ന്യൂഡല്‍ഹി: കോടതി അലക്ഷ്യ നടപടി സ്വീകരിച്ചു എന്ന കാരണത്താല്‍ സുപ്രീം കോടതിയെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റുകള്‍ പിന്‍വലിക്കുകയോ മാപ്പ് പറയുകയോ ചെയ്യില്ലെന്ന് ഹാസ്യാവതാരകൻ കുണാല്‍ കമ്ര. ആത്മഹത്യാ പ്രേരണ കേസില്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയ നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് കുണാല്‍ കമ്ര ട്വീറ്റ് ചെയ്തത്.  ഇതിനെതിരേ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകാനുള്ള അനുമതി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ നേരത്തേ നല്‍കിയിരുന്നു.

എന്നാൽ, മാപ്പ് പറയാൻ തയ്യാറല്ലെന്നും കോടതിയലക്ഷ്യ നടപടികൾ കോടതി പരിഗണനയ്ക്ക് എടുക്കുന്ന സമയത്ത്, പെട്ടെന്ന്‌ പരിഗണിക്കേണ്ട മറ്റ് വിഷയങ്ങള്‍ ചുറ്റിലും നടക്കുന്നുണ്ടെന്ന ഓർമപ്പെടുത്തലുകളാണ് കുണാല്‍ കമ്ര പുതിയ ട്വീറ്റിൽ കുറിച്ചത്.

"ഞാന്‍ എന്റെ ട്വീറ്റുകള്‍ പിന്‍വലിക്കാനോ അതിന്‍റെ പേരില്‍ ക്ഷമാപണം നടത്താനോ ഉദ്ദേശിക്കുന്നില്ല, അവ സ്വയം സംസാരിക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.' 

സുപ്രീം കോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ കാവി നിറമണിഞ്ഞ സുപ്രീം കോടതിയുടെ ചിത്രവും കുണാല്‍ കമ്ര പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തില്‍ ഫാസ്റ്റ് ട്രാക്കിലൂടെ ആദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികര്‍ക്ക് ഷാംപെയ്ന്‍ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് എന്നും സാധാരണക്കാര്‍ക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്നുപോലും അറിയാത്ത സാഹചര്യമാണ് എന്നും കമ്ര ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മുംബൈയിലെ അഭിഭാഷകനായ റിസ്വം സിദ്ദീഖി, നിയമ വിദ്യാര്‍ഥിയായ ഷിരാങ് കട്‌നേഷ്വര്‍ക്കര്‍ എന്നിവര്‍ കോടതിലക്ഷ്യ ഹര്‍ജി ഫയല്‍ചെയ്യാന്‍ അനുമതി തേടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനെ സമീപിച്ചു. അദ്ദേഹം അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് കുണാല്‍ കമ്ര പുതിയ ട്വീറ്റുമായി രംഗത്ത് വന്നത്.

സുപ്രീം കോടതിയെ കടന്നാക്രമിക്കുന്നത് നീതീകരിക്കാന്‍ കഴിയുന്ന നടപടിയല്ലെന്നും അത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശിക്ഷ ലഭിക്കുമെന്നും ജനം മനസ്സിലാക്കട്ടെയെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹാസ്യാവതാരകന്റെ ട്വീറ്റുകള്‍ മോശമായ രീതിയിലായിരുന്നുവെന്ന് മാത്രമല്ല, നര്‍മവും കോടതിയലക്ഷ്യവും തമ്മിലുള്ള അതിര്‍വരമ്പ് ഭേദിക്കുകയും ചെയ്തു എന്ന് പറഞ്ഞാണ് കോടതി അലക്ഷ്യ ഹര്‍ജിക്ക് കെ. കെ വേണുഗോപാല്‍ അനുമതി നല്‍കിയത്.

No lawyers, No apology, No fine, No waste of space എന്ന തലക്കെട്ടില്‍ വ്യക്തമായ തന്റെ നിലപാടറിയിച്ചുകൊണ്ടുള്ള ദീര്‍ഘമായ കുറിപ്പാണ് കമ്ര ട്വീ്റ്റ് ചെയ്തത്. 

നോട്ടുനിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജി, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരേയുള്ള ഹര്‍ജി... അത്തരത്തില്‍ പെട്ടെന്ന് വിചാരണക്കെടുക്കേണ്ട വിഷയങ്ങള്‍ക്ക് വേണ്ടി കോടതി അതിന്‍റെ വിലയേറിയ സമയം ചെലവഴിക്കട്ടെ, ആ വിഷയങ്ങള്‍ താന്‍ കോടതിക്ക് നിര്‍ദേശിക്കാമെന്നും കുണാല്‍ കമ്ര തന്റെ പുതിയ ട്വീറ്റില്‍ പരിഹസിക്കുന്നുണ്ട്.

content highlights: No Apology, No Fine tweets standup comedian Kunal Kamra