വാക്കുറച്ചില്ലെങ്കിലും സാമ്രാജ്യത്വത്തിനെതിരെ ഉറക്കെയുറക്കെ മുദ്രാവാക്യം വിളിക്കുമ്പോള്‍ ഷനാന്‍ എന്ന രണ്ടരവയസ്സുകാരന്‍ ഒട്ടും കരുതിയില്ല സോഷ്യല്‍ മീഡിയയിലെ അടുത്ത താരം താനായിരിക്കുമെന്ന്. ആരേയും കൂസാതെ കുഞ്ഞു ചുവപ്പ് തൊപ്പിയുമിട്ട് മുത്തച്ഛന്റെ തോളിരുന്ന് അവന്‍ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചുകൊണ്ടേയിരുന്നു. സാമ്രാജ്യത്വം തുലയട്ടേ രക്തസാക്ഷികള്‍ സിന്ദാബാദ് പുതിയൊരിന്ത്യ പിറക്കട്ട ഇന്‍ക്വിലാബ് സിന്ദാബ്. അവന്‍ ഉറക്കെ വിളിച്ചു.

മലപ്പുറത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിനിടെയാണ് കോട്ടയ്ക്കല്‍ പറപ്പൂര്‍ സ്വദേശിയായ രണ്ടരവയസ്സുകാരന്‍ ഷനാന്‍ മുത്തച്ഛന്റെ തോളിരുന്ന് മുദ്രാവാക്യം വിളിച്ചത്. പതാക-കൊടിമരജാഥകള്‍ സംഗമിച്ച് ടൗണ്‍ഹാള്‍ മുറ്റത്തെത്തിയപ്പോഴായിരുന്നു സംഭവം. 

മൈക്കില്‍ മുഴങ്ങിക്കേട്ടുകൊണ്ടിരുന്ന മുദ്രാവാക്യം ആരും പറയാതെ തന്നെ ഷനാന്‍ സന്തോഷത്തോടെ മുത്തച്ഛന്റെ തോളിരുന്ന് ഏറ്റ് വിളിക്കുകായിരുന്നു. നാക്കുറച്ചില്ലെങ്കിലും ഷനാന്റെ മുദ്രാവാക്യം വിളി ഏറെ കൗതുകമായി. കൂടെയുള്ള ആരോ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വീഡിയോ വൈറലാവുകയും ചെയ്തു. ഡോക്ടര്‍ ദമ്പതികളായ ഷമീം ഷായുടേയും ഷംനിഷയുടേയും മകനാനാണ് ഷനാന്‍.