ലഖ്‌നൗ : സ്വവര്‍ഗാനുരാഗിയാണെന്ന കാരണത്താല്‍ ഒരാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത് തെറ്റാണെന്ന് അലഹബാദ് ഹൈക്കോടതി. ലൈംഗിക ചായ് വെന്നത് ഒരാളുടെ സ്വകാര്യമായ കാര്യമാണെന്നും സ്വകാര്യതാ സംരക്ഷണം മൗലികാവകാശമാണെന്നും കോടതി ഓര്‍മിപ്പിച്ചു. യുപിയിലെ ബുലന്ദ്ഹറില്‍ ഹോം ഗാര്‍ഡിനെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി പരാമർശം. 

സ്വവര്‍ഗാനുരാഗിയാണെന്ന കാരണത്താലാണ് ഹോം ഗാർഡിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്. ഇത്  ഹൈക്കോടതി തടയുകയും അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുക്കാൻ ഉത്തരവിടുകയും ചെയ്തു. 

തന്റെ പങ്കാളിയുമൊത്തുള്ള വീഡിയോ പുറത്തായതിനെത്തുടര്‍ന്നാണ് ഹോം ഗാര്‍ഡിനെ ജോലിയില്‍ നിന്ന് പുറത്താക്കുന്നത്. 2019 ജൂണിലാണ് ഹോം ഗാര്‍ഡ് ജില്ലാ കമാന്‍ഡന്റ് അദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചു വിടുന്നത്.

അധാര്‍മികമായ ലൈംഗികപ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്നാണ്  പുറത്താക്കിയതെന്നായിരുന്നു ജില്ലാ കമാന്‍ഡന്റിന്റെ വിശദീകരണം. എന്നാല്‍ സുപ്രീംകോടതി വിധിയെ മറികടന്നുകൊണ്ടുള്ളതാണ് പിരിച്ചുവിടല്‍ നടപടിയെന്ന് അലഹബാദ് ഹൈക്കോടതി  നിരീക്ഷിച്ചു.  

ഏതൊരു വ്യക്തിക്കും തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും അത് അവരുടെ സ്വകാര്യമായ കാര്യമാണെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.

content highlights: Homosexuality not a ground to sack employee, says Allahabad High Court