സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസിന്റെ ഫലപ്രഖ്യാപനം ജൂലൈ 15 ഓടെ ഉണ്ടാകും എന്ന് കേന്ദ്രസര്‍ക്കാരും സി.ബി.എസ്.ഇയും സുപ്രീം കോടതിയെ അറിയിച്ചു. കഴിഞ്ഞ മൂന്ന് പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആകും മൂല്യനിര്‍ണ്ണയം. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് മെച്ചപ്പെടുത്താന്‍ ഓപ്ഷണല്‍ പരീക്ഷ എഴുതാന്‍ അവസരം ഉണ്ടാകും. ഓപ്ക്ഷണല്‍ പരീക്ഷ എഴുതുന്നവര്‍ക്ക് ആ മാര്‍ക്ക് ആയിരിക്കും അന്തിമ മാര്‍ക്ക്.  

ഓപ്ഷണല്‍ പരീക്ഷ, ഫലപ്രഖ്യാപനം എന്നിവ സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നാളെ കേന്ദ്ര സര്‍ക്കാരും സി.ബി.എസ്.ഇയും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യും. പരീക്ഷ സംബന്ധിച്ച സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവും നാളെ ഉണ്ടാകും. 

സുപ്രീം കോടതിയില്‍ ഇന്ന് നടന്നത്

സമയം ഉച്ചക്ക് 2.00 മണി 

ബെഞ്ച് : ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സഞ്ജീവ് ഖന്ന 

ഋഷി മല്‍ഹോത്ര (ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജര്‍ ആകുന്ന അഭിഭാഷകന്‍) : മഹാരാഷ്ട്രയും ഒഡീഷയും പരീക്ഷ നടത്താന്‍ കഴിയില്ല എന്ന് അറിയിച്ചിട്ടുണ്ട്. 

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത (കേന്ദ്ര സര്‍ക്കാരിനും, സി ബി എസ് ഇ യ്ക്കും വേണ്ടി) : അര മണിക്കൂറിന് മുമ്പ് ഞങ്ങള്‍ ഒരു സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ അഭിപ്രായം കൂടി കണക്കിലെടുത്താണ് നിലപാട് തയ്യാറാക്കിയത്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ഇനിയുള്ള പരീക്ഷ നടത്താന്‍ കഴിയില്ല എന്ന് അറിയിച്ചു. 

തുഷാര്‍ മേത്ത : 12 ആം ക്ളാസിനായി ജൂലൈ 1 മുതല്‍ 15 വരെ നടത്താനിരുന്ന പരീക്ഷകള്‍ റദ്ദാക്കി. കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണ്ണയം നടത്തും. മാര്‍ക്കുകള്‍ മെച്ചെപ്പെടുത്തതാന്‍ പിന്നീട് നടത്തുന്ന ഓപ്ഷണല്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഉണ്ടായിരിക്കും. സ്ഥിതി മെച്ചമായാല്‍ ഉടന്‍ ഓപ്ഷണല്‍ പരീക്ഷ നടത്തും. 

ജസ്റ്റിസ് സഞ്ജീവ് ഖന്ന : വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ ഒരു ഓപ്ഷന്‍ കൂടി നല്‍കുകയാണോ ?

തുഷാര്‍ മേത്ത: ഓപ്ക്ഷണല്‍ പരീക്ഷ എഴുതുന്നവര്‍ക്ക് ആ മാര്‍ക്കായിരിക്കും അന്തിമ മാര്‍ക്ക്.  ഓപ്ഷണല്‍ പരീക്ഷ എഴുതാത്തവര്‍ക്ക് കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന മാര്‍ക്കാകും അന്തിമം. 

തുഷാര്‍ മേത്ത : അടിസ്ഥാന സൗകര്യം ഉള്‍പ്പടെ പല ഘടകങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം. പല സ്‌കൂളുകളും ക്വാറന്റീന്‍ സെന്ററുകള്‍ ആണ്. രക്ഷകര്‍ത്താക്കളും പേടിയിലാണ്. വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥയും വിഷയം ആണ്.

തുഷാര്‍ മേത്ത : പത്താം ക്ളാസിലേക്ക് ഇനി നടത്താന്‍ ഉള്ള പരീക്ഷ റദ്ദാക്കി. റദ്ദാക്കിയ പരീക്ഷകള്‍ക്ക് പുനഃപരിശോധന ഉണ്ടാകില്ല.

