ജാതി-മത-സത്വ രാഷ്ട്രീയത്തിന്റെ കളിയരങ്ങായ ബിഹാറില്‍ ഈ നിയമസഭാതിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ലഭിച്ച ഉജ്ജ്വലവിജയം വലിയ ഒരു സന്ദേശമാണ് നല്‍കുന്നത്. ജാതിക്കും മതത്തിനും ഉപരിയായി ജനകീയപ്രശ്‌നങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നതിനൊപ്പം സമ്മതിദായകര്‍, പ്രത്യേകിച്ചും യുവാക്കള്‍ ഉണ്ടാകും എന്നതിന്റെ സന്ദേശം. എന്‍.ഡി.എ.യുടെ, അതില്‍ത്തന്നെ പ്രധാനിയായ ബി.ജെ.പി.യുടെ വിജയത്തിന്റെ വില കുറച്ചുകാണിക്കുകയല്ല ഇവിടെ. രണ്ടും രണ്ട് സിദ്ധാന്തങ്ങളാണ്. സമീപനങ്ങളാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തിളക്കമാര്‍ന്ന വിജയംകൊണ്ട് അത് ഇന്ത്യയുടെ തിരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്നൊന്നും പ്രതീക്ഷിച്ചുകൂടാ. പക്ഷേ, ഇത് ശ്രദ്ധിക്കപ്പെടേണ്ട വിജയമാണ്.
കോണ്‍ഗ്രസിന്റെ ആര്‍ത്തി
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് (സി.പി.ഐ.(എം.എല്‍.), സി.പി.എം., സി.പി.ഐ.) മഹാസഖ്യം വീതിച്ചുകൊടുത്തത് 29 സീറ്റുകളാണ്. കോണ്‍ഗ്രസിന് എഴുപതും. ഇതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 16 സീറ്റില്‍ വിജയിച്ചതായി പ്രാരംഭകണക്കുകള്‍ വെളിപ്പെടുത്തുന്നു. (സി.പി.ഐ.(എം.എല്‍)-12, സി.പി.എം., സി.പി.ഐ. രണ്ടുവീതം). വിജയനിലവാരമാകട്ടെ 55.2 ശതമാനം. ഇത് വലിയ പാര്‍ട്ടികളില്‍ ബി.ജെ.പി.ക്ക് (66.4 ശതമാനം) തൊട്ടുതാഴെയാണ്. ജെ.ഡി.യു.വും (37.4), ആര്‍.ജെ.ഡി.യും (52.8) താഴെയാണ്. കോണ്‍ഗ്രസിന്റെ സ്ട്രൈക്ക് റേറ്റ് ഏറ്റവും താഴെയാണ് (27.1). കോണ്‍ഗ്രസ് വിലപേശി (തേജസ്വി യാദവിനെ മുഖ്യമന്ത്രിമുഖമായി അംഗീകരിക്കുമെന്ന്) 70 സീറ്റുകള്‍ പിടിച്ചുവാങ്ങിയില്ലെങ്കില്‍ 35 സീറ്റുകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ആര്‍.ജെ.ഡി.ക്കുമായി വീതിച്ചിട്ടുണ്ടെങ്കില്‍ ഒരുപക്ഷേ മഹാസഖ്യത്തിന്റെ ഗതി വ്യത്യസ്തമാകുമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 16-ല്‍നിന്ന് വളരെദൂരം പോകുമായിരുന്നു. സംഘടനാശേഷിയും നേതൃപാടവും ജനസമ്മതിയുമുള്ള സ്ഥാനാര്‍ഥികളില്ലാതെ ആര്‍ത്തിയോടെ സീറ്റുകള്‍ വാരിക്കൂട്ടി കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ സാധ്യത ഇല്ലാതാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ബിഹാറിലെ പ്രകടനം വ്യക്തമാക്കുന്നത് സൈദ്ധാന്തികതമായും സംഘടനാപരമായും ഒരുമിച്ചുനിന്നാല്‍ ജനാധിപത്യ-മതനിരപേക്ഷ ശക്തികള്‍ക്ക് ഇന്ത്യന്‍ തിരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ ഒരു ഭാവിയുണ്ടെന്നാണ്. അത് 2021-ലെ ബംഗാള്‍, അസം നിയമസഭാതിരഞ്ഞെടുപ്പുകളില്‍ തെളിയിക്കാനും സാധിക്കും.
