മരടിലെ ഒരു ഡസനോളം ഫ്‌ളാറ്റ് ഉടമകള്‍ ആയിരുന്നു സുപ്രീം കോടതിയില്‍ കേസിന്റെ നടപടികള്‍ വീക്ഷിക്കാന്‍ എത്തിയിരുന്നത്. വനിതകള്‍ ഉള്‍പ്പടെ ഉള്ളവര്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷത വഹിക്കുന്ന നാലാം നമ്പര്‍ കോടതിയിലെ നടപടികള്‍ 10.30ന് ആരംഭിക്കുന്നതിനും വളരെ മുമ്പ് തന്നെ അവരില്‍ പലരും കോടതി മുറിക്ക് ഉള്ളില്‍ പ്രവേശിച്ചിരുന്നു. എല്ലാവര്‍ക്കും കാണേണ്ടി ഇരുന്നത് ഒരാളെ. ജസ്റ്റിസ് അരുണ്‍ മിശ്ര.

പതിവിലും ആറ് മിനുട്ട് വൈകി ആണ് ജസ്റ്റിസ് അരുണ്‍ മിശ്രയും ജസ്റ്റിസ് രവീന്ദ്ര ഭട്ടും കോടതിയില്‍ എത്തിയത്. വിസിറ്റേഴ്‌സ് ഗാലറിയില്‍ ഉണ്ടായിരുന്ന പല ഫ്‌ളാറ്റ് ഉടമകള്‍ക്കും അതില്‍ ആരാണ് ജസ്റ്റിസ് അരുണ്‍ മിശ്ര എന്ന് അറിയില്ല. കോടതി നടപടികള്‍ പുരോഗമിക്കുന്നിതിനിടയില്‍ അവിടെ ഉണ്ടായിരുന്ന പലരോടും ചോദിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര ആരാണ് എന്ന് അവര്‍ മനസിലാക്കി. പിന്നെ അവരുടെ ഒക്കെ കണ്ണുകളും കാതുകളും ജസ്റ്റിസ് മിശ്രയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ആദ്യ നാല് കേസ്സുകള്‍ തീര്‍ക്കാന്‍ ജസ്റ്റിസ് മിശ്രയും ഭട്ടും എടുത്തത് വെറും അഞ്ച് മിനുട്ട്. കോടതിയിലെ രംഗങ്ങള്‍ കണ്ട ഒരു ഫ്‌ളാറ്റ് ഉടമയുടെ കമന്റ് ഇങ്ങനെ 'ഒന്നും കേള്‍ക്കാതെ ആണെല്ലോ ...'.

അഞ്ചാമത്തെ കേസിന്റെ നടപടികള്‍ അല്‍പ്പം നീണ്ടു പോയി. ഒടുവില്‍ 11.05 ന് കോര്‍ട്ട് മാസ്റ്റര്‍ 11 ാത്തെ കേസ് വിളിച്ചു. മരടിലെ ചില ഫ്‌ളാറ്റ് ഉടമകള്‍ കൈകൂപ്പി കോടതി മുറിയില്‍ നിന്നു. ചിലര്‍ വിസിറ്റേഴ്‌സ് ഗാലറിയില്‍ നിന്ന് ഇറങ്ങി മുന്നിലോട്ട് നിന്നു. ഇതിനിടെ കേസ് ഫയല്‍ മറിച്ച് നോക്കിയ ജസ്റ്റിസ് അരുണ്‍ മിശ്ര ജസ്റ്റിസ് രവീന്ദ്ര ഭട്ടുമായി എന്തോ സംസാരിക്കാന്‍ തുടങ്ങി. ആ സംസാരം രണ്ട് മിനുട്ടോളം നീണ്ടു നിന്നു. 

