ന്യൂഡൽഹി: ബക്രീദിന് മുന്നോടിയായി കേരളത്തില്‍ മൂന്ന് ദിവസം ലോക്ഡൗണില്‍ ഇളവ് അനുവദിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഗുരുതരമായ വിഷയമാണെന്ന് സുപ്രീം കോടതി. സംസ്ഥാനത്തെ സ്ഥിതി നിരാശാജനകം ആണെന്ന് ഇളവുകള്‍ ന്യായീകരിച്ച് ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്ന് വ്യക്തമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.  

ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിലേക്ക് കടന്ന് കയറാന്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദത്തിന് കഴിയരുത് എന്ന് കോടതി നിര്‍ദേശിച്ചു. മത സംഘടനകള്‍ ഉള്‍പ്പടെയുള്ള സമ്മര്‍ദ്ദ വിഭാഗങ്ങള്‍ക്ക് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ തടയാന്‍ കഴിയില്ല. മഹാമാരിയുടെ സമയത്ത് സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. ഇളവുകള്‍ കാരണം എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ അത് കോടതിയുടെ ശ്രദ്ധയില്‍ പൗരന്മാര്‍ക്ക് കൊണ്ട് വരാം. അങ്ങനെ ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കാവടി യാത്രക്കെതിരേ പുറത്തിറക്കിയ ഉത്തരവിലെ നിര്‍ദേശങ്ങള്‍ കേരളം കണക്കിലെടുക്കണമെന്ന്  സുപ്രീം കോടതി നിര്‍ദേശിച്ചു. ബക്രീദ് പ്രമാണിച്ച് ചില ഇളവുകള്‍ മാത്രമേ അനുവദിച്ചിട്ടുള്ളു എന്ന കേരളത്തിന്റെ വാദം കോടതി തള്ളി. രോഗവ്യാപനം രൂക്ഷമായ കാറ്റഗറി ഡി മേഖലയില്‍ പോലും ആവശ്യമല്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിച്ചത് ഗുരുതരമായ വിഷയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

ഹര്‍ജിക്കാരന് അഭിനന്ദനം 

ബക്രീദ് പ്രമാണിച്ച് കേരളം നല്‍കിയ ഇളവുകള്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ രാഷ്ട്രീയ നിരീക്ഷകന്‍ പി.ടി.കെ നമ്പ്യാരെ സുപ്രീം കോടതി അഭിനന്ദിച്ചു. ലോക്ക് ഡൗണിന് ഇളവുകള്‍ അനുവദിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയില്ല. വൈകിയ വേളയില്‍ ഉത്തരവ് റദ്ദാക്കുന്നത് കൊണ്ട് കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി നേരത്തെ ഹര്‍ജിയുമായി എത്തിയിരുന്നുവെങ്കില്‍ റദ്ദാക്കിയേനെ എന്നും വ്യക്തമാക്കി.

ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവര്‍ മാത്രമേ സാധനം വാങ്ങാന്‍ കടകളില്‍ എത്താവു എന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന കൂടി കണക്കിലെടുത്താണ് ഇളവുകള്‍ അനുവദിച്ചത് എന്ന് സത്യവാങ് മൂലത്തിലൂടെ ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത് എന്ന് നമ്പ്യാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വികാസ് സിംഗ് കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത് തന്നെ കേരളത്തിലെ ഇപ്പോഴത്തെ നിരാശാജനകമായ അവസ്ഥ ചൂണ്ടിക്കാട്ടുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

content highlights: sorry state of affairs in Kerala, says Supreme court