മഹാപ്രളയകാലത്ത് അവധിയെടുത്ത് എറണാകുളത്തെ കളക്ഷന്‍ സെന്ററുകളില്‍ എത്തിയ ഐഎഎസ്സുകാരനായാണ് കണ്ണന്‍ ഗോപിനാഥനെ മലയാളി ആദ്യമായി അറിയുന്നത്. ഇന്ന് ജമ്മുകശ്മീരില്‍ ജനങ്ങള്‍ അനുഭവിക്കുന്ന മൗലികാവകാശനിഷേധങ്ങള്‍ക്കെതിരേ അഭിപ്രായം പ്രകടിപ്പിക്കാന്‍ രാജിവെച്ച് തന്റെ നിലപാട് വ്യക്തമാക്കി വീണ്ടും വാര്‍ത്തകളിലിടം നേടിയിരിക്കുകയാണ് കണ്ണന്‍. യുവ ഐഎഎസ് ഉദ്യോഗസ്ഥനും ദാദ്ര - നഗര്‍ ഹവേലിയിലെ ഊര്‍ജ സെക്രട്ടറിയും ആയ കണ്ണന്‍ ഗോപിനാഥനുമായി മാതൃഭൂമി ഡോട്ട്‌കോം നടത്തിയ അഭിമുഖം
- സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാന്‍ സര്‍വ്വീസ് ചട്ടങ്ങള്‍ തടസ്സമാകുന്നുവെന്ന് പറഞ്ഞാണല്ലോ രാജി. ഏത് തരത്തിലുള്ള സ്വാതന്ത്ര്യമില്ലായ്മയാണ് താങ്കള്‍ അനുഭവിച്ചത്.
സര്‍ക്കാര്‍ ഒരു തീരുമാനമെടുക്കുന്നത് സര്‍ക്കാരിന്റെ അധികാരമാണ്. അതെന്ത് തീരുമാനമാണെങ്കിലും. പക്ഷെ അതുപോലെ തന്നെ അതിനെതിരേ പ്രതികരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ആ പ്രതികരിക്കാനുള്ള അവകാശത്തെ സര്‍ക്കാര്‍ നിഷേധിക്കാന്‍ പാടില്ല. എത്ര ചെറിയ കാര്യമാണെങ്കില്‍ പോലും. ഉദാഹരണത്തിന് പെട്രോള്‍ വില കൂട്ടിക്കഴിഞ്ഞാല്‍ അന്തരീക്ഷ മലിനീകരണം ഭയക്കുന്നവര്‍ ഒരുപക്ഷെ ആ തീരുമാനത്തെ സ്വാഗതം ചെയ്‌തേക്കാം. സൈക്കിളോടിക്കുന്നവരെ അത് ബാധിക്കില്ലായിരിക്കാം. പക്ഷെ വാഹനമോടിക്കുന്നവര്‍ക്ക് ആ തീരുമാനത്തോട് എതിര്‍പ്പായിരിക്കും. പക്ഷെ അതിനോട് പ്രതികരിക്കാനുള്ള അവകാശം ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ എല്ലാവര്‍ക്കുമുണ്ട്. സര്‍ക്കാരിന്റെ ഏത് തീരുമാനവുമായിക്കോട്ടെ അതിനെതിരേ പ്രതികരിക്കുന്നതിനെ നിഷേധിക്കുന്നത് ശരിയല്ല. ജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം വേണം. അതില്ലെന്ന് വ്യക്തമായി ബോധ്യപ്പെട്ടതു കൊണ്ടാണ് രാജി .
- സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ താങ്കളുടെ പൊസിഷനില്‍ നിന്ന് കൊണ്ട് പ്രതികരിക്കുന്നതിന്റെ പരിമിതിയാണോ രാജിയിലേക്ക് നയിച്ചത്. അതോ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നതിലുള്ള പ്രതിഷേധമാണോ രാജി.
