രായോഗികമെന്ന് സൂക്ഷ്മതലംവരെ പരിശോധനനടത്തി ബോധ്യപ്പെട്ടിട്ടുണ്ട്. പ്രാഥമികഘട്ടം ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. അതില്‍നിന്ന് കാര്യങ്ങള്‍ നിരീക്ഷിച്ച് വേണമെങ്കില്‍ തിരുത്തലുകള്‍ നടത്തി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കും. ഗുണഭോക്താക്കളെ കണ്ടെത്താനും ഫലപ്രദമായ നടപടി ഉണ്ടാവും. അര്‍ഹതപ്പെട്ടവരാരും ഒഴിവാകില്ല.

content highlights: Rahul Gandhi interview on Narendramodi