ശബരിമല വിഷയത്തില്‍ വാദം കേള്‍ക്കുന്ന ഒമ്പതംഗ ബെഞ്ചിന്റെ പരിഗണന വിഷയത്തിന്റെ കരട് തയ്യാറായി. ഉപചോദ്യങ്ങള്‍ ഉള്‍പ്പടെ 17 ചോദ്യങ്ങളാണ് കരടിലുള്ളത്. തൊട്ടുകൂടായ്മ, ജാതീയമായ അയിത്തമോ അല്ലാത്തതോ ആയ മതാചാരങ്ങളുടെ ഭാഗമായുള്ള വിലക്കുകളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമോ എന്ന ചോദ്യവും കരടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കരടിലെ പ്രധാനപ്പെട്ട മറ്റ് ചോദ്യങ്ങള്‍ ഇവയാണ്-

വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയുമോ? അതോ അവ സമുദായത്തിന് ഉള്ളില്‍ നിന്നുള്ള പരിഷ്‌ക്കാരങ്ങള്‍ക്ക് വിട്ടുനല്‍കണമോ ? ഭരണഘടന ധാര്‍മികത കോടതി വിധികളിലൂടെ നടപ്പിലാക്കാന്‍ കഴിയുമോ? ഭരണഘടന ധാര്‍മികത ഭരണഘടന കാഴ്ചപ്പാടില്‍ നിലനില്‍ക്കുമോ? ആചാരങ്ങളുടെ പേരില്‍ ഒരു പ്രത്യേക വിഭാഗത്തിന് വിലക്ക് കല്‍പ്പിക്കാന്‍ കഴിയുമോ? മതാചാരങ്ങള്‍ ഭരണഘടനയുടെ 14, 15, 17, 19, 21, 25, 26 അനുച്ഛേദങ്ങള്‍ പ്രകാരമുള്ള പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ സാധിക്കുമോ ?

ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് ഏഴ് വിഷയങ്ങളാണ് തയ്യാറാക്കിയിരുന്നത്. ഈ വിഷയങ്ങളില്‍ നിന്നാണ് ഉപചോദ്യങ്ങള്‍ ഉള്‍പ്പടെ 17 പരിഗണന വിഷയങ്ങളും തയ്യാറാക്കിയത്. പരിഗണന വിഷയങ്ങളുടെ കരട് തയ്യാറാക്കാന്‍ അഭിഭാഷകരോട് ഭരണഘടന ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സീനിയര്‍ അഭിഭാഷകന്‍ വി.ഗിരിയെ കരട് തയ്യാറാക്കാന്‍ അഭിഭാഷകര്‍ ചുമതലപ്പെടുത്തിയിരുന്നു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, സീനിയര്‍ അഭിഭാഷകരായ അഭിഷേക് മനു സിംഗ്വി, ഇന്ദിര ജയ്‌സിങ് തുടങ്ങിയവര്‍ ഉള്‍പ്പടെ നിരവധി അഭിഭാഷകരുമായി ചര്‍ച്ച ചെയ്താണ് സീനിയര്‍ അഭിഭാഷകന്‍ വി ഗിരി കരടിന് രൂപം നല്‍കിയിരിക്കുന്നത്. കരട് അടുത്ത ആഴ്ച അഭിഭാഷകരുടെ യോഗം വീണ്ടും ചര്‍ച്ച ചെയ്ത ശേഷം ഭരണഘടന ബെഞ്ചിന് കൈമാറും. ഭരണഘടന ബെഞ്ചാണ് പരിഗണന വിഷയങ്ങള്‍ അന്തിമമായി തീരുമാനിക്കുക.

sabarimala issue supreme court nine judge bench

മുന്‍ അറ്റോര്‍ണി ജനറല്‍ കെ പരാശനാകും ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദം ആരംഭിക്കുക. എന്‍.എസ്. എസ്സിന് വേണ്ടിയാണ് പരാശരന്‍ ഹാജരാകുന്നത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകും.  ഭരണഘടന ബെഞ്ചിന് മുമ്പാകെ സ്വന്തം നിലപാട് അറിയിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫാലി എസ്. നരിമാന്‍ കുറിപ്പ് കൈമാറിയിരുന്നു. രണ്ട് ദിവസം വാദിക്കാനുള്ള താത്പര്യമാണ് നരിമാന്‍ അറിയിച്ചിരിക്കുന്നത്.

Content Highlights: Sabarimala issue; considering subjects draft prepared