ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കുറ്റം നേരിടുന്ന അഡ്വ. പ്രശാന്ത് ഭൂഷന്റെ കേസ് വിധി പറയാന്‍ മറ്റൊരു ബെഞ്ചിനു വിടണമെന്ന് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ച് സുപ്രീം കോടതി. മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി സെപ്റ്റംബര്‍ പത്തിലേക്ക് കേസ് മാറ്റിവെച്ചു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.

"എനിക്ക് സമയമില്ല. ഞാന്‍ ഓഫീസില്‍നിന്ന് ഒഴിയുകയാണ്. നാലഞ്ച് മണിക്കൂര്‍ സമയമെങ്കിലും ഈ കേസിന്റെ വാദം കേള്‍ക്കാന്‍ ആവശ്യമുണ്ട്." ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

"ശിക്ഷയെന്തെന്നതല്ല ഇവിടുത്തെ വിഷയം. ഇത് ഈ സ്ഥാപനത്തിനോടുള്ള വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ആശ്വാസത്തിനുവേണ്ടിയാണ് ജനം കോടതിയെ സമീപിക്കുന്നത്. അപ്പോള്‍ വിശ്വാസത്തില്‍ ഇളക്കം തട്ടിയാല്‍ അതൊരു പ്രശ്‌നമാവും." കേസ് പരിഗണിച്ചു കൊണ്ട് കോടതി പറഞ്ഞു.

മാപ്പു പറയാന്‍ തിങ്കളാഴ്ചവരെ ഭൂഷണ് കോടതി സമയം നല്‍കിയിരുന്നു. മാപ്പു പറയാന്‍ തയ്യാറല്ലെന്ന പ്രശാന്ത് ഭൂഷന്റെ നിലപാടിനെ തുടര്‍ന്ന് ഇന്ന് വിധിപറയാൻ മാറ്റി വെച്ച കേസ് ആണ് സെപ്റ്റംബർ 10-ലേക്ക് മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മാറ്റിവെച്ചത്.

കോടതിയലക്ഷ്യ കേസില്‍ മാപ്പു പറയില്ലെന്ന് നേരത്തെ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഉത്തമബോധ്യത്തോടെ നടത്തിയ പ്രസ്താവനയില്‍ ആത്മാര്‍ഥതയില്ലാതെ മാപ്പുപറഞ്ഞാല്‍ അത് കാപട്യവും ആത്മവഞ്ചനയുമാകുമെന്നാണ് ഭൂഷണ്‍ സുപ്രീം കോടതിയെ അറിയിച്ചത്. മാപ്പുപറയാന്‍ തിങ്കളാഴ്ചവരെ ഭൂഷണ് കോടതി സമയം നല്‍കിയിരുന്നു. ഈ മാസം 20-ന് സുപ്രീംകോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ സ്വീകരിച്ച നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്ന് തിങ്കളാഴ്ച സമര്‍പ്പിച്ച രണ്ടു പേജുള്ള പ്രസ്താവനയിലും ഭൂഷണ്‍ വ്യക്തമാക്കി.

സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസുമാരെയും വിമര്‍ശിച്ചുകൊണ്ട് ജൂണ്‍ 27-നും 29-നും നടത്തിയ രണ്ട് ട്വീറ്റുകളാണ് ഭൂഷണെതിരേ സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ സുപ്രീം കോടതിയെ പ്രേരിപ്പിച്ചത്. വിധിക്കെതിരേ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും അതില്‍ തീര്‍പ്പാകുംവരെ ശിക്ഷവിധിക്കരുതെന്നുമുള്ള ഭൂഷന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. 

മറ്റൊരു കോടതിയലക്ഷ്യ കേസും ഭൂഷണ്‍ നേരിടുന്നുണ്ട്. 2009-ല്‍ തെഹല്‍ക്ക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ 16 സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരില്‍ പകുതിയും അഴിമതിക്കാരാണെന്ന് പറഞ്ഞതാണ് കേസിനാധാരം.

content highlights: SC requests Chief Justice SA Bobde to place Prashanth Bushan case before an appropriate bench