ഞ്ചുവര്‍ഷത്തെ ഭരണംകൊണ്ട് എല്ലാ മേഖലയിലും  നാശം വിതച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറത്തേക്കുള്ള വാതില്‍ കാണിക്കണമെന്ന് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്.  ഒരുപക്ഷേ, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാകണം നോട്ട് അസാധുവാക്കല്‍. മോദിയുടെ വിദേശ നയം തികഞ്ഞ പരാജയമാണ്.  ഒരു കള്ളം നൂറുതവണ പറഞ്ഞാല്‍ സത്യമാവില്ലെന്നും പി.ടി.ഐ.ക്ക് അനുവദിച്ച അഭിമുഖത്തില്‍ മന്‍മോഹന്‍ സിങ് പറഞ്ഞു.  

ഇല്ലാത്ത മോദിതരംഗം

 യുവാക്കള്‍, കര്‍ഷകര്‍, കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം ദീര്‍ഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് അഞ്ചുവര്‍ഷത്തെ ഭരണം. ജനാധിപത്യസ്ഥാപനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മോദി തരംഗം എന്ന ഒന്നില്ല. എല്ലാവരുടെയും വികസനത്തിലൂന്നാതെ രാഷ്ട്രീയ നിലനില്‍പ്പിനായി രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്നവരെ വോട്ടുചെയ്ത് പുറത്താക്കാന്‍ ജനം തീരുമാനിച്ചിട്ടുണ്ട്.  

ശ്രദ്ധയില്ലാത്ത വിദേശ നയം

 പാകിസ്താനുമായുള്ള മോദിയുടെ വിദേശ നയം ശ്രദ്ധയില്ലാത്തതാണ്. ക്ഷണിക്കാതെയുള്ള പാകിസ്താന്‍ സന്ദര്‍ശനം മുതല്‍ വഞ്ചകരായ ഐ.എസ്.ഐ.യെ പഠാന്‍കോട്ട് ആക്രമണത്തിന്റെ അന്വേഷണത്തിന്റെ പേരില്‍ ഇങ്ങോട്ടേക്ക് ക്ഷണിച്ചതുള്‍പ്പെടെ പാളിച്ചകളുടെ പരമ്പരകളാണ് പറയാനുള്ളത്. ദേശീയ താത്പര്യമായിരുന്നു ഇന്ത്യയുടെ വിദേശനയത്തിന്റെ കാതല്‍. അല്ലാതെ ഏതെങ്കിലും വ്യക്തിയുടെ പ്രതിച്ഛായ നിര്‍മാണത്തിനായിരുന്നില്ല. വിദേശനയം ഗൗരവതരമായിരിക്കണം, നയതന്ത്രജ്ഞതവേണം, മറ്റ് രാജ്യങ്ങളുടെ  ആശങ്കകള്‍ അറിഞ്ഞ് അന്തിമമായി ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതാവണം ഓരോ നയതന്ത്ര ദൗത്യവും. നിര്‍ഭാഗ്യവശാല്‍ ഇപ്പോഴത്തെ സര്‍ക്കാരിന്റെ വിദേശനയം അങ്ങനെയല്ല.  

സാമ്പത്തികരംഗം

മോദിഭരണം രാജ്യത്തെ ഭയാനകമായ സാമ്പത്തിക ഞെരുക്കത്തിലാണ് എത്തിച്ചത്. അത് മാന്ദ്യത്തിലേക്ക് നയിച്ചു.  വാക്സാമര്‍ഥ്യ പ്രകടനങ്ങളും  അലങ്കാരങ്ങളുമെല്ലാം ജനങ്ങള്‍ക്ക് മതിയായി. ശക്തിപ്രകടന പൊങ്ങച്ചങ്ങള്‍ക്കും മായികതയ്ക്കുമെതിരേ ശക്തമായ അടിയൊഴുക്കുണ്ട്. അഞ്ചുവര്‍ഷം  അഴിമതിയുടെ ദുര്‍ഗന്ധം ഉയര്‍ന്നത് അവിശ്വസനീയമായ അനുപാതത്തിലാണ്. ബാങ്കുകളെ പറ്റിച്ച് മുങ്ങിയ തട്ടിപ്പുകാരും ഭരണത്തിലുള്ളവരും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ട്. ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ പരാജയപ്പെട്ട കദനകഥയാണ് അഞ്ചുവര്‍ഷത്തെ മോദി സര്‍ക്കാരിന്റേത്. 2014-ല്‍ അച്ഛാ ദിന്‍ പറഞ്ഞ് വന്നവരാണ്. അഞ്ചുവര്‍ഷം അവസാനിച്ചപ്പോഴേക്കും എല്ലാവര്‍ക്കും ദുരിതമായി.

