കന്‍ ലവ് സിന്‍ഹയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയതായിരുന്നു ജന്‍മനാട്ടില്‍ ശത്രുഘ്‌നന്‍ സിന്‍ഹ.ബിഹാറിന്റെ ചൂടും പൊടിയും 'ബിഹാറി ബാബു'വിനെ തെല്ലും ക്ഷീണിപ്പിച്ചിട്ടില്ല.പട്‌ന നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ നിശ്ചയിച്ച സമയത്ത് തന്നെ അഭിമുഖത്തിന് അദ്ദേഹം തയ്യാര്‍.''കേരളം എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ്.സുന്ദരമായ നാട്. നാടിന്റെ വളര്‍ച്ചക്കായി കേരളത്തിന് പ്രതിജ്ഞാബദ്ധതയും ദൃഢനിശ്ചയവുമുണ്ട് ''-കേരളത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കിട്ടാണ് അദ്ദേഹം തുടങ്ങിയത്.

2013 മുതല്‍ ഏഴ് വര്‍ഷത്തിനിടയില്‍ മൂന്നാം വട്ടമായിരുന്നു ശത്രുവുമായി 'മാതൃഭൂമി'ക്ക് വേണ്ടി  അഭിമുഖം നടത്തുന്നത്. മാതൃഭൂമി ന്യൂസ് ചാനലിനായിരുന്നു ആദ്യം അഭിമുഖം നല്‍കിയത്.തുടര്‍ന്ന് ആഴ്ചപ്പതിപ്പിനായി ദീര്‍ഘ സംഭാഷണം. രണ്ടും ബി.ജെ.പി എം.പിയായിരിക്കുമ്പോള്‍ ഡല്‍ഹിയിലെ വസതിയില്‍ വച്ച്. ബി.ജെ.പിയിലെ മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ അസ്വസ്ഥനായിരുന്ന ശത്രു നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. തുടര്‍ന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പട്ന സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.

കഴിഞ്ഞ ദിവസം വീണ്ടും പട്നയില്‍ വെച്ച് മാതൃഭൂമി ദിനപത്രത്തിനായി  കാണുമ്പോള്‍ ശത്രുഘ്നന്‍ സിന്‍ഹ  കോണ്‍ഗ്രസ് നേതാവ്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും  അദ്ദേഹം സംസാരിച്ചു.

ബിഹാറില്‍ വോട്ടെടുപ്പ് തുടരുകയാണ്.ബിഹാറിന്റെ മനസ്സ് വായിക്കാന്‍ കഴിയുന്നുണ്ടോ ?