ജസ്റ്റിസ് സഞ്ജീവ് ഖന്ന : ഈ (സി ബി എസ് ഇ ഫയല്‍ ചെയ്ത) സത്യവാങ്മൂലത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണം. ഭാഷ ഒന്ന് കൂടി മെച്ചപ്പെടുത്തണം.

ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ : ഇക്കാര്യത്തില്‍ ഒരു അവ്യക്തതയും അവശേഷിക്കരുത്. നിങ്ങളുടെ (സി.ബി.എസ്.ഇയുടെ) സത്യവാങ്മൂലത്തില്‍ ഓപ്ഷണല്‍ പരീക്ഷ നടത്തും എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ എപ്പോള്‍ നടത്തും എന്ന് പറഞ്ഞിട്ടില്ല. മറ്റ് ചില പരീക്ഷകളുടെ തീയതിയും മാറ്റേണ്ടി വരില്ലേ ? വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രവേശനം ഏത് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും ?

തുഷാര്‍ മേത്ത :  കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ മാര്‍ക്ക് കണക്കാക്കി തയ്യാര്‍ ആക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും  ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേക്ക് ഉള്ള പ്രവേശനം

ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ : ഇക്കാര്യത്തില്‍ വ്യക്ത വേണം.

തുഷാര്‍ മേത്ത : തീര്‍ച്ചയായും. ജൂലൈ 15 ഓടെ ഫലപ്രഖ്യാപനം നടത്താന്‍ കഴിയും എന്നാണ് പ്രതീക്ഷ.

ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ : അങ്ങനെയെങ്കില്‍ സെപ്റ്റംബറില്‍ അടുത്ത അക്കാഡമിക് സെഷന്‍ ആരംഭിക്കാന്‍ കഴിയില്ലേ ?

ഋഷി മല്‍ഹോത്ര : സി.ബി.എസ്.ഇയെ സംബന്ധിച്ചെടുത്തോളം എല്ലാ പേപ്പറിനും പ്രാക്ടികല്‍, തീയ്യറി പരീക്ഷകള്‍ ഉണ്ട്. പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞു. തീയ്യറി പരീക്ഷ ആണ് ഇനിയുള്ളത്. പ്രാക്ടിക്കല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തീയ്യറി പരീക്ഷയ്ക്ക് മാര്‍ക്ക് നല്‍കണം.

ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ : ഞങ്ങള്‍ക്ക് ഈ വിഷയത്തില്‍ സി ബി എസ് ഇ യ്ക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ല. അവരാണ് തീരുമാനം എടുക്കേണ്ടത്.

സോളിസിറ്റര്‍ ജനറല്‍ : മാര്‍ക്ക് എങ്ങനെയാണ് നല്‍കുന്നത് എന്നത് സംബന്ധിച്ച് സി.ബി.എസ്.ഇ വിശദമായ വിജ്ഞാപനമിറക്കും. എല്ലാ അഭിപ്രായങ്ങളും കണക്കിലെടുത്താണ് വിദഗ്ദ്ധര്‍ ശുപാര്‍ശ തയ്യാറാക്കിയത്. 

ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ (ഋഷി മല്‍ഹോത്രയോട്) ; ഇക്കാര്യങ്ങളൊക്കെ സര്‍ക്കാരും സി.ബി.എസ്.ഇയും നോക്കട്ടെ. 

ഋഷി മല്‍ഹോത്ര : ഈ മാസം അവസാനത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ നിർദേശിക്കണം. പല പ്രവേശന പരീക്ഷകളും ഉടന്‍ നടക്കാന്‍ ഇരിക്കയാണ്.

ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍: എപ്പോള്‍ ഫലപ്രഖ്യാപനം നടത്താന്‍ സാധിക്കും എന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കണം.

തുഷാര്‍ മേത്ത : തീര്‍ച്ചയായും. വിജ്ഞാപനം നാളെ തന്നെ ഉണ്ടാകും.

സന്ദീപ് ജിന്‍ഡല്‍ ( ഹര്‍ജിക്കാരുടെ അഭിഭാഷകന്‍) : പല മത്സര പരീക്ഷകളും ഉടന്‍ നടക്കാന്‍ പോകുകയാണ്. ഡല്‍ഹിയിലെ സ്ഥിതി അതീവ ഗുരുതരമാണ്.

ജസ്റ്റിസ്  എ എം ഖാന്‍വില്‍ക്കര്‍: സോളിസിറ്റര്‍ ജനറല്‍ അക്കാര്യം ശ്രദ്ധിക്കും.

