കേരളത്തിൽ എന്ത് കൊണ്ട് ബിജെപി വരുന്നില്ല എന്നതിനുള്ള ഏറ്റവും മികച്ച ഉത്തരം നല്‍കിയത് ബിജെപി നേതാവ് ഒ. രാജഗോപാല്‍ ആണെന്ന് പ്രശസ്ത മാധ്യമപ്രവർത്തകനും മാഗ്സസെ അവാർഡ് ജേതാവുമായ പി. സായ്നാഥ്. കേരളത്തിലെ 90 ശതമാനം ആളുകള്‍ സാക്ഷരരായതുകൊണ്ടാണ് കേരളത്തില്‍ ബിജെപിക്ക് വോട്ട് കിട്ടാതിരിക്കാനുള്ള കാരണമെന്നാണ് രാജഗോപാൽ പറഞ്ഞത്. അദ്ദേഹത്തിന്റെ ആ നിരീക്ഷണത്തെ ഞാന്‍ വളരെയധികം അംഗീകരിക്കുന്നു. പക്ഷെ അദ്ദേഹം പറഞ്ഞതില്‍ ചെറിയ തിരുത്തുണ്ട്. കേരളത്തിലെ സാക്ഷരത 90 ശതമാനത്തിലധികമാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആര്‍എസ്എസ് അടിത്തറയുള്ള സംസ്ഥാനം കേരളമാണ്. എന്നാല്‍ അതിനപ്പുറം ബിജെപിക്ക് വോട്ട് ചെയ്യുന്നതിലേക്ക് ആ അടിത്തറ വളര്‍ന്നിട്ടില്ലെന്നും സായ്നാഥ് പറഞ്ഞു. മാതൃഭൂമി ഡോട്ട്കോമിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷക പ്രക്ഷോഭ വിഷയം കേരളത്തിലോ തമിഴ്നാട് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലോ ഉയര്‍ന്നു കേള്‍ക്കുന്നതായി കാണുന്നില്ല. എന്ത് കൊണ്ടാണ് മുഖ്യധാരാപാര്‍ട്ടികള്‍ക്ക് കര്‍ഷക പ്രക്ഷോഭം തിരഞ്ഞടുപ്പ് വിഷയമാകാത്തത്.
അതൊരു ഇലക്ഷന് വിഷയമാവില്ലെങ്കിലും ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണത്. കര്ഷകപ്രക്ഷോഭത്തിനെ പിന്തുണക്കുന്ന എത്രയെത്രപേര്‍ കേരളത്തിലുണ്ട്. കര്‍ഷക പ്രക്ഷോഭത്തിലെ പ്രധാന നേതാക്കളിലൊരാളായ വിജുകൃഷ്ണന് കേരളത്തില്‍ നിന്നാണ്. കേരളത്തിലെ ജനം കര്ഷകര്ക്കൊപ്പമാണോ അല്ലയോ എന്ന് നിങ്ങള്‍ ഒരു സര്‍വേ നടത്തുകയാണെങ്കില്‍ കര്‍ഷകര്‍ക്കൊപ്പമെന്ന ഉത്തരമേ നിങ്ങള്‍ക്ക് കിട്ടൂ. രണ്ട് ദിവസം മുമ്പ് ആപ്റ്റ് പോളിങ് ഏജന്‍സി ഡിഎംകെയ്ക്ക് വിജയം പ്രവചിച്ചിരുന്നു. ഉത്തരേന്ത്യയിലെ കര്‍ഷക സമരത്തോട് ഐക്യദാര്ഢ്യപ്പെടുന്നുവോ എന്ന ചോദ്യം അവര്‍ സര്‍വ്വേയിലൂടെ ചോദിച്ചിരുന്നു. അവര്‍ മാത്രമേ അത്തരമൊരു ചോദ്യം സര്‍വ്വേയില്‍ ഉള്പ്പടുത്തിയുള്ളൂ. 82.5 ശതമാനം ആളുകള്‍ കര്‍ഷകരോട് ഐക്യദാര്‍ഢ്യപ്പെട്ടു. അത്രക്ക് അറിവുള്ളവരും സെന്‍സിറ്റീവുമാണ് തമിഴ്നാട്ടിലെ ജനം. ഇതേ സര്‍വ്വേ കേരളത്തില്‍ നടത്തുകയാണെങ്കില്‍ ശതമാനം ഇതിലുമുയരും. ഇതില്‍ ജനത്തിന് താത്പര്യക്കുറവൊന്നുമില്ല.
