ന്യൂഡല്‍ഹി: ഞങ്ങളുടെ വിധികള്‍ കളിക്കാന്‍ ഉള്ളതല്ലെന്നു സര്‍ക്കാരിനോടു പറയൂവെന്നു ശബരിമല ഉന്നയിച്ച് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടകത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് നരിമാന്‍ ശബരിമല യുവതീപ്രവേശന വിഷയം വീണ്ടും പരാമര്‍ശിച്ചത്. ശിവകുമാറിന് എതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹര്‍ജി തള്ളുന്ന നിലപാടായിരുന്നു ജസ്റ്റിസുമാരായ നരിമാനും രവീന്ദ്ര ഭട്ടും അടങ്ങിയ ബെഞ്ച് ആദ്യം മുതലേ സ്വീകരിച്ചിരുന്നത്. 

ഹര്‍ജി തള്ളരുതെന്ന ആവശ്യം തുഷാര്‍ മേത്ത ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ ഹര്‍ജി ബെഞ്ച് തള്ളി. ഇതിനു ശേഷം ജസ്റ്റിസ് നരിമാന്‍ 'മിസ്റ്റര്‍ സോളിസിറ്റര്‍' എന്ന അഭിസംബോധനയോടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ഇങ്ങനെ പറഞ്ഞു- 'ജനങ്ങളോട് ഇങ്ങനെയല്ല പെരുമാറേണ്ടത്. കോടതി പുറപ്പടുവിച്ച ശബരിമല യുവതീപ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹര്‍ജികളിലെ ഭിന്നവിധി വായിച്ചു നോക്കണം. ഉദ്യോഗസ്ഥരോടും വിധി വായിക്കാന്‍ ആവശ്യപ്പെടണം. അവരെ ബോധവത്കരിക്കണം. കോടതി വിധി നടപ്പാക്കാനുള്ളതാണ്. കളിക്കാനുള്ളതല്ല. ഞങ്ങളുടെ വിധി നിലനില്‍ക്കുന്നു.'

വിധി വായിച്ചു നോക്കിയില്ല എന്ന പരാമര്‍ശം പിന്‍വലിക്കണമെന്നു പറഞ്ഞ ശേഷം സോളിസിറ്റര്‍ ജനറല്‍ കോടതിക്കു പുറത്തേക്കു പോയി. കോടതിക്കു പുറത്തും ശബരിമല വിഷയത്തെ കുറിച്ചു പ്രതികരിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തയ്യാറായില്ല. കേന്ദ്ര സര്‍ക്കാര്‍ കക്ഷിയല്ലാത്ത ഒരു കേസില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനോട് എന്തിനാണ് ജസ്റ്റിസ് നരിമാന്‍ ഇങ്ങനെ പ്രതികരിച്ചതെന്ന് വ്യക്തമല്ല. സര്‍ക്കാര്‍ കേന്ദ്രങ്ങളും ജസ്റ്റിസ് നരിമാന്റെ പ്രതികരണത്തില്‍ അമ്പരപ്പു രേഖപ്പെടുത്തി.

ബന്ദിപ്പൂര്‍ യാത്രാനിരോധനവുമായി ബന്ധപ്പെട്ട കേസില്‍ ജസ്റ്റിസ് നരിമാന്റെ കോടതിയില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഇന്നു ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ മറ്റൊരു ബെഞ്ചില്‍ കേസ് വാദത്തിലായിരുന്നതിനാല്‍ എ.ജി. ഹാജരായില്ല. ശബരിമല യുവതീപ്രവേശന വിധിയെ ആദ്യം വിമര്‍ശിച്ച അഭിഭാഷകരില്‍ ഒരാളായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. 

ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കുന്നതു സംഘടിതമായി തടയാനുള്ള ശ്രമം ശക്തമായി നേരിടണമെന്ന് ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാനും ഡി.വൈ. ചന്ദ്രചൂഡും പുനഃപരിശോധന ഹര്‍ജികളിലെ ഭിന്നവിധിയില്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി വിധി എല്ലാവര്‍ക്കും ബാധകമാണ്. സംസ്ഥാന സര്‍ക്കാര്‍ നിയമവാഴ്ച ഉറപ്പാക്കണം. ഭരണഘടനാമൂല്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനു സമൂഹത്തിന്റെ വിശ്വാസ്യത നേടാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. വിഷയവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തണം. ടെലിവിഷന്‍ ഉള്‍പ്പടെ വിവിധ മാധ്യമങ്ങളിലൂടെ യുവതീപ്രവേശന ഉത്തരവിനു പ്രചാരം നല്‍കണം. ഭരണഘടന വിശുദ്ധ പുസ്തകമാണെന്ന് എല്ലാവരും ഓര്‍ക്കണമെന്നും ഭിന്നവിധി എഴുതിയ ജഡ്ജിമാര്‍ അഭിപ്രായപെട്ടിരുന്നു.

content highlights: Justice Nariman statement against Solicitor general in Supremecourt