പ്രമുഖ ജർമ്മൻ മാദ്ധ്യമ സ്ഥാപനം  ഡിഡബ്ളിയു ഡോട്ട് കോം  അടുത്തിടെ വിഖ്യാത മെക്സിക്കൻ പത്രപ്രവർത്തക അനബൽ ഹെർണാണ്ടസിന്റെ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. അനബൽ തന്റെ റിപ്പോർട്ട് തുടങ്ങിയതിങ്ങനെയാണ്. ''അഫ്ഗാനിസ്ഥാനും മെക്‌സിക്കോയും സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും തീർത്തും വ്യത്യസ്തവും വിദൂരവുമായ രാജ്യങ്ങളായിരിക്കാം. പക്ഷേ, അവരെ യോജിപ്പിക്കുന്ന ഒരു ഘടകം മയക്കുമരുന്ന് സഖ്യങ്ങളുടെ സാന്നിദ്ധ്യമാണ്. അധികാരത്തിനും പണത്തിനുമായി ഇരുകൂട്ടരും ഒരുപോലെ അക്രമങ്ങൾ അഴിച്ചു വിടുന്നു.'' 

ലോകത്തെ കറപ്പ് കൃഷിയുടെ മറ്റൊരു പ്രധാന കേന്ദ്രം മ്യാന്മർ ആണെന്നത് ഇതോട് ചേർത്ത് വായിക്കണം. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ മതങ്ങൾ പിന്തുടരുന്നവരാണ് ഈ മൂന്നു രാജ്യങ്ങളിലെയും ഭൂരിപക്ഷം. മതം ചിലപ്പോൾ മയക്കുമരുന്നായേക്കാം, പക്ഷേ, മയക്കുമരുന്നിന് ഒരു നിശ്ചിത മതമോ വർണമോ ഇല്ല എന്ന് വ്യക്തമാക്കാനാണ് ഇക്കാര്യം ഇവിടെ പറഞ്ഞത്.

പത്തൊമ്പതാം നൂറ്റാണ്ടിൽ ചൈനയുമായി ബ്രിട്ടൻ നടത്തിയ കറപ്പുയുദ്ധങ്ങൾ മറക്കരുത്. ഈസ്റ്റ് ഇന്ത്യ കമ്പനി അടക്കം യൂറോപ്പിലും അമേരിക്കയിലുമുള്ള കോർപറേറ്റുകൾക്ക് ചൈനയുടെ വിപണി പിടിച്ചെടുക്കുന്നതിനുള്ള യുദ്ധങ്ങളായിരുന്നു അത്. ഇന്ത്യയിലെ കർഷകരെ അതിഭീകരമായി ചൂഷണം ചെയ്തുകൊണ്ടാണ് ഈസ്റ്റ് ഇന്ത്യ കമ്പനി അന്ന് കറപ്പ് കൃഷിയുടെ നിയന്ത്രണവും വിപണനവും കൈവശമാക്കിയിരുന്നതെന്നും വിസ്മരിക്കാനാവില്ല. 

അഫ്ഗാനാണ് ഇപ്പോൾ ഓപ്പിയം കൃഷിയുടെ ലോകകേന്ദ്രം എന്ന് വിലപിക്കുന്നവർ ഇക്കഴിഞ്ഞ 20 കൊല്ലത്തോളം അമേരിക്ക അവിടെ നടത്തിയ നിതാന്തയുദ്ധവും കാണാതിരിക്കരുത്. താലിബനെ വളർത്തിയത് സോവിയറ്റ് യൂണിയനെ തകർക്കുന്നതിനുള്ള അമേരിക്ക - പാക്ക് പദ്ധതിയുടെ ഭാഗമായിരുന്നുവെന്നതും ലോകത്തിനറിയാവുന്ന കാര്യമാണ്. അതായത് മയക്കുമരുന്നിന്റെ കറ ഒരു രാജ്യത്തിന്റേയോ ഒരു മതത്തിന്റേയോ മേൽ ചാർത്താനുള്ള ശ്രമം നിഷ്‌കളങ്കമല്ലെന്നും അതിനു പിന്നിൽ കൃത്യമായ താൽപര്യങ്ങളും രാഷ്ട്രീയവുമുണ്ടെന്നും സാരം.

ഒന്നും ശൂന്യതയിൽനിന്ന് ഉണ്ടാവുന്നില്ല. അതിർത്തിയിൽ യുദ്ധമുണ്ടാവുന്നത് രാജ്യത്തിനുള്ളിൽ ഭരണാധികാരിയോ ഭരണകൂടമോ പ്രതിസന്ധി നേരിടുമ്പോഴാണ് എന്ന നിരീക്ഷണം ഈ പരിസരത്തിലാണ് ഉയരുന്നത്. പാലാ മെത്രാൻ ലൗ ജിഹാദിനെക്കുറിച്ചും നാർക്കോട്ടിക് ജിഹാദിനെക്കുറിച്ചും ആശങ്കാകുലനാകുന്നതിനും കൃത്യമായ ഒരു പരിസരമുണ്ട്. 

