ഈ വ്യവസ്ഥിതിയില്‍ വിലപേശലിലൂടെ പരാതികള്‍ ഉന്നയിക്കാനുള്ള തങ്ങളുടെ ന്യായമായ അവസരം വളരെക്കുറവാണെന്ന് കര്‍ഷകര്‍ തിരിച്ചറിഞ്ഞുവെന്ന് ഈ സമരം സാക്ഷ്യപ്പെടുത്തുന്നു

നേപ്പാള്‍ അതിരിടുന്ന, ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ ജില്ലയായ ലഖിംപുര്‍ ഖേരിയിലെ 77,000 ജനസംഖ്യയുള്ള ടികുനിയ പഞ്ചായത്തിന് ഗാന്ധിജയന്തിപ്പിറ്റേന്ന് മറ്റൊരു ഞായറാഴ്ച മാത്രമാകണമായിരുന്നു. പക്ഷേ, അതങ്ങനെയായില്ല. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, മഹാരാജാ അഗ്രസെന്‍ മൈതാനത്ത് ഹെലികോപ്റ്ററിറങ്ങുന്നത് തടയാന്‍, സമരംചെയ്യുന്ന കര്‍ഷകര്‍ അവിടെ തടിച്ചുകൂടിയിരുന്നു. ദൃക്സാക്ഷികള്‍ പറയുന്നതനുസരിച്ച്, ബി.ജെ.പി. എം.പി.യും കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുമായ അജയ് കുമാര്‍ മിശ്രയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതുള്‍പ്പെടെയുള്ള നാലുവാഹനങ്ങളുടെ വ്യൂഹം നാലുകര്‍ഷകര്‍ക്കുമേല്‍ പാഞ്ഞുകയറി. കര്‍ഷകരുടെ ജീവനുപുറമെ നാലുജീവന്‍കൂടി കവര്‍ന്നെടുക്കപ്പെട്ടു. സംഭവസമയത്ത് അവിടെയുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന മന്ത്രിപുത്രന്‍ ആശിഷിന്റെ ഇടപെടല്‍ രാഷ്ട്രീയഭൂമികയെ ഇളക്കിമറിച്ചു. ആശിഷിനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിഷേധങ്ങളും പ്രതികരണങ്ങളും

ഈ ദുരന്തത്തെക്കുറിച്ച് പരാമര്‍ശിച്ചശേഷം വലിയൊരു വിഷയത്തിലേക്ക് കടക്കാന്‍ ഞാനാഗ്രഹിക്കുന്നു. പ്രസ്തുത വിഷയത്തില്‍ രാജ്യം ഭരിക്കുന്ന കക്ഷിയുടെ പ്രതികരണമെന്താണെന്നത് തൃണമൂല്‍ എം.പി. മഹുവ മൊയ്ത്ര ആശിഷിന്റെ അറസ്റ്റിന് മുമ്പ് ചെയ്ത ട്വീറ്റില്‍ പ്രതിഫലിക്കുന്നുണ്ട്: 'അജയ് മിശ്ര ജയിലുദ്യോഗസ്ഥരുടെ ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ജയിലിനെയും ചോദ്യംചെയ്യലിനെയും വെട്ടിച്ചുനടക്കുന്നു'. മഹുവയുടെ നേതാവ് മമതാ ബാനര്‍ജി അല്പംകൂടി വ്യക്തമായി പറഞ്ഞു: ''അവര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. ഏകാധിപത്യം മാത്രമാണ് അവര്‍ക്കുവേണ്ടത്. ഇതാണോ രാമരാജ്യം? അല്ല, ഇതാണ് കൊലയുടെ രാജ്യം.''

