നെഹ്രുവിന്റെയും ആസാദിന്റെയും ചരിത്രത്തെപ്പോലും ഭയക്കുന്നവര്‍ ഓര്‍മിക്കേണ്ട ഒന്നുണ്ട്. വിജയങ്ങള്‍ക്കും പരാജയങ്ങള്‍ക്കുമപ്പുറം, വ്യക്തിഗതനന്മകള്‍ക്കും തിന്മകള്‍ക്കുമപ്പുറം ഇന്ത്യയെന്ന സങ്കീര്‍ണമായ റിപ്പബ്ലിക്കിന് രൂപവും ഭാവവും മിഴിവും പകരാന്‍ എല്ലാ പരിമിതികള്‍ക്കിടയിലും അവര്‍ക്ക് കഴിഞ്ഞിരുന്നു. അത് തുടച്ചുകളയാനാവില്ല

റ്റവും നീതിയുക്തവും ധാര്‍മികവും ജനാധിപത്യപരവുമായ വീക്ഷണവും ലോകബോധവും ഉണ്ടായിരുന്ന രാഷ്ട്രനേതാക്കള്‍പോലും ഭാവിചരിത്രത്തില്‍ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും എബ്രഹാം ലിങ്കന്റെയും റൂസ്വെല്‍റ്റിന്റെയും മണ്ടേലയുടെയുമൊക്കെ സമാനതകളില്ലാത്ത പ്രശസ്തിയുടെ നിഴലിലും അവരുടെ നയസമീപനങ്ങള്‍ക്കുനേരെയുള്ള ചൂണ്ടുവിരല്‍പ്പാടുകള്‍ കാണാന്‍കഴിയും. പക്ഷേ, എല്ലാ അപൂര്‍ണതകള്‍ക്കുമപ്പുറം, ചരിത്രത്തിന്റെ വിനാശകരമായ വേലിയേറ്റങ്ങളെ അസാധാരണമായ ഇച്ഛാശക്തിയോടെ പിടിച്ചുനിര്‍ത്തിക്കൊണ്ട്  വരുംതലമുറകള്‍ക്ക് അളവറ്റ സ്വപ്നവും പ്രതീക്ഷയുംനല്‍കി എന്നിടത്താണ് ഈ ശ്രേണിയിലുള്ള നേതാക്കളുടെ കാലാതിവര്‍ത്തിയായ പ്രസക്തി. അവരുടെ പൈതൃകം മറച്ചുവെക്കാനും തുടച്ചുകളയാനും നേര്‍പ്പിക്കാനുമുള്ള ഏതൊരു ശ്രമവും അങ്ങേയറ്റം പരിഹാസ്യവും ചരിത്രനിഷേധവും റിപ്പബ്ലിക്കിന്റെ അടിസ്ഥാനമൂല്യങ്ങളോടുള്ള ആദരവില്ലായ്മയുമാണ്. 

nehru
മെട്രോറെയില്‍ നിര്‍മ്മാണത്തെ തുടര്‍ന്ന് നീക്കം ചെയ്തിരുന്ന നെഹ്‌റു പ്രതിമ
ബെംഗളൂരു വിധാന്‍ സൗദയ്ക്ക് മുന്നില്‍ പുനസ്ഥാപിക്കുന്നു | PTI

മനപ്പൂര്‍വമുള്ള മറയിടല്‍

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം, സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട്  തയ്യാറാക്കിയ ഡിജിറ്റല്‍ പോസ്റ്ററില്‍നിന്ന് ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ ജവാഹര്‍ലാല്‍ നെഹ്രുവിന്റെയും ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ഏറ്റവും ശക്തനായ വക്താവും ദേശീയപ്രസ്ഥാനത്തിന്റെ സാരഥിയും ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയുമായ മൗലാനാ അബുള്‍കലാം ആസാദിന്റെയും ചിത്രം ഒഴിവാക്കിയത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. സ്വാതന്ത്ര്യം എന്ന വാക്കും ഇന്ത്യയെന്ന ദേശരാഷ്ട്രത്തിന്റെ ജനാധിപത്യചരിത്രവും ഓര്‍മിക്കുമ്പോള്‍ ഏതൊരു ഇന്ത്യക്കാരന്റെയും മനസ്സില്‍ ആദ്യം കടന്നുവരേണ്ട ചിത്രങ്ങളില്‍ ഗാന്ധിജിയും നെഹ്രുവും പട്ടേലും ആസാദും നേതാജിയും ഉറപ്പായുമുണ്ടാകും. അപ്പോള്‍ നെഹ്രുവിനെയും ആസാദിനെയും ഒഴിവാക്കിക്കൊണ്ട് 'സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം' കൊണ്ടാടുന്നത് നിഷ്‌കളങ്കമെന്ന് സമ്മതിക്കാന്‍ ഒരുതരത്തിലും പറ്റില്ല. ചരിത്രകാരന്മാരുടെ 'പ്രഗല്ഭമായ നിര'തന്നെ നയിക്കുന്ന ഐ.സി.എച്ച്.ആര്‍.പോലുള്ള ഒരു സ്ഥാപനത്തില്‍ ഒരു ചര്‍ച്ചയും എഡിറ്റിങ്ങുമില്ലാതെ ഒരു വന്‍പരിപാടിയുടെ പോസ്റ്റര്‍ പുറത്തിറങ്ങില്ല എന്നുറപ്പാണ്. 