ബിഹാര്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു.നിലവിലുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും കഴിഞ്ഞ 15 വര്‍ഷമായി വികസനം എന്ന പേരില്‍ സ്വീകരിച്ച നടപടികളിലും ജനങ്ങള്‍ അസന്തുഷ്ടരാണ്. വികസനം എന്ന് കൊട്ടിഘോഷിച്ച് പാലങ്ങളുണ്ടാക്കുക, ഉദ്ഘാടനത്തിന് തൊട്ടു പിന്നാലെ പൊളിഞ്ഞു വീഴുക ഇതൊക്കെ പതിവായിരിക്കുന്നു. യുവാക്കള്‍ കടുത്ത നിരാശയിലും കടുത്ത രോഷത്തിലുമാണ്. ബിഹാറിലെ എല്ലാ രണ്ടാമത്തെയാളും തൊഴില്‍ രഹിതനാണ്. ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങള്‍ തകര്‍ന്നു കഴിഞ്ഞു. ലോക്ഡൗണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികള്‍ 44 ദിവസമൊക്കെ നടന്നിട്ടാണ് ബിഹാറില്‍ തിരിച്ചെത്തിയത്. ചിലര്‍ വഴിയില്‍ വീണ് മരിച്ചു. ചിലര്‍ അപകടങ്ങളില്‍ മരിച്ചു. അവര്‍ക്ക് വെള്ളമോ ഭക്ഷണമോ നല്‍കാന്‍ സര്‍ക്കാര്‍ ഒരു സംവിധാനവും ഒരുക്കിയില്ല. ബിഹാറിലെ ജനത മറ്റ് സംസ്ഥാനങ്ങളുമായി ബിഹാറിനെ താരതമ്യപ്പെടുത്തുമ്പോള്‍, തങ്ങള്‍  അവഗണിക്കപ്പെട്ടതായും വിവേചനത്തിനിരയായതായും അവര്‍ക്ക് തോന്നും. ഇപ്പോള്‍ യുവാക്കള്‍ ചോദ്യങ്ങളുയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. നിതീഷും ബി.ജെ.പി നേതാക്കളുമാണ് മറുപടി നല്‍കേണ്ടത്. ബി.ജെ.പി നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് ബന്ധമുണ്ട്. അവര്‍ക്ക് നേരിട്ട് പിന്തുണയും സഹായ പദ്ധതികളും ലഭിക്കാന്‍ എളുപ്പമുണ്ട്. തന്ത്രങ്ങളുടെ ആചാര്യന്‍ എന്ന് അറിയപ്പെടുന്ന പ്രധാനമന്ത്രി അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നുമുണ്ട്. പക്ഷെ ബിഹാറില്‍ ഒന്നും  നടക്കുന്നില്ല. പ്രധാനമന്ത്രി നിരവധി കാര്യങ്ങള്‍ ബിഹാറിനായി വാഗ്ദാനം ചെയ്തു. എല്ലാം ലംഘിക്കപ്പെട്ടു. ബിഹാര്‍ ലംഘിക്കപ്പെട്ട വാഗ്ദാനങ്ങളുടെ സംസ്ഥാനമാണ്. അറുപതിനായിരം കോടി,എഴുപതിനായിരം കോടി,ഒരു ലക്ഷം കോടി എന്നിങ്ങനെ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നു.വലിയ ചക്രവര്‍ത്തിയെപ്പോലെ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും നിരത്തുന്നു .ഇന്നു വരെ ഒന്നും ബിഹാറിന് നല്‍കിയിട്ടില്ല. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പതിനാറായിരം കോടിരൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിനുള്ള ലോലിപോപ്പ് പോലെ.ബിഹാറിന് പ്രത്യേക പദവി നല്‍കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പ്രത്യേക പാക്കേജ് നല്‍കുമെന്ന് പ്രഖ്യാപിച്ചു. ആ പാക്കേജ് എവിടെ ? ഒടുവില്‍ നിങ്ങള്‍ കാണുന്നത് ബിഹാറിന്റെ പ്രതിഷേധിക്കുന്ന മനോഭാവമാണ്. നമ്മുടെ യുവജനങ്ങള്‍ ഒരു ഉത്തരത്തിനായി കാത്തിരിക്കുകയാണ്, ഒരു മാറ്റത്തിനായി കാത്തിരിക്കുകയാണ്. ജനങ്ങള്‍ മടുത്തിരിക്കുന്നു. അതിനാല്‍ ബിഹാറില്‍ മാറ്റം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ ഉണര്‍വാണ് പരക്കെ കാണാന്‍ കഴിയുന്നത്. ആത്യന്തികമായി ജനശക്തി ഇവിടെ ഉണ്ട്. ആ യുവജനശക്തിയുടെ പ്രതീകമാണ് തേജസ്വി. ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ 10 ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കുമെന്ന വാഗ്ദാനം തേജസ്വി നടത്തുമ്പോള്‍ ജനങ്ങള്‍ അതില്‍ വിശ്വസിക്കുന്നു. ജനങ്ങള്‍ക്ക് തേജസ്വിയെ വിശ്വാസമുണ്ട്. മൂന്ന് ലക്ഷത്തോളം അധ്യാപകരുടെ ഒഴിവുകള്‍ നിലവില്‍ ബിഹാറിലുണ്ട്. ആരോഗ്യമേഖലയില്‍ ഒരു ലക്ഷത്തോളം ഒഴിവുണ്ട്. ആയിരക്കണക്കിന് ഡോക്ടര്‍മാരുടെ വേക്കന്‍സികള്‍ ഒഴിഞ്ഞു കിടക്കുന്നു. ഇതെല്ലാം നികത്താമെന്നാണ് തേജസ്വി പറയുന്നത് . ജനങ്ങളുടെ ആവശ്യത്തിന് അനുസരിച്ചാണ് തേജസ്വി വളര്‍ന്നുവന്നത്. അതൊരു നല്ല ചിഹ്നമാണ്. ജനങ്ങള്‍ പൂര്‍ണമായും അതിനെ അംഗീകരിക്കുന്നു.ഏതായാലും അന്തിമമായി ജനങ്ങള്‍ വിധിച്ച മാറ്റം എന്താണെന്ന് അറിയാന്‍ കാത്തിരിക്കാം.

ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളുടെ കൂടി വിലയിരുത്തല്‍ ആകുമോ ?

തീര്‍ച്ചയായും. ഞങ്ങള്‍ ബിഹാര്‍ തിരഞ്ഞെടുപ്പിനെ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളുടെ ഹിതപരിശോധനയായാണ് കാണുന്നത്.ലോകം മുഴുവന്‍ ഈ തിരഞ്ഞെടുപ്പിനെ ഉറ്റു നോക്കുകയാണ്.  ഈ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ദിശ,അവസ്ഥ എന്നിവ നിശ്ചയിക്കും.ജനപ്രിയ പ്രധാനമന്ത്രിയെന്നല്ലേ നരേന്ദ്രമോദി അവകാശപ്പെടുന്നത്. വലിയ വര്‍ത്തമാനങ്ങള്‍ പറയും.തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കും.എന്നാല്‍ ഒന്നും നടപ്പാക്കുകയില്ല.നോട്ട് പിന്‍വലിക്കല്‍ നടപടിക്ക് ശേഷം അതീവ ദുര്‍ബലനും ജനപിന്തുണയില്ലാത്ത അവസ്ഥയിലുമാണ് പ്രധാനമന്ത്രി.ആരാധകരെ തൃപ്തിപ്പെടുത്താനായി രാജ്യത്ത് അര്‍ധരാത്രിയില്‍ ജി.എസ്.ടി പ്രഖ്യാപിച്ചയാള്‍ !അതിന് ശേഷം ഇന്ന് വരെ എല്ലാ ദിവസവും ജി.എസ്.ടിക്ക്  ഭേദഗതി കൊണ്ടു വരികയാണ്.ഇതുവരെ ഒരു പത്രസമ്മേളനമെങ്കിലും പ്രധാനമന്ത്രി നടത്തിയിട്ടുണ്ടോ ?എന്തിനാണ് അദ്ദേഹം പ്രചരണറാലികള്‍ക്ക് വരുന്നത് ?നേരത്തെ എഴുതിത്തയ്യാറാക്കിയ തിരക്കഥ അനുസരിച്ചുള്ള റാലികളാണിത്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ തെറ്റായ നയങ്ങളുമാണ് രാജ്യത്തിന്റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം.ജനങ്ങള്‍ വന്‍ തോതില്‍ അദ്ദേഹത്തിന് എതിരായി കഴിഞ്ഞു.ബിഹാര്‍ തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ മോദിക്ക് മറുപടി നല്‍കും.

