ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയുടെ വിവാദ പരാമശത്തില്‍ നിന്ന് അകലം പാലിച്ച കോണ്‍ഗ്രസ്സ്. സാം പിത്രോദയടെ അഭിപ്രായം  വ്യക്തിപരമാണെന്നും അത് പാര്‍ട്ടി നിലപാടല്ലെന്നും കോണ്‍ഗ്രസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പരസ്യ പ്രസ്താവനകള്‍ നടത്തുമ്പോള്‍ നേതാക്കള്‍  കൂടുതല്‍ ശ്രദ്ധിക്കണമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. കോൺഗ്രസ്സിന്റെ നിലപാടിനു പിന്നാലെ പ്രസ്താവനയിൽ സാം പിത്രോദ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.

"ഏതെങ്കിലും വ്യക്തികളിറക്കുന്ന എന്തെങ്കിലും പ്രസ്താവനകള്‍ പാര്‍ട്ടിയുടെ അഭിപ്രായമല്ല. പാര്‍ട്ടിയിലെ എല്ലാ നേതാക്കളും കുറച്ച് കൂടി ജാഗ്രത പുലര്‍ത്തണം.

 1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് നിരന്തരം പോരാടിയിട്ടുണ്ട്. സിഖ് വിരുദ്ധ കലാപത്തിലെ ഇരകള്‍ക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരും. 1984ലെ കലാപത്തിന് മാത്രമല്ല 2002ലെ കലാപത്തിനും നീതി ലഭിക്കണം. ബിജെപിക്ക് നീതിയില്‍ താത്പര്യമില്ല പകരം കലാപത്തെ വരെ വോട്ടിന് വേണ്ടി ദുരുപയോഗിക്കുകയാണ്", കോണ്‍ഗ്രസ്സ് പത്രകുറിപ്പില്‍ ആരോപിച്ചു.

മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും വംശത്തിന്റെയും പേരിലുള്ള എല്ലാ ആക്രമണങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു. അതാണ് ഇന്ത്യയുടെ അന്തഃസാരം. തീവ്രവാദക്കേസില്‍ വിചാരണ നേരിടുന്നവരെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കുന്നത്. എന്നാല്‍ സിഖ് വിരുദ്ധ കലാപത്തിന് കാരണക്കാരായ നേതാക്കളെ ശിക്ഷിക്കാനുള്ള രാഷ്ട്രീയ ധൈര്യം കോണ്‍ഗ്രസ് കാണിച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

"അഞ്ച് വര്‍ഷം നിങ്ങളെന്താണ് ചെയ്തതെന്ന് ആദ്യം പറയൂ. 1984ല്‍ അത് സംഭവിച്ചു. അതിനെന്താ. നിങ്ങളെന്താണ് ചെയ്തത്", എന്നായിരുന്നു സാം പിത്രോദയുടെ വിവാദ പ്രസ്താവന. സാം പിത്രോദയുടെ വാക്കുകൾക്കെതിരേ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.

content highlights: Congress distances itself from Sam Pitroda's remarks on 1984 riots