പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ വിവാദപരാമര്‍ശം നടത്തിയ പി.സി. ജോര്‍ജിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. റിമൂവ് പിസി ജോര്‍ജ് എന്ന ഹാഷ്ടാഗ് ക്യാമ്പയിന് പിന്നാലെ വായമൂടല്‍ ക്യാമ്പയിനുമായാണ് പ്രതിഷേധം ചൂടുപിടിക്കുന്നത്. 

പി.സി.ജോര്‍ജിന്റെ വായടക്കാനായി സെല്ലോടാപ്പ് വാങ്ങി അദ്ദേഹത്തിന് അയക്കുന്നതാണ് വായമൂടല്‍ ക്യാമ്പയിന്‍. സോഷ്യല്‍മീഡിയയില്‍ സജീവമായ ആക്ടിവിസ്റ്റുകളും സ്ത്രീകളുമാണ് ഇത്തരമൊരു വ്യത്യസ്തമായ ക്യാമ്പയിന് തുടക്കംകുറിച്ചിരിക്കുന്നത്. 

പി.സി. ജോര്‍ജിന് സ്വയംനിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കുറച്ച് സെല്ലോടാപ്പ് വച്ച് വായമൂടണമെന്നും, വായമൂടാന്‍ ഞങ്ങളുടെ വക ഇന്നാ പിടിച്ചോ ഒരു ടേപ്പെന്നുമുള്ള കുറിപ്പിനൊപ്പമാണ് വായമൂടല്‍ ക്യാമ്പയിന്‍ വൈറലായിരിക്കുന്നത്. പി.സി. ജോര്‍ജിന്റെ മേല്‍വിലാസവും, ടേപ്പിനൊപ്പം ചേര്‍ക്കേണ്ട കുറിപ്പും ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.