33കൊല്ലം പിടികിട്ടാത്തപ്രതിയെ വിരല്‍തുമ്പത്ത് കൈവിടേണ്ടിവന്നു; അനുഭവംപങ്കുവെച്ച് ഉമേഷ് വള്ളിക്കുന്ന്


umesh vallikunnu/Photo FB

നങ്ങള്‍ക്ക് ലഭിക്കേണ്ട നീതി ചുവന്ന കെട്ടുകളില്‍ ജീവപര്യന്തം കുരുങ്ങിക്കിടക്കുന്നത് എന്തുകൊണ്ടെന്ന് അനുഭവിച്ചറിഞ്ഞതിനേക്കുറിച്ച് പറയുകയാണ് പോലീസ് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്ന്. 33 കൊല്ലം പിടികിട്ടാത്ത ഒരു പ്രതിയെ രണ്ടു ദിവസം കൊണ്ട് കണ്ടെത്താന്‍ സാധിച്ചിട്ടും വിരല്‍തുമ്പത്ത് ഉപേക്ഷിച്ച് വരേണ്ടിവന്നതിന്‍റെ നഷ്ടം അദ്ദേഹം വേദനയോടെ ഫെയ്‌സബുക്ക് കുറിപ്പില്‍ പങ്കുവെക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്
കോടതിയിൽ തീരാതെ കിടക്കുന്ന കേസുകളെച്ചൊല്ലി ഒരു ന്യായാധിപൻ കണ്ണീരൊഴുക്കിയത് നമ്മളൊക്കെ കണ്ടിട്ടുണ്ട്. ജനങ്ങൾക്ക് ലഭിക്കേണ്ട നീതി ചുവന്ന കെട്ടുകളിൽ ജീവപര്യന്തം കുരുങ്ങിക്കിടക്കുന്നത് എന്തുകൊണ്ടെന്ന് അനുഭവിച്ചറിഞ്ഞ ഒരു ഔദ്യോഗിക യാത്ര കഴിഞ്ഞ് അത്യന്തം നിരാശയോടെയും അമർഷത്തോടെയും ആത്മനിന്ദയോടെയും കർണ്ണാടകയിൽ നിന്ന് മടങ്ങിവരുമ്പോൾ അത് ഓർമ്മയിലിങ്ങനെ നിറയുകയാണ്.. സർക്കാരിന്റെ (ജനങ്ങളുടെ) പണവും മാനവശേഷിയും പാഴാക്കിക്കളയുന്ന പ്രഹസനത്തിൽ ഭാഗഭാക്കായിക്കൊണ്ടുള്ള ഗതികെട്ട യാത്ര!കഴിഞ്ഞയാഴ്ച കോട്ടയത്ത് പോകാനൊരുങ്ങുമ്പോഴാണ് കർണാടകയിൽ ഒരു LP കേസിലെ പ്രതിയെ തിരഞ്ഞ് പോകണമെന്ന് SHO നിർദ്ദേശിക്കുന്നത്. 1989-ലെ കേസാണ്! 33 വർഷമായി പിടികിട്ടാത്ത പ്രതിയെയാണ് കണ്ടെത്തേണ്ടത്. വാറണ്ടിലെ വിലാസമനുസരിച്ച് ദക്ഷിണ കന്നഡയിലെ വസുവാൾ താലൂക്കിലാണത്രേ പ്രതി! ഗൂഗിൾ ചെയ്തപ്പോൾ കർണാടകയിലെവിടെയും അങ്ങനെയൊരു താലൂക്കില്ല. അഡ്രസ്സിലുള്ള പോസ്റ്റോഫീസും.

കർണ്ണാടകയിലില്ല. 1989-ലെ കേസ് ഫയൽ പരിശോധിക്കാമെന്നു വച്ചപ്പോൾ അത് സ്റ്റേഷനിലില്ല! പക്ഷേ പോയേ പറ്റൂ. അന്വേഷിച്ചേ പറ്റൂ.

