ന്യൂഡല്‍ഹി : ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെക്കാന്‍ മാധ്യമങ്ങള്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. ദേശസുരക്ഷ അംഗീകരിക്കുമ്പോഴും ഒരു വ്യക്തിയുടെ വ്യക്തിപരമായ അവകാശങ്ങളും അംഗീകരിപ്പെടേണ്ടതാണെന്ന് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചു. വൈവിധ്യങ്ങൾ നിറഞ്ഞ, യോജിപ്പുള്ള രാഷ്ട്രമാണ് ആവശ്യമെന്നും ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. യുപിഎസ് സി ജിഹാദെന്ന് ആരോപിച്ച് സുദര്‍ശന്‍ ടി വി സംപ്രേക്ഷണം ചെയ്യുന്ന ബിന്ദാസ് ബോല്‍ എന്ന പരിപാടിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. 

മുസ്ലിം സമുദായത്തില്‍പെട്ടവരെ ഉയര്‍ത്തികൊണ്ട് വരാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് കെ. എം ജോസഫ് ചൂണ്ടിക്കാട്ടി. മുസ്ലിങ്ങള്‍ മാത്രമല്ല എല്ലാ പിന്നാക്ക വിഭാഗങ്ങളെയും ഉയര്‍ത്തി കൊണ്ട് വരേണ്ടതാണ്.  കൂടുതല്‍ മുസ്ലിങ്ങള്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയിക്കുന്നത് രാജ്യത്തിന് സന്തോഷം നല്‍കുന്ന കാര്യമാണ്. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് പരിശീലനം നല്‍കുന്നത് മുസ്ലിം സമുദായം മാത്രമല്ല. മിക്ക മതവിഭാഗങ്ങളും നല്‍കുന്നുണ്ടെന്നും ജസ്റ്റിസ് ജോസഫ് അഭിപ്രായപ്പെട്ടു. 

തന്റെ ലോ ക്ലര്‍ക്ക് ജൈന മത വിശ്വാസി ആണ്. ആ കുട്ടിയും അവരുടെ മത വിഭാഗം സംഘടിപ്പിച്ച പരിശീലന കോഴ്സില്‍ പങ്കെടുത്ത് വിജയിച്ചതാണ്. ഇത്തരം പരിശീലന ക്യാമ്പുകള്‍ ആര് നടത്തിയാലും അതില്‍ തെറ്റില്ല. പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായത്തില്‍പെട്ടവര്‍. അത് തടയുന്നത് അവരെ തെറ്റായ കൈകളില്‍ എത്തിക്കാന്‍ സഹായിക്കുമെന്നും ജസ്റ്റിസ് ജോസഫ് വ്യക്തമാക്കി. സുദര്‍ശന്‍ ടി വി സംപ്രേക്ഷണം ചെയ്ത ഒരു എപ്പിസോഡ് കണ്ടു എന്നും അത് അങ്ങേയറ്റം വേദനാജനകം ആണെന്നുമായിരുന്നു ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വ്യക്തമാക്കിയത്. 

ഇതിനിടെ ദൃശ്യ മാധ്യമങ്ങളുടെ സ്വയം നിയന്ത്രണ സംവിധാനങ്ങള്‍ ഫലപ്രദമല്ല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷന്‍ പോലുള്ള സംഘടനകള്‍ക്ക് അധികാരം ഇല്ല. സ്വയം നിയന്ത്രണ സംവിധാനങ്ങള്‍ ശക്തിപെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോടും, NBA യോടും നിര്‍ദേശിച്ചു. ഹര്‍ജിയിലെ തുടര്‍വാദം തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം നടക്കും.

content highlights: Supreme court on Sudarshan Tv Case and Media rights