സുപ്രീംകോടതിയിലേക്ക് രണ്ടു ന്യായാധിപരെ തിരഞ്ഞെടുത്തുകൊണ്ടുള്ള കഴിഞ്ഞ ജനുവരി 10-ാം തീയതിയിലെ കൊളീജിയം തീരുമാനം വിവാദമായതില്‍ അദ്ഭുതമില്ല. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ എന്നിവരെ സുപ്രീംകോടതി ന്യായാധിപരാക്കാന്‍ ശുപാര്‍ശചെയ്യാന്‍ കഴിഞ്ഞവര്‍ഷം ഡിസംബര്‍ 12-ന് സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചിരുന്നു. അതിലെ അംഗമായിരുന്ന ജസ്റ്റിസ് മദന്‍. ബി. ലോകൂര്‍ കഴിഞ്ഞ ഡിസംബര്‍ 31-ന് സുപ്രീംകോടതിയുടെ അവധിക്കാലത്ത് വിരമിച്ചു. ഇപ്പോള്‍ നേരത്തേ പറഞ്ഞ രണ്ട് ന്യായാധിപര്‍ക്ക് പകരം കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയെയും ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും സുപ്രീംകോടതിയില്‍ നിയമിക്കാന്‍ തീരുമാനമെടുത്തു. ആ തീരുമാനത്തിന് ദ്രുതഗതിയില്‍  രാഷ്ട്രപതിയുടെ അംഗീകാരവും ഉണ്ടായിരിക്കുന്നു.

അപകടകരമായ രഹസ്യാത്മകത

നിയമദൃഷ്ട്യാ, 'പഴയകൊളീജിയ'വും 'പുതിയ കൊളീജിയ'വും ഇല്ല. രണ്ടാം ജഡ്ജസ് കേസിലെയും (1993) മൂന്നാം ജഡ്ജസ് കേസിലെയും (1998) വിധികളിലൂടെ സൃഷ്ടിക്കപ്പെട്ടതും രൂപകല്പന ചെയ്യപ്പെട്ടതുമായ 'കൊളീജിയം' ഇപ്പോള്‍ ഒരു സ്ഥാപനമെന്ന നിലയില്‍ മാറിയിരിക്കുന്നു. അംഗങ്ങളായ ന്യായാധിപര്‍ മാറുമ്പോള്‍ കൊളീജിയത്തിന്റെ തീരുമാനവും മാറിക്കൊണ്ടിരുന്നാല്‍ അത് നിയമവാഴ്ചയുടെ പരസ്യമായ നിഷേധമായിരിക്കും. ചീഫ്ജസ്റ്റിസ് രഞ്ജന്‍ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കൊളീജിയം എന്തടിസ്ഥാനത്തിലാണ് പഴയ തീരുമാനം മാറ്റിയതെന്നത് വ്യക്തമല്ല. ഈ രഹസ്യാത്മകത പക്ഷേ, അപകടകരമായ വിധത്തില്‍ ജനാധിപത്യവിരുദ്ധമാണ്. 'ഭരണഘടനയുടെ പിന്‍ബലമില്ലാത്ത വിചിത്രസൃഷ്ടി'യെന്നാണ് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ കൊളീജിയത്തെ വിവരിച്ചത് (ദ ഹിന്ദു, 18 ഓഗസ്റ്റ് 2012) 'ന്യായാധിപരെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ജനാഭിപ്രായത്തിന് പ്രസക്തിയില്ല; അതു കേള്‍ക്കാനുള്ള സംവിധാനവും ഇല്ല. നിയമനത്തിന് മാനദണ്ഡങ്ങളില്ല; നിര്‍ദിഷ്ട വ്യക്തികളുടെ സ്വഭാവവിശേഷങ്ങളെക്കുറിച്ച് അന്വേഷണവും ഇല്ല. ഉള്ളത് ഒരുതരം അരാജകത്വം മാത്രമാണ്' -അദ്ദേഹം എഴുതി. 