കര്‍ഷക പ്രക്ഷോഭം എന്നത് ഞാനെന്റെ ജീവിതകാലത്ത് കണ്ട ഏറ്റവും വലിയ ശാന്തമായ ജനാധിപത്യ പ്രക്ഷോഭമാണ്. അവര്‍ക്ക് വേണ്ടി മാത്രമല്ല നിങ്ങള്‍ക്കും എനിക്കും വേണ്ടിയാണ് അവര്‍ പോരാടുന്നത്. ഏതൊരാള്‍ക്കും നീതിക്കായി കോടതിയെ സമീപിക്കാന്‍ അവകാശം നല്‍കുന്നതാണ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 32. ആര്‍ട്ടിക്കിള്‍ 32ന് വരെ എതിരായ ചില കാര്യങ്ങള്‍ കര്‍ഷക നിയമത്തിലുണ്ട്. ജുഡീഷ്യറിയുടെ ശക്തിയെ വരെ ഇല്ലാതാക്കുന്ന വകുപ്പുകള്‍ കര്‍ഷക നിയമത്തിലുണ്ട്. പുതിയ കര്ഷകനിയമത്തിലെ ചില വകുപ്പുകള്‍ പ്രകാരം ജുഡിഷ്യറിയില്‍ നിന്ന് എക്സിക്യൂട്ടീവിലേക്ക് അധികാരം പോവുകയാണ്. കളക്ടറെയും മറ്റും കര്‍ഷകര്‍ക്ക് പരാതിക്കായി സമീപിക്കാമെന്നാണ് വിവാദമായ കര്‍ഷക നിയമത്തില്‍ പറയുന്നത്. അദാനിക്കും അംബാനിക്കുമെതിരേ നടപടിയെടുക്കാവുന്ന ഉത്തരവ് കളക്ടര്‍ ഇറക്കും എന്നാണോ നിങ്ങള്‍ കരുതുന്നത്. അതേ നിയമങ്ങള്‍ കര്‍ണാടകയിലെയും മറ്റും ഗോവധ നിരോധന നിയമത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പശുക്കളെ കശാപ്പ് ചെയ്യുന്നതിനെതിരെ നടപടിയെടുക്കാന്‍ ഒരാളെ നിയമിക്കുമെന്നും അയാളെ പബ്ലിക് സെര്‍വന്റായി കണക്കാക്കാമെന്നുമാണ് കര്‍ണാടകയിലെ നിയമം. ഈ നിയമപ്രകാരം അധികാരങ്ങള്‍ പ്രയോഗിച്ചതിന് അവര്‍ക്കെതിരെ ഒരു നിയമ നടപടികളും ഏര്‍പ്പെടുത്താന്‍ കഴിയില്ല. എന്ന് വെച്ചാല്‍ നിങ്ങള്‍ ബജ്രംഗ് ദളിനും ബിജെപിക്കും വേണ്ടി ക്ലോസുകളെഴുതുകയാണെന്ന് സാരം.
താങ്കൾ പറഞ്ഞ രീതിയിൽ സാക്ഷരത നേടിയ സമൂഹമായിട്ടും ബിജെപിക്കെതിരേ അസ്വീകാര്യത അത്രത്തോളം കേരളത്തിൽ കാണുന്നില്ലല്ലോ.
