ന്യൂഡല്‍ഹി: 'ചിലത് നടക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഈ കോടതിയിലെ ഹര്‍ജികള്‍ മാത്രം അല്ല ലഭിക്കുന്നത്. അനൗദ്യോഗികമായ ഹര്‍ജികളും  കത്തുകളും ലഭിക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് സാധാരണ പത്ത് കത്തുകളെങ്കിലും ഓരോ തവണയും വീട്ടില്‍ കിട്ടാറുണ്ട്'. അതില്‍ ഒരു കത്തില്‍ പറഞ്ഞിരിക്കുന്നത് ഒരു പ്രത്യേക ഉദ്യോഗസ്ഥനെ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കി എന്നാണ്. എല്ലാ തരത്തിലുള്ള വിവരങ്ങളും ഞങ്ങള്‍ക്ക് കിട്ടാറുണ്ട്. എന്തോ ചിലത് നടക്കുന്നുണ്ട്. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ ഉത്തരവിടുന്നില്ല. അതിന് ഒരു കാര്യം ഉണ്ട്. ആദ്യം പൊടി അടങ്ങട്ടെ. എന്നിട്ട് മറ്റ് നടപടികള്‍' ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. സുപ്രീംകോടതിയില്‍ മരട് കേസ് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ഈ പരാമര്‍ശങ്ങള്‍.

തീരദേശ നിയമം ലംഘിച്ച് മരടില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയവര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് അരുണ്‍ മിശ്ര വ്യക്തമാക്കി. മരടിലെ അവശിഷ്ടങ്ങള്‍ നീക്കിയതിന് ശേഷം തുടര്‍ ഇടപെടലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

മരട് ഫ്‌ളാറ്റ് പൊളിക്കല്‍ ഉത്തരവ് വേദനാജനകമായ കടമയായിരുന്നു. ഇനിയെങ്കിലും കേരളത്തില്‍ അനധികൃത കെട്ടിടങ്ങള്‍ ഉയരില്ല എന്നാണ് വിശ്വാസമെന്നും അരുണ്‍ മിശ്ര വ്യക്തമാക്കി. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഉള്ള ഉത്തരവ് നടപ്പിലാക്കി എന്ന് സംസ്ഥാന സര്‍ക്കാരും, ഫ്‌ളാറ്റ് നിര്‍മ്മാതാക്കളും ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും എം.ആര്‍ ഷായും അടങ്ങുന്ന ബെഞ്ചിന് മുമ്പാകെ അറിയിച്ചപ്പോഴാണ് ജസ്റ്റിസ് മിശ്രയുടെ അഭിപ്രായപ്രകടനം. 
 
കോടതിയില്‍ നടന്നത്....

ദുഷ്യന്ത് ദാവെ : ലോര്‍ഡ്ഷിപ്പ് ഉത്തരവിട്ടത് പോലെ ഇന്നലെ നാല് കെട്ടിടങ്ങളും പൊളിച്ചു. നിയമത്തിന്റെ ഗാംഭീര്യം എന്ത് എന്ന് എല്ലാവര്‍ക്കും മനസിലായി.

(ഒരു നിമിഷം ജസ്റ്റിസ് അരുണ്‍ മിശ്ര മുകളിലോട്ട് നോക്കി ഇരിക്കുന്നു)

ജസ്റ്റിസ് അരുണ്‍ മിശ്ര : ഉത്തരവ് വേദനാജനകമായ കടമയായിയിരുന്നു.

ദുഷ്യന്ത് ദാവെ : നിയമം ലംഘിച്ച് കെട്ടിടങ്ങള്‍ പണിയാന്‍ അനുമതി നല്‍കിയവര്‍ക്കെതിരെ നടപടി ഉണ്ടാകും എന്ന് കോടതി മുന്‍ ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്താന്‍ ഒരു ജുഡീഷ്യല്‍ സംവിധാനം ഉണ്ടാകണം. അത് പോലെ നഷ്ടപരിഹാരം സംബന്ധിച്ചും ചില പരാതികള്‍ ഉണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതിയെ ചുമതലപെടുത്തണം.

