ന്യൂഡല്‍ഹി : കോടതിയലക്ഷ്യ കേസില്‍ പരാമര്‍ശം പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണ് രണ്ട് ദിവസത്തെ സമയം നല്‍കി സുപ്രീം കോടതി. തിങ്കളാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും. പരാമര്‍ശം പുനഃപരിശോധിക്കാനാണ് പ്രശാന്ത് ഭൂഷണ് കോടതി സമയം നല്‍കിയത്. അതേസമയം, നിലപാടില്‍ മാറ്റമില്ലെന്നും ദയയുണ്ടാകണമെന്ന് കോടതിക്കു മുമ്പാകെ അഭ്യര്‍ഥിക്കില്ലെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. 

"തെറ്റ് ചെയ്യാത്ത ആരും ഭൂമിയിലില്ല. നിങ്ങള്‍ നൂറ് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടാവാം. പക്ഷെ അത് നിങ്ങള്‍ക്ക് പത്ത് കുറ്റകൃത്യം ചെയ്യുന്നതിനുള്ള ലൈസന്‍സ് തരുന്നില്ല. നടന്നത് നടന്നു. പക്ഷെ ചെയ്തയാള്‍ക്ക് പശ്ചാത്താപമുണ്ടാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു." കേസ് പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

എന്നാൽ കോടതി തന്നെ തെറ്റിദ്ധരിച്ചതിൽ വിഷമമുണ്ടെന്നും കോടതി ചുമത്തുന്ന എന്ത് ശിക്ഷയും സന്തോഷപൂര്‍വ്വം സ്വീകരിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

"എനിക്കെതിരേ കോടതിയലക്ഷ്യ കുറ്റം ചുമത്തിയിരിക്കുന്നുവെന്നത് എന്നെ ദുഃഖിപ്പിക്കുന്നു. എന്നെ തെറ്റിദ്ധരിച്ചതിലാണ് എനിക്ക് വിഷമം. ജനാധിപത്യത്തെയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിക്കാന്‍ ഇത്തരം തുറന്ന വിമര്‍ശനങ്ങള്‍ അനിവാര്യമാണ്. എന്റെ ചുമതലയുടെ ഭാഗമായാണ് ഇതിനെയെല്ലാം ഞാന്‍ കാണുന്നത്. എന്നോട് മഹാമനസ്‌കത കാണിക്കാന്‍ കോടതിയോട് ഞാനാവശ്യപ്പെടില്ല. കോടതി ചുമത്തുന്ന എന്ത് ശിക്ഷയും സന്തോഷപൂര്‍വ്വം സ്വീകരിക്കും." പ്രശാന്ത് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാത്തിനുമൊരു ലക്ഷ്മണ രേഖയുണ്ടെന്നും അത് മറികടക്കുന്നതെന്തിനാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. 24 വര്‍ഷക്കാലത്തെ ജഡ്ജിയായുള്ള സേവനത്തിനിടക്ക് താനാരെയും കോടതിയലക്ഷ്യകേസിന് ശിക്ഷിച്ചിട്ടില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

"സുപ്രീം കോടതിയെ ലോക്ഡൗണില്‍ നിശ്ചലമാക്കുകയും പൗരന്‍മാര്‍ക്ക് നീതിക്കായുള്ള മൗലികാവകാശം നിഷേധിക്കുകയും ചെയ്ത ചീഫ് ജസ്റ്റിസ് മാസ്‌കും ഹെല്‍മറ്റും ധരിക്കാതെ നാഗ്പുരിലെ രാജ്ഭവനു മുന്നില്‍ ബി.ജെ.പി. നേതാവിന്റെ 50 ലക്ഷം രൂപ വിലയുള്ള ബൈക്ക് ഓടിക്കുന്നു. ഔദ്യോഗികമായി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാതെ കഴിഞ്ഞ ആറു വര്‍ഷം ഇന്ത്യയില്‍ ജനാധിപത്യം നശിപ്പിക്കപ്പെട്ടത് എങ്ങനെയെന്ന് നാളെ ചരിത്രകാരന്‍മാര്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതില്‍ സുപ്രീം കോടതിയുടെയും വിശേഷിച്ച് കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാരുടെയും പങ്ക് രേഖപ്പെടുത്തും." എന്നുള്ള പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് ആണ് കോടതിയലക്ഷ്യ നടപടിക്കാധാരമായത്.

content highlights: Supreme Court Gives Prashant Bhushan two days to Reconsider Statement