എ.എസ്. ഐ ഹരീഷേട്ടനും ഞാനും കൂടെയാണ് പോകേണ്ടത്. സംസ്ഥാനത്തിന് പുറത്ത് പോകുന്നതിന് നേരത്തേ അനുമതി വാങ്ങേണ്ടതുണ്ട്. യാത്രയും തിരച്ചിലുമൊക്കെയായി കുറഞ്ഞത് നാലുദിവസത്തേക്ക് പ്രസിഡൻസി പാസ്പോർട്ടിന് കൊടുക്കാമെന്ന് ധാരണയായി, അനുമതി കിട്ടുന്ന വരെയുള്ള സമയത്തിനുള്ളിൽ കോട്ടയത്തെ STEPS തീർത്ത് വരാമെന്നേറ്റ് ഡേ ഓഫ് ആയിരുന്നിട്ടും ചൊവ്വാഴ്ച സ്റ്റേഷനിലെത്തി അടുത്ത ദിവസങ്ങളിൽ കോടതിയിൽ കൊടുക്കാനുള്ള റിപ്പോർട്ടുകളെല്ലാം റെഡിയാക്കി വെച്ച് ബുധനാഴ്ച ഞാൻ കോട്ടയത്തേക്ക് പോയി. കോട്ടയത്തെയും പത്തനംതിട്ട യിലെയും കൊല്ലത്തെയും സുഹൃത്തുക്കളും അവിടെ കിട്ടിയ പുതിയ സുഹൃത്തുക്കളും ചേർന്ന് അവരുടെ വാഹനങ്ങളും പെട്രോളും വിലപിടിച്ച സമയവുമൊക്കെയായി കൂടെ നിന്നതുകൊണ്ടും കറുകച്ചാൽ, വേളൂർ, കുളനട, മയ്യനാട് എന്നീ വില്ലേജ് ഓഫീസർമാരും വില്ലേജ് ഫീൽഡ് സ്റ്റാഫും പ്രത്യേക പരിഗണന തന്ന് സഹായിച്ചത് കൊണ്ടും രാവും പകലുമില്ലാതെ ഓടിയത് കൊണ്ടും മൂന്ന് ജില്ലകളിലെയും പണി തീർത്ത് ശനിയാഴ്ച തിരിച്ചെത്തി. അന്ന് തന്നെ കമ്മീഷണർ ഓഫീസിൽ നിന്ന് പിറ്റേദിവസം കർണ്ണാടകയിൽ പോകാനുള്ള പ്രസിഡൻസി പാസ്പോർട്ട് ഒപ്പിട്ട് കിട്ടി. നാലു ദിവസം പ്ലാൻ ചെയ്തത് SHO വെട്ടിച്ചുരുക്കി ഞായാറാഴ്ച പോയി തിങ്കളാഴ്ച വരുന്ന വിധത്തിൽ ആക്കിയത് കണ്ടപ്പോഴേ ഇതൊരു പ്രഹസനമാണെന്നും കോടതിയുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു വെറും യാത്രയും "പ്രതിയെ കണ്ടു കിട്ടിയില്ല" എന്നൊരു റിപ്പോർട്ടും മാത്രമേ അദ്ദേഹം പ്രതീക്ഷിക്കുന്നുള്ളു എന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഞങ്ങൾ ആ ആരോപണത്തെ തോൽപ്പിക്കണമെന്ന മനസ്സോടെ ഞായറാഴ്ച പുലർച്ചെ മംഗലാപുരത്തേക്ക് പുറപ്പെട്ടു.

