ബരിമല യുവതീപ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട വിഷയങ്ങളില്‍ തിങ്കളാഴ്ച ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ മുമ്പാകെ വാദം ആരംഭിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ഒന്‍പതംഗ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുന്ന വിഷയങ്ങള്‍ ഏതൊക്കെ?

ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ച് ഏഴ് വിഷയങ്ങളാണ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ആ വിഷയങ്ങള്‍ ഇവ ആണ്:

1. ഭരണഘടനയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പുകളും തുല്യത സംബന്ധിച്ച വകുപ്പുകളും തമ്മിലുള്ള ബന്ധം.


2. മതസ്വാതന്ത്ര്യം സംബന്ധിച്ച 25 (1)വകുപ്പിലെ 'പൊതുക്രമം, ധാര്‍മികത, ആരോഗ്യം' എന്നിവ വിവക്ഷിക്കുന്നത് എന്താണ്?


3. 'ധാര്‍മികത', 'ഭരണഘടനാ ധാര്‍മികത' എന്നീ പ്രയോഗങ്ങള്‍ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ല. ഇത് മൊത്തത്തിലുള്ള ധാര്‍മികതയാണോ, അതല്ല മതവിശ്വാസവുമായി ബന്ധപ്പെട്ടത് മാത്രമാണോ?
 

4. ആചാരങ്ങള്‍ മതത്തിന്റെ/വിഭാഗത്തിന്റെ ഒഴിച്ചുകൂടാനാകാത്ത രീതിയാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം? അത് മതമേധാവിയുടെ തീരുമാനത്തിനു വിട്ടുകൊടുക്കേണ്ടതാണോ?


5. മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പിലെ 25 (2) (ബി)യില്‍ പറയുന്ന 'ഹൈന്ദവ വിഭാഗങ്ങള്‍' എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം എന്താണ്?


6. ഒരു മതത്തിന്റെ/ഒരു വിഭാഗത്തിന്റെ 'ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങള്‍ക്ക്' ഭരണഘടനയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച 26-ാം വകുപ്പിന്റെ സംരക്ഷണമുണ്ടോ?


7. മതപരമായ ആചാരങ്ങളെ ആ മതത്തിലോ വിഭാഗത്തിലോ പെടാത്ത വ്യക്തി പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്യുന്നത് എത്രത്തോളം അനുവദിക്കണം?

ഇതിന് പുറമെ 1965ലെ കേരള പൊതു ആരാധനാസ്ഥല (പ്രവേശനാനുമതി) ചട്ടങ്ങള്‍ ശബരിമല ക്ഷേത്രത്തിനു ബാധകമാണോ എന്ന വിഷയവും വിശാല ബെഞ്ചിന് പരിഗണിക്കാം എന്ന് അഞ്ചംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശബരിമല യുവതീപ്രവേശനവുമായി നേരിട്ട് ബന്ധപ്പെടുന്ന ഈ വിഷയം വിശാല ബെഞ്ച് ഈ ഘട്ടത്തില്‍ പരിഗണിക്കുമോ എന്ന് വ്യക്തമല്ല. അഞ്ചംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതിന് പുറമേയുള്ള കാര്യങ്ങളും പരിഗണനാ വിഷയത്തില്‍ ഉള്‍പ്പെടുത്താന്‍ ഒന്‍പതംഗ ബെഞ്ചിന് അധികാരമുണ്ട്.

ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചും അതിന്റെ പ്രത്യേകതകളും

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എല്‍ നാഗേശ്വര്‍ റാവു, മോഹന ശാന്തന ഗൗഡര്‍, അബ്ദുല്‍ നസീര്‍, സുബാഷ് റെഡ്ഡി, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഒന്‍പതംഗ ബെഞ്ചിലെ അംഗങ്ങള്‍. ബെഞ്ചിലെ അഞ്ചുപേര് ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്. ജസ്റ്റിസുമാരായ അബ്ദുല്‍ നസീറും ശാന്തന ഗൗഡറും കര്‍ണാടകത്തില്‍ നിന്നുള്ളവരാണ്. എല്‍ നാഗേശ്വര്‍ റാവു, ആര്‍ സുബാഷ് റെഡ്ഡി എന്നിവര്‍ ആന്ധ്രയില്‍ നിന്നുള്ളവരും. 

