മ്മള്‍ ഇന്ത്യക്കാര്‍ക്ക് ഒരേയൊരു വിശുദ്ധ ഗ്രന്ഥമേയുള്ളൂ - ഇന്ത്യന്‍ ഭരണഘടന. ഈ ഭരണഘടനയെ മുന്‍നിര്‍ത്തിയാണ് തിങ്കളാഴ്ച വൈകീട്ട് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിസ്രയുടെ യാത്രയയപ്പ് വേളയില്‍ നിയുക്ത ചീഫ് ജസ്റ്റിസ് രഞ്ജന്‍ഗൊഗൊയ് സംസാരിച്ചത്. കാതുകള്‍ക്ക് അമൃത് പോലെയായിരുന്നു രഞ്ജന്‍ ഗൊഗൊയിയുടെ വാക്കുകള്‍. നമ്മള്‍ നമ്മളായിരിക്കുമ്പോള്‍ തന്നെ മറ്റുള്ളവരേയും അംഗീകരിക്കേണ്ടതിനെക്കുറിച്ചും വ്യത്യസ്തതയുടെ ലോകങ്ങള്‍ ഒന്നിച്ച് പുലരേണ്ടതിനെക്കുറിച്ചുമാണ് അദ്ദേഹം സംസാരിച്ചത്. സത്യത്തെ ദൈവമായി കണ്ട ഗാന്ധിജിയുടെ ഈ 150-ാം പിറന്നാളില്‍ ഇത്രയും ആഹ്ലാദദായകമായ മറ്റെന്താണുള്ളത്.

'' നമ്മള്‍ കഴിക്കുന്നത്, വായിക്കുന്നത്, ധരിക്കുന്നത്, ചിന്തിക്കുന്നത്, സംസാരിക്കുന്നത് നമ്മളെ വിഭജിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന കാലമാണിത്.'' വലിയ കരുതലും ജാഗ്രതയും ആവശ്യപ്പെടുന്ന കാര്യങ്ങളാണിത്. ഈ വിഷമസന്ധികളില്‍ പക്ഷേ, നമ്മുടെ തുണയ്ക്ക് ഭരണഘടനയുണ്ടെന്ന് ഗൊഗൊയ് ചൂണ്ടിക്കാട്ടി. 

''സംശയവും സംഘര്‍ഷമുണ്ടാവുമ്പോള്‍ ഭരണഘടനയിലേക്ക് തിരിയണമെന്നും ഭരണഘടനയോടുള്ള യഥാര്‍ത്ഥ ഭക്തിയും സ്നേഹവും അതാണെന്നും അദ്ദേഹം വ്യക്തമാക്കി. '' യുദ്ധകാലത്തും സമാധാനകാലത്തും ഒരുപോലെ ശക്തമായ ഭരണഘടനയാണിത്. കാര്യങ്ങള്‍ തലതിരിഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഭരണഘടന മോശമാണെന്നല്ല, മനുഷ്യന്‍ മോശമാണെന്നാണ്.'' ഭരണഘടനാ ശില്‍പി ബി.ആര്‍. അംബദ്ക്കറെ ഉദ്ധരിച്ചുകൊണ്ട് ഗൊഗഗൊയ് പറഞ്ഞു.

ചരിത്രമാണ് ഏറ്റവും കടുത്ത വിധികര്‍ത്താവെന്നും നീതിയുടെ കാവല്‍ക്കാരാണ് നമ്മളെന്നും ഗൊഗൊയ് സഹപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. ജഡ്ജിമാരുടെ ശമ്പളം വളരെ കുറവാണെന്ന അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ പരിദേവനത്തോടുള്ള ഗൊഗൊയിയുടെ മറുപടിയും ശ്രദ്ധേയമായിരുന്നു. 

''ന്യൂനതകളുണ്ടാവും. പക്ഷേ, സമര്‍പ്പിതരാവുക എന്നതാണ് പ്രധാനം. അത് നമ്മള്‍ തുടരുക തന്നെ ചെയ്യും.''  നീതിക്ക് മാനുഷിക മുഖമുണ്ടായിരിക്കണമെന്ന മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വാക്കുകളും ഇതോട് ചേര്‍ത്തുവായിക്കേണ്ടിയിരിക്കുന്നു.

രാഷ്ട്രം കടുത്ത പ്രതിസന്ധികള്‍ നേരിടുന്ന കാലത്ത് സുവ്യക്തമായ കാഴ്ചപ്പാടുള്ളവര്‍ പരമോന്നത നീതിപീഠത്തിന്റെ തലപ്പത്തേക്ക് വരുന്നുവെന്നത് ഇന്ത്യന്‍ പൗരസമൂഹത്തെ തീര്‍ച്ചയായും സാന്ത്വനപ്പെടുത്തുന്നുണ്ട്. ഏതിരുട്ടിലും നമ്മളെ നയിക്കുന്നതിന് സുസജ്ജമായ വിളക്കുമരമാണ് ഭരണഘടനയെന്ന ഉറച്ച വിശ്വാസത്തോടെ നിയുക്ത ചിഫ് ജസ്റ്റിസ് സംസാരിക്കുമ്പോള്‍ അതൊരു സൂചനയും വാഗ്ദാനവുമാണ്. 

സ്വതന്ത്ര ഇന്ത്യ നേരിടാന്‍ പോവുന്ന ഏറ്റവും നിര്‍ണ്ണായകമായ പൊതുതിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്ന് നിരീക്ഷണമുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാവുമെന്ന മുന്നറിയിപ്പുകളും അന്തരീക്ഷത്തിലുണ്ട്. ഈ സവിശേഷ ചരിത്ര ഘട്ടത്തില്‍ സുപ്രീംകോടതിയുടെ പ്രസക്തി തീര്‍ച്ചയായും വളരെ വലുതാണ്. സ്വാതന്ത്ര്യവും ബഹുസ്വരതയും സംരക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടിവില്ലെന്ന വാക്കുകള്‍ അതുകൊണ്ടുതന്നെ പ്രകാശഭരിതവും കരുണാര്‍ദ്രവുമാവുന്നു.