ജസ്റ്റിസ് അരുണ്‍ മിശ്ര (കേരളത്തിന്റെ സ്റ്റാന്റിങ് കൗണ്‍സില്‍ ജി. പ്രകാശനോട്) : നിങ്ങള്‍ പുരോഗതി റിപ്പോര്‍ട്ട് ഫയല്‍ ചെയ്തില്ലേ?

ജി പ്രകാശ് : ഫയല്‍ ചെയ്തു. കോടതിക്ക് ഉറപ്പ് നല്‍കിയത് പ്രകാരം ഉള്ള നടപടികള്‍ പുരോഗമിക്കുക ആണ്. സമയക്രമം അനുസരിച്ച് പൂര്‍ത്തിയാകും.

മുകുള്‍ റോത്തഗി : ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഉള്ള ഉത്തരവ് ഭേദഗതി ചെയ്യണം. ഫ്‌ളാറ്റുകള്‍ പൊളിക്കാത്തെ നിലനിര്‍ത്താന്‍ കോടതി അനുവദിക്കണം. 

ജസ്റ്റിസ് അരുണ്‍ മിശ്ര : നോ... നോ ... നോ....

മുകുള്‍ റോത്തഗി : നിയമത്തില്‍ അതിന് വ്യവസ്ഥ ഉണ്ട്. പൊതു ആവശ്യങ്ങള്‍ക്ക് ആയി ആ കെട്ടിടങ്ങള്‍ നിലനിറുത്തണം.

ജസ്റ്റിസ് അരുണ്‍ മിശ്ര : ഇട്ട ഉത്തരവ് ഉത്തരവ് തന്നെ ആണ്. ഒരു ഇഞ്ച് പോലും അതില്‍ നിന്ന് മാറ്റില്ല.

(റോത്തഗി തിരിഞ്ഞു നടക്കുന്നു)

(കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്ററിന് വേണ്ടി ആണ് മുകുള്‍ റോത്തഗി ഹാജര്‍ ആയത്).

വി. കൃഷ്ണ മൂര്‍ത്തി (ഫ്‌ളാറ്റ് ഉടമകള്‍ക്ക് വേണ്ടി) : 25 ലക്ഷം രൂപ ആദ്യ ഘട്ടത്തില്‍ നഷ്ടപരിഹാരം തരാന്‍ ആണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. എന്നാല്‍ സുപ്രീം കോടതി നിര്‍ദേശിച്ച സമിതി അത് ശുപാര്‍ശ ചെയ്യുന്നില്ല. വില്‍പന കരാറില്‍ കാണിച്ചിരിക്കുന്ന തുക അടിസ്ഥാനമാക്കി ആണ് ഇപ്പോള്‍ നഷ്ടപരിഹാരം തരുന്നത്. 

ജസ്റ്റിസ് അരുണ്‍ മിശ്ര : നിങ്ങള്‍ എത്ര രൂപ ആണ് ഫ്ളാറ്റിനായി നല്‍കിയത് ?

വി. കൃഷ്ണമൂര്‍ത്തി : 50 ലക്ഷം. വില്‍പ്പന കരാറില്‍ പറഞ്ഞിരിക്കുന്നതിനേകാള്‍ തുക ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. ബാങ്ക് ലോണിന് നല്‍കിയത് ഉള്‍പ്പടെ ഉള്ള രേഖകള്‍ ഞങ്ങളുടെ കൈയ്യില്‍ ഉണ്ട്.

(ജസ്റ്റിസ് അരുണ്‍ മിശ്രയും ജസ്റ്റിസ് രവീന്ദ്ര ഭട്ടും തമ്മില്‍ ചര്‍ച്ച ചെയ്യുന്നു)

ജസ്റ്റിസ് രവീന്ദ്ര ഭട്ട് (സംസ്ഥാന സര്‍ക്കാര്‍ സ്റ്റാന്റിംഗ് കൗണ്‍സിലിനോട്): നിങ്ങള്‍ എത്ര രൂപ ഇത് വരെ നഷ്ടപരിഹാരം ആയി നല്‍കി? 