nehru

മാത്രമല്ല, ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായി വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് ഇന്ത്യയില്‍ പലേടത്തും ചിത്രപ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നു. ആ ലിസ്റ്റിലുമുണ്ടായിരുന്നത് ഗാന്ധിജിയും പട്ടേലും സുഭാഷ്ചന്ദ്രബോസും മാത്രമായിരുന്നു. നെഹ്രുവും ആസാദുംമാത്രം ഒഴിവാക്കപ്പെട്ടു. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് അനഭിമതരായ നേതാക്കളെ ഇന്ത്യന്‍ജനതയുടെ  പൊതുഭാവനയില്‍നിന്ന് മായ്ച്ചുകളയാനുള്ള സംഘടിതമായ രാഷ്ട്രീയാജന്‍ഡയുടെ ഭാഗമാണിതെന്ന് ചരിത്രമറിയാവുന്ന ഏതൊരാള്‍ക്കും പറയാന്‍പറ്റും.

പട്ടേലിനെയും നെഹ്രുവിനെയും 'നായകനും പ്രതിനായകനു'മായി അവതരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ വസ്തുതാവിരുദ്ധമായ സമാന്തരചരിത്രം ശൂന്യതയില്‍നിന്ന് സൃഷ്ടിക്കാനാണ് എല്ലാ തിരഞ്ഞെടുപ്പുവേളയിലും അവര്‍ ശ്രമിച്ചത് 

Nehru

അസത്യചരിത്രം എഴുതാന്‍ ശ്രമിക്കുന്നവര്‍

നെഹ്രുവിന്റെ ഓര്‍മകള്‍ തമസ്‌കരിക്കാനും അദ്ദേഹത്തിന് വില്ലന്‍വേഷം നല്‍കാനുമുള്ള ശ്രമങ്ങള്‍ 2014 മുതല്‍ തുടങ്ങിയതാണ്.  ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും മൂലകാരണമായി പ്രധാനമന്ത്രിയും സംഘപരിവാര്‍നേതാക്കളും നെഹ്രുവിനെ പ്രതിഷ്ഠിച്ചു. പട്ടേലിനെയും നെഹ്രുവിനെയും 'നായകനും പ്രതിനായകനു'മായി അവതരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ വസ്തുതാവിരുദ്ധമായ സമാന്തരചരിത്രം ശൂന്യതയില്‍നിന്ന് സൃഷ്ടിക്കാനാണ് എല്ലാ തിരഞ്ഞെടുപ്പുവേളയിലും അവര്‍ ശ്രമിച്ചത്. രാജസ്ഥാനിലെ മുന്‍ ബി.ജെ.പി. സര്‍ക്കാര്‍ ആറാംക്ലാസിലെയും ഒന്‍പതാം ക്ലാസിലെയും പാഠപുസ്തകങ്ങളില്‍നിന്ന് നെഹ്രുവിനെക്കുറിച്ചുള്ള ഭാഗങ്ങള്‍ എടുത്തുകളഞ്ഞു. മാത്രമല്ല, 2017-ല്‍ ക്വിറ്റിന്ത്യാസമരത്തിന്റെയും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെയും എഴുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നാഷണല്‍ ആര്‍ക്കൈവ്സ് മുന്‍കൈയെടുത്തുകൊണ്ട് നടത്തിയ പ്രദര്‍ശനത്തില്‍നിന്ന് നെഹ്രുവിനെമാത്രം സമര്‍ഥമായി ഒഴിവാക്കിയിരുന്നു.