370 എടുത്തു മാറ്റുക എന്നത് പൂര്‍ണ്ണമായും സര്‍ക്കാരിന്റെ തീരുമാനമാണ്. എന്നാല്‍ ആ തീരുമാനത്തിനെതിരേ 23 ദിവസമായിട്ടും ജനങ്ങളെ പ്രതികരിക്കാന്‍ അനുവദിക്കാതിരിക്കുന്നതും അവിടുത്തെ നേതാക്കളെ തടവിലിടുന്നതും ഒരു ജനാധിപത്യ വ്യവസ്ഥയ്ക്ക് ഭൂഷണമല്ല. ഇത്രനാളായും ആരും അതിനെതിരേ പ്രതികരിക്കുന്നതും കാണുന്നില്ല. സിസ്റ്റത്തിനകത്ത് ഇരുന്ന് കൊണ്ട് അതിനെതിരേ സംസാരിക്കുന്നത് ശരിയായ കാര്യമല്ല. പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി സര്‍ക്കാരിനെതിരേ സംസാരിക്കാനാവില്ല. പക്ഷെ സര്‍ക്കാര്‍ നയത്തിനെതിരേ ജനങ്ങള്‍ക്കു പോലും സംസാരിക്കാനാവാത്ത അവസ്ഥ ശരിയല്ലല്ലോ.
ജമ്മുകശ്മീര്‍ വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചത് ശരിയല്ല എന്നെനിക്ക് തോന്നി. അത് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം എനിക്ക് വേണം. അങ്ങനൊരു അഭിപ്രായ സ്വാതന്ത്ര്യം അവര്‍ക്കുള്ളത് ഉപയോഗിക്കുന്നതില്‍ നിന്ന് അവരെ തടയുന്നത് ജനാധിപത്യ വ്യവസ്ഥയില്‍ ശരിയല്ല എന്നെനിക്ക് പറയണമെന്ന് തോന്നി. അതു കൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത്. സര്‍വ്വീസില്‍ ഒത്തിരി നല്ല കാര്യങ്ങളും നന്‍മയും സേവനവും ചെയ്യാനുള്ള ഒത്തിരി അവസരമുണ്ട്. പക്ഷെ, ചില കാര്യങ്ങള്‍ മറ്റ് കാര്യങ്ങളേക്കാള്‍ മുഖ്യമാണെന്ന് തോന്നിയതുകൊണ്ടാണ് ഈ രാജി.
സര്‍ക്കാര്‍ തീരുമാനം എത്ര കഠിനമാണെങ്കിലും അതിനെതിരേ ഒരു ജനതയ്ക്ക് പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരേ നമ്മുക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആ സ്വാതന്ത്ര്യം എനിക്കിപ്പോൾ അത്യാവശ്യമാണ്. അത് സര്‍വ്വീസില്‍ ഇരുന്ന് കൊണ്ട് ചെയ്യാന്‍ പറ്റില്ല. രാജിവെച്ചാല്‍ ചെറുതായെങ്കിലും ഒരു സ്വാതന്ത്ര്യമുണ്ടാകുമല്ലോ.
- അപ്പോള്‍ നിലപാട് പ്രഖ്യാപനം കൂടിയാണ് ഈ രാജികൊണ്ടുദ്ദേശിക്കുന്നത്.
രാജികൊണ്ട് നിലപാട് പ്രഖ്യാപിക്കലല്ല ഉദ്ദേശിച്ചത്. രാജിവെച്ച് കഴിഞ്ഞിട്ട് സ്വാതന്ത്ര്യത്തോടെ നിലപാട് ഉയര്‍ത്തിപ്പിടിക്കാം എന്നാണ് ഉദ്ദേശിച്ചത്. പക്ഷെ രാജി തന്നെ നിലപാടായി മാറിത്തീരുകയായിരുന്നു. രാജിസ്വീകരിച്ച ശേഷം അഭിപ്രായം വ്യക്തമാക്കാമെന്നാണ് കരുതിയിരുന്നത്. അതിനാലാണ് പരസ്യമായി ആദ്യമൊന്നും പ്രതികരിക്കാതിരുന്നത്.