ജസ്റ്റിസ് അരുണ്‍ മിശ്ര : ഹൈക്കോടതിക്ക് എങ്ങനെ തെളിവ് എടുക്കാന്‍ കഴിയും.

ജസ്റ്റിസ് എം ആര്‍ ഷാ : ട്രിബ്യൂണല്‍ ഫലപ്രദമായ മാര്‍ഗ്ഗമാണ്.

ജസ്റ്റിസ് അരുണ്‍ മിശ്ര : ഞങ്ങള്‍ ഈ ഘട്ടത്തില്‍ ഒരു ഉത്തരവ് അക്കാര്യത്തില്‍ ഇടുന്നില്ല. നിങ്ങള്‍ അത് സംബന്ധിച്ച് ഒരു നിര്‍ദേശം തരൂ. ഞങ്ങള്‍ പരിഗണിക്കാം. 

വെങ്കിട്ടരമണി : കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി. കെട്ടിടങ്ങള്‍ പൊളിച്ചു. ഇനി  ഫ്‌ളാറ്റ് അവശിഷ്ടങ്ങള്‍ നീക്കുന്ന ജോലി ആണ്.

ജസ്റ്റിസ് അരുണ്‍ മിശ്ര : ഞങ്ങള്‍ കണ്ടിരുന്നു. പൊളിക്കുമ്പോള്‍ ചില ഭാഗം കായലിലാണ് വീണത്. അവ ഉള്‍പ്പടെ ഉള്ള അവശിഷ്ടങ്ങള്‍ നീക്കണം. എത്രയും വേഗം നീക്കണം. നാല് ആഴ്ചക്ക് ഉള്ളില്‍ അവ നീക്കണം.

വെങ്കിട്ട രമണി : അവശിഷ്ടങ്ങള്‍ നീക്കുന്നതിന് ഉള്ള നടപടി കോടതി നടത്തുയാണ്. ഷെഡ്യൂള്‍ നേരത്തെ കോടതിക്ക് കൈമാറിയിട്ടുണ്ട്. നാല് ആഴ്ച കൊണ്ട് നീക്കിതീരില്ല.

ജസ്റ്റിസ് അരുണ്‍ മിശ്ര : ഞങ്ങള്‍ ഈ വിഷയം ഇപ്പോള്‍ തീര്‍പ്പാക്കുന്നില്ല. ഇത് ഞങ്ങളുടെ പരിഗണനയില്‍ തന്നെ ഉണ്ടാകും. എല്ലാം നടപ്പിലാക്കി എന്ന് ഉറപ്പ് വരുത്തേണ്ടത് ഉണ്ട്. 

ദുഷ്യന്ത് ദാവെ : നഷ്ടപരിഹാരം സംബന്ധിച്ചും ചില അവ്യക്തകള്‍ ഉണ്ട്. ഒന്നില്‍ അധികം ഫ്‌ളാറ്റുകള്‍ ഉള്ളവര്‍ക്കും നഷ്ടപരിഹാരമായി ലഭിച്ചത് 25 ലക്ഷം രൂപയാണ്. ഓരോ ഫ്‌ളാറ്റിനും 25 ലക്ഷം വീതം ഇടക്കാല നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവ്.

ജസ്റ്റിസ് അരുണ്‍ മിശ്ര : അത് പരിശോധിക്കാന്‍ നിലവില്‍ ഒരു കമ്മിറ്റി ഉണ്ടല്ലോ. നിങ്ങള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാം. 

ദുഷ്യന്ത് ദാവെ : നഷ്ടപരിഹാരം ലഭിക്കാന്‍ സിവില്‍ കോടതിയെ സമീപിക്കുമ്പോള്‍  ഭീമമായ തുക കോടതി ഫീസ് ആയി നല്‍കണം. അത് കൊണ്ട് ഹൈക്കോടതിയെ നേരിട്ട് സമീപിക്കാന്‍ അനുമതി നല്‍കണം. അല്ലെങ്കില്‍ ഫീസ് ഇളവ് ചെയ്ത് ഉത്തരവ് ഇറക്കണം.

