ന്യൂഡല്‍ഹി: ശബരിമല വിശാല ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ ഒമ്പതംഗ ഭരണഘടന ബെഞ്ച് തിങ്കളാഴ്ച യോഗംചേരുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അറിയിച്ചു. ശബരിമലയ്ക്ക് പുറമെ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, പാര്‍സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം എന്നീ വിഷയങ്ങളും വിശാല ബെഞ്ച് പരിഗണിക്കും.

പരിഗണന വിഷയങ്ങള്‍ തീരുമാനിച്ച ശേഷം എന്ന് വാദം ആരംഭിക്കണമെന്ന് തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിശാലമായ നിയമ വിഷയങ്ങളില്‍ നിലപാടായ ശേഷം ഒരോ വിഷയവും വെവ്വേറെ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് ബോബ്ഡെ അറിയിച്ചു.

പരിഗണന വിഷയങ്ങളില്‍ അഭിഭാഷകര്‍ക്ക് ഇടയില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്തതില്‍ നിരാശയുണ്ടെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഒമ്പതംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണന വിഷയങ്ങള്‍ തയ്യാറാക്കാന്‍ നേരത്തെ സീനിയര്‍ അഭിഭാഷകരോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരിഗണന വിഷയങ്ങളില്‍ സമവായം ഉണ്ടായില്ലെന്ന്  സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു. അഭിഭാഷകര്‍ തയ്യാറാക്കിയ പരിഗണന വിഷയങ്ങളുടെ പകര്‍പ്പ് സീനിയര്‍ അഭിഭാഷകന്‍ വി ഗിരി ഇന്ന് കോടതിക്ക് കൈമാറി.

പരിഗണന വിഷയങ്ങള്‍ തയ്യാറാക്കിയ ശേഷം ഏതൊക്കെ അഭിഭാഷകര്‍ എത്ര സമയം വാദിക്കും എന്നതില്‍ തീരുമാനം എടുക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരേ നിലപാട് വിവിധ അഭിഭാഷകര്‍ക്ക് ആവര്‍ത്തിച്ച് വാദിക്കാന്‍ അനുമതി നല്‍കില്ല. ഇക്കാര്യത്തില്‍ സീനിയര്‍ അഭിഭാഷകര്‍ക്ക് ഇടയില്‍ സമവായം ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. പരിഗണന വിഷയങ്ങള്‍ തയ്യാറാക്കിയ ശേഷം ആവശ്യമെങ്കില്‍ സീനിയര്‍ അഭിഭാഷകരുടെ യോഗം ചേമ്പറില്‍ വിളിച്ച് ചേര്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

ശബരിമല വിശാല ബെഞ്ച് വാദം കേള്‍ക്കല്‍ ആരംഭിക്കുന്നതിന് മുമ്പ് കശ്മീര്‍ വിഷയത്തിലെ ഭരണഘടന ബെഞ്ച് ചേരുന്നതാകും ഉത്തമമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ഇന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടി. കശ്മീര്‍ വിഷയത്തിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കിയിരുന്നതെന്നും എന്നാല്‍ അവിടെ ഉയര്‍ന്ന ബെഞ്ച് വേണം എന്ന ആവശ്യം ഉയരുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇനി ശബരിമല വിശാല ബെഞ്ചിന്റെ നടപടികള്‍ പൂര്‍ത്തിയായ ശേഷമേ കശ്മീര്‍ വിഷയത്തിലെ ഭരണഘടന ബെഞ്ച് ഇരിക്കുകയുള്ളു എന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു.

Content Highlights: Sabarimala case in supreme court