പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട അറുപത് ഹര്‍ജികളാണ് ഇന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിച്ചത്. മുപ്പത്തിയെട്ടാമത്തെ ഐറ്റം ആയാണ് ഹര്‍ജികള്‍ കോടതി പരിഗണനയ്ക്ക് എടുത്തത്.

സമയം 11.11 

ചീഫ് ജസ്റ്റിസ് കോടതിയിലെ കോര്‍ട്ട് മാസ്റ്റര്‍ : ഐറ്റം 38.

ചീഫ് ജസ്റ്റിസ് കോടതിയിലെ ഒന്നാം നിരയിലെ ഇടത് വശത്ത് തിരക്കുകള്‍ക്ക് ഇടയിലൂടെ കപില്‍ സിബല്‍ ആദ്യ കസേരക്ക് അടുത്ത് എത്തുന്നു. വലതു ഭാഗത്ത് ആദ്യ കസേരയില്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും സ്ഥാനം പിടിച്ചു. ആദ്യ ഹര്‍ജിക്കാരായ മുസ്ലിം ലീഗിന് വേണ്ടി സിബല്‍ ആരംഭിക്കുന്നതിന് മുമ്പ് ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് : ഈ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കേണ്ടത് ഉണ്ട്. ഞങ്ങള്‍ നോട്ടീസ് അയക്കാം.

(കപില്‍ സിബലിനോട് തൊട്ട് അടുത്ത് നിന്നിരുന്ന ഹാരിസ് ബീരാന്‍ എന്തോ പറയുന്നത് കണ്ടു)

കപില്‍ സിബല്‍ : ഇതിനോട് ഒപ്പം ഞങ്ങള്‍ സ്റ്റേയ്ക്ക് പ്രത്യേക അപേക്ഷയും ഫയല്‍ ചെയ്തിട്ടുണ്ട്. അതിലും നോട്ടീസ് അയക്കണം. ഇത് ഇനി എന്ന് കേള്‍ക്കും എന്ന് കൂടി വ്യക്തമാക്കണം. കൃത്യമായ തീയതി നല്‍കണം.

(ഈ സമയം ഡി എം കെ മുന്‍ എം പിയും അഭിഭാഷകനും ആയ പി വില്‍സണ്‍ രണ്ടാം നിരയില്‍ നിന്ന് കൊണ്ട്, പൗരത്വ ഭേദഗതി നിയമവും ആയി ബന്ധപ്പെട്ട ശ്രീലങ്കന്‍ തമിഴരുടെ ആവശ്യം വ്യത്യസ്തം ആണെന്നും അത് പ്രത്യേകം കേള്‍ക്കണം എന്നും ആവശ്യപ്പെട്ടു. തമിഴ് നാട്ടിലെ വിഷയം ഗൗരവതരം ആണെന്നും വില്‍സണ്‍ ഉച്ചത്തില്‍ പറഞ്ഞു. അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്ക്ക് ഒപ്പം രണ്ടാം നിരയില്‍ ഇരുന്ന അഭിഭാഷകയും എന്തോ പറയുന്നുണ്ടായിരുന്നു. ഗോഗോയ് ഒന്നാം നിരയില്‍ നിന്നിരുന്ന കപില്‍ സിബലിന്റെ കൈയില്‍ നല്‍കാന്‍ സിബലിന്റെ സമീപത്ത് നിന്ന ഹാരിസ് ബീരാന്റെ കൈയ്യില്‍ എന്തോ കൈമാറി) 

അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ (കേന്ദ്ര സര്‍ക്കാരിന് വേണ്ടി) : അവിടെ ഉച്ചത്തില്‍ വാദിക്കാനാണ് ശ്രമം എങ്കില്‍ എനിക്ക് അതിലും അപ്പുറം ഉച്ചത്തില്‍ വാദിക്കാന്‍ അറിയാം. അതിനായുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങളുടെ കൈയിലും ഉണ്ട്. ഈ കോടതിയില്‍ മാത്രം ആണ് എല്ലാവരും കൂടി ഇങ്ങനെ ഒരുമിച്ച് സംസാരിക്കുന്ന അവസ്ഥ ഉള്ളത്. നമ്മുടെ ഹൈകോടതികളില്‍ പോലും ഒരാള്‍ മാത്രമേ ഒരു സമയത്ത് വാദിക്കാറുള്ളു.

