തിരുവനന്തപുരം : തന്നെയറിയാവുന്നവര്‍ക്ക് താന്‍ ചിരിക്കാത്തയാളല്ലെന്ന് പറയാന്‍ കഴിയില്ലെന്നും പക്ഷെ ചിത്രീകരണം ആ രീതിയിലുള്ളതായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സർക്കാർ പുതിയതായി ആരംഭിച്ച സഭ ടിവിയുടെ അഭിമുഖത്തില്‍ വിഡി സതീശന്‍ എംഎല്‍യുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

"ഞാന്‍ പൊതുരംഗത്ത് കുറെകാലമായുണ്ട്. എംഎല്‍എ ആയിരിക്കുമ്പോഴും അതിനു ശേഷവും പ്രത്യേകം ശ്രദ്ധിക്കേണ്ട അവസ്ഥയിലേക്കെത്തിയിരുന്നില്ല. എന്നാല്‍ പ്രവര്‍ത്തനം സംസ്ഥാന തലത്തിലേക്കെത്തിയപ്പോള്‍ മാധ്യമങ്ങളുമായി ഇടപെടേണ്ടി വന്നു. ചില കാര്യങ്ങളില്‍ നമുക്ക് പരുഷമായി സംസാരിക്കേണ്ടി വരും. അങ്ങനെ സംസാരിക്കേണ്ട ഘട്ടത്തില്‍ അത് മറച്ചുവെച്ച് അപ്പോഴൊരു ചിരി ചിരിച്ച് പറയുന്ന രീതിയല്ല എനിക്ക്. ദൃശ്യമാധ്യമങ്ങള്‍ വന്നതോടു കൂടി രംഗത്തിന് മാറ്റം വന്നു. അങ്ങനെ പൊതുസമൂഹത്തിനിടയില്‍ പരുക്കന്‍ സ്വഭാവം തുടര്‍ച്ചയായി എടുത്ത് കാണിക്കുന്ന നിലയായി. എന്നെയറിയാവുന്നവര്‍ക്ക് ഞാന്‍ ചിരിക്കാത്തയാളല്ലെന്ന് പറയാന്‍ കഴിയില്ല. പക്ഷെ ചിത്രീകരണം ആ രീതിയിലുള്ളതായിരുന്നു", മുഖ്യമന്ത്രി പറഞ്ഞു

ചിരിക്കുന്ന ചിത്രങ്ങള്‍ കുറവായത്  പ്രകൃതംകൊണ്ടാണെന്നും മറ്റൊരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു. "ചിലര്‍ ചിരിച്ചുകൊണ്ടേയിരിക്കുന്ന രീതിയാണ്. എന്നാല്‍ താന്‍ ആവശ്യത്തിന് മാത്രം ചിരിക്കുന്നയാളാണ്". എപ്പോഴും ചിരിക്കുന്ന പ്രകൃതം തനിക്കില്ലെന്നും മുഖയമന്ത്രി പറഞ്ഞു. വളര്‍ന്നു വന്ന രീതിയും ഘടകമായെന്നും മുഖ്യമന്ത്രി പറഞ്ഞു 

content highlights: Chief Minister Pinarayi Vijayan speks about his nature and nonsmiling face interview in sabha TV