 

രാജ്യത്തിന്റെ ദിശ നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ്

ബംഗാള്‍ ഉള്‍പ്പടെയുള്ള നിയമസഭകളിലേക്ക് തിരഞ്ഞടുപ്പ് നടക്കാനിരിക്കുകയാണ്.ഈ ജനവിധി ദേശീയ തലത്തില്‍ ചലനങ്ങളുണ്ടാക്കുമോ ?

തീര്‍ച്ചയായും. ഞാന്‍ പറഞ്ഞില്ലേ, പ്രധാനമന്ത്രിയുടെ പ്രകടനത്തിന്റെ വിലയിരുത്തലായാണ് ലോകം ഇതിനെ കാണുന്നത്. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജനങ്ങള്‍ തന്നെ പ്രധാനമന്ത്രിയോട് അദ്ദേഹത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ചോദിക്കും. വിശ്വാസ്യത ഒരിക്കല്‍ തകര്‍ന്നാല്‍, നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ അതിന് മറുപടി നല്‍കും. ഉറുദുവില്‍ ഒരു കവിതാ ശകലമുണ്ട്- ''നിങ്ങളാണ് ക്യാപറ്റന്‍. നിങ്ങള്‍ക്ക് കയ്യടി (താലി) കിട്ടുന്നത് പോലെ തന്നെ  നിങ്ങള്‍ക്ക് ശകാരവും(ഗാലി)കിട്ടും ''എന്ന അര്‍ഥമുള്ള കവിതാ ശകലം. അതു പോലെ കയ്യടിയും കല്ലേറും ക്യാപ്റ്റന് തന്നെയാണ് ലഭിക്കുക. വഴിയൊഴിഞ്ഞ് തരാന്‍ ജനങ്ങള്‍ ആവശ്യപ്പെടും.അതു കൊണ്ടാണ് ഈ  തിരഞ്ഞെടുപ്പ് രാജ്യത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന തിരഞ്ഞെടുപ്പാകുന്നത്.

15 വര്‍ഷത്തെ ലാലുവിന്റെ ഭരണവും 15 വര്‍ഷത്തെ നിതീഷിന്റെ ഭരണവും താരതമ്യം ചെയ്യാനാണ് എന്‍.ഡി.എ ജനങ്ങളോട് ആവശ്യപ്പെടുന്നത്. ഇതെക്കുറിച്ച് എന്ത് പറയുന്നു ?

