യോധ്യയിലെ തര്‍ക്ക ഭൂമി ക്ഷേത്ര നിര്‍മ്മാണത്തിനായി കൈമാറാന്‍ ഉള്ള ഭരണഘടന ബെഞ്ചിന്റെ ചരിത്ര വിധി എഴുതിയത് ആരാണ് ? കീഴ്വഴക്കം അനുസരിച്ച് എഴുതുന്ന ജഡ്ജിയുടെ പേര് വിധിയുടെ ആദ്യ ഭാഗത്ത് രേഖപെടുത്തിയിരിക്കും. ബെഞ്ചിലെ ഏതെങ്കിലും ഒരു ജഡ്ജി എഴുതുന്ന വിധിയോട് യോജിപ്പ് രേഖപ്പെടുത്തി മറ്റ് അംഗങ്ങള്‍ വിധിയുടെ അവസാനം ഒപ്പ് വയ്ക്കുക ആണ് പതിവ്. ഭൂരിപക്ഷ വിധിയോട് യോജിച്ച് കൊണ്ടോ, വിയോജിച്ച് കൊണ്ടോ ബെഞ്ചിലെ ഏത് അംഗത്തിന് വേണമെങ്കിലും പ്രത്യേക വിധിന്യായം എഴുതാം.

1045 പേജ് ദൈര്‍ഘ്യം ഉള്ള അയോധ്യ വിധി എഴുതിയത് ആരാണ് എന്ന് വിധി ന്യായത്തില്‍ വ്യക്തമാക്കിയിട്ടില്ല. അയോധ്യ തര്‍ക്കം പോലെ രാജ്യത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യം ഉള്ള വിധിയില്‍ ഭരണഘടന ബെഞ്ചിന്റേത് ഒറ്റ ശബ്ദം ആണെന്നും എല്ലാവരും ഒരുമിച്ച് ഇരുന്ന് എഴുതിയത് ആണെന്നും വ്യക്തമാക്കാന്‍ ആണ് വിധി എഴുതിയ ജഡ്ജിയുടെ പേര് പരസ്യപെടുത്താത്തത് എന്നാണ് സൂചന. എന്നാല്‍ വിധിയുടെ ശൈലിയില്‍ നിന്ന് എഴുതിയ ജഡ്ജിയെ സംബന്ധിച്ച് ചില നിഗമനങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ഗവേഷണ പ്രബന്ധങ്ങള്‍ എഴുതുന്നത് പോലെ ആണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിധി ന്യായങ്ങള്‍ എഴുതാറ്. ശബരിമല യുവതി പ്രവേശന വിധി ഉള്‍പ്പെടെ അദ്ദേഹം പുറപ്പെടുവിച്ച പല വിധികളിലും ആ ശൈലി പ്രകടമാണ് . വിഷയങ്ങള്‍ക്ക് പ്രത്യേക സബ് ഹെഡിങ്ങുകള്‍ നല്‍കി അവയുടെ ചരിത്രം മുതല്‍ നിഗമനങ്ങള്‍ വരെ വിശദീകരിച്ച് എഴുതുന്ന ശൈലി ആണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റേത്. റോമന്‍ സംഖ്യകള്‍ ഒഴിവാക്കി ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുതല്‍ ഇസ്സഡ് വരെയുള്ള അക്ഷരങ്ങള്‍ ആണ്  സബ് ഹെഡിങ്ങുകള്‍ തരം തിരിക്കാന്‍  ജസ്റ്റിസ് ചന്ദ്രചൂഡ് സാധാരണ ഉപയോഗിക്കാറ്. അയോധ്യ തര്‍ക്ക ഭൂമി കേസിലെ വിധിയിലും സബ് ഹെഡിങ്ങുകള്‍ തരം തിരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങള്‍ ഉപയോഗിച്ചാണ്.

ഭരണഘടന ബെഞ്ചിലെ അംഗങ്ങള്‍ ആയ ചന്ദ്രചൂഡും അശോക് ഭൂഷണും ദീര്‍ഘമായ വിധി ന്യായങ്ങള്‍ എഴുത്തുന്നവര്‍ ആണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് എസ് എ ബോബ്ഡെ എന്നിവര്‍ ഹ്രസ്വമായ വിധികള്‍ എഴുതാന്‍ ഇഷ്ടപ്പെടുന്നവരും. ജസ്റ്റിസ് അബ്ദുല്‍ നസീര്‍ ഇതില്‍ ഇരു വിഭാഗത്തിലും പെടും. വിധി പറയുന്നതിന്റെ തലേ ദിവസം ആയ വെള്ളിയാഴ്ച കോടതിയില്‍ ഉണ്ടായിരുന്നു എങ്കിലും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് അബ്ദുല്‍ നസീറും കേസ്സുകള്‍ പരിഗണിക്കാന്‍ കോടതി മുറിയില്‍ എത്തിയിരുന്നില്ല. 