ഇതിനെക്കാള്‍ ഗുരുതരമായ ഒന്നാണ് നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ലൈബ്രറിയുടെ സമ്പന്നവും അക്കാദമികവുമായ പൈതൃകത്തോട് കാണിച്ചത്. നെഹ്രുവിന്റെ ഓര്‍മകളുടെയും ചിന്തകളുടെയും ഏറ്റവും മൂല്യവത്തായ സ്മാരകമാണ് നെഹ്രു മെമ്മോറിയല്‍. ആ സ്മാരകത്തിന്റെ അനന്യതയെ മോദിസര്‍ക്കാര്‍ തകര്‍ത്തത്, സംഘപരിവാര്‍ അനുകൂലികളായ വലതുപക്ഷചിന്തകരെമാത്രം ഉള്‍പ്പെടുത്തി കമ്മിറ്റി പുനഃസംഘടിപ്പിച്ചുകൊണ്ടാണ്. 

2016-ല്‍, വര്‍ത്തമാനഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയരായ സാമൂഹികനിരീക്ഷകരിലൊരാളായ പ്രതാപ് ബാനുമേത്ത, നെഹ്രു മെമ്മോറിയല്‍ മ്യൂസിയത്തിന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍നിന്ന് രാജിവെച്ചിരുന്നു. മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനും വാജ്പേയിയുടെ സെക്രട്ടറിയും സംഘപരിവാര്‍ അനുഭാവിയുമായിരുന്ന ശക്തി സിന്‍ഹയെ മ്യൂസിയം ഡയറക്ടറാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി. മാത്രമല്ല, ആ സ്ഥാനം ഏറ്റെടുക്കുന്നതിന് തൊട്ടുമുന്‍പുവരെ  ആര്‍.എസ്.എസ്. നിയന്ത്രണത്തിലുള്ള ഇന്ത്യാ ഫൗണ്ടേഷന്‍ എന്ന സംഘപരിവാര്‍ 'തിങ്ക്ടാങ്കി'ന്റെ ഡയറക്ടറായിരുന്നു ശക്തി സിന്‍ഹ. നെഹ്രുവിയന്‍ ചിന്തയുടെയും ലിബറല്‍ ബൗദ്ധികപാരമ്പര്യത്തിന്റെയും  നേര്‍വിപരീതമായ ആശയങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍തന്നെ നെഹ്രുവിന്റെ ഏറ്റവും ഉദാത്തമായ സ്മാരകത്തെ പ്രതിനിധീകരിക്കുന്നത് നൈതികമല്ലെന്നും അത് നെഹ്രുവിയന്‍ ചിന്തയെ തമസ്‌കരിക്കാനുള്ള കൃത്യമായ അജന്‍ഡയാണെന്നും പ്രതാപ്ബാനു മേത്ത അന്ന് ചൂണ്ടിക്കാണിച്ചിരുന്നു. 

വിഭജനകാലത്ത്, ഡല്‍ഹിയിലെ ജുമാമസ്ജിദിന്റെ പടവുകളില്‍നിന്നുകൊണ്ട് ഇന്ത്യന്‍ മുസ്ലിങ്ങളോട് 'ഇതാണ് നിങ്ങളുടെ രാജ്യം' എന്ന് വികാരഭരിതമായി പറഞ്ഞുകൊണ്ടിരുന്ന ആസാദ്, നെഹ്രുവിനും പട്ടേലിനുമൊപ്പം തോളോടുതോള്‍ ചേര്‍ന്നനന്നാണ് ആധുനിക മതേതര-ജനാധിപത്യ ഇന്ത്യക്ക്് വിത്തുപാകിയത്............
ആസാദിനെയും മായ്ക്കാന്‍ ശ്രമം