ജസ്റ്റിസ് ബി ആര്‍ ഗവായ് : നിരവധി തവണ ചീഫ് ജസ്റ്റിസ് ഇക്കാര്യം ചൂണ്ടികാണിച്ചിട്ടുള്ളത് ആണ്. 

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ : ഇങ്ങനെ പൊതു താത്പര്യം ഉള്ള ഹര്‍ജികളില്‍ ഇത് സ്ഥിരം ആണ്. പലപ്പോഴും ഞാന്‍ തന്നെ ഇത് പറഞ്ഞിട്ടുള്ളത് ആണ്.

കെ കെ വേണുഗോപാല്‍ : ഇവിടുത്തെ അഭിഭാഷകര്‍ ഒക്കെ ഹൈകോടതികളില്‍ പോകുമ്പോള്‍ തങ്ങളുടെ ഊഴം വരുന്നത് വരെ കാത്തിരുന്ന് ആണ് വാദിക്കാറ്. ചീഫ് ജസ്റ്റിസ് കോടതി മുറിയിലെ  ഈ ഇടനാഴിയില്‍ പോലും തിക്കും തിരക്കും ആണ്. അത് ഈ കോടതിയില്‍ മാത്രമേ കാണാറുള്ളു.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ : ഈ സാഹചര്യം മാറേണ്ടത് ആണ്.

കെ കെ വേണുഗോപാല്‍ : വിദേശത്തെ ഒരു കോടതിയില്‍ ഇക്കാര്യത്തില്‍ മാതൃക ആണ്. അവിടെ വാദിക്കുന്ന ഒരാള്‍ക്ക് മാത്രമേ നില്‍ക്കാന്‍ ഉള്ള അനുമതി ഉള്ളു. ഇടനാഴിയില്‍  ഈ തിക്കും തിരക്കും കാണില്ല. ഞാന്‍ അവിടെ പോയി കണ്ടിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് ബോബ്ഡെ  : ഏതാണ് ആ കോടതി ?

കെ കെ വേണുഗോപാല്‍ : പാകിസ്ഥാന്‍ സുപ്രീം കോടതി.

(കോടതിയില്‍ കൂട്ട ചിരി. ചീഫ് ജസ്റ്റിസും, മറ്റ് രണ്ട് ജഡ്ജിമാരും ആ ചിരിയില്‍ പങ്കെടുത്തു)

കപില്‍ സിബല്‍ : പാകിസ്ഥാന്‍. ഇന്നത്തെ അവസ്ഥയില്‍ ഇത് ഒരു അനാവശ്യ പരാമര്‍ശമായി പോയി.

(സിബലിന്റെ പരാമര്‍ശവും കോടതിയില്‍ ചിരി പടര്‍ത്തി)

ഇന്ദിര ജയ്സിംഗ് : 60 പെറ്റീഷനുകള്‍ ഒറ്റ ദിവസം തന്നെ കേള്‍ക്കുന്നത് കൊണ്ടാണ് ഈ തിക്കും തിരക്കും. ജഡ്ജിമാര്‍ അത് കാര്യമായി എടുക്കരുത്.

ചീഫ് ജസ്റ്റിസ് ബോബ്ഡെ : ഞങ്ങള്‍ ഈ ഹര്‍ജികളില്‍ നോട്ടീസ് അയക്കുയാണ്. ജനുവരി രണ്ടാം വാരത്തിന് ഉള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കട്ടെ.

ഇതിനിടയില്‍ ഏതോ ഒന്ന് രണ്ട് അഭിഭാഷകര്‍ സ്റ്റേ ആവശ്യം കോടതിയില്‍ ഉന്നയിച്ചു. തിക്കിലും തിരക്കിലും അത് ആരാണ് എന്ന് വ്യക്തമായില്ല.