ഒരുപാട് പേരെ ഫോൺ വിളിച്ച് അന്വേഷിച്ച് 'വസുവാൾ' എന്ന താലുക്കിന് പകരം 'ബൺട്വാല' താലൂക്കാണെന്ന് മനസ്സിലാക്കിയിരുന്നു. മംഗലാപുരത്ത് നിന്ന് ഒരു മണിക്കൂറിലധികം ബസ്സിൽ യാത്ര ചെയ്ത് ഒന്നര കിലോമീറ്ററോളം നടന്ന് അവിടത്തെ പോലീസ് സ്റ്റേഷനിൽ എത്തി. ആളും തിരക്കുമില്ലാതെ ശാന്തമായി കിടന്ന ആ സ്റ്റേഷനിൽ നല്ല സ്വീകരണം കിട്ടി. നമ്മൾ അന്വേഷിക്കുന്ന വിലാസത്തിലെ ഒരു സ്ഥലപ്പേര് 26 കിലോമീറ്റർ അകലെയുള്ള മറ്റൊരു പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ അങ്ങോട്ട് പറഞ്ഞയച്ചു. നട്ടുച്ചവെയിലത്ത് നടന്നും ഓട്ടോറിക്ഷയും ബസ്സിലുമൊക്കെയായി അവിടെയെത്തിയപ്പോൾ നാലുമണിയായി. ആ സ്റ്റേഷനിൽ ആ സമയത്ത് ആകെയുണ്ടായിരുന്ന പോലീസുകാരി സ്നേഹത്തോടെ സ്വീകരിച്ചിരുത്തി ആരോടൊക്കെയോ ഫോണിൽ വിളിച്ച് അന്വേഷിച്ച് ഞങ്ങൾക്ക് പോകാനുള്ള വഴി പറഞ്ഞു തന്നു. പതിനഞ്ച് കിലോമീറ്റർ ബസ്സിൽ പോയി അഞ്ച് മണിയോടെ സ്ഥലത്തെത്തി. ഏതാനും കടകളും ഒരു പള്ളിയും മാത്രമുള്ള ഒരിടം. പ്രതിയുടെ നാട്ടിലെത്തിയതിന്റെ സന്തോഷവും ആ നാട്ടിലെ തണുപ്പും ഞങ്ങളുടെ ക്ഷീണം മാറ്റി. ആദ്യം ചോദിച്ച ആൾ തന്നെ പ്രതിയുടെ പേരുകേട്ടപ്പോൾ വീട്ടിലേക്കുള്ള വഴി പറഞ്ഞു തന്നു. ഞങ്ങൾ പതിയെ നടന്ന് കാടിനോട് ചേർന്നുള്ള വീടു കണ്ടു പിടിച്ചു. പക്ഷേ വീട് പൂട്ടിയിട്ടിരിക്കുകയാണ്. അടുത്തുള്ള റോഡിലേക്ക് നടന്നപ്പോൾ കണ്ട ചെറിയൊരു കടയിൽ അന്വേഷിച്ചപ്പോൾ ആള് ബാംഗ്ലൂര് മകന്റെ അടുത്ത് പോയതാണെന്നും നാളെ വരുമെന്നും പറഞ്ഞു. ഫോൺ നമ്പർ കടയുടമയുടെ കയ്യിൽ ഉണ്ടായിരുന്നില്ല. പലരോടും അന്വേഷിച്ച് ഗ്രാമത്തിലെ പള്ളിയിലെത്തിയപ്പോൾ ക്രിക്കറ്റ് കളിക്കാരനായ ഇളയ മകന്റെ നമ്പർ കിട്ടി. അവനെ വിളിച്ചപ്പോൾ അവൻ മാച്ചിന് പോയതാണെന്ന് പറഞ്ഞ് കട്ട് ചെയ്തു. അവൻ രാത്രി വരുമെന്ന് അതിനിടെ ഞങ്ങളോട് സൗഹൃദത്തിലായ അബ്ദുക്ക പറഞ്ഞു. സമയം ഏഴരയായിരുന്നു. അപ്പോഴേക്കും ആ വഴിക്കുള്ള അവസാനത്തെ ബസ്സും പോയിരുന്നു. അവിടെ പെട്ടു പോകുമോ എന്ന് തോന്നി. പക്ഷേ, പ്രതിയുടെ വീട് കണ്ടെത്തിയ സന്തോഷത്തിൽ ഞങ്ങൾ ഉറക്കമൊഴിഞ്ഞ് കുത്തിയിരിക്കാനും തയ്യാറായിരുന്നു.

ആ സന്തോഷത്തിൽ ഹരീഷേട്ടൻ SHO യെ വിളിച്ചു. അപ്പുറത്ത് നിന്നെന്തോ കേട്ടതോടെ ഹരീഷേട്ടന്റെ മുഖം മാറുന്നത് കണ്ടു.. "നിങ്ങൾ ഇതുവരെ തിരിച്ചു പോന്നില്ലേ" എന്ന മട്ടിലാണത്രേ അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിയുടെ വീടിനടുത്ത് കാത്തിരിക്കുകയാണെന്നതൊന്നും പരിഗണിക്കാത്ത പ്രതികരണം. അതിന്റെ സങ്കടം പറഞ്ഞിരിക്കുമ്പോൾ പ്രതിയുടെ മകനും അഞ്ചെട്ട് കൂട്ടുകാരും വന്നു. ഞങ്ങളെ വളഞ്ഞിട്ട് ചോദ്യം ചെയ്യുന്ന അവസ്ഥയായി. അര മണിക്കൂറിലധികം സമയമെടുത്ത് അബ്ദുക്കയും മറ്റൊരു നാട്ടുകാരനും കൂടി സമവായമുണ്ടാക്കി അവന്റെ അച്ഛനെ വിളിപ്പിച്ചു. അതോടെ അതു വരെ കണ്ടെത്തിയതെല്ലാം തകിടം മറിഞ്ഞു. പ്രതിയുടെ പേര് മാത്രമേ അയാളുടേതായുള്ളൂ. ആ നാട്ടിൽ ആ പേരിൽ അയാൾ മാത്രമേയുള്ളു. പക്ഷേ, അച്ഛന്റെ പേര് വാറണ്ടിലുള്ളതല്ല! അയാൾ ഒരിക്കലും കോഴിക്കോട് വന്നിട്ടില്ല. നാട്ടിലല്ലാതെ ലോറിയോടിച്ചില്ല!