ഇതും നേരത്തെ തയ്യാറാക്കിയ തിരക്കഥയാണ്.15 വര്‍ഷം മുമ്പ് ഈ സംസ്ഥാനത്ത് എന്തു നടന്നുവെന്ന് അറിയുന്നതില്‍ എന്ത് താല്‍പര്യമാണ് ഇപ്പോഴുള്ളത്.15 വര്‍ഷം മുമ്പ് എന്തു നടന്നു എന്നതിനെക്കുറിച്ച് ഈ യുവ വോട്ടര്‍മാരില്‍ പലര്‍ക്കും അറിവുണ്ടായിരിക്കില്ല.അവര്‍ കുഞ്ഞുങ്ങളായിരുന്നിരിക്കും .15 വര്‍ഷമായി നിതീഷല്ലേ ബിഹാര്‍ ഭരിക്കുന്നത് ? ക്യാപ്റ്റന്‍ എന്ന നിലയില്‍ കഴിഞ്ഞ 15 വര്‍ഷമായി ബിഹാറില്‍ നിതീഷ് എന്ത് ചെയ്തു ? അത് പറയൂ. ചര്‍ച്ച ചെയ്യൂ. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഫ്‌ലാഷ്ബാക്ക് ഉയര്‍ത്തി സംസാരിക്കുന്നത് പോലെയാണിത്. ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ കാര്യം  നമുക്ക് അറിയാം. അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ലഡാക്കിലും മറ്റ് സ്ഥലങ്ങളിലും എന്ത് നടക്കുന്നു എന്ന് ചോദിക്കുമ്പോള്‍, നെഹ്രു ചൈനക്ക് സ്ഥലം വിട്ടു കൊടുത്തു, നെഹ്രുവിന് അത് പറ്റി, ഇത് ചെയ്തു എന്നൊക്കെ പ്രധാനമന്ത്രി വാതോരാതെ പ്രസംഗിക്കും. എന്നാല്‍ ഇപ്പോള്‍ അതിര്‍ത്തിയില്‍ എന്ത് സംഭവിക്കുന്നു എന്ന് ജനങ്ങളോട് പറയൂ. അത് പറയില്ല.അതുപോലെ 15 വര്‍ഷം മുമ്പുള്ള കാര്യം പറഞ്ഞ് വീണ്ടും ബിഹാറിലെ ജനങ്ങളെ വിഡ്ഡിയാക്കാനാണ് എന്‍.ഡി.എ.യുടെ ശ്രമം. 15 വര്‍ഷം മുമ്പ് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ ലാലുജിയെ ശിക്ഷിച്ചു കഴിഞ്ഞു.15 വര്‍ഷം അവരെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തി. എന്തിനാണ് ലാലുവിന്റെ മകനെ അതിലേക്ക് വലിച്ചിഴക്കുന്നത്. തേജസ്വിക്കെതിരെ സര്‍ക്കാര്‍ പല തരം കേസുകള്‍ എടുത്തിരിക്കുന്നു. ഈ കേസുകളെടുക്കുമ്പോള്‍  തേജസ്വിക്ക് പ്രായപൂര്‍ത്തിയായിട്ടു പോലുമില്ല. കേസെടുത്തത് സത്യസന്ധമായാണോ ?.അതോ കഴിവുള്ള, ശേഷിയുള്ള, ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരുന്ന, പ്രവര്‍ത്തിക്കുന്ന ഒരാളായതു കൊണ്ടാണോ ? ഇക്കഴിഞ്ഞ 15 വര്‍ഷമായി നിതീഷല്ലേ ഇവിടെ ഭരിക്കുന്നത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ കഴിഞ്ഞ 15 വര്‍ഷമായി ബിഹാറില്‍ എന്ത് ചെയ്തു ?അക്കാര്യമല്ലേ ചര്‍ച്ച ചെയ്യേണ്ടത്. സിനിമാ ലോകത്ത് ഒരു രീതിയുണ്ട്. ഏറ്റവും ഒടുവില്‍ ഹിറ്റായ സിനിമയുടെ പേരിലായിരിക്കും നിങ്ങളെ വിലയിരുത്തുക. നിങ്ങളുടെ വിശ്വാസ്യത,കഴിവ് തുടങ്ങിയവ അളക്കുന്നത് നിങ്ങളുടെ തൊട്ടുമുമ്പുള്ള  പ്രകടനം അടിസ്ഥാനമാക്കിയാണ്.ഇപ്പോള്‍ ബിഹാറില്‍ എന്താണ് സംഭവിക്കുന്നത്.അതല്ലേ വിലയിരുത്തേണ്ടത് ? നിങ്ങളെന്തിനാണ് 15 വര്‍ഷം മുമ്പുള്ള ലാലു യാദവിനെയും തിരക്കി പോകുന്നത്. അതുപോലെ,നിതീഷിന്റെ ഭരണകാലവും വിലയിരുത്തപ്പെടും. തിരഞ്ഞെടുപ്പ് ഫലവും അതിന് അനുസരിച്ചായിരിക്കും. ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ പ്രചാരണത്തിന് പോകുന്ന സ്ഥലത്തെല്ലാം ജനങ്ങളുടെ ആവേശം കാണാന്‍ സാധിക്കും. ആവേശത്തിന്റെ ഉരുള്‍പൊട്ടലാണ് എങ്ങും. തിരഞ്ഞെടുപ്പ് ഫലവും അതിന് അനുസരിച്ചായിരിക്കും. യുവാക്കളുടെ രോഷവും ആകാംക്ഷയും എനിക്ക് കാണാന്‍ കഴിയും. ഞാന്‍ ഇത്തരമൊരു പ്രതികരണം ഇതിന് മുമ്പ് കണ്ടിട്ടില്ല.

shathrughnan sinha
ലേഖകനോടൊപ്പം ശത്രുഘ്നന്ഡ സിൻഹ |
ഫോട്ടോ : മാതൃഭൂമി

ലാലു താങ്കളുടെ അടുത്ത സുഹൃത്താണ്.ലാലുവിന്റെ അഭാവം തിരഞ്ഞെടുപ്പില്‍ നിഴലിക്കുന്നുണ്ടോ ?

ലാലു പുറത്തില്ലെങ്കിലും അദ്ദേഹത്തിന്റെ അനുഗ്രഹം ഇവിടെയുണ്ടെന്നാണ് ബിഹാറിലെ ജനങ്ങള്‍ കരുതുന്നത്. തിരഞ്ഞെടുപ്പ രംഗത്ത് അദ്ദേഹം ഉണ്ടായിരിക്കണമെന്ന് പലരും ആഗ്രഹിക്കുന്നു, ഞാനും അത്തരത്തിലാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം ഏത് നിമിഷവും ഇവിടെ എത്തുമെന്ന് ഞാന്‍ കരുതുന്നു. ലാലു ഇവിടെയുണ്ടെങ്കില്‍ തിളക്കം ഏറും. അദ്ദേഹം ഇല്ലെങ്കില്‍ അത് മഹാസഖ്യത്തിന് അനുകൂലമായ സഹതാപമായി മാറുകയും ചെയ്യും. അതുപോലെ,തേജസ്വിയും  നല്ല വ്യക്തിയാണ്. ലാലുവിന്റെ മക്കള്‍ ഒത്തിരി കാര്യങ്ങള്‍ അനുഭവങ്ങളില്‍ നിന്ന് പഠിച്ചു. ആള്‍ക്കൂട്ടത്തിന്റെ നേതാവാണ് ലാലു പ്രസാദ് യാദവ്. അന്യ സംസ്ഥാനങ്ങല്‍ മാത്രമല്ല,അന്യ രാജ്യങ്ങളില്‍ പോലും അദ്ദേഹത്തിന് ജനപ്രിയതയുണ്ട്. അദ്ദേഹത്തെ ചതിയില്‍പ്പെടുത്തി ജയിലില്‍ അടച്ചതാണെന്ന് പലരും കരുതുന്നുണ്ട്.ഇനി ഒരു ജാമ്യാപേക്ഷ മാത്രമാണ് പരിഗണിക്കാനുള്ളത്.അതു കഴിഞ്ഞാല്‍ ലാലു പുറത്തു വരും.