സന്ദീപ് ജിന്‍ഡല്‍ : പക്ഷേ ഇതില്‍ കോടതിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യമാണ്. ഐ ഐ എം റോത്തക് ജൂണ്‍ 28 ന് പ്രവേശന പരീക്ഷ നടത്തുകയാണ്. അത് നീട്ടിവയ്ക്കാന്‍ നിർദേശിക്കണം.

ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ : പരാതിക്കാര്‍ നേരിട്ട് ഹര്‍ജിയുമായി വരട്ടെ. ഇവിടെ ഇരുന്ന് കൊണ്ട് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം ഭരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഞങ്ങളുടെ ഉത്തരവ് മറ്റ് പല വിഷയങ്ങളെയും ബാധിക്കുന്നതാകും. പക്ഷേ ബോര്‍ഡ് പരീക്ഷ ഒഴികെ മറ്റൊരു വിഷയവും ഞങ്ങള്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ല. 

സോളിസിറ്റര്‍ ജനറല്‍ : സത്യവാങ്മൂലത്തിലെ ഭാഷ മാറ്റാന്‍ അനുവദിക്കണം. നാളെ തന്നെ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യാം.

ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ : സത്യവാങ്മൂലത്തിന്റെ കരട് സമര്‍പ്പിച്ചതായി ഞങ്ങള്‍ ഉത്തരവില്‍ രേഖപെടുത്താം. ഇപ്പോഴത്തെ സത്യവാങ്മൂലത്തിന്റെ അതേ അന്തസത്ത നിലനിർത്തി മെച്ചപ്പെട്ട ഭാഷയില്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്‌തോളു. 

ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ : സ്ഥിതി മെച്ചമാകുമ്പോള്‍ പരീക്ഷ നടത്താം എന്നാണ് നേരത്തെ പറഞ്ഞത്. എന്നാല്‍ ഓരോ സംസ്ഥാനത്തെയും സ്ഥിതി വ്യത്യസ്തമാണ്. ഉദാഹരണത്തിന് മഹാരാഷ്ട്ര. അവിടെ ഇപ്പോള്‍ പരീക്ഷ നടത്താന്‍ കഴിയില്ല. എപ്പോള്‍ നടത്തുമെന്നും പറയാന്‍ കഴിയാത്ത സാഹചര്യമാണ്. ഓപ്ഷണല്‍ പരീക്ഷ എപ്പോള്‍ നടത്തുമെന്ന് ആരാണ് തീരുമാനിക്കുക ? കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരുകളോ ?

സോളിസിറ്റര്‍ ജനറല്‍ : ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനമെടുക്കുക. സംസ്ഥാനങ്ങളിലെ സ്ഥിതി കൂടി കണക്കിലെടുത്താകും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇക്കാര്യത്തതില്‍ പലര്‍ക്കും അവ്യക്ത ഉണ്ട്. 

ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ : നാളെ ഞങ്ങള്‍ ഈ ഹര്‍ജികളില്‍ ഉത്തരവ് പുറപ്പടുവിക്കും. അതിന് മുമ്പ് ഓപഷണല്‍ പരീക്ഷ, ഫലപ്രഖ്യാപനം എന്നിവ സംബന്ധിച്ച് വിശദമായ സത്യവാങ് മൂലം ഫയല്‍ ചെയ്യണം. ഇത് മറ്റ് പരീക്ഷകള്‍, വിദ്യാര്‍ത്ഥി പ്രവേശനം എന്നിവയെ ബാധിക്കുന്നതാകും. 

ജയദീപ് ഗുപ്ത ( ഐ സി എസ് ഇ യ്ക്ക് വേണ്ടി) : സി.ബി.എസ്.ഇ നിലപാടിനോട് ഞങ്ങള്‍ പൂര്‍ണമായും യോജിക്കുന്നു. ഞങ്ങളും 10, 12 ക്ളാസുകളിലേക്ക് ഇനി നടത്താനുള്ള പരീക്ഷ റദ്ദാക്കാം. കഴിഞ്ഞ പരീക്ഷകളുടെ മാര്‍ക്കിന്റെ ഫലപ്രഖ്യാപനം ഉടന്‍ നടത്താം. പിന്നീട് ഓപ്ഷണല്‍ പരീക്ഷ നടത്താം.

ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ : സി ബി എസ് ഇ സത്യവാങ് മൂലം ഫയല്‍ ചെയ്യട്ടെ. നാളെ പത്ത് മുപ്പതിന് കേള്‍ക്കാം.

content highlights: CBSE Class ten exam plus two results during Covid 19 time