ഇരുവരും മുഴുവന്‍ സമയവും ചേമ്പറില്‍ ആയിരുന്നു. ഉത്തര്‍ പ്രദേശ് ചീഫ് സെക്രട്ടറി, ഡി ജി പി എന്നിവരും ആയി ചീഫ് ജസ്റ്റിസും ഭരണഘടന ബെഞ്ചിലെ മറ്റ് രണ്ട് അംഗങ്ങളും നടത്തിയ കൂടിക്കാഴ്ചയില്‍ പോലും ജസ്റ്റിസ് ചന്ദ്രചൂഡും ജസ്റ്റിസ് നസീറും പങ്കെടുത്തില്ല. ഭരണഘടന ബെഞ്ചിന്റെ വിധിയില്‍ അനുബന്ധം ആയി ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക വിധിയുടെ രചയിതാവും ആരാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. 

അയോധ്യ കേസില്‍ ഭരണഘടന ബെഞ്ച് പുറപ്പടിവിച്ച വിധി, വിശ്വാസം, ആചാരം എന്നിവയുമായി ബന്ധപ്പെട്ട സമാന സ്വഭാവം ഉള്ള പല കേസ്സുകളേയും ബാധിക്കും എന്നാണ് സൂചന. വിധിന്യായത്തില്‍ മതേതര സ്ഥാപനം ആയ കോടതി മത വിശ്വാസങ്ങളുടെ വ്യാഖ്യാനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.  വിശ്വാസിയുടെ ആചാരങ്ങളും വിശ്വാസങ്ങളും കോടതി അംഗീകരിക്കണം. ഭരണഘടനയുടെ 25 ാം അനുച്ഛേദം തകര്‍ക്കുന്നത് അപകടരം ആണെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. വിശ്വാസികളുടെ വിശ്വാസം ചോദ്യം ചെയ്യുന്ന നടപടികളില്‍ നിന്ന് കോടതി വിട്ട് നില്‍ക്കണം എന്നും വ്യക്തമാക്കിയിട്ടുണ്ട്.

അയോധ്യ കേസില്‍ ഭരണഘടന ബെഞ്ച് സ്വീകരിച്ച ഈ നിലപാട് തന്നെ ആകുമോ ശബരിമല യുവതി പ്രവേശന വിധിക്ക് എതിരായ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച ഭരണഘടന ബെഞ്ചിനും എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച രണ്ട് ജഡ്ജിമാര്‍ അയോധ്യ കേസിലെ വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ചിലും അംഗം ആണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉം. അയോധ്യ കേസിലെ വിധി ഭരണഘടന ബെഞ്ചിലെ ഏത് ജഡ്ജി ആണ് എഴുതിയത് എന്ന കാര്യത്തില്‍ വ്യക്തത ഇല്ലെങ്കിലും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉം ഉള്‍പ്പടെ ബെഞ്ചിലെ എല്ലാ അംഗങ്ങള്‍ക്കും വിധിയിലെ കണ്ടെത്തലുകളോടെ ഏക അഭിപ്രായം ആണ്. 

ശബരിമല യുവതി പ്രവേശന ഉത്തരവ് അനുവദിച്ച് കൊണ്ടുള്ള ഭൂരിപക്ഷ വിധിക്ക് എതിരെ ഭിന്ന അഭിപ്രായം രേഖപെടുത്തിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടിനോട് സാമ്യം ഉള്ള നിലപാട് ആണ് വിശ്വാസം, ആചാരം എന്നിവ സംബന്ധിച്ച്  അയോധ്യ കേസില്‍ ഭരണഘടന ബെഞ്ച് ഏകകണ്ഠമായി സ്വീകരിച്ചത്. അയോധ്യ കേസില്‍ വിശ്വാസം, ആചാരം എന്നിവയ്ക്ക് നല്‍കിയ പ്രാധാന്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും  ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹര്‍ജികളില്‍ സ്വീകരിക്കുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.

content highlights: Ayodhya Verdict and Sabarimala issue