അഹമ്മദാബാദ്: എവിടെകയറിയൊളിച്ചാലും തീവ്രവാദികളെ വെറുതെവിടില്ലെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി. അഹമ്മദാബാദിലെ പൊതുയോഗത്തില്‍ പുല്‍വാമ ആക്രമണത്തെ കുറിച്ചും ഭീകരവാദത്തെ കുറിച്ചും ഇന്ത്യയുടെ തിരിച്ചടിയെ കുറിച്ചുമെല്ലാം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

"കൃത്യമായ മറുപടി കൊടുക്കുക എന്നത് എന്റെ ഒരു പ്രകൃതമാണ്. ഭീകരവാദികളുടെ വീട്ടില്‍ കയറി അവരെ ഞങ്ങള്‍ തുടച്ചു നീക്കും. ഭൂമിക്കടിയില്‍ ഒളിച്ചാല്‍ പോലും അവരെ അവിടെ നിന്ന് വലിച്ച് പുറത്തിട്ട് നിഷ്‌കാസനം ചെയ്യും", പ്രധാനമന്ത്രി പറഞ്ഞു.

ശത്രുക്കളുടെ സാമ്രാജ്യത്തേക്ക് കയറി അവരെ പ്രഹരിക്കുക എന്നതാണ് ഞങ്ങളുടെ നയമെന്നും അതിനായി നാളുകളോളം കാത്തിരിക്കാന്‍ തനിക്കിഷ്ടമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണ് ഈ ആക്രമണം എന്ന പ്രതിപക്ഷ ആരോപണത്തിനെതിരേയും മോദി പ്രതികരിച്ചു.

'ആദ്യ മിന്നലാക്രമണം നടക്കുമ്പോള്‍ ഏതെങ്കിലും തിരഞ്ഞെടെുപ്പുണ്ടായിരുന്നോ. കഴിഞ്ഞ നാല്‍പത് വര്‍ഷമായി നമ്മള്‍ ഭീകരവാദത്തിന്റെ ഫലം അനുഭവിക്കുകയാണ്.അധികാരമെന്നത് എനിക്ക് വിഷയമല്ല. ഞാന്‍ ആകുലപ്പെടുന്നത് നമ്മുടെ രാജ്യത്തിന്റെ സുരക്ഷയില്‍ മാത്രമാണ', പ്രധാനമന്ത്രി പറഞ്ഞു.

content highlights: PM Warns terrorists, says its his nature to give a fitting reply