നെഹ്രുവിനെപ്പോലെ തമസ്‌കരിക്കപ്പെട്ട മറ്റൊരു ദേശീയനേതാവ് മൗലാന ആസാദാണ്. ഹിന്ദുരാഷ്ട്രത്തിന്റെ ശക്തനായ വക്താവായിരുന്ന സവര്‍ക്കര്‍ ഐ.സി.എച്ച്.ആറിന്റെ ആദ്യപോസ്റ്ററില്‍ സ്ഥാനംപിടിച്ചപ്പോള്‍, ഹിന്ദു-മുസ്ലിം ഐക്യത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും മുന്‍നിരപ്പോരാളിയായിരുന്ന ആസാദ് തഴയപ്പെട്ടു. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ആസാദിന്റെ ജന്മദിനമായ നവംബര്‍ 11,  ദേശീയ വിദ്യാഭ്യാസദിനമായി 2008 മുതല്‍ ആഘോഷിച്ചുവരുകയാണ്. ഇന്ത്യയുടെ പൊതുവായ പൈതൃകത്തിന് ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും അതുപോലെ മറ്റെല്ലാ ജനവിഭാഗങ്ങളും ഒരുപോലെ അവകാശികളാണെന്നും 'അപരത്വം' ഒരു മിത്താണെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ച നേതാവായിരുന്നു ആസാദ്. വിഭജനകാലത്ത്, ഡല്‍ഹിയിലെ ജുമാമസ്ജിദിന്റെ പടവുകളില്‍നിന്നുകൊണ്ട് ഇന്ത്യന്‍ മുസ്ലിങ്ങളോട് 'ഇതാണ് നിങ്ങളുടെ രാജ്യം' എന്ന് വികാരഭരിതമായി പറഞ്ഞുകൊണ്ടിരുന്ന ആസാദ്, നെഹ്രുവിനും പട്ടേലിനുമൊപ്പം തോളോടുതോള്‍ ചേര്‍ന്നുകൊണ്ടാണ് ആധുനിക മതേതര-ജനാധിപത്യ ഇന്ത്യയെന്ന സ്വപ്നത്തിന് വിത്തുപാകിയത്.           

Maulana abul kalam azad & Jawaharlal nehruമായാത്ത  ബിംബങ്ങള്‍

എത്ര തിരസ്‌കരിക്കാനും മായ്ക്കാനും ശ്രമിച്ചാലും ഇല്ലാതാകുന്ന ഒന്നല്ല ഇന്ത്യന്‍ മനസ്സില്‍ നെഹ്രുവിന്റെയും ആസാദിന്റെയും സ്ഥാനം. ചരിത്രപുസ്തകങ്ങളെയും സ്ഥാപനങ്ങളെയും പ്രതിനായകവത്കരണത്തെയും നിരന്തരമായ തമസ്‌കരണത്തെയും അതിലംഘിച്ചുനില്‍ക്കുന്ന സവിശേഷമായ വ്യക്തിത്വം അവര്‍ക്കുണ്ട്. നെഹ്രുവിനും ആസാദിനും ധാരാളം തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അവരുടെ നയങ്ങളില്‍ അപഭ്രംശങ്ങളും അപകടങ്ങളും ഉണ്ടായിട്ടുണ്ട്. വിമര്‍ശനത്തിനും വിശകലനത്തിനും വീണ്ടുവിചാരത്തിനും അപാരസാധ്യതകള്‍ നല്‍കുന്ന പൈതൃകമാണ് അവര്‍ ബാക്കിയാക്കിയത്. എങ്കിലും നെഹ്രുവിന്റെയും ആസാദിന്റെയും ചരിത്രത്തെപ്പോലും ഭയക്കുന്നവര്‍ ഓര്‍മിക്കേണ്ട ഒന്നുണ്ട്: വിജയങ്ങള്‍ക്കും പരാജയങ്ങള്‍ക്കുമപ്പുറം, വ്യക്തിഗതനന്മകള്‍ക്കും തിന്മകള്‍ക്കുമപ്പുറം ഇന്ത്യയെന്ന സങ്കീര്‍ണമായ റിപ്പബ്ലിക്കിന് രൂപവും ഭാവവും മിഴിവും പകരാന്‍ എല്ലാ പരിമിതികള്‍ക്കിടയിലും നെഹ്രുവും ആസാദും പട്ടേലുമൊക്കെ അടങ്ങുന്ന നേതാക്കള്‍ക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ, ഇവരുടെ ഓര്‍മകളെ തുടച്ചുകളയാന്‍ എത്ര ശ്രമിച്ചാലും ഒരു ദേശത്തിന്റെ മുഴുവന്‍ ഹൃദയമിടിപ്പായി, ഇന്ത്യന്‍ ജനതയുടെ സ്വപ്നങ്ങളുടെ നിറവായി ഈ പേരുകള്‍ എക്കാലത്തും നിലനില്‍ക്കും.    

(അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ലേബര്‍ റിസര്‍ച്ച് കണ്‍സള്‍ട്ടന്റാണ് ലേഖിക)