കേരളത്തില്‍ കാര്യമായി ബിജെപിയില്ല എന്നതുകൊണ്ടുതന്നെയാണത്. കേരളത്തില്‍ ബിജെപി ഒരു ഭീഷണിയേയല്ല. കേരളത്തില്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന നേട്ടമെന്നത് അവര്‍ക്കെത്ര സീറ്റുകളില്‍ കെട്ടിവെച്ച കാശ് നഷ്ടപ്പെടാതെ കാക്കാന്‍ പറ്റും എന്നതാണ്. ബിജെപി കേരളത്തില്‍ ഒരു എതിരാളി പോലുമല്ല. കേരളീയ ജനതയ്ക്ക് ബിജെപിയില്‍ ഒരിക്കലും താത്പര്യമുണ്ടായിട്ടില്ല. പക്ഷെ അവര്‍ ചില പുതിയ വിഷയങ്ങള്‍ ഈ സമയത്ത് ഉന്നയിക്കുന്നുണ്ട്. ഉത്തരേന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജപി വിരുദ്ധ വികാരം ദക്ഷിണേന്ത്യയില്‍ വളരെ കൂടുതലാണ്.
കേരളത്തിലും തമിഴ്നാട്ടിലും ബിജെപിയെ മാറ്റിനിര്‍ത്തുന്ന പ്രധാനഘടകമായി താങ്കള്‍ കാണുന്നതെന്താണ്
പല ഘടകങ്ങളുണ്ട്. കര്‍ണാടകത്തെ മാറ്റിനിര്‍ത്തിയാല്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആര്‍എസ്എസ് അടിത്തറയുള്ള സംസ്ഥാനം കേരളമായിരുന്നു. എന്നാല്‍ അതിനപ്പുറം ബിജെപിക്ക് വോട്ട് ചെയ്യുന്നതിലേക്ക് ആ അടിത്തറ വളര്‍ന്നിട്ടില്ല. അതെന്ത്കൊണ്ട് എന്നതിന് ഏറ്റവും മികച്ച ഉത്തരം നല്‍കിയത് ബിജെപി നേതാവ് ഒ. രാജഗോപാല്‍ തന്നെയാണ്. കേരളത്തിലെ 90 ശതമാനം ആളുകള്‍ സാക്ഷരരായതുകൊണ്ടാണ് കേരളത്തില്‍ ബിജെപിക്ക് വോട്ട് കിട്ടാതിരിക്കാനുള്ള കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ ആ നിരീക്ഷണത്തെ ഞാന്‍ വളരെയധികം അംഗീകരിക്കുന്നു. പക്ഷെ അദ്ദേഹം പറഞ്ഞതില്‍ ചെറിയ തിരുത്തുണ്ട്. കേരളത്തിലെ സാക്ഷരത 90 ശതമാനത്തിലധികമാണ്.
പക്ഷെ ശബരിമല വിഷയത്തിൽ ബിജെപി നിലപാടിനോട് സമാനമായ നിലപാടാണ് കേളത്തിലെ യുഡിഎഫ് സ്വീകരിച്ചത്. ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മ്മാണമാണ് യുഡിഎഫ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നത്. രാമക്ഷേത്ര നിര്‍മ്മാണത്തിലും ചില അനുകൂല പ്രസ്താവനകള്‍ യുഡിഎഫ് നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായി. ആ തരത്തിൽ യുഡിഎഫിനെക്കൊണ്ട് നിലപാടെടുപ്പിക്കുന്നതിൽ ബിജെപി വിജയിച്ചില്ലേ.
ഇതൊക്കെയാണ് പല സംസ്ഥാനങ്ങളിലും രാജ്യമാകമാനവും യുഡിഎഫിനെ നശിപ്പിച്ചത്. 1992 ല്‍ ബാബറി മസ്ജിദ് തകര്‍ത്ത സമയത്ത് അവര്‍ ഇത്തരത്തില്‍ മൃദു ഹിന്ദുത്വം കളിച്ചു. രാജ്യത്തിന് ആപത്തൊന്നും സംഭവിക്കില്ല, ബിജെപിക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരത്തിലുള്ള മൃദുഹിന്ദുത്വ സമീപനം കാണിച്ചാണ് അവര്‍ സ്വയം നശിച്ചത്. കോര്‍പറേറ്റ് അനുകൂല കാവി അനുകൂല കളി കളിച്ചതിലൂടെ അവരുടെ ഏറ്റവും വലിയ അടിസ്ഥാന ഘടകമായിരുന്ന ദളിതുകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെയെല്ലാം കോണ്‍ഗ്രസ്സ് നഷ്ടപ്പെടുത്തി. ചുരുങ്ങിയ കാലത്തേക്ക് ഇത്തരം കളികള്‍ ചില സ്ഥലങ്ങളില്‍ അവരെ സഹായിച്ചേക്കാം. പക്ഷെ അതിനു ശേഷം അതവരെതന്നെയും ചുറ്റുലുമുള്ള എല്ലാത്തിനെയും നശിപ്പിക്കുകയാണ് ചെയ്യുക. തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ്സ് തെറ്റായ പാഠങ്ങളാണ് പഠി്ക്കുന്നത്. വയനാട്ടിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും അവര്‍ വിജയം കൈവരിച്ചത് ബിജെപിക്കെതിരേയുള്ള രോഷത്തിന്റെ ഭാഗമായാണ്.