നമ്മുടെ സാമൂഹിക-രാഷ്ട്രീയാന്തരീക്ഷ ത്തിന്റെ പാരസ്പര്യം നഷ്ടമായി. ജനങ്ങള്‍ക്ക് കടുത്ത നിരാശയും മോഹഭംഗവുമാണ്. മോദിയെയും ബി.ജെ.പി.യെയും  ജനം പുറ ന്തള്ളുമ്പോള്‍  ഇന്ത്യയുടെ ഭാവി  സുരക്ഷിതവും കെട്ടുറപ്പുള്ളതുമാവും.

ദേശീയത

 ദേശീയതയെപ്പറ്റി പറയുമ്പോള്‍ മോദിക്ക് അതിനോടുള്ള ആത്മാര്‍ഥത പരിശോധിക്കപ്പെടേണ്ടതാണ്. 40 സി.ആര്‍.പി.എഫ്.  ജവാന്‍മാര്‍ വീരമൃത്യുവരിച്ച പുല്‍വാമ ആക്രമണത്തിനുശേഷം സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിതല സമിതിയില്‍ അധ്യക്ഷതവഹിക്കുന്നതിനുപകരം, ജിംകോര്‍ബറ്റ് ദേശീയോദ്യാനത്തില്‍ സിനിമാ ചിത്രീകരണത്തിലായിരുന്നു അദ്ദേഹം എന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഗുരുതര രഹസ്യാന്വേഷണ വീഴ്ച പുല്‍വാമയിലുണ്ടായത് കാണിക്കുന്നത് ഭീകരവാദത്തെ നേരിടുന്നതില്‍ ഈ സര്‍ക്കാരിനുണ്ടായ അലംഭാവമാണ്. പാകിസ്താനോടുള്ള നയത്തിലുള്‍പ്പെടെ ദേശസുരക്ഷയുമായി ബന്ധപ്പെട്ട് തന്ത്രപ്രധാന വീഴ്ചകളാണ് സര്‍ക്കാരിനുണ്ടായത്. ഒരു കള്ളം നൂറുതവണ ആവര്‍ത്തിച്ചാല്‍ സത്യമാവില്ല. അഞ്ച് വര്‍ഷത്തിനിടെ ജമ്മുകശ്മീരില്‍മാത്രം ഭീകരാക്രമണത്തില്‍ 176 ശതമാനമാണ് വര്‍ധന ഉണ്ടായത്. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനം 1000 ശതമാനം കൂടി. സമൂഹത്തില്‍ ഭിന്നിപ്പും വെറുപ്പുമുണ്ടാക്കി നേട്ടമുണ്ടാക്കലാണ് ലക്ഷ്യം. ഭരണപരാജയം മറയ്ക്കാനാണ് ബി.ജെ.പി. ഓരോ ദിവസവും ഓരോ ന്യായീകരണങ്ങളുമായി വരുന്നത്. ദേശസുരക്ഷ പോലുള്ള കാര്യങ്ങള്‍ മറയാക്കുന്നതും അതിനാലാണ്.

ഒറ്റയാള്‍

ഇന്ത്യയെപ്പോലൊരു രാജ്യത്ത് എല്ലാത്തിനും ഒറ്റയാള്‍ പരിഹാരം എന്നത് അസാധ്യമാണ്. വൈവിധ്യപൂര്‍ണമാണ് ഇന്ത്യ. 130 കോടി ജനങ്ങളെ ഒരാള്‍ക്കുമാത്രം പ്രതിനിധാനം ചെയ്യാനാവില്ല. ഒരാള്‍ക്ക് മാത്രമായി അവരുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാവില്ല. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റാന്‍ ഒരാളുടെ ചിന്തകളും ഇഷ്ടങ്ങളും മാത്രം അടിച്ചേല്‍പ്പിക്കുക  എന്നത് നീതിയല്ല. ജനങ്ങളുടെ ശരിയായ പ്രാതിനിധ്യം പ്രധാനമാണ്. എല്ലാം അറിയുന്ന ഒരാള്‍ എന്ന ആശയം ഇന്ത്യയില്‍ നടപ്പാക്കാനാവില്ല. അതുകൊണ്ടുതന്നെ പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള തിരഞ്ഞെടുപ്പ് ഇന്ത്യയ്ക്ക് ചേര്‍ന്നതല്ല.

(6 5 19 മാതൃഭൂമി എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചത്)

content highlights: Manmohan singh criticises modi policy, dictatorship and demonitisation