ഈ പൊട്ട മെമ്മോയ്ക്കാണോ രാജി എന്ന് സിവിൽ സർവ്വീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പലരും ചോദിച്ചു. അപ്പോള്‍ ഞാനതിന് ഉത്തരം നല്‍കുകയും മെമ്മോയല്ല 22 ദിവസമായി നാം പ്രതികരിക്കാത്ത വിഷയത്തില്‍ പ്രതികരിക്കനാണ് രാജി എന്ന് പറയുകയായിരുന്നു. സത്യത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പിലെഴുതിയത് വെളിയില്‍ പോവുകയും മാധ്യമങ്ങളുടെ കയ്യിലെത്തുകയുമായിരുന്നു. അങ്ങിനെ രാജിതന്നെ നിലപാടായി മാറുകയായിരുന്നു.
മൗലികാവകാശങ്ങളെ സംരക്ഷിക്കുക എന്നതാണ് മൗലികമായ കടമ എന്ന് ഞാന്‍ കരുതുന്നു. അങ്ങിനെ എഴുതിയിട്ടുമുണ്ട് ട്വിറ്ററില്‍ അത് ജനറലായ് പ്രസ്താവനയായേ പറയാന്‍ അന്ന് പറ്റുന്നുണ്ടായിരുന്നുള്ളൂ. വിമര്‍ശനാത്മകമായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
- കശ്മീരിലെ മുന്‍ എൈഎസ് ഓഫീസര്‍ ഷാ ഫൈസലുമായി സംസാരിച്ചിട്ടുണ്ടായിരുന്നോ.
ഒരിക്കലുമില്ല. ഷാ ഫൈസല്‍ എന്റെ മൂന്ന് വര്‍ഷം സീനിയറാണ്. അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. പക്ഷെ ഷാ ഫൈസല്‍ വളരെ ബ്രൈറ്റായ ഒരു ഓഫീസറായിരുന്നു. ഇന്നും ബ്രൈറ്റ് പേഴ്‌സണ്‍ കൂടിയാണ്. ദൃഢനിശ്ചയമുള്ള ആളാണ്.
- അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധമുണ്ടോ.
തീര്‍ച്ചയായിട്ടും പ്രതിഷേധമുണ്ട്. മുന്‍ ഐഎഎസ് ഓഫീസറെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലാക്കി കശ്മീരിലേക്ക് കൊണ്ടു പോവുകയെന്നത് വിഷമമുണ്ടാക്കുന്നതാണ്.
തടങ്കലിലാക്കി എന്ന് മാത്രമല്ല. ഹേബിയസ് കോര്‍പസ് പെറ്റീഷന്‍ പോലും ഒരാഴ്ച കഴിഞ്ഞിട്ടും....(ബാക്കി മുഴുമിപ്പിച്ചില്ല)
ഞങ്ങളുടെ സിവില്‍ സര്‍വ്വീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പോലും ഷാ ഫൈസല്‍ തടങ്കലിലായതിനെതിരേ പ്രതികരണം കണ്ടിരുന്നില്ല. അതെന്തു കൊണ്ടാണ്. എന്തെങ്കിലും പറഞ്ഞാല്‍ തെറ്റായി ധരിക്കുമോ എന്ന പേടികൊണ്ടായിരിക്കും അത്. പക്ഷെ അതെന്റെ മനസ്സിനെ സംഘര്‍ഷഭരിതമാക്കുന്നുണ്ടായിരുന്നു. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യണം എന്ന ഉറച്ച തീരുമാനമെടുക്കുകയും അത് രാജിയില്‍ ചെന്നവസാനിക്കുകയുമായിരുന്നു.
- മെമ്മോ കിട്ടിയത് എന്തിനാണ്
ഇലക്ഷനുമായി ബന്ധപ്പെട്ടാണത്. ഇലക്ഷന്‍ കഴിഞ്ഞയുടനെ ട്രാന്‍സ്ഫര്‍ ഉണ്ടാവുന്നറിയാമായിരുന്നു. പിന്നീട് മെമ്മോ തന്നു. മെമ്മോയില്‍ 5 കാര്യങ്ങളാണ് ചോദിച്ചത്.