'പുതിയ തീരുമാനം'

ഈ 'അരാജകത്വ'വും 'മാനദണ്ഡമില്ലായ്മ'യും മാത്രമല്ല, ആരോടും ഉത്തരം പറയേണ്ടതില്ലാത്തതിന്റെ അപകടവുമെല്ലാം പ്രകടമാക്കുന്നതാണ് ചീഫ് ജസ്റ്റിസ് ഗൊഗോയ് അധ്യക്ഷനായ കൊളീജിയത്തിന്റെ പുതിയ തീരുമാനം. ഇങ്ങനെയൊരു 'പുതിയ തീരുമാനം' കൈക്കൊള്ളാന്‍ കൊളീജിയത്തിന് ഏത് നിയമമാണ് അഥവാ ഭരണഘടനയിലെ ഏതു വകുപ്പാണ് അനുവാദം നല്‍കുന്നതെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. കൊളീജിയം കോടതിവിധികളിലൂടെ ഉരുത്തിരിഞ്ഞുവന്ന സംവിധാനമാകയാല്‍, കുറഞ്ഞപക്ഷം ആ കൊളീജിയത്തിന്റെ തീരുമാനത്തിലെങ്കിലും സ്ഥിരതയും സുതാര്യതയും നടപടിക്രമം സംബന്ധിച്ച മാന്യതയും നിലനില്‍ക്കണം.
ആദ്യത്തെ തീരുമാനം കൈക്കൊണ്ടതിനുശേഷം എന്തുകൊണ്ട് അത് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച് കേന്ദ്രത്തിനയച്ചുകൊടുത്തില്ല? ആ തീരുമാനത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ജസ്റ്റിസ് ലോകൂര്‍ റിട്ടയര്‍ ചെയ്യുന്നതിനു മുമ്പായിത്തന്നെ ആവശ്യമായ ചര്‍ച്ചകളും കൂടിയാലോചനകളും നടത്തി അവ പരിഹരിച്ചില്ല? ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്തുകൊണ്ട് സുതാര്യമാക്കിയില്ല? ഇവ്വിധ ചോദ്യങ്ങള്‍ക്കൊന്നും ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. പുതിയ തീരുമാനം വഴി സുപ്രീംകോടതിയില്‍ രണ്ട് ന്യായാധിപര്‍ ഉടനെ സത്യപ്രതിജ്ഞ ചെയ്യുമെങ്കിലും ഈ സംഭവവികാസങ്ങള്‍ ചീഫ്ജസ്റ്റിസ് ഗൊഗോയിയുടെയും കൊളീജിയത്തിന്റെയും മാത്രമല്ല, സുപ്രീംകോടതിയുടെതന്നെയും ജനാധിപത്യപരമായ പ്രതിച്ഛായയ്ക്ക് വലിയതോതില്‍ മങ്ങലേല്‍പ്പിച്ചിരിക്കുന്നു.തന്നെക്കാള്‍ സീനിയറായ 32 ന്യായാധിപരെ പിന്തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജീവ്ഖന്ന സുപ്രീംകോടതിയില്‍ എത്തുന്നത്. ശരിയാണ്, ഹൈക്കോടതിയിലെ ചീഫ്ജസ്റ്റിസ്മാരില്‍നിന്നും മുതിര്‍ന്ന ജഡ്ജിമാരില്‍നിന്നുമായി സുപ്രീംകോടതി ജഡ്ജിമാരെ തിരഞ്ഞെടുക്കുമ്പോള്‍, സീനിയോറിറ്റി മാത്രമല്ല, മാനദണ്ഡമെന്ന് സുപ്രീംകോടതിയുടെ ഒമ്പത് അംഗ ബെഞ്ച് 1998-ല്‍ വിധിച്ചിരുന്നു. (സ്‌പെഷ്യല്‍ റഫറന്‍സ് കേസ് (1998) 7 സുപ്രീംകോര്‍ട്ട് കേസസ് 739) 'മെറിറ്റി'നാണ് മുഖ്യ പരിഗണനയെന്നു പറഞ്ഞ ആ വിധിയില്‍ സീനിയോറിറ്റിയില്‍നിന്നും വ്യതിചലിക്കാനുള്ള 'ശക്തവും വ്യക്തവും ആയ കാരണങ്ങള്‍' എവിടെയും രേഖപ്പെടുത്തേണ്ടതില്ലെന്നും വ്യക്തമാക്കിയിരിക്കുന്നു (44(6) ഖണ്ഡിക കാണുക).