വിശുദ്ധ കുർബ്ബാന ജനങ്ങൾക്ക് അഭിമുഖമായോണോ അൾത്താരയ്ക്ക് അഭിമുഖമായാണോ അർപ്പിക്കേണ്ടതെന്ന വിവാദം സീറോ മലബാർ സഭയെ പിടിച്ചു കുലുക്കുന്നതിനിടയിലാണ് വർഗ്ഗീയവത്കരണത്തിന്റെ കമ്പക്കെട്ടിന് തിരി കൊളുത്തപ്പെടുന്നത്. ബിഷപ് ഫ്രാങ്കോയ്്ക്കെതിരെയുള്ള ലൈംഗിക പീഡനക്കേസും കർദിനാൾ ആലഞ്ചേരിക്കെതിരെയുള്ള സഭാ സ്വത്തുതർക്കവും കത്തിപ്പടർന്നതിനു പിന്നാലെയാണ്  ലൗ ജിഹാദ് വാദം  ഏറ്റെടുക്കപ്പെട്ടതെന്നും സ്മരണീയമാണ്.

സംഘപരിവാർ തെളിക്കുന്ന വഴിയിലൂടെയാണ് കേരളത്തിലെ സഭകൾ അറിഞ്ഞോ അറിയാതെയോ നടന്നു തുടങ്ങിയിരിക്കുന്നതെന്ന കാഴ്ചപ്പാട് അങ്ങിനെയങ്ങ് തള്ളാനാവില്ല. ദളിത് പീഡനമടക്കം ഹിന്ദു മതത്തിനുള്ളിലെ  നിരവധി പ്രശ്നങ്ങൾക്കുള്ള ഒറ്റമൂലിയായാണ് മുസ്ലിം വിരോധം അവതരിപ്പിക്കപ്പെടുന്നത്.  ചൗധരി ചരൺസിങ്ങും മുലായം സിങും  ലാലു പ്രസാദുമൊക്കെ മുന്നോട്ടു വെച്ച ഹിന്ദു-മുസ്ലിം ഐക്യം ഇന്ത്യയിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് രൂപം നൽകുന്നതിനിടയിലാണ് മുസ്ലിം വിരോധത്തിന്റെ ചിറകിലേറി ഹിന്ദുത്വ പ്രത്യയശാസ്ത്രം ഇന്ദ്രപ്രസ്ഥത്തിൽ അധികാരം പിടിക്കുന്നത്. 

പ്രതിക്കൂട്ടിൽ മുസ്ലീങ്ങളെ നിർത്തുക എന്നത് ഒരു രാഷ്ട്രീയ തന്ത്രമാണ്. ഇന്ത്യയിൽ ഏതു കാലാവസ്ഥയിലും വിൽക്കാൻ പറ്റുന്ന തന്ത്രം. ഈ കെണിയിലേക്ക് പാലാ ബിഷപ്പും കൂട്ടരും സ്വയം തലവെച്ചു കൊടുക്കുമ്പോൾ അതിലെ അപകടം തിരിച്ചറിയാൻ ക്രൈസ്തവ സമൂഹങ്ങൾക്ക് തീർച്ചയായും കഴിയണം.

ലൗ ജിഹാദിന് അടിസ്ഥാനമില്ലെന്ന് ഇന്ത്യയിലെ അന്വേഷണ ഏജൻസികളും കോടതികളും വ്യക്തമാക്കിയിട്ടുള്ളതാണ്.  എങ്കിൽ പിന്നെ നാർക്കോട്ടിക് ജിഹാദാകാം എന്ന് തൽപര കക്ഷികൾ തീരുമാനിക്കുന്നു.  The devil is in the details എന്ന് ആംഗലേയത്തിൽ ഒരു ചൊല്ലുണ്ട്. മയക്കുമരുന്ന് എന്ന സാത്താനെ ഒരു പ്രത്യേക സമുദായവുമായി കൂട്ടിയിണക്കാൻ കേരളത്തിൽ എന്ത് തെളിവാണ് ആരോപണകർത്താക്കൾക്കുള്ളത് ? സാത്താനെ കണ്ടെത്തണമെങ്കിൽ വിശദാംശങ്ങൾ തിരയണം. 