എന്നാല്‍  സര്‍ക്കാരിനെ നയിക്കാനുള്ള ശേഷി  തേജസ്വിക്ക് ഇല്ലെന്നാണല്ലോ മറുപക്ഷം പറയുന്നത് ?നിതീഷും ഇക്കാര്യം ഉന്നയിക്കുന്നുണ്ട്. എങ്ങനെ ഈ ആക്ഷേപത്തെ കാണുന്നു ?


നിതീഷ് എന്റെ അടുത്ത സുഹൃത്താണ്.അദ്ദേഹം എന്നെ ബിഹാറിന്റെ അഭിമാനം എന്നാണ് വിളിക്കുക. ബിഹാറി ബാബു എന്നാണ് വിശേഷിപ്പിക്കുക.എനിക്ക് അതില്‍ നന്ദിയുണ്ട്. സന്തോഷമുണ്ട്. അദ്ദേഹം ഇപ്പോഴും എന്റെ സുഹൃത്തായി തുടരുന്നുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍, നിതീഷിനെപ്പൊലെ ഒരു നേതാവ് തേജസ്വിയെക്കുറിച്ച് അങ്ങനെ പറയുന്നുണ്ടെങ്കില്‍, ഇത് നിരാശയില്‍ നിന്ന് വരുന്ന സംസാരമാണ്. സംഭവിച്ചു കൊണ്ടിരിക്കുന്ന അനിവാര്യമായ കാര്യങ്ങളില്‍ അവര്‍ക്ക് പേടിയായിരിക്കുന്നു. കള്ളക്കടത്തോ കരിഞ്ചന്തയോ ചെയ്യാന്‍ താത്ര്യമില്ലാത്തവരെ കഴിവില്ലാത്തവരെന്ന് മുദ്ര കുത്താന്‍ ശ്രമിക്കുകയാണ് ഇവര്‍. അവസരം നല്‍കാതെ എങ്ങനെയാണ് ഒരാളുടെ കഴിവ് അളക്കുക ? മുഖ്യന്ത്രി എല്ലാ കഴിവുകളും ഒരുമിച്ചുള്ള ആളായിരിക്കേണ്ടതില്ല.കാരണം,ഒരാള്‍ ഒറ്റയ്ക്കല്ല ഭരണം നടത്തുക.നരേന്ദ്രമോദി ഒറ്റയ്ക്കാണോ ഈ രാജ്യം ഭരിക്കുന്നത്. അദ്ദേഹത്തിന്റെ ഒപ്പം ഒരു ടീം ഇല്ലേ ?അതുപോലെ തേജസ്വിക്കും അദ്ദേഹത്തിന്റേതായ ടീമുണ്ടാകും. കാര്യങ്ങള്‍ വിശദമായി പഠിച്ചതിന് ശേഷമാണ് തേജസ്വിയുടെയും തുടക്കം. അതിനെ അംഗീകരിക്കണം. പ്രോത്സാഹിപ്പിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. കേരളമായാലും ബംഗാളായാലും മഹാരാഷ്ട്രയായാലും  എവിടെയായാലും ജനങ്ങളാണ് അന്തിമമായി വിധികര്‍ത്താക്കള്‍. നിങ്ങള്‍ക്ക് എല്ലാവരെയും എല്ലാ കാലത്തും വിഡ്ഢികളാക്കാന്‍ കഴിയില്ല.നമുക്ക് ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിയില്ലെങ്കില്‍ അവസരം കിട്ടുമ്പോള്‍ അവര്‍ പ്രതികരിക്കും.

 

വി.എസ്.അച്യുതാനന്ദന്‍ ആദരണീയനായ നേതാവ്

അങ്ങനെയെങ്കില്‍ ഈ തിരഞ്ഞെടുപ്പ് ബിഹാറിലെ പഴയ രാഷ്ട്രീയ നേതാക്കളുടെ യുഗാവസാനമാണോ ?


അല്ല. അങ്ങനെ ഒരവസാനമില്ല. മുതിര്‍ന്ന നേതാക്കളുടെ ആശിര്‍വാദം യുവനേതാക്കള്‍ക്കുണ്ടാകണം. യുവാക്കള്‍ക്ക് ശേഷിയുണ്ടാകും. പഴയ തലമുറയ്ക്ക് അനുഭവപരിചയവും. അപ്പോള്‍ യുവതലമുറയും മുതിര്‍ന്ന തലമുറയും യോജിച്ചാല്‍,അവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍, ഉജ്ജ്വലമാകും. ആര്‍ക്കും തോല്‍പിക്കാന്‍ കഴിയില്ല. യുവാക്കള്‍ മാത്രമേ പാടുള്ളു എന്ന നിലപാട് ശരിയല്ല. അനുഭവ പരിചയമുള്ളവര്‍ വേണം. ശേഷിയുള്ളവര്‍ വേണം. നിരവധി മുതിര്‍ന്ന നേതാക്കള്‍ രാജ്യത്തുണ്ട്. ഞാന്‍ എപ്പോഴും ആദരിക്കുന്ന നേതാവാണ്  കേരളത്തിലെ മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്‍. അദ്ദേഹത്തിന്റെ സ്വാധീനത്തെക്കുറിച്ച് ഓര്‍ത്തു പോകുകയാണ്. കേരളത്തിലെ ഏറ്റവും ആദരണീയനായ,അംഗീകരിക്കപ്പെട്ട നേതാവ്. 97 വയസ്സായി. ഈ വയസ്സിലും അദ്ദേഹത്തിന്റെ ഊര്‍ജ്ജവും ഉത്സാഹവും ശ്രദ്ധേയമാണ്. മഹാനാണ് അദ്ദേഹം. എത്രയോ വലിയ മനുഷ്യന്‍,എത്രയോ വലിയ അനുഭവങ്ങള്‍. അദ്ദേഹം കേരളത്തിന്റെ അജണ്ടകള്‍ മാറ്റിയെഴുതി. ഇത്തരം അനുഭവ സമ്പത്തുള്ള മുതിര്‍ന്ന നേതാക്കളെയും യുവനേതാക്കളെയും ഒരുമിച്ച് കൊണ്ടു പോകാന്‍ കഴിയണം.