തമിഴ്‌നാട്ടില്‍നിന്നുള്ള ആര്‍ ഭാനുമതിയാണ് ബെഞ്ചിലെ ഏക വനിതാ അംഗം. ചീഫ് ജസ്റ്റിസിന് പുറമേ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി ആര്‍ ഗവായ് മഹാരാഷ്ട്രയില്‍ നിന്നാണ്. ജസ്റ്റിസ് അശോക് ഭൂഷണ്‍ ഉത്തര്‍പ്രദേശില്‍ നിന്നും ജസ്റ്റിസ് സൂര്യകാന്ത് ഹരിയാനയില്‍ നിന്നുമാണ്. ജസ്റ്റിസ് മാരായ അശോക് ഭൂഷണും മോഹന ശാന്തന ഗൗഡറും കേരള ഹൈകോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസുമാരാണ്.

എന്തുകൊണ്ട് ഒന്‍പതംഗ ബെഞ്ച്?

ശബരിമല യുവതീപ്രവേശന ഉത്തരവിനെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് സുപ്രധാനമായ ചില വിഷയങ്ങള്‍ വിശാല ബെഞ്ച് പരിഗണിക്കണം എന്നാണ് നിര്‍ദേശിച്ചിരുന്നത്. ഏഴംഗ ബെഞ്ച് ഈ വിഷയങ്ങള്‍ പരിഗണിക്കും എന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാല്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വിഷയം പരിഗണിക്കാന്‍ രൂപീകരിച്ചത് ഒന്‍പതംഗ ബെഞ്ചാണ്.

ഷിരൂര്‍ മഠം കേസില്‍ ഏഴംഗ ബെഞ്ച് പുറപ്പടുവിച്ച ചില ഉത്തരവുകളുടെ അടിസ്ഥാനത്തില്‍, അജ്മീര്‍ ദര്‍ഗ്ഗ കമ്മിറ്റി കേസില്‍ അഞ്ചംഗ ബെഞ്ച് പുറപ്പടുവിച്ച ഉത്തരവിന്റെ ചില ഭാഗങ്ങള്‍ പോലും വിശാല ബെഞ്ച് പരിഗണിക്കണമെന്നാണ് ശബരിമല യുവതീപ്രവേശന-പുനഃപരിശോധനാ ഹര്‍ജികളിലെ ഭൂരിപക്ഷ വിധി. മതങ്ങളിലെ അനുപേക്ഷിണീയമായ ആചാരങ്ങളില്‍ നിയമം അഹിതകരമായി ഇടപെടാന്‍ പാടില്ല എന്നാണ് സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച്  1954-ല്‍ ഷിരൂര്‍ മഠം കേസില്‍ വിധിച്ചത്. ഒരു പ്രത്യേക മതവിഭാഗം എന്ന നിലയില്‍ ഒരു വിഭാഗത്തെ അംഗീകരിക്കുന്നതിനുള്ള നിയമപരമായ തത്വങ്ങളും ഷിരൂര്‍ മഠം കേസില്‍ വിശദീകരിച്ചിട്ടുണ്ട്. ഷിരൂര്‍ മഠം കേസിലെ വിധി പുനഃപരിശോധിക്കാനാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഒന്‍പതംഗ ബെഞ്ച് രൂപീകരിച്ചതെന്നാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

95-ലെ ഹിന്ദുത്വ വിധി പുനഃപരിശോധിക്കുമോ? 

ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുന്ന വിഷയങ്ങളില്‍ ഒന്ന് ഭരണഘടനയുടെ 25 (2) (ബി)യില്‍ പറയുന്ന 'ഹൈന്ദവ വിഭാഗങ്ങള്‍' എന്ന പ്രയോഗത്തിന്റെ നിര്‍വചനം എന്താണ് എന്നതാണ്. ഈ വിഷയം ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ഒന്‍പതംഗ ബെഞ്ച് എങ്ങനെ പരിഗണിക്കും എന്നതും ശ്രദ്ധേയമാണ്. 1995-ല്‍ ചീഫ് ജസ്റ്റിസ് ജെ എസ് വര്‍മ്മയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹിന്ദുത്വം മതമല്ല എന്നും ഒരു ജീവിതരീതി മാത്രമാണെന്നും വിധിച്ചിരുന്നു. 

2016 ല്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ടി എസ് ഠാക്കൂറിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ ബെഞ്ചിന് മുമ്പാകെ ഈ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യം വന്നിരുന്നു. എന്നാല്‍ പരിഗണനാ വിഷയത്തില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഏഴംഗ ബെഞ്ച് ആ ആവശ്യം നിരാകരിക്കുകയായിരുന്നു. വര്‍ത്തമാനകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന 1995 ഹിന്ദുത്വ വിധി ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പുനഃപരിശോധിക്കുമോ എന്നും ഉടന്‍ വ്യക്തമാകും. 

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഇപ്പോള്‍ വാദം ഉണ്ടാകുമോ?

വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട ഏഴ് പ്രധാനപ്പെട്ട ചോദ്യങ്ങളില്‍ ഒന്നുപോലും ശബരിമല കേന്ദ്രീകൃത വിഷയങ്ങള്‍ അല്ല. 1965ലെ കേരള പൊതു ആരാധനാസ്ഥല (പ്രവേശനാനുമതി) ചട്ടങ്ങള്‍ ശബരിമല ക്ഷേത്രത്തിനു ബാധകമാണോ എന്ന വിഷയം മാത്രമാണ് യുവതീപ്രവേശനവുമായി നേരിട്ട് ബന്ധപ്പെടുന്ന ചോദ്യം. എന്നാല്‍ ഈ ചോദ്യത്തില്‍ ഇപ്പോള്‍ വിശദമായ വാദം നടക്കുമോ എന്ന കാര്യം വ്യക്തമല്ല. 

പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കില്ലെന്നും അഞ്ചംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കുവിട്ട വിഷയങ്ങള്‍ മാത്രമേ കേള്‍ക്കുകയുള്ളു എന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ എട്ടാമത്തെ ചോദ്യത്തില്‍ കോടതിയില്‍ ഈ ഘട്ടത്തില്‍ വിശദമായ വാദം നടക്കാനുള്ള സാധ്യത കുറവാണ് എന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

കേന്ദ്ര സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരാകുമോ?

ഒന്‍പതംഗ ബെഞ്ചിന് മുമ്പാകെ നടക്കുന്ന വാദത്തില്‍ അറ്റോര്‍ണി ജനറല്‍ ഹാജരായില്ലെങ്കില്‍ അത് ഒരു പുതിയ കീഴ്വഴക്കംകൂടിയായേക്കും. സുപ്രീം കോടതി രൂപീകൃതമായതിന് ശേഷം ഏഴോ അതില്‍ അധികമോ ബെഞ്ചുകള്‍ കേസ്സുകള്‍ പരിഗണിച്ചപ്പോളൊക്കെ അറ്റോര്‍ണി ജനറല്‍മാര്‍ ഹാജരായിട്ടുണ്ട്. എന്നാല്‍ ശബരിമല യുവതീപ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി മുമ്പ് ഹാജരായിട്ടുള്ളതിനാല്‍ അറ്റോര്‍ണി ജനറല്‍ ഹാജരാകുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. 

ഭരണഘടനാ ധാര്‍മികത ചൂണ്ടിക്കാട്ടി അവ്യക്തവും പരസ്പരവിരുദ്ധവുമായ വിധികള്‍ പ്രഖ്യാപിക്കുന്ന കോടതികളുടെ പ്രവണതയെ അതിനിശിതമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള വ്യക്തികൂടിയാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍.  ഭരണഘടന നിര്‍വചിച്ചിട്ടില്ലാത്ത ധാര്‍മികത, ഭരണഘടനാധാര്‍മികത എന്നീ വിഷയങ്ങളില്‍ ഒന്‍പതംഗ ബെഞ്ച് ഉത്തരം കണ്ടത്താന്‍ ശ്രമിക്കുമ്പോള്‍ അറ്റോര്‍ണി ജനറല്‍ ഹാജരായില്ലെങ്കില്‍ അത് ചര്‍ച്ചചെയ്യപ്പെടും എന്നുറപ്പാണ്.

ശബരിമല ദര്‍ശനത്തിന് അനുമതി തേടി ബിന്ദു അമ്മിണി നല്‍കിയ അപേക്ഷ കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം ഒരു അഭിപ്രായവും കോടതിയില്‍ പറഞ്ഞിരുന്നില്ല. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഒന്‍പതംഗ ബെഞ്ചിന് മുമ്പാകെ ഹാജരാകാനാണ് സാധ്യത. തുഷാര്‍ മേത്തയ്ക്ക് പുറമെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായ വിക്രംജിത്ത് ബാനര്‍ജി, കെ എം നടരാജ് എന്നിവരെയും ഈ ഹര്‍ജികളുമായി ബന്ധപ്പെട്ട് ചുമതലയേല്‍പ്പിച്ചിട്ടുണ്ടെന്ന് നിയമ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥര്‍ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും വേണ്ടി ആരൊക്കെ?

ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ച ദിവസം സംസ്ഥാന സര്‍ക്കാരിനുവേണ്ടി രണ്ട് സീനിയര്‍ അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നു. വിജയ് ഹന്‍സാരിയയും ജയ്ദീപ് ഗുപ്തയും. ട്രാന്‍സ്ഫര്‍ പെറ്റേഷനുകളില്‍ ആണ് ഹന്‍സാരിയ ഹാജര്‍ ആയത് എങ്കിലും യുവതി പ്രവേശനം അനുവദിക്കണമെന്ന് അദ്ദേഹം കോടതിയില്‍ വാദിച്ചിരുന്നു. മാറിയ പരിതസ്ഥിതിയില്‍ രണ്ട് സീനിയര്‍ അഭിഭാഷകര്‍ എന്നത് സംസ്ഥാന സര്‍ക്കാര്‍ ഒന്നായി കുറച്ചു. ജയ്ദീപ് ഗുപ്ത മാത്രമാകും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരാകുക. സഹായത്തിന് സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശും. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി പുനഃപരിശോധനാ ഹര്‍ജികളില്‍ ഹാജരായി യുവതീപ്രവേശത്തിന് വീറോടെ വാദിച്ചത് ഭരണഘടനാ വിദഗ്ദ്ധന്‍ രാകേഷ് ദ്വിവേദി ആയിരുന്നു. ദ്വിവേദിയുടെ തീപാറുന്ന വാദത്തെ മുക്തകണ്ഠം പ്രശംസിച്ച സര്‍ക്കാര്‍, ഇന്ന് ആചാര സംരക്ഷണത്തിനായി വാദിക്കാന്‍ ഒരു സീനിയര്‍ അഭിഭാഷകനെ നിയമിക്കണമെന്ന നിലപാടിലേക്ക് മാറിയിരിക്കുകയാണ്. സ്റ്റാന്റിംഗ് കോണ്‍സല്‍ പി എസ് സുധീറിന് പുറമെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഒരു സീനിയര്‍ അഭിഭാഷകന്‍ കൂടി കോടതിയില്‍ ഹാജരാകും.

യുവതീപ്രവേശന വിഷയത്തില്‍ ഇപ്പോള്‍ കോടതിയില്‍ വിശദമായ വാദം നടക്കില്ല എന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും. അഥവാ വാദം നടക്കുകയാണെങ്കില്‍ ലിംഗസമത്വ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാട് സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ഒപ്പം ശബരിമലയിലെ യുവതി പ്രവേശന നിരോധനം വര്‍ഷങ്ങളായി തുടരുന്ന ആചാരമായതിതിനാലും അത് വിശ്വാസങ്ങളുമായി ബന്ധപ്പെട്ടതായതിനാലും ഹിന്ദു ധര്‍മ്മത്തില്‍ ആധികാരിക പരിജ്ഞാനമുള്ള പണ്ഡിതര്‍ ഉള്‍പ്പെടുന്ന സമിതിയെക്കൊണ്ട് അഭിപ്രായം തേടണം എന്നും കോടതിയെ അറിയിക്കും.

വാദം കേള്‍ക്കല്‍ എത്രദിവസം നീണ്ടുനില്‍ക്കും? വിധി എപ്പോള്‍?

ഒന്‍പതംഗ ബെഞ്ചിനുമുമ്പാകെ ശബരിമല യുവതീപ്രവേശന ഉത്തരവിന് എതിരായ 61 പുനഃപരിശോധനാ ഹര്‍ജികളാണ് നിലവില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ബെഞ്ച് തീര്‍പ്പ് കല്‍പ്പിക്കുന്ന വിഷയങ്ങള്‍ രാജ്യത്തെ എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്ന വിഷയമാണ്. അതിനാല്‍ കൂടുതല്‍ പേരെ ബെഞ്ച് കേട്ടേക്കും. കേന്ദ്ര സര്‍ക്കാരിന് പുറമെ സംസ്ഥാന സര്‍ക്കാരുകളെ കേള്‍ക്കണമോ എന്ന കാര്യത്തിലും കോടതിക്ക് തീരുമാനിക്കേണ്ടി വരും. തുടര്‍ച്ചയായി വാദം കേള്‍ക്കുമോ അതോ മറ്റുള്ളവര്‍ക്ക് നോട്ടീസ് അയച്ച ശേഷം പിന്നീട് കേള്‍ക്കാനായി മാറ്റിവയ്ക്കുമോ എന്ന കാര്യം വ്യക്തമല്ല.

സുപ്രീം കോടതി ഇന്നലെ പുറത്തിറക്കിയ കേസ് ലിസ്റ്റ് പ്രകാരം ചൊവ്വാഴ്ചയും ഭരണഘടനാ ബെഞ്ച് ഇരിക്കും എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഒന്‍പതംഗ ബെഞ്ചിലെ ജസ്റ്റിസ് ആര്‍ ഭാനുമതി ജൂലൈ 19 ന് വിരമിക്കും. അതിനാല്‍ ഇപ്പോള്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചാല്‍ ജൂലൈ 19 ന് മുമ്പ്  കേസില്‍ വിധി ഉണ്ടായേക്കും.

Content Highlights: Sabarimala: Supreme Court to hear from January 13 issue of allowing entry of women of all age group