വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരുടെ ദുരൂഹമരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്നുപേരെക്കൂടി കോടതി വെറുതേവിട്ടതിനു പിന്നാലെ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
പെണ്‍കുട്ടികളുടെ സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്ന ഡിവൈഎസ്പിയുടെ പരാമര്‍ശം വലിയ എതിര്‍പ്പുകളാണ് വിളിച്ചു വരുത്തുന്നത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം എന്ന വാദത്തിനെതിരേ ഡോ ഷിംന അസീസ് എഴുതിയ കുറിപ്പ് വലിയ രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.
ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം ഒമ്പതും 11ഉം വയസ്സുള്ള പെണ്‍കുട്ടികളുടെ കാര്യത്തില്‍ എങ്ങനെയാണ് പ്രായോഗികമാകുന്നതെന്ന് ഷിംന അസീസ് ചോദിക്കുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം
ഉഭയകക്ഷിസമ്മതപ്രകാരമുള്ള ലൈംഗികബന്ധമോ? അതും 9, 11 വയസ്സുള്ള രണ്ട് പിഞ്ചുപെണ്‍കുട്ടികളുടെ സമ്മതം...
സമ്മതം കൊടുക്കാന്‍ അവരെന്തറിഞ്ഞിട്ടാണ്? പതിനെട്ട് വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുമായി സമ്മതത്തോടെ ബന്ധപ്പെട്ടാലും കുറ്റകരമാണ്. എവിടെയാണ് ഈ 'ഉഭയകക്ഷിസമ്മതം' എന്ന വിചിത്രനയം വരുന്നത്?
എന്നിട്ട് ആത്മഹത്യയെന്ന് പേരില്‍ പൊടിയും തട്ടി, തെളിവില്ലെന്ന് എഴുതിച്ചേര്‍ത്ത് ഈ കൊടുംക്രൂരത ചെയ്തവന്മാര്ക്ക് രക്ഷയും.
നീതി കിട്ടിയില്ലെന്നല്ല, നീതിയുടെ നിഴല്‍ പോലും ആ കുഞ്ഞിമക്കളുടെ മേല്‍ വീണില്ലെന്ന് പറയണം.
ആ കുഞ്ഞുങ്ങള്‍ക്ക് നഷ്ടം, നൊന്തു പെറ്റവള്‍ക്ക് വറ്റാത്ത കണ്ണീര്. അവരില്‍ പ്രതീക്ഷ നിറച്ചവര്‍ക്ക് പാതിവഴിക്ക് നിലച്ച് പോയ കഥയായി ആ പെണ്മക്കള്.
നശിച്ച ലോകം.
ശിശുക്ഷേമ സമിതി ചെയർമാനായി നിയമിതനായ വ്യക്തി പോക്സോ കേസിലെ പ്രതിക്ക് വേണ്ടി ഹാജരായതും വൻ പ്രതിഷേധമാണ് വിളിച്ചു വരുത്തുന്നത്.
content highlights: Valayar sexual abuse and murder case, social media agitation