ചിരാഗ് പസ്വാന്റെ സാന്നിധ്യം ആരെയാണ് സഹായിക്കുക ?


എനിക്ക് അതെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. എനിക്ക് രാം വിലാസ് പസ്വാനോടും കുടുംബത്തോടും അങ്ങെയറ്റത്തെ ആദരവാണുള്ളത് . രാം കാ ചോട്ടാ ഭായ് എന്നാണ് എന്നെ കണ്ടാല്‍ അദ്ദേഹം വിളിക്കാറുള്ളത്. പക്ഷെ ഇപ്പോള്‍ ചിരാഗുണ്ടാക്കിയിരിക്കുന്ന ചക്രവ്യൂഹത്തെക്കുറിച്ച്  എനിക്ക് ആശയക്കുഴപ്പമാണ്. താന്‍ ബി.ജെ.പിയെ പിന്തുണക്കുന്നുവെന്ന് ചിരാഗ് പറയും. എന്നാല്‍ ഞങ്ങള്‍ അയാള്‍ക്കൊപ്പം ഇല്ലെന്ന് ബി.ജെ.പി പറയുന്നു. പ്രധാനമന്ത്രി വിശദീകരിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ മോദി തികഞ്ഞ മൗനത്തിലാണ്. നിതീഷും ചിരാഗും തമ്മില്‍ ഏറ്റുമുട്ടുന്നു. വിഷയത്തില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ബി.ജെ.പി പറയുന്നു.എന്നാല്‍ ചിരാഗ് ബി.ജെ.പിയുടെ ബി.ടീമാണെന്ന് ജനം സംശയിക്കുന്നു.നിരവധി കാര്യങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ, തിരഞ്ഞെടുപ്പില്‍ ചിരാഗ് പസ്വാന്റെ സാന്നിധ്യം ശക്തമായ ഘടകമാണെന്ന് എനിക്ക് തോന്നുന്നില്ല.

എല്ലാ വിഷയങ്ങള്‍ക്കും ഉപരിയായി ജാതി ബിഹാര്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ഘടകമല്ലേ.ജാതി ഘടന ഇക്കുറി എങ്ങനെയായിരിക്കും പ്രവര്‍ത്തിക്കുക ?

ജാതി ഘടന ഇക്കുറിയും പ്രവര്‍ത്തിച്ചേക്കാം. പതിവ് പോലെ. എന്നാല്‍ അത് പ്രധാനപ്പെട്ട ഘടകമാകില്ല. ബിഹാറില്‍ മാത്രമല്ല, രാജ്യത്ത് എല്ലായിടത്തും ജാതി സ്വാധീനം കൂടിയും കുറഞ്ഞും ഉണ്ട്. എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. അളവിന്റെ കാര്യത്തില്‍ മാത്രമേ വ്യത്യാസമുള്ളു.ചിലയിടത്ത് കൂടുതലും ചിലയിടത്ത് കുറവുമായിരിക്കും.കേരളത്തിലും ബംഗാളിലും  ഇത്തരം കാര്യങ്ങള്‍ എത്രത്തോളം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ല. നിരവധി സംസ്ഥാനങ്ങളില്‍ ഇത് സംഭവിക്കുന്നുണ്ട്.എന്നാല്‍ ബിഹാറില്‍ ഇക്കുറി  ജനരോഷം, ആകാംക്ഷ, ആഹ്ലാദം എന്നിവയാണ് തിരഞ്ഞെടുപ്പില്‍ മുന്നിട്ട് നില്‍ക്കുന്നത്. എങ്കിലും ജാതി ഒരളവ് വരെ സ്വാധീനിക്കുന്ന ഘടകം തന്നെയാണ്. സ്വന്തം ജാതിയും ജാതി നേതാക്കളെയും തിരിച്ചറിയുകയും കണ്ടെത്തുകയും ചെയ്യുന്ന പ്രവണതയുണ്ടാകും. സ്വാതന്ത്ര്യത്തിന് ശേഷം 70 വര്‍ഷം കഴിഞ്ഞിട്ടും അത് നിലനില്‍ക്കുന്നുണ്ട്.അതില്ലെന്ന് പറയാന്‍ എനിക്ക് കഴിയില്ല.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവും കാശ്മീരിലെ നടപടികളുമൊക്കെ ബി.ജെ.പി പ്രചരണ വിഷയമാക്കുന്നുണ്ടല്ലോ.ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിന് ഇത് കാരണമാകില്ലേ ?

