അഭിസംബോധനകളിലെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസല്ല, പൊളിറ്റിക്കല്‍ മര്‍ഡേഴ്‌സ് ഒരു ആധുനിക സമൂഹത്തില്‍ എത്രത്തോളം കറക്റ്റ് ആണ് എന്നത് തന്നെയാണ് തല്‍ക്കാലം പ്രധാനമെന്ന് വി.ടി. ല്‍റാം എം.എല്‍.എ.

പെരിയ ഇരട്ടകൊലപാതകത്തെ തുടര്‍ന്ന് സാമൂഹികമാധ്യമങ്ങളിലൂടെ എഴുത്തുകാരി കെ.ആര്‍ മീരയ്‌ക്കെതിരേ അശ്ലീല പരാമര്‍ശം നടത്തിയ വി.ടി. ബല്‍റാം എം എല്‍ എ ക്കെതിരേ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് മറുപടി പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. 

വി.ടി. ബൽറാം എം.എൽ.എ.യുടെ ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

അഭിസംബോധനകളിലെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസല്ല, പൊളിറ്റിക്കല്‍ മര്‍ഡേഴ്‌സ് ഒരു ആധുനിക സമൂഹത്തില്‍ എത്രത്തോളം കറക്റ്റ് ആണ് എന്നത് തന്നെയാണ് തല്‍ക്കാലം പ്രധാനം.

അതു കൊണ്ട് ഞങ്ങള്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത് ഞങ്ങളുടെ രണ്ട് കൂടപ്പിറപ്പുകളുടെ നിഷ്ഠൂരമായ കൊലപാതകം തന്നെയാണ്. നിരപരാധികളായ ചെറുപ്പക്കാരെ അരിഞ്ഞു വീഴ്ത്തുന്ന സിപിഎമ്മിന്റെ ക്രിമിനല്‍ രാഷ്ട്രീയത്തെക്കുറിച്ച് തന്നെയാണ്. കമ്മ്യൂണിസം എന്ന സമഗ്രാധിപത്യ പ്രത്യയശാസ്ത്രത്തില്‍ അന്തര്‍ലീനമായ അസഹിഷ്ണുതയേക്കുറിച്ചും ഹിംസാത്മകതയേക്കുറിച്ചുമാണ്.

അതില്‍ നിന്ന് ചര്‍ച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവര്‍ക്ക് സംരക്ഷണം നല്‍കുന്നവരേയും രക്ഷിച്ചെടുക്കാന്‍ നോക്കുന്ന സാംസ്‌ക്കാരിക കുബുദ്ധികളുടെ ട്രാപ്പില്‍ വീഴാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല.

കാസര്‍ക്കോട്ടെയും കണ്ണൂരിലേയും ആരാച്ചാര്‍മാരെക്കുറിച്ച് കെ ആര്‍ മീര വല്ലതും മൊഴിഞ്ഞോ എന്നു ചോദിച്ച് വിടി ബല്‍റാം കെ ആര്‍മീരയ്ക്കെതിരേ കഴിഞ്ഞയാഴ്ച പോസ്റ്റിട്ടിരുന്നു.

ഇതിനുള്ള മറുപടിയെന്നോണമാണ് കെ ആര്‍മീര പോസ്റ്റിട്ടത്. എന്നാല്‍ ഈ പോസ്റ്റിന് താഴെ അസ്ലീല ചുവയുള്ള പ്രതികരണം നടത്തുകയായിരുന്നു എം.എല്‍.എ.

കെ. ആര്‍. മീരയുടെ പോസ്റ്റിന് വി.ടി. ബല്‍റാം നല്‍കിയ മറുപടി

'പോ മോനേ ബാല - രാമാ ' എന്നല്ല അതിനപ്പുറവും മഹാ സാഹിത്യകാരിക്ക് പറയാം, കാരണം കേരളത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ പാര്‍ട്ടിക്ക് വേണ്ടിയാണവര്‍ അത് പറയുന്നത്. സംരക്ഷിക്കാന്‍ പാര്‍ട്ടിയും ഭരണകൂടവും നവോത്ഥാന സാംസ്‌കാരിക ലോകവും പൂക്കാശയും ഒക്കെ കട്ടയ്ക്ക് കൂടെ നില്‍ക്കും.
എന്നാല്‍ തിരിച്ച് പോ മോളേ ''മീരേ' എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

 ഇതിനെതിരേ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണപോസ്റ്റുമായി എം എല്‍ എ രംഗത്തെത്തിയത്. 

Content Highlights: VT Balram Replay Post To KR Meera on Periya Double Murder Case