തിളക്കമാര്‍ന്ന ഇടതുപ്രകടനം
ഭോജ്പുര്‍, മഗധ എന്നീ പ്രദേശങ്ങളില്‍ ഇടതിന്റെ പ്രകടനം ഉജ്ജ്വലമായിരുന്നു. ഇവരുടെ, പ്രത്യേകിച്ചും സി.പി.ഐ.(എം.എല്‍)ന്റെ കണ്ണായമേഖലയാണ് ഇത്. ഇവിടങ്ങളിലെ ഭൂമിയില്ലാത്ത കര്‍ഷകരെയും നിര്‍ധനരും നിരാലംബരുമായ തൊഴിലാളികളെയും സംഘടിപ്പിച്ച് അവരുടെ അവകാശങ്ങള്‍ നേടിക്കൊടുത്ത് ഭൂഉടമകളുടെയും വ്യവസായികളുടെയും ഖനിമാഫിയകളുടെയും ചൂഷണത്തില്‍നിന്ന് സംരക്ഷിക്കുന്നത് ഇവരാണ്. ഭോജ്പുര്‍ പ്രദേശത്ത അരഹ നിയോജകമണ്ഡലത്തില്‍ 121 വോട്ടുകള്‍ക്കാണ് എം.എല്‍. സ്ഥാനാര്‍ഥി തോറ്റത്. അതുപോലെ ഭൊറെ സീറ്റ് തോറ്റത് 1026 വോട്ടുകള്‍ക്കാണ്. സി.പി.എമ്മും സി.പി.ഐ.യും ഈരണ്ട് സീറ്റുകള്‍ നേടുകവഴി അവരുടെയും കരുത്തുതെളിയിച്ചു. ഇവര്‍ മത്സരിച്ചത് ആറും നാലും സീറ്റുകളില്‍ മാത്രമാണ്. സി.പി.ഐ.(എം.എല്‍.) 19 സീറ്റുകളിലും. ബെഗുസരായി ജില്ലയിലെ രണ്ടുസീറ്റുകള്‍ നേടുകവഴി സി.പി.ഐ. ഒരു ചരിത്രദൗത്യം നിറവേറ്റി. ബെഗുസരായി (വടക്ക്) ആണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യമായി വടക്കേ ഇന്ത്യയില്‍ നേടുന്ന സീറ്റ് (1957).
ഉജ്ജ്വലമായ ഏടുകള്‍
ബെഗുസരായി, ദര്‍ഭങ്ക എല്ലാം ബിഹാറിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന ഏടുകളാണ്. ഇവിടത്തെ കര്‍ഷകസമരങ്ങള്‍ പലപ്പോഴും രക്തരൂഷിതമായിരുന്നു. അടിയാനും ഉടയോനും തമ്മിലുള്ള സമരം. കാലങ്ങളായുള്ള ജന്മിസമ്പ്രദായത്തിനെതിരേ സംഘടിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും ഇവിടത്തെ കൃഷിക്കാരെ സഹായിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു. ഇതിന്റെയൊക്ക ഒരു പുനര്‍ജീവിതമായിട്ടും ഈ തിരഞ്ഞെടുപ്പുകളെ ഒരു പരിധിവരെ വായിക്കാം. കേരളവും ബംഗാളും കഴിഞ്ഞാല്‍ ബിഹാര്‍ നിയമസഭയിലാണ് ഏറ്റവും കൂടുതല്‍ കമ്യൂണിസ്റ്റ് സാന്നിധ്യമുള്ളത്. വടക്കേ ഇന്ത്യയില്‍ അതും ഹിന്ദി ഹൃദയഭൂമിയില്‍ ഇതൊരു റെക്കോഡാണ്, സമീപകാലരാഷ്ട്രീയത്തില്‍.
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഈ വിജയം അവര്‍ക്ക് ഒരു പുതിയ പ്രചോദനമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ബിഹാര്‍ ഒട്ടേറെ പ്രഗല്ഭരായ കമ്യൂണിസ്റ്റ് നേതാക്കന്‍മാരെ പ്രദാനംചെയ്തിട്ടുണ്ട്. അവര്‍ രാഷ്ട്രീയാചാര്യന്‍മാരായിരുന്നു. ആദ്യമായി കേന്ദ്രമന്ത്രിസഭയില്‍ അംഗങ്ങളായ ഇന്ദ്രജിത് ഗുപ്തയും (ഗൃഹം) ചതുരാനന്ദന്‍ മിശ്രയും (കൃഷി) ബിഹാറില്‍നിന്നാണ് (സി.പി.ഐ.). ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വഴികാട്ടിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബിഹാര്‍ ഈ തിരഞ്ഞെടുപ്പ് കമ്യൂണിസ്റ്റ് വിജയത്തിലൂടെ എന്ന സന്ദേശമാണ് നല്‍കുന്നത്.
(ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)
content highlights: Communist party perdormance in Bihar election