ലഖിംപുര്‍ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ടതോടെ ലഖ്നൗവിലെ സ്വന്തം വീടിനുപുറത്ത് സമരമിരുന്ന സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റുചെയ്തു. സംഘര്‍ഷസാധ്യത തടയാനെന്ന പേരില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ സീതാപുര്‍ ഗസ്റ്റ്ഹൗസില്‍ തടവില്‍വെച്ചത് 24 മണിക്കൂറിലധികമാണ്. ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ചതോടെ കാറില്‍ യു.പി.യിലെത്താന്‍ ശ്രമിച്ച പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദര്‍ സിങ് രാന്ധവയും സംഘവും അറസ്റ്റിലായി. കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമപ്രവര്‍ത്തകന്റെയും കുടുംബത്തിന് 50 ലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി 'ജലിയന്‍ വാലാബാഗിന്റെ ഭീതിദമായ ഓര്‍മകള്‍ തിരികെവന്നു'വെന്ന് വികാരഭരിതമായി ട്വിറ്ററില്‍ കുറിച്ചു. മധ്യപ്രദേശിലെ 'സാധന പ്ലസ്' ടെലിവിഷന്‍ ന്യൂസ് ചാനലിലെ ജീവനക്കാരനായ രമണ്‍ കശ്യപ് എന്ന 28-കാരന്‍ സംഭവസ്ഥലത്തുെവച്ച് വെടിയേറ്റുമരിച്ചതോടെ ഭാര്യ ആരാധനയും മക്കളായ വൈഷ്ണവിയും അഭിനവും അനാഥരായി.

അതേസമയം, ഒരു യോഗത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി മോദിയെത്തിയ ലഖ്നൗ വിമാനത്താവളത്തില്‍, ലഖിംപുര്‍ ഖേരിയിലേക്ക് പോകുന്നില്ലെന്ന് പറഞ്ഞിട്ടു പോലും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍ തടയപ്പെട്ടു. എന്‍.സി.പി. നേതാവും മുന്‍ കേന്ദ്രകൃഷിമന്ത്രിയുമായ ശരദ് പവാര്‍, ബി.ജെ.പി.ക്കുനല്‍കിയ മുന്നറിയിപ്പ് ഇങ്ങനെ: ''നിങ്ങളുടെ സ്ഥാനമെന്തെന്ന് ജനങ്ങള്‍ കാണിച്ചുതരും. കേന്ദ്രത്തിലെയും ഉത്തര്‍പ്രദേശിലെയും ബി.ജെ.പി.യെ ഇതൊന്നും ബാധിക്കുന്നതേയില്ല. ജലിയന്‍ വാലാബാഗിലുണ്ടായതിനു സമാനമായ സാഹചര്യമാണ് ഉത്തര്‍പ്രദേശിലും നാം കാണുന്നത്.''

''നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെങ്കില്‍ എന്തുകൊണ്ടാണ് പ്രിയങ്കാഗാന്ധി ജയിലിലും കുറ്റക്കാര്‍ പുറത്ത് സ്വതന്ത്രമായും കഴിയുന്നത്?'' -കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുമുന്‍പ് ശിവസേനാനേതാവ് സഞ്ജയ് റാവുത്ത് ചോദിച്ചു. ബി.ജെ.പി.ക്കകത്തും മുറുമുറുപ്പുകളുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചിലരിത് 'ആസൂത്രിതമായ ഗൂഢാലോചന'യായി കരുതുന്നു. മറ്റുചിലര്‍ നേതാക്കള്‍ ഈ സംഭവത്തെ കൈകാര്യംചെയ്ത രീതിയില്‍ തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. 'ഖലിസ്താനികള്‍ ബി.ജെ.പി. പ്രവര്‍ത്തകരെ വധിച്ചു'വെന്ന യു.പി.യിലെ ബി.ജെ.പി. വക്താവ് ഹരീഷ്ചന്ദ്ര ശ്രീവാസ്തവയുടെ ട്വീറ്റിനെതിരേ പിലിഭിത്ത് എം.പി.യായ വരുണ്‍ ഗാന്ധി രംഗത്തെത്തുകയും കര്‍ഷകര്‍ക്കെതിരേ അവഹേളനവും നിന്ദ്യവുമായ ഭാഷ ഉപയോഗിക്കുന്നത് ക്രൂരവും അനീതിയുമാണെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ വേദന പങ്കുവെച്ചതോടെ വരുണിനെയും അമ്മ േമനകാ ഗാന്ധിയെയും നാഷണല്‍ എക്‌സിക്യുട്ടീവില്‍നിന്ന് ബി.ജെ.പി. പുറത്താക്കി!

