ന്യൂഡൽഹി: കോടതിയുടെ പ്രവര്‍ത്തനത്തില്‍ താന്‍ നിരാശനാണെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ലോകുർ. ഭരണഘടനാപരമായ ഉത്തരവാദിത്തം സുപ്രീംകോടതി വേണ്ട രീതിയില്‍ നിറവേറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
''നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് സുപ്രീം കോടതിക്കുണ്ടെങ്കിലും അവര്‍ ആത്മപരിശോധന നടത്തണം, നന്നായിരുന്ന് ചിന്തിച്ച് എങ്ങനെ ഇനി മുന്നോട്ടുപോവണമെന്ന് തിട്ടപ്പെടുത്തണം . തീര്‍ച്ചയായും അത് ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ സജീവമായിരിക്കണം.'' ദി വൈറിനു വേണ്ടി കരണ്‍ താപ്പര്‍ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലോകുർ.
കുടിയേറ്റ തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശത്തിന്‍മേല്‍ കോടതിയുടെ അപര്യാപ്തമായ ഇടപെടല്‍, കേസുകളുടെ മുന്‍ഗണന, ചിലത് ഉടനടി കേള്‍ക്കുകയും മറ്റുള്ളവ അനിശ്ചിതമായി നീട്ടിവെക്കുകയും ചെയ്യുന്ന അവസ്ഥ തുടങ്ങീ വിവിധ വിഷയങ്ങള്‍ അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു.
കുടിയേറ്റ തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചുള്ള ഒരു ഹര്‍ജി തീര്‍പ്പാക്കാന്‍ കോടതി എടുത്ത മൂന്ന് ആഴ്ചയെ ജസ്റ്റിസ് ലോകുര്‍ വിമര്‍ശിച്ചു.
"കുടിയേറ്റ തൊഴിലാളികളെ കോടതി നിരാശരാക്കി.'കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നതിന് അനുയോജ്യമെന്ന് തോന്നുന്ന നടപടികള്‍ കൈക്കൊള്ളുക'' എന്ന നിലപാടാണ് കോടതി എടുത്തത്. പക്ഷെ കോടതിക്ക് കൂടുതല്‍ ചെയ്യാമായിരുന്നു എന്നാണ് ലോകുര്‍ ഇതോട് പ്രതികരിച്ചത്.
അവകാശങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കേണ്ട ഒരു സമയമല്ലിതെന്ന് രണ്ട് ദിവസം മുമ്പ് ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ബോബ്‌ഡെ പറഞ്ഞിരുന്നു. എന്നാല്‍ നിലവിലുള്ള സാഹചര്യം കാരണം മൗലികാവകാശങ്ങള്‍ അത്ര പ്രധാനമല്ലെന്ന് പറയുന്നത് തന്നെ തെറ്റായ കാഴ്ച്ചപ്പാടാണെന്നാണ് ബോബ്‌ഡെയുടെ പരമാര്‍ശത്തെ മുന്‍നിര്‍ത്തി ലോകുര്‍ പറഞ്ഞത്.
"ജീവിക്കാനുള്ള അവകാശത്തെ കുറിച്ച് ഈ സമയം നമുക്ക് മറക്കാമെന്ന് നിങ്ങള്‍ക്ക് പറയാനാവില്ല. അടിയന്താരാവസ്ഥ കാലത്ത് നിങ്ങളത് മറന്നില്ലെങ്കില്‍ ഇന്നും നിങ്ങളത് മറക്കേണ്ടതില്ല".
കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നീട്ടിവെക്കുകയും മാധ്യമപ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി 15 മണിക്കൂറിനുള്ളില്‍ കേള്‍ക്കുകയും ചെയ്ത നടപടിയെയും ലോകുര്‍ വിമര്‍ശിച്ചു. അടിയന്തിര പ്രാധാന്യമുള്ളതല്ലാത്ത കേസായിട്ടും സുപ്രീം കോടതി ആ ഹര്‍ജി പരിഗണിച്ചത് തെറ്റായിപ്പോയെന്ന് ലോകുര്‍ പറഞ്ഞു.
"സാഹചര്യം കണക്കിലെടുക്കുമ്പോള്‍, നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാരുടെ അവകാശം, അവരുടെ പാര്‍പ്പിടം, ഭക്ഷണം, വേതനം എന്നിവയേക്കാള്‍ പ്രാധാന്യമുള്ള മറ്റൊരു കേസുമില്ല. അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമായിരുന്നു അത്. അതിന് പകരം 10 എഫ്ആര്‍ ഫയല്‍ ചെയ്ത ഒരു കേസാണ് നിങ്ങള്‍ പരിഗണിക്കുന്നത്. എന്ത് അടിയന്തിര പ്രാധാന്യമാണതിനുള്ളത്. അറസ്റ്റിനുള്ള സാധ്യതയും കുറവായിരുന്നു. കുടിയേറ്റക്കാരുടെ ദുരവസ്ഥയെയും ദരിദ്രരുടെ അവസ്ഥയെയും ഇതുമായി താരതമ്യം ചെയ്യാന്‍ പോലുമാവില്ല". പകരം അടിയന്തിര പ്രാധാന്യമില്ലാത്ത അര്‍ണബിന്റെ കേസെടുത്തത് സുപ്രീം കോടതി ചെയ്ത വലിയ തെറ്റാണെന്നും ലോകുര്‍ അഭിപ്രായപ്പെട്ടു.
ഈ കേസുകള്‍ അതീവ പ്രാധാന്യമുള്ളതാണ്. കാരണം ഒരു വലിയജനവിഭാഗത്തെ ബാധിക്കുന്ന വിഷയങ്ങളാണിവ. ഈ കേസുകള്‍ക്കായിരുന്നു പ്രാമുഖ്യം കോടതി നല്‍കേണ്ടിയിരുന്നത്. എന്തുകൊണ്ടാണ് ഈ പ്രാമുഖ്യം ഈ കേസുകള്‍ക്ക് കോടതി നല്‍കാതെ പോയതെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും ജസ്റ്റിസ് ലോകുര്‍ പറഞ്ഞു.
പല ഹേബിയസ് കോര്‍പസ് പെറ്റീഷനുകള്‍ കോടതി കേള്‍ക്കാനെടുക്കുന്ന കാലതാമസത്തെയും അദ്ദേഹം വിമര്‍ശിച്ചു. കോടതിയുടെ നടപടികള്‍ നിരാശപ്പെടുത്തുന്നുവെന്നും താന്‍ നിരാശനാമെന്നും ലോകുര്‍ പറഞ്ഞു
content highlights: Disappointed With Supreme Court says Former SC Justice Madan Lokur on migrant issue