ആലപ്പുഴ: ക്രൈസ്തവസഭയെ ആരുടെയെങ്കിലും വോട്ടുബാങ്കായി കാണേണ്ടെന്ന മേലധ്യക്ഷന്മാരുടെ നിലപാടുകള്‍ അടിവരയിടുന്നതാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുഫലം. സഭകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇതു വ്യക്തമാണ്. ജോസ് കെ. മാണിയുടെ എല്‍.ഡി.എഫിലേക്കുള്ള വരവ് ഒരു അധിക ആനുകൂല്യമായി.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ്. സഖ്യമുണ്ടാക്കിയതിനെ സഭ പരസ്യമായിത്തന്നെ വിമര്‍ശിച്ചിരുന്നു. ചില സമുദായങ്ങളെ ഫിക്സഡ് വോട്ട് ബാങ്ക് ഡിപ്പോസിറ്റായി കരുതി എന്തുമാകാം എന്ന അമിത ആത്മവിശ്വാസം രാഷ്ട്രീയപ്പാര്‍ട്ടികളും മുന്നണികളും വെച്ചുപുലര്‍ത്തരുതെന്ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മുന്നറിയിപ്പും നല്‍കി. കോണ്‍ഗ്രസിനുമേല്‍ ലീഗുയര്‍ത്തുന്ന സ്വാധീനം വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള അടവുരാഷ്ട്രീയ സമീപനങ്ങളില്‍ വ്യക്തമായതോടെ മതനിരപേക്ഷ സമൂഹത്തിന്റെ പിന്തുണയില്‍ വിടവുണ്ടാകാമെന്നായിരുന്നു എറണാകുളം-അങ്കമാലി അതിരൂപതാ പ്രസിദ്ധീകരണമായ 'സത്യദീപ'ത്തിന്റെ മുന്നറിയിപ്പ്.

യു.ഡി.എഫിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ജനവിഭാഗങ്ങള്‍ത്തന്നെ അവരില്‍നിന്ന് അകലുന്ന കാഴ്ചയാണെന്ന് കെ.സി.ബി.സി. മുന്‍ വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. യു.ഡി.എഫിന് വോട്ടുചെയ്തിരുന്ന ക്രൈസ്തവസമൂഹത്തിന്റെ വോട്ടിങ് പാറ്റേണില്‍ മാറ്റംവന്നിട്ടുണ്ടെന്ന് സി.ബി.സി.ഐ. ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി വി.സി. സെബാസ്റ്റ്യനും പ്രതികരിച്ചു.

മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണവും ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെവെച്ചതും സഭകള്‍ സ്വാഗതം ചെയ്തിരുന്നു. ചങ്ങനാശ്ശേരി നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ ഇത്തവണ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. ക്രൈസ്തവര്‍ക്ക് സ്വാധീനമുള്ള ഇത്തരം സ്ഥലങ്ങളിലെല്ലാം വോട്ടുകള്‍ എല്‍.ഡി.എഫിന് പോയെന്നാണ് കരുതുന്നത്.

content highlights: Panchayath Result 2020 and Christian votes