ഇവിടെ ഇത്തരം വിഷയങ്ങള്‍ പറയുന്നതിന് എന്താണ് അര്‍ഥം  ? ബിഹാറിലെ ഇപ്പോഴത്തെ പ്രശ്‌നം വികസനമാണ്.വികസനം, ബിഹാറിന് പ്രത്യേക പാക്കേജ്, സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍, അവയുടെ അവസ്ഥ, തൊഴിലില്ലായ്മ, അതിനുണ്ടാക്കിയ പരിഹാരം, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഇതൊക്കെയല്ലേ ചര്‍ച്ച ചെയ്യേണ്ടത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി എന്താണ് നിതീഷ് സര്‍ക്കാര്‍ ചെയ്തത് ?അവര്‍ ലോക്ഡൗണ്‍ കാലത്ത് ഇങ്ങോട്ട് വന്നു. ബിഹാറില്‍ തൊഴിലൊന്നും കിട്ടാതെ അവര്‍ വീണ്ടും മടങ്ങിപ്പോവുകയാണ്. എന്താണ് അവര്‍ക്ക് സ്വന്തം നാട്ടില്‍ കഴിയാന്‍ പറ്റാത്തത് ?എന്താണ് അവരുടെ ജീവിത മാര്‍ഗ്ഗം ? അവര്‍ക്ക് എന്ത് കൊടുക്കാന്‍ കഴിയും ? ഇതൊക്കെയല്ലേ സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ ?ഞങ്ങള്‍ ബിഹാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോള്‍ നിങ്ങള്‍ ആഗോള പ്രശ്‌നങ്ങളുമായി വന്നാല്‍ എങ്ങനെയുണ്ടാകും ? കശ്മീരില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു കഴിഞ്ഞു. അത് രാജ്യം മുഴുവന്‍ അറിയാം. ഇനി അതെന്തിനാണ് ചര്‍ച്ച ചെയ്യുന്നത്.നടപ്പാക്കുന്ന സമയത്താണെങ്കില്‍ ചര്‍ച്ചചെയ്യാം. തീരുമാനമെടുത്ത ശേഷം, നടപ്പാക്കിയ ശേഷം എന്ത് ചര്‍ച്ചയാണ് നടത്തേണ്ടത് ?മുത്തലാഖ്  നിരോധിക്കപ്പെട്ടു കഴിഞ്ഞെന്ന് എല്ലാവര്‍ക്കും അറിയാം. രാവിലെ എഴുന്നേറ്റ് സൂര്യനെയും ചന്ദ്രനെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നത് പോലെയാണിതൊക്കെ. എല്ലാവര്‍ക്കും അറിയാം സൂര്യനും ചന്ദ്രനുമുണ്ടെന്ന്. പിന്നെ അതുണ്ടോയെന്ന് ചര്‍ച്ച ചെയ്യുന്നതിന് എന്താണ് പ്രസക്തി ?ഇത്തരം വിഷയങ്ങള്‍ ഇത്തവണ ബിഹാറില്‍ പ്രധാന ചര്‍ച്ചയല്ല. ബിഹാറില്‍ എന്‍.ഡി.എസര്‍ക്കാര്‍ വീണ്ടും വന്നാല്‍ 19 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് നിര്‍മലാ സീതാരാമന്‍ ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തി അവകാശപ്പെടുന്നത്. തേജസ്വി യാദവ് 10 ലക്ഷം തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തപ്പോള്‍ പരിഹസിച്ചവരാണിവര്‍. അങ്ങനെയെങ്കില്‍ 19 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ എന്‍.ഡി.എ.ക്ക് എവിടെ നിന്ന് പണം കിട്ടും ? നിര്‍മല ഉത്തരം പറയട്ടെ. താന്‍ എങ്ങനെയാണ് ജോലി നല്‍കാന്‍ പോകുന്നതെന്ന് തേജസ്വി  തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ബിഹാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ ലക്ഷക്കണക്കിന് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. അത് നികത്തിയും പുതിയ തസ്തികകള്‍ സൃഷ്ടിച്ചുമാണ് തൊഴില്‍ നല്‍കാന്‍ പോകുന്നതെന്ന് തേജസ്വി പറഞ്ഞിട്ടുണ്ട്. അനാവശ്യ പ്രസ്താവനകള്‍ നടത്തുന്ന ധനമന്ത്രിക്ക് എന്ത് വിശ്വാസ്യതയാണുള്ളത് ? പ്രധാനമന്ത്രിക്ക് പൂര്‍ണമായും വിശ്വാസ്യത നഷ്ടമായിരിക്കുന്നു. ജനങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കില്ല.ജനങ്ങളുടെ വിശ്വാസമില്ലെങ്കില്‍ എങ്ങനെയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി തല്‍സ്ഥാനത്ത് തുടരുക. എങ്ങനെ അദ്ദേഹം രാജ്യത്തെ നയിക്കും. ബിഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം ഈ വലിയ ചോദ്യമായിരിക്കും ഉയരാന്‍ പോകുന്നത്.

ബി.ജെ.പിയും കോണ്‍ഗ്രസും
 

ഒടുവില്‍,തിരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത ഒരു ചോദ്യം. ബി.ജെ.പിയില്‍ താങ്കള്‍ ദശകങ്ങളോളം ചെലവിട്ടു. ഇപ്പോള്‍ കോണ്‍ഗ്രസില്‍ അംഗമാണ്. ഈ മാറ്റത്തെക്കുറിച്ച് എന്ത് തോന്നുന്നു ?