ജി പ്രകാശ് : 10 കോടി 70 ലക്ഷത്തില്‍ അധികം നല്‍കി. 61 പേരാണ് രേഖകള്‍ സമര്‍പ്പിച്ചത്. അവര്‍ക്ക് പണം കൈമാറി.

ജസ്റ്റിസ് രവീന്ദ്ര ഭട്ട്: മൊത്തം എത്ര അപേക്ഷകര്‍ ആണ് ഉള്ളത്.

ജി പ്രകാശ് : 61 പേരാണ് രേഖകള്‍ സമര്‍പ്പിച്ചത്. അവര്‍ക്ക് പണം കൈമാറി.

(ജസ്റ്റിസ് അരുണ്‍ മിശ്രയും ജസ്റ്റിസ് രവീന്ദ്ര ഭട്ടും തമ്മില്‍ ചര്‍ച്ച ചെയ്യുന്നു)

അമര്‍പാല്‍ സിംഗ് ഖല്‍സ (ഫ്‌ളാറ്റ് ഉടമകള്‍ക്ക് വേണ്ടി) : ഞാന്‍ മരടില്‍ നേരിട്ട് പോയതാണ്. ഈ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് വലിയ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കും.

ജസ്റ്റിസ് അരുണ്‍ മിശ്ര : ഞങ്ങളുടെ സമയം കളയരുത്. ഇതൊന്നും ഇനി കേള്‍ക്കാന്‍ കഴിയില്ല.

ഇതിനിടയില്‍ കോടതിയുടെ രണ്ടാം നിരയില്‍ നിന്ന് വെള്ള ഷര്‍ട്ട് ഇട്ട ഒരു ഫ്‌ളാറ്റ് ഉടമ ഉച്ചത്തില്‍ വാദിക്കാന്‍ തുടങ്ങി

ഫ്‌ളാറ്റ് ഉടമ : ഞങ്ങള്‍ക്ക് നീതി ലഭിക്കണം. ഞങ്ങള്‍ വളരെ ദൂരെ നിന്നാണ് വരുന്നത്.

ജസ്റ്റിസ് അരുണ്‍ മിശ്ര : ഇത് പൊതു സ്ഥലം അല്ല. ഇവിടെ മര്യാദയോടെ വേണം സംസാരിക്കാന്‍.

ഫ്‌ളാറ്റ് ഉടമ വീണ്ടും എന്തോ സംസാരിക്കാന്‍ തുടങ്ങി 

ജസ്റ്റിസ് മിശ്ര : ഞങ്ങളുടെ മുന്‍ ഉത്തരവില്‍ ഒരു മാറ്റവും ഇല്ല. എല്ലാവരെയും കേട്ടാത്തതാണ്.

ജസ്റ്റിസ് അരുണ്‍ മിശ്രയും ജസ്റ്റിസ് രവീന്ദ്ര ഭട്ടും വീണ്ടും ചര്‍ച്ച ചെയ്യുന്നു 

ജസ്റ്റിസ് രവീന്ദ്ര ഭട്ട് : ഇവിടെ ഫ്‌ളാറ്റ്് നിര്‍മ്മാതാക്കളെ പ്രതിനിധീകരിച്ച് ആരെങ്കിലും ഉണ്ടോ ?

ഫ്‌ളാറ്റ് ഉടമകള്‍ക്ക് വേണ്ടി ഹാജര്‍ ആയ ഹുഫേസ അഹമ്മദി എന്തോ പറഞ്ഞു

ജസ്റ്റിസ് അരുണ്‍ മിശ്ര : നിങ്ങള്‍ നഷ്ടപരിഹാരം കൊടുത്തോ ?

ഹുഫേസ അഹമ്മദി : ഞങ്ങളുടെ ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുക ആണ്. 