കെ കെ വേണുഗോപാല്‍ : പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമം സുപ്രീം കോടതി സ്റ്റേ ചെയ്യാന്‍ പാടില്ല. സുപ്രീം കോടതിയുടെ തന്നെ നാല് വിധികള്‍ ഇക്കാര്യത്തില്‍ ഉണ്ട്.

രാജീവ് ധവാന്‍ (പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിക്കാരന് വേണ്ടി ഹാജര്‍ ആയ സീനിയര്‍ അഭിഭാഷകന്‍) : ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ പോലും ഇറക്കിയിട്ടില്ല. അതിനാല്‍ ഇത് സാങ്കേതികം ആയി സ്റ്റേ ചെയ്യേണ്ട കാര്യം ഇല്ല.

ചീഫ് ജസ്റ്റിസ് : ഹര്‍ജികളിലും നോട്ടീസ്. സ്റ്റേ അപേക്ഷയിലും നോട്ടീസ് അയക്കാം. ജനുവരി 22 ന് കേള്‍ക്കാം.

(ചീഫ് ജസ്റ്റിസ് ഉത്തരവ് ഇടുന്നു. ഉത്തരവിന് ശേഷം അടുത്ത കേസ് വിളിക്കാന്‍ നിര്‍ദേശിക്കുന്നു. ഇടത് ഭാഗത്ത് ഒന്നാം നിരയില്‍ ഉണ്ടായിരുന്ന കപില്‍ സിബല്‍, ഹാരിസ് ബീരാന്‍, നീരജ് കിഷന്‍ കൗള്‍, രാജീവ് ധവാന്‍, രണ്ടാം നിരയില്‍ ഉണ്ടായിരുന്ന ആര്‍ ബസന്ത്, രമേശ് ബാബു, ഇന്ദിര ജയ് സിംഗ്, സൈഡില്‍ നില്‍ക്കുക ആയിരുന്ന പ്രശാന്ത് പദ്മനാഭന്‍, സുഭാഷ് ചന്ദ്രന്‍. സുവിദത്ത് സുന്ദരം  തുടങ്ങിയവര്‍ ഒക്കെ പിന്നിലേക്ക് വരുന്നത് കണ്ടു.അറ്റോര്‍ണി ജനറലും പിന്നിലേക്ക് നീങ്ങുന്നത് കണ്ടു. ഇതിനിടെ ബി ജെ പി നേതാവ് അശ്വിനി കുമാര്‍ കോടതിക്ക് മുന്നിലേക്ക് എത്തി). 

അശ്വിനി ഉപാധ്യായ : 44 .2 എന്റെ പെറ്റീഷന്‍ ആണ്. ഞാന്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരല്ല. ഞാന്‍ നിയമത്തെ അനുകൂലിക്കുക ആണ് ചെയ്യുന്നത്. ജവഹര്‍ലാല്‍ നെഹ്റുവും, ലിഖായത്ത് അലി ഖാനും തമ്മിലുള്ള ഉടമ്പടിയുടെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നതാണ് നിയമം.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ : നിങ്ങള്‍ക്ക് എന്താണ് വേണ്ടത് ? 

അശ്വിനി ഉപാധ്യായ : അറിയാനുള്ള അവകാശം എന്റെ മൗലിക അവകാശമാണ്. ഭരണഘടനയുടെ 19-ാം അനുച്ഛേദം പ്രകാരം ആ അവകാശം എനിക്ക് ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്.

ചീഫ് ജസ്റ്റിസ് ബോബ്ഡെ : ഉം.

അശ്വിനി ഉപാധ്യായ : ഞാന്‍ ഇന്നലെ ഡല്‍ഹിയിലെ ജാമിയ നഗറിലും, സീലംപുരിലും പോയിരുന്നു. 95 % പേര്‍ക്കും പൗരത്വ ഭേദഗതി നിയമം എന്താണെന്ന് അറിയില്ല. അവിടെയുള്ള പലരും വിശ്വസിക്കുന്നത് അവരുടെ പൗരത്വം സര്‍ക്കാര്‍ തിരിച്ചെടുക്കും എന്നാണ്. പ്രശനങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുയാണ്. എനിക്ക് രണ്ട് ആവശ്യങ്ങള്‍ ഉണ്ട്.