ജനാധിപത്യസൂചികയില്‍ പത്തുസ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് ഇന്ത്യ 51-ാമതെത്തി; പൗരസ്വാതന്ത്ര്യത്തിന്റെ അപചയത്തോടെ വികലജനാധിപത്യത്തിന്റെ പട്ടികയില്‍ ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു.

ബി.ജെ.പി.യുടെ മൗനവും ചില സത്യങ്ങളും

ലഖിംപുര്‍ സംഭവത്തില്‍ ബി.ജെ.പി. ഉന്നതനേതൃത്വത്തിന്റെ കഠോരമൗനം സമകാലീന ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് ഗൗരവകരമായ ആശങ്കയുണര്‍ത്തുന്നുണ്ട്. 2018-ല്‍, ഏകാധിപത്യപ്രക്രിയ അടിച്ചേല്‍പ്പിക്കുന്നതിനു മുന്നോടിയായി പൗരസമൂഹത്തിനുള്ള ഇടം ഭാഗികമായി അടയ്ക്കപ്പെട്ടതും രാഷ്ട്രീയസുതാര്യതയിലെ പിന്നോട്ടുപോക്കും കാരണം ജനാധിപത്യസ്ഥാപനങ്ങള്‍ നമ്മളെ 'തിരഞ്ഞെടുപ്പ് ജനാധിപത്യം' എന്ന് മുദ്രകുത്തി. സ്വതന്ത്ര ജനാധിപത്യമാകുന്നതില്‍നിന്ന് നാം വിലക്കപ്പെട്ടു. 2019-ല്‍ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ ജനാധിപത്യസൂചികയില്‍ പത്തുസ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് ഇന്ത്യ 51-ാമതെത്തി; ദക്ഷിണാഫ്രിക്കയ്ക്കും മലേഷ്യയ്ക്കും കൊളംബിയയ്ക്കും അര്‍ജന്റീനയ്ക്കും പിന്നാലെ. പൗരസ്വാതന്ത്ര്യത്തിന്റെ അപചയത്തോടെ വികലജനാധിപത്യത്തിന്റെ പട്ടികയില്‍ ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു.

ഫ്രീഡം ഹൗസിന്റെ 2020-ലെ വാര്‍ഷികറിപ്പോര്‍ട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജനായത്തരാജ്യങ്ങളില്‍ ജനാധിപത്യത്തിന് ഏറ്റവും കൂടുതല്‍ അപചയമുണ്ടായത് ഇന്ത്യയിലാണെന്ന് പറയുന്നു. പ്രത്യേക ശ്രദ്ധവേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഹെയ്തി, ഹോങ് കോങ്, ഇറാന്‍, നൈജീരിയ, സുഡാന്‍, ടുണീഷ്യ, തുര്‍ക്കി, യുക്രൈന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ഉള്‍പ്പെട്ടു. മാധ്യമങ്ങളിലൂടെ ഉയരുന്ന വിമര്‍ശനാത്മക ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ അപകീര്‍ത്തിപ്പെടുത്തല്‍, രാജ്യദ്രോഹം, രാജ്യസുരക്ഷ, വിദ്വേഷപ്രസംഗം, കോടതിയലക്ഷ്യനിയമങ്ങള്‍ എന്നീ മാര്‍ഗങ്ങള്‍ അധികാരികള്‍ യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാവുന്നു. 2016 മുതല്‍ 2020 വരെയുള്ള 'റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സി'ന്റെ മാധ്യമസ്വാതന്ത്ര്യസൂചികയില്‍ 180 രാജ്യങ്ങളുടെ പട്ടികയില്‍ ഒമ്പതുസ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യ 142-ാമതാണിപ്പോള്‍.