അതുവരെ ചെയ്ത പണിയൊക്കെ വെറുതെയായതിന്റെ മടുപ്പും തങ്ങാനിടമില്ലാതെ അവിടെ പെട്ടുപോയതിന്റെ പകർപ്പും ഞങ്ങളെ തളർത്തി. നാളെ നമുക്ക് അന്വേഷിക്കാമെന്ന് അബ്ദുക്ക സമാധാനിപ്പിച്ചു. അബ്ദുക്ക തന്റെ കടയുടെ പിന്നിലെ ഷെഡ് തുറന്നു തന്നു. രണ്ട് പുല്ലു പായകളും ഒരു പുതപ്പും ഒപ്പിച്ചു തന്നു. മൂന്ന് കിലോമീറ്റർ അകലെയുള്ള കടയിൽ പോയി ഭക്ഷണം കഴിച്ച് വരാൻ പറഞ്ഞ് സ്കൂട്ടർ തന്നു വിട്ടു. വഴി കാട്ടാൻ ഏഴാം ക്ലാസുകാരൻ മകനെ കൂടെ വിട്ടു. മടങ്ങിവന്ന ഞങ്ങൾ കുളിച്ച് പുല്ലു പായയിലേക്ക് ചാഞ്ഞു. മൊബൈലിന് റേഞ്ച് ഇല്ലാത്തത് കൊണ്ടും ക്ഷീണം കൊണ്ടും പെട്ടെന്നുറങ്ങിപ്പോയി. രാവിലെ ഏഴു മണിവരെ സുഖമായി ഉറങ്ങി.

രാവിലെ പോസ്റ്റ് ഓഫീസിലേക്ക് പോയി. പോസ്റ്റ് മാൻ അങ്ങനെയൊരാൾ ആ പോസ്റ്റോഫീസ് പരിധിയിൽ ഇല്ലെന്ന് തീർത്തു പറഞ്ഞു. ഏതോ പ്രതീക്ഷയുടെ പുറത്ത് അവിടെ കണ്ട ഓരോരുത്തരോടും ഞങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. പത്തു മണിയോടെ വെയിലും വിശപ്പും മൂത്തു. ചായ എവിടെ കിട്ടും എന്ന് ചോദിച്ചപ്പോൾ ഒരാൾ കൂട്ടിക്കൊണ്ടുപോയി. ഒരു ചെറിയ മുറിയിൽ അയാൾ വീട്ടിൽ നിന്നുണ്ടാക്കിക്കൊണ്ടുവന്ന പൂരിമസാല വിൽക്കുന്നുണ്ടായിരുന്നു. അത് കഴിച്ചുകൊണ്ടിരിക്കെ ഞങ്ങളെ ചുറ്റിയുണ്ടായിരുന്ന നാട്ടുകാരും അങ്ങോട്ട് വന്നു. അതിലൊരാൾ അടുത്ത ഗ്രാമത്തിൽ ഒരു ഓട്ടോ ഡ്രൈവർ ഉണ്ടെന്നും അയാളുടെ ഏട്ടന് ഈ പ്രതിയുടെ പേരാണെന്നും പറഞ്ഞു. നാട്ടുകാർ തന്നെ ഓട്ടോഡ്രൈവറുടെ നമ്പർ സംഘടിപ്പിച്ചു. ഹരീഷേട്ടൻ അയാളെ വിളിച്ചു. ഏട്ടൻ കോവിഡ് കാലത്ത് മരിച്ചു പോയി എന്നും മൃതദേഹം കിട്ടിയില്ല എന്നും ഏത് ആശുപത്രിയിലാണ് മരിച്ചത് എന്ന് അറിയില്ല എന്നുമൊക്കെ അയാൾ പറഞ്ഞു. പകുതി ആശ്വാസമായി. മരണ സർട്ടിഫിക്കറ്റ് കിട്ടിയാൽ തീരുമല്ലോ പണി. പഞ്ചായത്തിൽ പോയി കോവിഡിൽ മരിച്ചവരുടെ കണക്ക് ഉണ്ടോ എന്ന് നോക്കാം എന്ന് തീരുമാനിച്ചു. അതറിഞ്ഞപ്പോൾ നാട്ടുകാർ പഞ്ചായത്തിലെ ഒരു സ്റ്റാഫിന്റെ നമ്പർ സംഘടിപ്പിച്ചു തന്നു. ആ ഉദ്യോഗസ്ഥനെ വിളിച്ച് വിവരം പറഞ്ഞ്, അയാൾ തിരിച്ചു വിളിക്കുന്നതിനായി കാത്തിരുന്നു.