ജസ്റ്റിസ് രവീന്ദ്ര ഭട്ട് : നഷ്ടപരിഹാരം നല്‍കുന്നതിനായി ഉള്ള തുക കൈമാറാന്‍ വേണ്ടി ആ ഉത്തരവില്‍ ഞങ്ങള്‍ മാറ്റം വരുത്താം. എത്ര പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത് ?

മോഹന്‍ കത്താര്‍കി (ഫ്‌ലാറ്റ് ഉടമകള്‍ക്ക് വേണ്ടി) : 380 ഓളം 

ജസ്റ്റിസ് രവീന്ദ്ര ഭട്ട് : എത്ര ഫ്‌ളാറ്റുകള്‍ ഉണ്ട് എന്ന് അല്ല. എത്ര അപേക്ഷകര്‍ ഉണ്ട് എന്നാണ് അറിയേണ്ടത്.

ജി പ്രകാശ് : 61 പേരാണ് അപേക്ഷ നല്‍കിയത്.

ജസ്റ്റിസ് രവീന്ദ്ര ഭട്ട് : നാല് പേര്‍ക്ക് ഒരു കോടി രൂപ വേണ്ടി വരും. 

ജസ്റ്റിസ് അരുണ്‍ മിശ്രയും ജസ്റ്റിസ് രവീന്ദ്ര ഭട്ടും തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തുന്നു

ആര്‍. ബസന്ത് (ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി) : ഫ്‌ളാറ്റ് നിന്നിരുന്ന ഭൂമിയില്‍ ഉടമകള്‍ക്കും അവകാശം ഉണ്ട്.

ജസ്റ്റിസ് അരുണ്‍ മിശ്ര : മിസ്റ്റര്‍ ബസന്ത്, അതൊക്കെ ഞങ്ങള്‍ കേട്ടതാണ്. ഇനി കേസിന്റെ മെറിറ്റിനെ കുറിച്ച് വാദിക്കാന്‍ ശ്രമിക്കരുത്.

ബസന്ത് : ഞാന്‍ പറയുന്നത് എന്താണ് എന്ന് കേള്‍ക്കു. 

ജസ്റ്റിസ് അരുണ്‍ മിശ്ര : കേസിന്റെ മെറിറ്റിലേക്ക് കടക്കരുത്. ഞങ്ങളുടെ സമയം വിലപ്പെട്ടതാണ്. അത് പാഴാക്കരുത്.

ബസന്ത് : ഫ്‌ളാറ്റ് ഉടമകളുടെ പേരില്‍ കൂടി ആണ് ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നഷ്ടപരിഹാരം കണക്കാക്കുമ്പോള്‍ അത് കൂടി കണക്കില്‍ എടുക്കണം.

ജസ്റ്റിസ് അരുണ്‍ മിശ്ര : അത് പിന്നീട് പരിഗണിക്കാം. കമ്മിറ്റി എല്ലാം കണക്കില്‍ എടുക്കും. കമ്മിറ്റി തുടരും. ഇല്ലെങ്കില്‍ ശരി ആകില്ല.

പി എസ് നരസിംഹ (ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി) : ഞങ്ങള്‍ എല്ലാ അനുമതിയോടെയും കൂടി ആണ് ഫ്‌ളാറ്റുകള്‍ പണിതത്. ഇതിന്റെ ഉത്തരവാദിത്വം ഞങ്ങളില്‍ മാത്രം ചുമത്തുന്നത് ശരി അല്ല.