എയര്‍ ഇന്ത്യ പൂര്‍ണ്ണമായും സ്വകാര്യവത്കരിച്ചു അതു പോലെ ഒട്ടനവധി പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭമില്ലെന്ന കാരണത്താല്‍ വിറ്റഴിക്കപ്പെടുന്നത്. യുപിഎസ്സി വഴി തൊഴില്‍ ലഭിക്കാനുള്ള യുവാക്കളുടെ എത്രയോ സാധ്യതയാണ് ഇല്ലതാവുന്നത്. എന്നിട്ടും തൊഴില്‍ നല്‍കുമെന്നാണ് ബിജെപി പ്രകടനപത്രികയില്‍ പറയുന്നത്. എങ്ങനെ കാണുന്നു ബിജെപി പ്രകടന പത്രികയിലെ തൊഴില്‍ വാഗ്ദാനത്തെ
അവര്‍ ബാങ്കുകളും സ്വകാര്യവത്കരിക്കുകയാണ്. നിയോലിബറല്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ വരെ ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരേ സംസാരിക്കുകയാണ്. കോര്‍പറേറ്റുകളെ ബാങ്ക് ഏറ്റെടുക്കാന്‍ സമ്മതിക്കരുതെന്ന് രഘുറാം രാജന് തന്നെ പറയുന്നുണ്ട്. എത്രയോ പേരുടെ തൊഴില്‍ തന്നെ നഷ്ടപ്പെട്ട കാലത്ത് ബിജെപിയുടെ പ്രകടന പത്രിക ആര് ഗൗരവമായി എടുക്കാന്‍
മഹാരാഷ്ട്രയില്‍ കോവിഡ് രൂക്ഷമായല്ലോ വീണ്ടും. ബോംബെയിലെ താങ്കളുടെ ഫ്ലാറ്റും പരിസരവും ലോക്കഡൗണിലുമാണ്. കോവിഡ് പോരാട്ടത്തിലൊക്കെ കേരളത്തിന്റെ പ്രവർത്തനങ്ങൾ അങ്ങ് ശ്രദ്ധിച്ചിട്ടുണ്ടാവാം. എങ്ങനെ വിലയിരുത്തുന്നു
കേരളത്തിന്റെ സമീപനം എല്ലാകാലത്തും മാനുഷികമാണ്, മാനവികതയിലൂന്നിയതാണ്. കേന്ദ്രസര്‍ക്കാര്‍ കാണുന്നതുപോലെ ജനങ്ങളെയല്ല കേരളം പ്രശ്നമായി കാണുന്നത്. പകരം രോഗത്തെയാണ് പ്രശ്നമായി കണ്ടത്. അന്താരാഷ്ട്ര യാത്രകള്‍ വളരെ കൂടുതലായ കേരളത്തില്‍ കോവിഡ് വ്യാപന സാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ തുഞ്ചന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഞാന്‍ കേരളത്തിലേക്ക് വരുമ്പോള്‍ അന്നവിടെ എയര്‍പോര്‍ട്ടില്‍ കോവിഡ് ടെസ്റ്റിങ്ങും സ്ക്രീനിങ്ങും ഉണ്ടായിരുന്നു. അത് മാര്‍ച്ച് അവസാനമാണ് രാജ്യത്തിന്റെ മറ്റ് പലഭാഗങ്ങളിലും ചെയ്തു തുടങ്ങിയത്.