ജസ്റ്റിസ് അരുണ്‍ മിശ്ര : നിങ്ങള്‍ അപേക്ഷ തന്നാല്‍ അക്കാര്യം പരിഗണിക്കാം. 

ദുഷ്യത് ദാവെ : അനധികൃതമായി കെട്ടിയത് പൊളിച്ചു. പക്ഷേ കെട്ടാന്‍ അനുവദിച്ചവര്‍ക്ക് എതിരെ എന്ത് നടപടി ആണ് ഉണ്ടാകുന്നത്? ഇതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനും, നഗരസഭക്കും, ഉദ്യോഗസ്ഥര്‍ക്കും അല്ലെ? സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശ ഇല്ലാതെ ഇങ്ങനെ ഒരുനിര്‍മ്മാണം നടക്കില്ല.  അവര്‍ക്ക് എതിരെ നടപടി വേണ്ടേ? അതിനുള്ള നടപടികള്‍ കോടതി പ്രത്യേകം ആയി തന്നെ എടുക്കണം.

ജസ്റ്റിസ് അരുണ്‍ മിശ്ര : ചിലത് നടക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഈ കോടതിയിലെ  ഹര്‍ജികള്‍ മാത്രമല്ല ലഭിക്കുന്നത്. ഞങ്ങള്‍ക്ക് അനൗദ്യോഗികമായ ഹര്‍ജികളും  കത്തുകളും ലഭിക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് സാധാരണ പത്ത് കത്തുകളെങ്കിലും ഓരോ തവണയും വീട്ടില്‍ കിട്ടാറുണ്ട്. അതില്‍ ഒരു കത്തില്‍ പറഞ്ഞിരിക്കുന്നത് ഒരു പ്രത്യേക ഉദ്യോഗസ്ഥനെ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കി എന്നാണ്. എല്ലാ തരത്തിലുല്‍ ഉള്ള വിവരങ്ങളും ഞങ്ങള്‍ക്ക് കിട്ടാറുണ്ട്. എന്തോ ചിലത് നടക്കുന്നുണ്ട്. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ ഉത്തരവിടുന്നില്ല. അതിന് ഒരു കാര്യമുണ്ട്. ആദ്യം പൊടി അടങ്ങട്ടെ. എന്നിട്ട് മറ്റ് നടപടികള്‍. 

ജയന്ത് മുത്തുരാജ് : ഞാന്‍ ജെയിന്‍ ഹൗസിങ്ങിന് വേണ്ടി ആണ് ഹാജരാകുന്നത്. ഞങ്ങളുടെ സ്വത്തുക്കള്‍ എല്ലാം മരവിപ്പിച്ചിച്ചിരിക്കുകയാണ്. നഷ്ടപരിഹാരം നല്‍കാനും മറ്റ് വ്യവസായ ആവശ്യങ്ങള്‍ക്കുമായി അതില്‍ ചിലത് വില്‍ക്കാന്‍ അനുമതി നല്‍കണം.

ജസ്റ്റിസ് അരുണ്‍ മിശ്ര : നിങ്ങള്‍ ഒരു അപേക്ഷ തരൂ. ആ ആവശ്യം പരിഗണിക്കാം. എന്നാല്‍ ഇന്ന് ഞങ്ങള്‍ ഒരു ഉത്തരവും ഇടില്ല. ഈ ഹര്‍ജികള്‍ ഇനി ഫെബ്രുവരി 10 ന് പരിഗണിക്കാം. അന്ന് മറ്റ് എല്ലാ കാര്യങ്ങളും നോക്കാം.

ഉത്തരവ് കേട്ട ശേഷം എല്ലാവരും പിന്നിലേക്ക് നടക്കുമ്പോള്‍ ജസ്റ്റിസ് മിശ്ര ഇങ്ങനെ പറഞ്ഞു.

'പല ഉത്തരവുകളും ഇട്ടു എങ്കിലും നിയമ ലംഘനങ്ങള്‍ തുടര്‍ന്നു. ഇനി എങ്കിലും കേരളത്തില്‍ അനധികൃത കെട്ടിടങ്ങള്‍ ഉയരില്ല എന്നാണ് വിശ്വാസം...

Content Highlights: maradu flat demolition-suprme court-justice arun mishra