അശ്വിനി ഉപാധ്യായ : എന്റെ ഹര്‍ജി അവസാനം കേട്ടാല്‍ മതി.

സഞ്ജയ് ഹെഡ്ഡെ (മറ്റൊരു ഹര്‍ജിക്കാരന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍) : എങ്കില്‍ എല്ലാ ഹര്‍ജിയും അവസാനം കേള്‍ക്കണം.

ചീഫ് ജസ്റ്റിസ് : (അശ്വിനി ഉപാധ്യയോട്) എന്താണ് നിങ്ങളുടെ ആവശ്യം ?

അശ്വിനി ഉപാധ്യായ : പൗരത്വ ഭേദഗതി നിയമത്തിന്റെ ലക്ഷ്യം, ജനങ്ങള്‍ക്ക് കിട്ടുന്ന മെച്ചം എന്നിവ ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ദിനപത്രങ്ങളിലൂടെയും, വാര്‍ത്ത ചാനലുകളിലും പ്രചരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണം. സാധാരണകാരന്‍ എന്താണ് ഈ നിയമം എന്നറിയട്ടെ. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ ആഭ്യന്തര മന്ത്രാലയത്തോട് നിര്‍ദേശിക്കണം. ഇതാണ് എന്റെ രണ്ടാമത്തെ ആവശ്യം. 

ചീഫ് ജസ്റ്റിസ് ബോബ്ഡെ : ശരി. നിങ്ങള്‍ ഏറ്റവും അവസാനം അറ്റോര്‍ണി ജനറലിനൊപ്പം വരൂ.

സഞ്ജയ് ഹെഡ്ഡെ (പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷകന്‍) : എങ്കില്‍ കോടതി എല്ലാവരെയും അവസാനം കേള്‍ക്കണം.

അശ്വിനി ഉപാധ്യായ : അറ്റോര്‍ണി ജനറല്‍ ഇവിടെ ഉണ്ടായിരുന്നു.

ചീഫ് ജസ്റ്റിസ് ബോബ്ഡെ : എങ്കില്‍ അറ്റോര്‍ണിയെ വിളിക്കു.

(കോടതിക്ക് പിന്നിലേക്ക് പോയ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ തിരക്കിനിടയിലൂടെ  മുന്നിലേക്ക് വരുന്നു)

ചീഫ് ജസ്റ്റിസ് ബോബ്ഡെ : മിസ്റ്റര്‍ അറ്റോര്‍ണി, ഈ ആവശ്യം കേട്ടില്ലേ ? ഇത് സാധാരണ ഉള്ളതുപോലെ അല്ല എങ്കിലും പ്രധാനപ്പെട്ടതാണ്. ഇതിന് ഞങ്ങള്‍ ഉത്തരവ് ഇറക്കണമോ ?

അറ്റോര്‍ണി ജനറല്‍ : വേണ്ട. ഞാന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാം.

അശ്വിനി ഉപാധ്യായ : ഈ ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് നേരിട്ട് കൈമാറാന്‍ അനുവദിക്കണം.

ചീഫ് ജസ്റ്റിസ് : കൈമാറിക്കൊള്ളു.

ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് അശ്വിനി ഉപാധ്യായ കൈമാറുന്നു. അത് ജൂനിയര്‍ അഭിഭാഷകന് കൈമാറിയ ശേഷം കെ കെ വേണുഗോപാല്‍ കോടതിക്ക് പിന്നിലേക്ക് നടക്കുന്നു. 

ചീഫ് ജസ്റ്റിസ് (കോര്‍ട്ട് മാസ്റ്ററോട്) : ഇനി അടുത്ത കേസ് വിളിക്കു

Content Highlights: Citizenship Act happenings in court