1.ഒരു ഫയല്‍ വെക്കാന്‍ താമസമുണ്ടായി.2.കേരളത്തില്‍ പ്രളയത്തിന് വന്നത് ടൂര്‍ ആയി മാറ്റിയിരുന്നു അതേ കുറച്ചുള്ള വിവരങ്ങള്‍ എഴുതി നല്‍കിയില്ല എന്നു പറഞ്ഞു.3.പ്രൈം മിനിസ്റ്റർ എക്‌സലന്‍സ് അവാര്‍ഡിന് അപ്ലൈ ചെയ്തില്ല4.അണ്ടര്‍ ഗ്രൗണ്ട് കേബ്ലിങ് പ്രൊജക്ട് എന്ത് കൊണ്ട് തീര്‍ന്നില്ല.തുടങ്ങീ വിചിത്രമായ കാരണങ്ങളാണ് ചോദിച്ചത്.
- പ്രളയസമയത്ത് കേരളത്തെ സഹായിക്കനാണ് ലീവെടുത്തതെന്ന് മേലുദ്യോഗസ്ഥര്‍ക്ക് അറിയില്ലായിരുന്നോ.
തീര്‍ച്ചയായും അറിയാമായിരുന്നു. എനിക്ക് ഫ്‌ലഡ് റിലീഫ് ആക്ടിവിറ്റിയില്‍ ഇന്‍ഡിവിജ്വലായി പ്രവൃത്തിക്കണം എന്ന് പറഞ്ഞാണ് ഞാന്‍ ലീവിന് അപേക്ഷിച്ചത് തന്നെ. ഏര്‍ണ്ഡ് ലീവോ ടൂറോ ആയി തരണമെന്നായിരുന്നു അപേക്ഷ.
- അഭിപ്രായ സ്വാതന്ത്ര്യത്തിനപ്പുറത്ത് രാഷ്ട്രീയ സമ്മര്‍ദ്ദം രാജിയില്‍ പ്രതിഫലിച്ചിരുന്നോ.
ഒരു തരത്തിലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദവുമില്ല. ഒരാള്‍ക്ക് ഒരു ദേഷ്യം തോന്നുമ്പോള്‍ തരുന്ന മെമ്മോ അത്രയേയുള്ളൂ. മിനിസ്റ്റര്‍ ഓഫ് ഹോം അഫയേഴ്‌സില്‍ നിന്നാണ് മെമ്മോ ലഭിച്ചത്.
- ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലുമായി രാജിക്ക് ചെറിയ ബന്ധമുണ്ടെന്ന് പറയാമോ
അല്ല. ആര്‍ട്ടിക്കിള്‍ 370യുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനമെടുത്ത് കഴിഞ്ഞിട്ട് അതിനെതിരേ പ്രതികരിക്കാന്‍ ആരെയും അനുവദിക്കാത്തതുകൊണ്ടാണ് രാജി. ഇത് രണ്ടും രണ്ട് കാര്യങ്ങളാണ്.370 മാറ്റുകയോ മാറ്റാതിരിക്കുകയോ എന്ത് വേണമെങ്കിലും ആയിക്കോട്ടെ. സര്‍ക്കാരിന്റെ തീരുമാനമാണത്. പക്ഷെ അതിനെതിരേ പ്രതികരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. അത് ജനങ്ങളെ പിടിച്ചു കെട്ടിയും അവിടുത്തെ നേതാക്കളെ കസ്റ്റഡിയിലെടുത്തും മൊബൈല്‍ ബന്ധങ്ങളും ഇന്റര്‍നെറ്റും വിഛേദിച്ചു കൊണ്ടാവരുത്. 23 ദിവസമായി നേതാക്കള്‍ കസ്റ്റഡിയിലായിട്ട്. ജനം സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവാത്ത അവസ്ഥയില്‍ കഴിയുന്നു. തിരുവനന്തപുരത്ത് ഇങ്ങനൊരു അവസ്ഥയുണ്ടായാലോ. കുറച്ച് പേര്‍ക്ക് തീരുമാനം ഇഷ്ടമാവും. കുറച്ചു പേര്‍ നിലപാടില്ലാതിരിക്കും. കുറച്ചു പേര്‍ പ്രതിഷേധിക്കും. എന്നാല്‍ പ്രതിഷേധിക്കാനായി നിരത്തിലിറങ്ങാന്‍ അനുവദിക്കാതെ, നേതാക്കളെ കസ്റ്റഡിയിലെടുത്ത് അവരുടെ മൊബൈല്‍ കണക്ഷനും മറ്റും വിഛേദിക്കുകയും ചെയ്യുന്ന അവസ്ഥ ഓര്‍ത്തു നോക്കൂ. അത് ശരിയാണോ.