പാലാ മെത്രാന്റെ പ്രസംഗത്തിൽ അത്തരം വിശദാംശങ്ങൾ ഒന്നും തന്നെയില്ല. മയക്കുമരുന്ന് സാമൂഹിക വിപത്താണ്. ഒരു ജനതയ്ക്കും സമൂഹത്തിനെതിരെയുമുള്ള കുറ്റകരമായ പ്രവൃത്തിയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് സമർപ്പിക്കുകയാണ് ഉത്തരവാദിത്വമുള്ള സ്ഥാനങ്ങൾ വഹിക്കേണ്ടവർ ചെയ്യേണ്ടത്. അതിനവർക്കാവുന്നില്ലെങ്കിൽ അതിന്റെ അർത്ഥം കാടടച്ച് വെടിവെച്ച് സമൂഹത്തിൽ അസ്വസ്ഥത വിതയ്ക്കുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നാണ്.

എത്രയോ കാലമായി മതസൗഹാർദ്ദം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ പോലും കേരളം അക്രമത്തിന്റെയോ മതസ്പർദ്ധയുടെയോ വഴിക്ക് നീങ്ങിയില്ല എന്ന് മറക്കരുത്. ആൾക്കൂട്ടത്തിന്റെ ആക്രോശങ്ങളല്ല അന്ന് കേരളത്തിലെ മത മേധാവികളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും നയിച്ചത്. ആൾക്കൂട്ടങ്ങളെ നേർവഴിക്ക് നടത്തുന്നതിന് പകരം ആൾക്കൂട്ടത്താൽ നയിക്കപ്പെടുന്ന നേതാക്കളാണ് സമൂഹത്തിന് കുരിശാവുന്നത്.

വിവേകത്തിന്റെയും വിചാരത്തിന്റെയും ശബദ്ങ്ങൾ ഇപ്പോഴും ഇവിടെ ഉയരുന്നുണ്ടെന്നതാണ് ഈ വിഷമസന്ധിയിൽ ആശ്വാസമാവുന്നത്. ഇടതുപക്ഷവും കോൺഗ്രസും പാലാ മെത്രാന്റെ അജണ്ട കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നത് ചെറിയ കാര്യമല്ല. ജോസ് കെ. മാണിയെപ്പോലെ അപശബ്ദങ്ങൾ പുറപ്പെടുവിക്കുന്നവരെ നിലയ്ക്ക് നിർത്താനും ഇടതുപക്ഷത്തിന് കഴിയണം. കലക്കവെളളത്തിൽ മീൻപിടിക്കുന്നവരോട് പടിക്ക് പുറത്തെന്ന് പറയാൻ അമാന്തം പാടില്ല. 

സഭയ്ക്കുള്ളിൽ നിന്നും വിവേകമതികൾ പ്രതികരിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. കുറവിലങ്ങാട്ടെ ഒരു പള്ളിയിൽ നടന്ന പ്രാർത്ഥനയ്ക്കിടയിൽ മുസ്ലിം വിരോധം പ്രകടിപ്പിച്ച പുരോഹിതനോടുള്ള പ്രതിഷേധം പരസ്യമാക്കിയ നാല് കന്യാസ്ത്രീകൾ ഈ ഇരുട്ടിലെ വെളിച്ചമാണ്. ബിഷപ് ഫ്രാങ്കോയ്ക്കെതിരെ ധീര നിലപാട് എടുത്തവരാണിവർ. 

സിസ്റ്റർ അനുപമയും ആൽഫിയും  അൻസിറ്റയും ജോസഫൈനും പറഞ്ഞ വാക്കുകൾ ഇവിടെ എടുത്തുകൊടുക്കുകയാണ്: ''ക്രിസ്തു ഞങ്ങളെ പഠിപ്പിച്ചത് പരസ്പരം സനേഹിക്കാനാണ്, വർഗ്ഗീയത വിതയ്ക്കാനല്ല. ഇതിന് വിരുദ്ധമായാണ് പുരോഹിതൻ സംസാരിച്ചതെന്നതിനാലാണ് ഞങ്ങൾ പ്രതികരിക്കുന്നത്.''  

ഓർത്തഡോക്സ് - യാക്കോബായ സഭകൾ തമ്മിലുള്ള തർക്കങ്ങൾ കർത്താവ് ഇറങ്ങിപ്പോവുന്ന പളളികളെയാണ് ആത്യന്തികമായി സൃഷ്ടിക്കുകയെന്ന് ഈ ലേഖകൻ മുമ്പൊരിക്കൽ എഴുതിയിരുന്നു. പാലാ മെത്രാനും ഇപ്പോൾ ഇതേ വഴിയിലൂടെയാണ് നടക്കുന്നത്. വേറെയാരുടെ വഴിയായാലും ക്രിസ്തുവിന്റെ വഴിയല്ല ഇതെന്ന് പറയുക തന്നെ വേണം.

Content Highlights: Narcotics Jihad- Pala Bishop and Kerala society