ദിസ്പുര്‍ : പൊതുഫണ്ടുപയോഗിച്ച് മത പഠനം സാധ്യമല്ലെന്നും സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവർത്തിക്കുന്ന എല്ലാ മദ്രസകളും സംസ്‌കൃത വിദ്യാലയങ്ങളും അടച്ചുപൂട്ടുമെന്നും അസം വിദ്യാഭ്യാസ- ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. 

''ഇത് നിയമസഭയില്‍ ഞങ്ങള്‍ നേരത്തെ പ്രഖ്യാപിച്ച സര്‍ക്കാര്‍ നയമാണ്. സര്‍ക്കാര്‍ ധനസഹായത്തില്‍ ഇനി ഇവിടെ മതവിദ്യാഭ്യാസമുണ്ടാവില്ല,'' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക  വിജ്ഞാപനം നവംബറില്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്വകാര്യ മദ്രസ്സകൾക്കോ സംസ്‌കൃത പാഠശാലകൾക്കോ പ്രവർത്തിക്കുന്നതിന് തടസമില്ല. 

മദ്രസകള്‍ അടക്കുന്നതോടെ പ്രശ്‌നത്തിലാകുന്ന കരാര്‍ അധ്യാപകരെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്നും അറിയുന്നു. 614 എയ്ഡഡ് മദ്രസകളും 100 സംസ്കൃത പഠനശാലകളുമാണ് അസമിലുള്ളത്. 

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മദ്രസകള്‍ അടച്ചുപൂട്ടുകയാണെങ്കില്‍, അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറുന്ന തങ്ങളുടെ സര്‍ക്കാര്‍ അവ വീണ്ടും തുറക്കുമെന്ന് എഐയുഡിഎഫ് നേതാവ് ബദ്‌റുദ്ദീന്‍ അജ്മല്‍ പറഞ്ഞു.

content highlights: Assam to Close Down State-Run Madrasas and Sanskrit Tols says minister