- നിലവിലെ ഇന്ത്യന്‍ അവസ്ഥയില്‍ സന്തുഷ്ടനാണോ. തൊഴിവില്ലായ്മയുമായി ബന്ധപ്പെട്ട കണക്കുകളും മറ്റും പുറത്തുവിടാതിരുന്ന അവസ്ഥ പോലുമുണ്ടായി
തീര്‍ച്ചയായും വിവരങ്ങള്‍ ജനങ്ങളിലെത്തണം. അത് വായിച്ച ശേഷം അവര്‍ പ്രതികരിക്കും. അതാണ് ഞാന്‍ പറഞ്ഞത്. ഫ്രീഡം ഓഫ് എക്‌സ്പ്രഷന്‍ എന്നതും അറിയാനുള്ള അവകാശം എന്നതും ആ അറിഞ്ഞ വിവരങ്ങള്‍ക്കെതിരേ പ്രതികരിക്കാനുള്ള അവകാശം എന്നതും ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമാണ്. ഒരു സര്‍ക്കാരും അത്തരം കാര്യങ്ങള്‍ തടയാന്‍ പാടില്ല.
- ബിസ്‌ക്കറ്റുകളുടെ വില്‍പന കുറഞ്ഞു. അടിവസ്ത്ര വില്‍പന കുറഞ്ഞു. നിലവിലെ ഇന്ത്യൻ സാമ്പത്തിക സ്ഥിയെ കുറിച്ച് എന്താണ് അഭിപ്രായം.
അതേ കുറിച്ച് പഠിച്ച് പറയേണ്ടതുണ്ട്.
- രാജി പ്രതിഷേധവും നിലപാട് പ്രഖ്യാപനവുമാണെങ്കില്‍ പോലും നീതിബോധമുള്ള താങ്കളെപ്പോലുള്ളവര്‍ സിസ്റ്റത്തില്‍ നിന്ന് പോരാടണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവില്ലേ.സിസ്റ്റത്തില്‍ നിന്ന് പോരാടേണ്ടത് ജനതയുടെ ആവശ്യം കൂടിയല്ലേ
രണ്ട് തരത്തില്‍ ഇതിനെ കാണാം. 23 ദിവസമായി നമ്മുടെ യൂണിയന്‍ ടെറിറ്ററിയില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ല. ഇതിനെതിരേ പ്രതികരിക്കേണ്ടത് സിറ്റിസണ്‍ എന്ന നിലയില്‍ എന്റെ കടമയാണെങ്കിലും ബ്യൂറോക്രാറ്റ് എന്ന നിലയില്‍ എന്റെ ചുമതലയല്ല. പക്ഷെ ചുമതലയുള്ള ആള്‍ക്കാരുണ്ട്. അവരുടെ പ്രതികരണശേഷിയില്ലായ്മയാണ് നമ്മളെ ഇത്തരം തീരുമാനത്തില്‍ കൊണ്ടെത്തിക്കുന്നത്. ഇന്ന് നിലീന എന്തുകൊണ്ടാണ് കശ്മീരിനെ കുറിച്ച് എന്നോടു ചോദിക്കുന്നത്. അവിടെ പല അവകാശങ്ങളും പലതും നിഷേധിക്കപ്പെടുന്നതു കൊണ്ടല്ലേ. അത്രയും ഗൗരവതരമാണ് ആ കാര്യം. മാധ്യമങ്ങള്‍ക്കായാലും പൗരസമൂഹത്തിനായാലും പ്രതികരിക്കാനുള്ള സ്‌പേസ് ജനാധിപത്യ വ്യവസ്ഥിതിയിലുണ്ട്. ഈ കേസില്‍ നമ്മള്‍ നമ്മുടെ സൗകര്യത്തിനനുസരിച്ച് ആ വിഷയം തമസ്‌കരിക്കുകയാണ്.