മാത്രമല്ല കേരളത്തിലെ ആരോഗ്യസംവിധാനം വളരെ ശക്തമാണ്. രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും സ്വകാര്യ മേഖലയുടെ കാരുണ്യത്തിലാണ് പിഎച്ച്സികളും മറ്റും നിലനില്‍ക്കുന്നത്. അവിടങ്ങളില്‍ പിഎച്ച്സി ഡോക്ടര്‍മാരെല്ലാം പ്രവൈറ്റായും പ്രവര്‍ത്തിക്കുന്നു. പിഎച്ച്സിയില്‍ വരുന്ന രോഗികളോട് നിങ്ങള്‍ ഞങ്ങളുടെ ക്ലിനിക്കിലേക്ക വരൂ പ്രശ്നം പരിഹരിക്കാമെന്നാണ് യുപി പോലുള്ള സ്ഥലങ്ങളിലൊക്കെ നടന്നു വരുന്നത്. കേരളത്തിലെ സ്ഥിതി മറിച്ചാണ്.
അസാധാരണമാം വിധം സെന്‍സിറ്റീവായ മാനേജ്മെന്റാണ് കേരള സര്‍ക്കാര്‍ കോവിഡ് കാലത്ത് നടത്തിയത്. അത് കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ കേരളത്തെ വളരെയധികം സഹായിച്ചു. കേരളത്തിലെ വലിയൊരു വിഭാഗം ഇപ്പോഴും കോവിഡിനെതിരേയുള്ള ആര്‍ജ്ജിത ശേഷി നേടിയിട്ടില്ല. കാരണം ഭൂരിഭാഗം പേരും സംരക്ഷിത കവചത്തിനുള്ളിലായിരുന്നു. അതിനാലാണ് ഓണത്തിനു ശേഷം കേസുകളുടെ എണ്ണം വര്‍ധിച്ചത്. പക്ഷെ മരണനിരക്ക് ഇപ്പോഴും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ കുറവാണ് കേരളത്തില്‍. എന്തൊക്കെ തന്നെയായാലും കോവിഡ് മാനേജ്മെന്റിനുള്ള ക്രഡിറ്റ് സംസ്ഥാന സര്‍ക്കാരിന് കൊടുക്കേണ്ടതു തന്നെയാണ്.
അതേസമയം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെല്ലാം എല്‍ഡിഎഫിന്റെ പിആര്‍ സ്ട്രാറ്റജി ആണെന്നും പറയുന്നുണ്ട്.
മാധ്യമസ്വാതന്ത്ര്യം ഇന്ത്യയില്‍ കുറവാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരും ഇതുതന്നെയാണ് പറയുന്നത്-എല്ലാം പ്രതിപക്ഷത്തിന്റെ പിആര്‍ സ്ട്രാറ്റര്‍ജിയാണെന്ന്.
മുമ്പുള്ള തിരഞ്ഞെടുപ്പുകളില്‍ ഇല്ലാത്തവിധം തുടര്‍ഭരണം ഉണ്ടാവുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. എന്നാല്‍ തുടര്‍ഭരണം ജനാധിപത്യത്തിന് നല്ലതല്ലെന്നും ഏകാധിപത്യ പ്രവണതയുണ്ടാകുമെന്നുമാണ് ചില രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. അതിൽ കാര്യമില്ലേ.. എന്താണ് താങ്കളുടെ അഭിപ്രായം
ഇതൊരു വിഷയമായി പോലും കാണേണ്ടതില്ല. ഇത്തരം പ്രസ്താവനകളില്‍ യാതൊരു യുക്തിയും ഞാന്‍ കാണുന്നില്ല. അതിനാല്‍ തന്നെ ഇതിനൊക്കെ മറുപടി പറഞ്ഞ് അതിന് അംഗീകാരം നല്കാന് ഞാന്‍ താത്പര്യപ്പെടുന്നില്ല.