ചെന്നൈ: ശബരിമല വിഷയത്തില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസ്സും അപകടകരമായ കളികളിക്കുന്നുവെന്നും നമ്മുടെ സംസ്‌കാരം തകര്‍ത്തു കളയാന്‍ ബിജെപി അവരെ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. 

"നിങ്ങള്‍ കോണ്‍ഗ്രസ്സിനും ഡിഎംകെയ്ക്കും മുസ്ലിം ലീഗിനുമാണ് വോട്ട് ചെയ്യുന്നതെങ്കില്‍ അത് ശുഷ്‌കമായ വികസനത്തിനുള്ള വോട്ടാണ്. അവര്‍ക്ക് വോട്ട് ചെയ്യുക എന്നാല്‍ തീവ്രവാദികളെ അഴിച്ചു വിടുക എന്നാണ്. അവര്‍ക്ക് വോട്ട് ചെയ്യുക എന്നാല്‍ രാഷ്ട്രീയത്തിലെ കുറ്റവാളികള്‍ക്ക് വോട്ട് ചെയ്യുക എന്നാണ്", പ്രധാനമന്ത്രി പറഞ്ഞു. തമിഴ്‌നാട്ടിലെ തേനിയിലും രാമനാഥപുരത്തുമായിരുന്നു മോദി പ്രചാരണത്തിനിറങ്ങിയത്.

1984ലെ സിഖ് കലാപത്തിലെ ഇരകള്‍ക്ക് ആരാണ് നീതിയും ന്യായവും നല്‍കുകയെന്ന് താന്‍ കോണ്‍ഗ്രസ്സിനോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നെന്നും മോദി പറഞ്ഞു. രാഹുല്‍ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതിയെ പരിഹസിച്ചു കൊണ്ടാണ് അദ്ദേഹം ചോദ്യങ്ങള്‍ ചോദിച്ചത്.

"ആരാണ് 1984ലെ സിഖ് കലാപത്തിലെ ഇരകള്‍ക്ക് ന്യായം നല്‍കുന്നത്. അവര്‍ കൊണ്ടു കൊണ്ടിരിക്കെ നടന്ന ദളിത് കൂട്ടക്കൊലകള്‍ക്കും കോണ്‍ഗ്രസ്സ് ഭരണത്തിനു കീഴില്‍ സംഭവിച്ച ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകള്‍ക്കും ആർക്കാണ് ന്യായം നടപ്പിലാക്കാൻ കഴിയുക ", മോദി ചോദിച്ചു.

ഇനി ന്യായം നടപ്പിലാവുമെന്നാണ് കോണ്‍ഗ്രസ്സ് പറയുന്നത്. അതിനര്‍ഥം ഇതുവരെ അവര്‍ ചെയ്തതെല്ലാം അന്യായമായിരുന്നില്ലേ എന്നും മോദി ചോദിച്ചു.

എപ്പോഴൊക്കെ കോണ്‍ഗ്രസ്സ് ഭരണത്തില്‍ വന്നപ്പോഴും അപ്പോഴൊക്കെ അവര്‍ ഖജനാവ് കൊള്ളയടിച്ചെന്നും മോദി കുറ്റപ്പെടുത്തി.

content highlights: Congress and the Indian Union Muslim League (IUML) playing a “dangerous game” in Sabarimala,says Mod