ജസ്റ്റിസ് അരുണ്‍ മിശ്ര: കേരളത്തില്‍ ഈ വര്‍ഷവും പ്രളയത്തില്‍ നിരവധി പേരാണ് മരിച്ചത്. കഴിഞ്ഞ തവണയും നിരവധി പേരാണ് മരിച്ചത്. ഞങ്ങള്‍ അവിടുത്തെ മുഴുവന്‍ നിയമ ലംഘനങ്ങളും പരിശോധിക്കുന്നുണ്ട്. ഇത് ഒരു തുടക്കം മാത്രം ആണ്. ഇപ്പോള്‍ എല്ലാം കൂടി കൂട്ടി കുഴക്കുന്നില്ല. നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള സമിതിയുടെ കണ്ടെത്തല്‍ തെറ്റാണ് എന്ന് ഞങ്ങള്‍ പറയില്ല. പക്ഷേ ഇപ്പോള്‍ എല്ലാവര്‍ക്കും 25 ലക്ഷം നല്‍കുക. ബാക്കി തുക കമ്മിറ്റി തീരുമാനിക്കും.

ജയന്ത് മുത്തു രാജ് (ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി): ഞങ്ങള്‍ പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുക ആണ്. പകരം ഫ്‌ളാറ്റുകള്‍ നല്‍കാന്‍ തയ്യാര്‍ ആണ്. അതിനുള്ള ചര്‍ച്ചകള്‍ നടക്കുക ആണ്. ഉത്തരവാദിത്വം ഫ്‌ളാറ്റ്്് നിര്‍മാതാക്കള്‍ക്ക് മാത്രം അല്ല.

ജസ്റ്റിസ് അരുണ്‍ മിശ്ര : അത് കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ നടപ്പാക്കാന്‍ സാധിക്കുകയുള്ളു.

ജസ്റ്റിസ് അരുണ്‍ മിശ്രയും ജസ്റ്റിസ് രവീന്ദ്ര ഭട്ടും തമ്മില്‍ വീണ്ടും ചര്‍ച്ച ചെയ്യുന്നു. തുടര്‍ന്ന് ഉത്തരവ് പറയുന്നു.

ഇതിനിടയില്‍ വീണ്ടും വെള്ള ഷര്‍ട്ട് ഇട്ട ഫ്‌ളാറ്റ് ഉടമ ഉച്ചത്തില്‍ വാദിക്കാന്‍ ശ്രമിക്കുന്നു.

ജസ്റ്റിസ് മിശ്ര ക്ഷുഭിതനായി തന്റെ കൈയ്യില്‍ ഉണ്ടായിരുന്ന പേപ്പര്‍ ബുക്ക് മുന്നോട്ട് ഇടുന്നു

ജസ്റ്റിസ് അരുണ്‍ മിശ്ര : ഇന്ന് ഇനി ഈ കേസ് കേള്‍ക്കുന്നില്ല. ഇത് ഒരു പൊതു വേദി അല്ല.

ജസ്റ്റിസ് രവീന്ദ്ര ഭട്ട് : നിങ്ങളില്‍ ഒരാളെ ഞങ്ങള്‍ കേള്‍ക്കാം. പക്ഷേ കേസിന്റെ മെറിറ്റിലേക്ക് ഇനി കടക്കില്ല.

വെള്ള ഷര്‍ട്ട് ഇട്ട് വന്ന ഫ്‌ളാറ്റ് ഉടമ കോടതിയോട് മാപ്പ് പറഞ്ഞു. തുടര്‍ന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവ് പുറപ്പടിവിച്ചു.

ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍ 

നഷ്ടപരിഹാരത്തിനായി കമ്മിറ്റിയെ സമീപിച്ച എല്ലാവര്‍ക്കും 25 ലക്ഷം വീതം നല്‍കണം. 20 കോടി രൂപ ഫ്‌ളാറ്റ്്് നിര്‍മ്മാതാക്കള്‍ കെട്ടിവയ്ക്കണം. പണം കെട്ടിവയ്ക്കാന്‍ ഉള്ള തുക പിന്‍വലിക്കാന്‍ അകൗണ്ട് മരവിപ്പിച്ച ഉത്തരവ് ഭേദഗതി ചെയ്തു.

content highlights: Maradu flats case SC orders Rs 25 Lakh interim compensation to each flat owner, trial in detail