രീതികള്‍ മാറണം

ചുരുക്കിപ്പറഞ്ഞാല്‍ കൊളീജിയത്തിന്റെ പ്രവര്‍ത്തനം പലപ്പോഴും നിയമേതരമായ മേഖലകളിലാണ്. 'മെമ്മോറാണ്ടം ഓഫ് പ്രൊസീജിയര്‍' എന്ന ഭരണഘടനയില്‍ പറഞ്ഞിട്ടില്ലാത്ത മറ്റൊരു ഏര്‍പ്പാടും ഇതിനകം വികസിച്ചുവന്നിട്ടുണ്ട്. ഇവയൊന്നും ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിലെ നിയമനരീതിയുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ പാളിച്ചകളെ പരിഹരിച്ചില്ലെന്നു മാത്രമല്ല, ബീഭത്സമായ വിധത്തില്‍ വലുതാക്കുകയും ചെയ്തു. ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ സുതാര്യമായ നിയമനരീതികള്‍ നമ്മുടെ രാഷ്ട്രീയനേതാക്കളെ പ്രലോഭിപ്പിച്ചിട്ടേയില്ല. അവര്‍ ഒരിക്കലും ഒരു സ്വതന്ത്ര ജുഡീഷ്യറി ആഗ്രഹിക്കുന്നില്ല എന്നതാകാം കാരണം.
പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകണമെങ്കില്‍ കൊളീജിയം സമ്പ്രദായംതന്നെ അവസാനിക്കണം. ഇപ്പോഴത്തെ പ്രശ്‌നത്തെ സുപ്രീംകോടതിയിലെ ന്യായാധിപനിയമനത്തിന്റേതു മാത്രമായി ചുരുക്കിക്കാണാവുന്നതല്ല. കൊളീജിയം എന്ന അതാര്യവും ജനാധിപത്യവിരുദ്ധവുമായ സങ്കേതത്തിനു പകരം സ്വതന്ത്ര ന്യായാധിപനിയമന കമ്മിഷന്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കപ്പെടുന്നതുവരെയും നമ്മുടെ ജനാധിപത്യത്തിന് പ്രതീക്ഷയ്ക്ക് വകയില്ല. 

അഴിമതിയാരോപണങ്ങളുടെ പേരില്‍ സൗമിത്രാസെന്നിനെപ്പോലുള്ള ന്യായാധിപര്‍ ഇംപീച്ച്മെന്റ് ഭീഷണി നേരിട്ടപ്പോഴും ജസ്റ്റിസ് കര്‍ണന്റെ വിചിത്രമായ പെരുമാറ്റങ്ങള്‍ രാജ്യത്തെ ഞെട്ടിച്ചപ്പോഴും ഇക്കൂട്ടര്‍ എങ്ങനെ ന്യായാധിപരായി നിയമിക്കപ്പെട്ടു എന്ന ചോദ്യമാണ് രാഷ്ട്രം ചോദിച്ചത്. മയിലുകളുടെ പ്രത്യുത്പാദത്തെക്കുറിച്ച് വിവരിച്ച രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയും പൗരത്വം സംബന്ധിച്ച വിധിന്യായത്തെ പ്രധാനമന്ത്രി മോദിജി'ക്കുള്ള നിവേദനമാക്കി മാറ്റിയ മേഘാലയ ഹൈക്കോടതിയിലെ ജഡ്ജിയും ശുദ്ധാത്മാക്കളെ ഞെട്ടിച്ചതില്‍ അദ്ഭുതമില്ല. 'സ്വകാര്യതലത്തില്‍ സോഷ്യലിസ്റ്റ് വിരുദ്ധരായ, രഹസ്യതലത്തില്‍ വര്‍ഗീയവാദികളായ, ധാര്‍മികമായ തലങ്ങളില്‍ ദുരൂഹത നിലനിര്‍ത്തുന്ന ആളുകള്‍ ന്യായാസനങ്ങളിലെത്തുന്നതിനെപ്പറ്റി ജസ്റ്റിസ് കൃഷ്ണയ്യര്‍ മുമ്പ് എഴുതിയിരുന്നു. (ലോ ആന്‍ഡ് ലൈഫ്, 2011). എന്നാല്‍, ഇത്തരം കാര്യങ്ങളെ അയോഗ്യതയായിക്കാണുന്നതിനു പകരം യോഗ്യതയായി കാണുന്ന ഒരു പൊതുമണ്ഡലംകൂടി ഇപ്പോള്‍ വികസിച്ചുവന്നിരിക്കുന്നു. 

(ലേഖകന്‍ സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്)

content highlights: Advocate Kaleeswaram Raj criticizes SC Collegium system