സിസ്റ്റത്തിനകത്ത് നല്ല ആളുകള്‍ നില്‍ക്കേണ്ടതുണ്ട്. ശരിതന്നെ പക്ഷെ അതിനനുസരിച്ച് സിസ്റ്റത്തിന്റെ പുറത്തും നല്ലയാളുകള്‍ ഉണ്ടാവേണ്ടതുണ്ട്. സിസ്റ്റത്തിന്റെ വെളിയില്‍ നിന്ന് ഇന്റഗ്രിറ്റിക്കായി ഡിമാന്റ് ഉണ്ടാവേണ്ടതുണ്ട്.
- രാജ്യത്തിന്റെ പ്രതിപക്ഷം പോലും വേണ്ട വിധം ഈ വിഷയത്തില്‍ പ്രതികരിച്ചില്ല എന്ന് തോന്നുന്നുണ്ടോ.
ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങളുണ്ട്, ജുഡീഷ്യറിയുണ്ട്, പൗരസമൂഹമുണ്ട്. നമ്മളെല്ലാം വിഷയം ആദ്യം മനസ്സിലാക്കിയാലേ പ്രതികരിക്കാന്‍ പറ്റുകയുള്ളൂ. വളരെ ദൂരെ നടക്കുന്ന സംഭവമായാണ് നാം കശ്മീര്‍ വിഷയത്തെ കാണുന്നത്. നാം സൗകര്യപൂര്‍വ്വം തമസ്‌കരിക്കുകയാണ്.
- കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാക്കള്‍ താങ്കളെ ബന്ധപ്പെട്ടിരുന്നോ..
സിവില്‍ സര്‍വ്വീസിലെ സീനിയേഴ്‌സ് വിളിച്ചിരുന്നു. രാജിവെക്കേണ്ടയിരുന്നില്ല എന്ന് അവര്‍ പറഞ്ഞു. സിസ്റ്റത്തിനകത്ത് എന്നെപ്പോലുള്ളവരുടെ ആവശ്യമുണ്ടെന്ന് പറഞ്ഞു.
അതേ സമയം എല്ലാവരും തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞു.
- എല്ലാവരും മോഹിക്കുന്ന പൊസിഷനാല്ലേ.അത്ര പെട്ടെന്ന് ഉപേക്ഷിക്കുന്നതില്‍ വിഷമമില്ലേ
കുഞ്ഞുനാള്‍ മുതലേ ആഗ്രഹിച്ച് കിട്ടിയതൊന്നുമല്ല എനിക്കിത്. ഞാന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു. പിന്നീട് എന്‍ജിഒയില്‍ പ്രവര്‍ത്തിച്ചു. ചേരിയില്‍ പഠിപ്പിച്ചു. അവിടെ വെച്ചാണ് ജീവിത പങ്കാളിയെ കണ്ടുമുട്ടുന്നത്.അന്ന് സര്‍ക്കാരുമായി ഇടപെടുമ്പോള്‍ പ്രതികരണം ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. അന്ന് സിസ്റ്റത്തിനകത്ത് കയറണമെന്ന് ഭാര്യക്കായിരുന്നു ആഗ്രഹം. അവള്‍ പരീക്ഷയ്ക്കു പോയപ്പോല്‍ ഞാനും കൂടെപ്പോയി പരീക്ഷയെഴുതി. പരീക്ഷ ഗൗരവമായെടുത്ത് ചെയ്തു. എന്നെ സംബന്ധിച്ച് മോഹിപ്പിക്കുന്ന പൊസിഷനല്ല. പൊസിഷന്‍ എത്രത്തോളം മോഹിപ്പിക്കുന്നത് ആണോ അത്ത്രതോളം ത്യജിക്കാനും തയ്യാറാവണം.
- മുന്നോട്ടേക്ക് എന്താണ് പദ്ധതി. രാഷ്ട്രീയ പ്രവേശന സാധ്യതയുണ്ടോ.
മുന്നോട്ടേക്ക് യാതൊരു പ്ലാനുമില്ല. ഞാന്‍ എന്ത് വേണമെങ്കിലും ചെയ്‌തോട്ടെ, എന്നില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കരുത്. ഞാന്‍ എന്ത് ചെയ്യുന്നു ചെയ്യുന്നില്ല എന്നത് പ്രശ്‌നമല്ല.
content highlights: Interview with Kannan Gopinathan and his resignation over Freedom of expression denied in Kasmir