ഞാന്‍ വളര്‍ന്നത് ബി.ജെ.പിയിലാണ്. ജയപ്രകാശ് നാരായണന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ഞാന്‍ പൊതുരംഗത്ത് എത്തിയത്. ഒരു ആരോഗ്യകരമായ രാഷട്രീയത്തിനാണ് ആഗ്രഹിച്ചത്. നാനാജി ദേശ് മുഖാണ് എന്നെ രാഷ്ട്രീയം പരിശീലിപ്പിച്ചത്.മുന്‍ പ്രധാനമന്ത്രി ഏ.ബി.വാജ്‌പേയി, ഗുരുവും മാര്‍ഗ്ഗ ദര്‍ശിയുമായ എല്‍.കെ.അദ്വാനി തുടങ്ങിയ നേതാക്കളാണ് എനിക്ക് വഴികാട്ടിയത്.എനിക്ക് അവരോട് കടപ്പാടുണ്ട്.അളവില്ലാത്ത സ്‌നേഹവും അടുപ്പവും അവരില്‍ പലരോടും എനിക്ക് ഇപ്പോഴും ഉണ്ട്.എനിക്ക് ബി.ജെ.പി നേതാക്കളോട്  വ്യക്തിപരമായി ഒരു വിരോധവുമില്ല. എന്നാല്‍ രാഷ്ട്രീയപരമായി വിയോജിപ്പികളുണ്ട്. നോട്ട് പിന്‍വലിക്കല്‍,ജി,എസ്.ടിയിലെ ആശയക്കുഴപ്പങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം എനിക്ക് വിയോജിപ്പുണ്ട്. ഞാന്‍ ഇതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. ഞാന്‍ ഇതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്.

ചില നേതാക്കളുടെ ധാര്‍ഷ്ട്യം,അവരുടെ പെരുമാറ്റമൊക്കെ വിമര്‍ശിക്കപ്പെടേണ്ടതാണ്. ഇവരുടെ ഇടപെടല്‍ മൂലം രാജ്യത്തെ ചില സ്ഥാപനങ്ങള്‍ പോലും നശിച്ചു കൊണ്ടിരിക്കുന്നു. ജുഡീഷ്യറി,മാധ്യമങ്ങള്‍,സി.ബി.ഐ പോലുള്ള സ്ഥാപനങ്ങള്‍ എന്നിവയൊക്കെ ഈ സമ്മര്‍ദ്ദം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ അവസ്ഥ എന്നെ ഭയപ്പെടുത്തുന്നുണ്ട്.

മറ്റൊന്ന് കൂടി. ഞാനാണ് ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ വോട്ട് ശതമാനം നേടി വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ഥി. എന്നാല്‍ എന്റെ സീറ്റിനെക്കുറിച്ച് ഒരു തീരുമാനമെടുക്കുമ്പോള്‍ ഏറ്റവും കുറഞ്ഞത് എന്നോട് സംസാരിക്കുകയെങ്കിലും വേണ്ടേ ?എന്നോട് ചര്‍ച്ച ചെയ്യാതെ,എന്റെ ലോക്‌സഭാ സീറ്റ് എടുത്ത് മാറ്റി. ആ സീറ്റ് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിന് നല്‍കിയെന്ന് മാധ്യമങ്ങളിലൂടെയാണ് ഞാന്‍ അറിഞ്ഞത്. എന്നോട് സംസാരിക്കാതെ,ചര്‍ച്ച ചെയ്യാതെ, എന്റെ ലോക്‌സഭാ സീറ്റ് എടുത്ത് മാറ്റുന്നു. എനിക്ക് രാജ്യസഭാ സീറ്റ് തരാമെന്ന് പറയുന്നു.എന്തിനാണത് ? ഞാന്‍ രണ്ട് പ്രാവശ്യം നേരത്തെ രാജ്യസഭാംഗമായിരുന്നു. എന്നാല്‍ ഇത്തവണ ആസൂത്രിതമായിട്ടായിരുന്നു നീക്കങ്ങള്‍. വോട്ടിംഗ് യന്ത്രങ്ങളും അവരുടെ നിയന്ത്രണത്തിലാണല്ലോ.തന്ത്രങ്ങളിലൂടെയും സൂത്രങ്ങളിലൂടെയും ഭൂരിപക്ഷം ഉറപ്പിക്കാമെന്ന് അവര്‍ കരുതി.അവര്‍ ഒരക്ഷരം എന്നോട് പറഞ്ഞില്ല.ആ നിലയ്ക്ക് തത്വത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ ബി.ജെ.പി വിടാന്‍ ഞാന്‍ തീരുമാനിച്ചു.കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദശകങ്ങള്‍ നീണ്ട ചരിത്രമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.മഹാത്മാഗാന്ധി മുതല്‍ ഉന്നത നേതാക്കളുടെ പാരമ്പര്യമുള്ള പാര്‍ട്ടി. നിരവധി ഗുണപരമായ ഘടകങ്ങള്‍ ഉണ്ട്.ചില ന്യൂനതകളും ഉണ്ട്.ന്യൂനതകള്‍ മറക്കുക.ഗുണപരമായ വശങ്ങളെക്കുറിച്ച് ചിന്തിക്കുക. നല്ലകാര്യങ്ങള്‍ക്കായാണ് കോണ്‍ഗ്രസില്‍ ഞാന്‍ ചേര്‍ന്നത്.

content highlights: Interview with Shathrughnan Sinha, Bihar assembly election 2020