വേണം, വിയോജിപ്പിനുള്ള അവകാശം

ഇനിയും വീര്യംകുറഞ്ഞിട്ടില്ലാത്ത കര്‍ഷകപ്രക്ഷോഭത്തിലേക്ക് തിരിച്ചുവന്നാല്‍, കുറഞ്ഞ താങ്ങുവില എടുത്തുകളയുന്നതിലുള്ള പ്രതിഷേധം മാത്രമായല്ല നാമതിനെ കാണേണ്ടത്. നിലവിലുള്ള വ്യവസ്ഥിതിയില്‍ വിലപേശലിലൂടെ പരാതികളുന്നയിക്കാനുള്ള തങ്ങളുടെ ന്യായമായ അവസരം വളരെക്കുറവാണെന്ന് കര്‍ഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ സമരം സാക്ഷ്യപ്പെടുത്തുന്നത് അതാണ്. ജനാധിപത്യ-പാര്‍ലമെന്ററി മര്യാദകള്‍ കാറ്റില്‍പ്പറത്തി, ശരിയായ ചര്‍ച്ചയോ സംവാദമോ ഇല്ലാതെ, പ്രതിപക്ഷത്തിന് അവസരംനല്‍കാതെ വിവാദകര്‍ഷകനിയമങ്ങള്‍ പാര്‍ലമെന്റില്‍ ഏകപക്ഷീയമായി അവതരിപ്പിച്ച് ബി.ജെ.പി. ഈ സംശയമുറപ്പിക്കുകയും ചെയ്തു. ജനാധിപത്യപരമായ വിലപേശലിന് ന്യായമായ ഇടങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ തെരുവിലെ പ്രതിഷേധങ്ങള്‍ക്കടക്കം ജനങ്ങള്‍ തങ്ങളുടേതായ മാര്‍ഗങ്ങള്‍ തേടുന്നത് സ്വാഭാവികമാണ്. അല്പംകൂടി വിശാലമായി പറഞ്ഞാല്‍, നിയമപരമായ എതിര്‍പ്പുയര്‍ത്താന്‍ അല്ലെങ്കില്‍ ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയാകാത്തതരത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സാധിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിലൊന്നാണ്. വിയോജനത്തിന്റെ കാഴ്ചപ്പാടുകളോടുള്ള അസഹിഷ്ണുതയല്ല, മറിച്ച് വിയോജിപ്പുകളില്‍ സൗഹാര്‍ദപരമായ പരിഹാരംതേടലാണ് ജനാധിപത്യത്തിന്റെ കാതല്‍. എല്ലാ വിയോജിപ്പുകളെയും ക്രിമിനല്‍വത്കരിക്കാനുള്ള ഈ ശ്രമമാണ് നമ്മെ വല്ലാതെ അസ്വസ്ഥമാക്കുന്നത്.

റോമന്‍ ചരിത്രത്തില്‍ എന്റെ അച്ഛന് ഏറ്റവും പ്രിയപ്പെട്ട ഒരു സന്ദര്‍ഭത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് അവസാനിപ്പിക്കട്ടെ. യുദ്ധവിജയത്തിനുശേഷം റോമിലേക്ക് വിജയശ്രീലാളിതരായി മടങ്ങുന്ന പടനായകരുടെ ചെവിയിലേക്ക് 'ഓര്‍ത്തോളൂ, ഒരിക്കല്‍ നീയും മരിക്കും' എന്ന് സദാ മന്ത്രിച്ചുകൊണ്ടേയിരിക്കുന്ന അടിമയുടേതാണ് ആ ബിംബം. ശാശ്വതമായ ഉപദേശമാണത്. ഒരു ജനാധിപത്യ രാജ്യമാണെന്ന് നമ്മളിപ്പോഴും അവകാശപ്പെടുന്നതുപോലെ.

(രാജ്യസഭാംഗമാണ് ലേഖകന്‍)

content highlights: Lakhimpur Kheri deaths, article by MV Shreyamskumar