അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ കര്‍ശന വ്യവസ്ഥകളോടെ മതസ്വാതന്ത്ര്യനിയമം ഭേദഗതി ചെയ്തു. വിവാഹത്തിനായുള്ള നിര്‍ബന്ധിത മതംമാറ്റം കുറ്റകരമാക്കി. കുറ്റക്കാരായ സംഘടനാ നേതാക്കള്‍ക്കും തടവും പിഴയും നിര്‍ദേശിക്കുന്നതാണ് നിയമം.

'ലൗ ജിഹാദ് വിരുദ്ധനിയമം' എന്നപേരില്‍ പ്രചരിക്കുന്ന ഈ നിയമം നേരത്തേ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങി ബി.ജെ.പി. ഭരിക്കുന്ന പല സംസ്ഥാനങ്ങളും നടപ്പാക്കിയിരുന്നു. 2003 മുതല്‍ ഗുജറാത്തില്‍ പ്രാബല്യത്തിലുള്ള നിയമം ശക്തമാക്കുകയാണ് ഇപ്പോള്‍ ചെയ്തത്. മതംമാറ്റത്തിനുള്ള മറ്റ് മാര്‍ഗങ്ങളും എളുപ്പമല്ലാതാക്കുന്നതാണ് നിയമം. മറ്റുസംസ്ഥാനങ്ങളില്‍ കുറഞ്ഞശിക്ഷ ഒരു വര്‍ഷമാണെങ്കില്‍ ഇവിടെ മൂന്നു വര്‍ഷമാക്കിയിട്ടുണ്ട്.

തെറ്റായ വഴികളിലൂടെയുള്ള മതപരിവര്‍ത്തനത്തിലാണ് വിവാഹംകൂടി ഉള്‍പ്പെടുത്തിയത്. വിവാഹം ചെയ്യുന്നയാളെ മാത്രമല്ല, അതിന് പ്രേരിപ്പിക്കുന്നവരെയും പ്രതികളാക്കാം. ശരിയായ പേര്, ജാതി, മതം എന്നിവ ഒളിപ്പിച്ചുവെച്ച് വിവാഹം ചെയ്യുന്നതും കുറ്റകരമാണ്. പ്രലോഭനങ്ങളിലൂടെയുള്ള മതംമാറ്റത്തില്‍ മെച്ചപ്പെട്ട ജീവിതം, ദൈവകൃപ എന്നിവ വാഗ്ദാനം ചെയ്യുന്നതും കുറ്റകരമാക്കി. മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇരകള്‍ സ്ത്രീകളോ പ്രായപൂര്‍ത്തിയാകാത്തവരോ പട്ടികജാതി, പട്ടിക വര്‍ഗക്കാരോ ആണെങ്കില്‍ നാലുമുതല്‍ ഏഴുവര്‍ഷം വരെയാണ് തടവ്. കുറ്റത്തിന് നേതൃത്വം നല്‍കുന്ന സംഘടനകളുടെ ഭാരവാഹികളെ 10 വര്‍ഷംവരെ തടവിനും അഞ്ചുലക്ഷം രൂപവരെ പിഴയ്ക്കും ശിക്ഷിക്കാം.

ദൈവകൃപാ വാഗ്ദാനവും കുറ്റമായതോടെ വിവിധ മതസംഘടനകളുടെ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കപ്പെടും. സര്‍ക്കാരിന്റെ യാതൊരു സഹായത്തിനും അര്‍ഹതയുമുണ്ടാവില്ല. നിര്‍ബന്ധിത വിവാഹത്തിനെതിരേ ഇരയുമായി രക്തബന്ധമുള്ള ആര്‍ക്കും പോലീസില്‍ പരാതിപ്പെടാം. ഇര സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് തെളിയിക്കാനുള്ള ബാധ്യത പ്രതിയുടേതാണ്. മതംമാറ്റുന്നതിനു വേണ്ടി സ്ത്രീകളെ വശീകരിച്ച് വിവാഹം ചെയ്യുന്നതടക്കമുള്ള പഴുതുകള്‍ അടയ്ക്കുന്നതിനാണ് ഭേദഗതിയെന്നും നിയമം വിശദീകരിക്കുന്നു.

കേരളവും ചര്‍ച്ചയില്‍

ഗുജറാത്ത് നിയമസഭയില്‍ മതപരിവര്‍ത്തനനിയമം സംബന്ധിച്ച ചര്‍ച്ചയില്‍ ബി.ജെ.പി. കേരളത്തിലെ സ്ഥിതിയും ഉന്നയിച്ചു. ബില്‍ അവതരിപ്പിച്ച് സംസാരിച്ച ആഭ്യന്തരസഹമന്ത്രി പ്രദീപ് സിങ് ജഡേജ പെണ്‍കുട്ടികളെ ജിഹാദികളുടെ ഇരകളാക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ലൗ ജിഹാദിന് ഇരയാകുന്ന സ്ത്രീകളെ മുസ്ലിം തീവ്രവാദ സംഘടനകള്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്ന കേരളത്തിലെ ക്രൈസ്തവ സഭകളുടെ പരാതിയും അദ്ദേഹം ഉദ്ധരിച്ചു. ചില അയല്‍ രാജ്യങ്ങളുടെ അവസ്ഥയും പറഞ്ഞു.

ജിഹാദി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.എല്‍.എ. ഇമ്രാന്‍ ഖേഡാവാല നിയമത്തിന്റെ പകര്‍പ്പ് സഭയില്‍ കീറിയെറിഞ്ഞു. ഹിന്ദു പെണ്‍കുട്ടികളെ ഒരു പ്രത്യേക സമുദായത്തിലെ യുവാക്കള്‍ പ്രലോഭിപ്പിച്ച് മതംമാറ്റുന്നെന്ന പ്രദീപ് സിങ് ജഡേജയുടെ പരാമര്‍ശത്തിനെതിരായിരുന്നു പ്രതിഷേധം. ഇതര മതക്കാര്‍ മുസ്ലിം പെണ്‍കുട്ടികളെ വിവാഹം ചെയ്ത് മതംമാറ്റിയതിന് നൂറു തെളിവ് താന്‍ തരാമെന്നായിരുന്നു ഖേഡാവാലയുടെ അവകാശവാദം. ഏതു മതത്തിലേക്കായാലും നിര്‍ബന്ധിത പരിവര്‍ത്തനം തെറ്റാണെന്നും അതിന് ഒരു മതത്തെ മാത്രം കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

ബില്ലില്‍ ലൗ ജിഹാദെന്ന പരാമര്‍ശമില്ലാത്തപ്പോള്‍ അങ്ങനെ പ്രചാരണം നടത്തുന്നതിനെ മറ്റൊരു കോണ്‍ഗ്രസ് എം.എല്‍.എയായ ഗ്യാസുദ്ദിന്‍ ഷെയ്ഖും വിമര്‍ശിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ നിലവിലെ വകുപ്പുകള്‍തന്നെ പര്യാപ്തമാണെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ വാദിച്ചു.