ആ സമയത്താണ് രാജീവൻ എന്നയാളുടെ ഇടപെടൽ. ഓട്ടോറിക്ഷാ ഡ്രൈവറുടെ ഏട്ടൻ മരിച്ചിട്ടില്ല എന്നും അയാൾ നാട്ടിൽ നിന്ന് 25 കൊല്ലം മുൻപ് പോയതാണെന്നും ഇപ്പോൾ കർണാടക. എസ്. ആർ.ടി.സിയിൽ ഡ്രൈവറാണെന്നും വേറെ മതത്തിൽ നിന്ന് കല്യാണം കഴിച്ചത് കൊണ്ടാണ് നാട് വിട്ട് പോയതെന്നും അയാൾ പറഞ്ഞു. കെ. ആർ.ടി.സി.യിൽ അന്വേഷിച്ചാൽ കൂടുതൽ വിവരങ്ങൾ കിട്ടും എന്ന പ്രതീക്ഷയിൽ ഞങ്ങൾ മംഗലാപുരത്തേക്ക് ബസ്സിൽ കയറി. ആ ചെറിയ ആൾക്കൂട്ടം ഞങ്ങളെ കൈവീശി യാത്രയാക്കി.

മംഗലാപുരത്ത് KSRTC യുടെ അഡ്മിനിസ്ടേഷൻ ഓഫീസിൽ എത്തി. മൂന്നാല് സെക്ഷനുകൾ കയറിയിറങ്ങിയപ്പോൾ അവർ കിലോമീറ്ററുകൾ അകലെയുള്ള മറ്റൊരു ഡിപ്പോയിലേക്ക് ഞങ്ങളെ വിട്ടു. അവിടെ ആദ്യഘട്ടത്തിലെ ആട്ടും തുപ്പും ഏറ്റുവാങ്ങിയ ശേഷം ഡിപ്പോ മാനേജരുടെ അടുത്തെത്തി. പ്രതിയുടെ പേരുള്ള ഒരാൾ അവിടെ ജോലി ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. നമ്പറുകളും തന്നു. നമ്പറിൽ വിളിച്ചപ്പോൾ അയാൾ തന്റെ അച്ഛന്റെ പേര് വേറെയാണെന്നും താൻ കേരളത്തിൽ പോയിട്ടില്ല എന്നും പറഞ്ഞ് കട്ട് ചെയ്തു. അഡ്രസ്സോ മറ്റു വിവരങ്ങളോ കിട്ടുമോയെന്ന് ചോദിച്ച ഞങ്ങളോട് റീജണൽ ഓഫീസിൽ പോയി അന്വേഷിക്കാൻ പറഞ്ഞ് ഡിപ്പോ മാനേജർ തിരിച്ചയച്ചു. തിരികെ ആദ്യത്തെ ഓഫീസിൽ തന്നെ എത്തിയപ്പോൾ അവർ കുറച്ചൂകൂടി താൽപ്പര്യം കാണിച്ചു. അയാളുടെ സർവീസ് ബുക്ക് പരിശോധിച്ച് അയാൾ കള്ളം പറഞ്ഞാതാണെന്ന് ഉറപ്പു വരുത്തി. അയാളുടെ അഡ്രസ് പഴയ ഗ്രാമത്തിലേതായിരുന്നു. അത് കൊണ്ട് പ്രയോജനമില്ലല്ലോ.. അയാളുടെ ഭാര്യയുടെ ഉഡുപ്പി ഭാഗത്തുള്ള വിലാസവും അവരുടെ വീട്ടിലാണ് അയാൾ താമസിക്കുന്നത് എന്ന് സംശയവും അവർ പറഞ്ഞു.

ഫറോക്ക് സ്റ്റേഷനിൽ വിളിച്ച് പ്രതിയുടെ നമ്പർ അയച്ചു കൊടുത്ത് അഡ്രസ്സ് സൈബർ സെൽ വഴി നിയമാനുസൃതം എടുക്കാൻ ഏർപ്പാട് ചെയ്തശേഷം ഭക്ഷണം കഴിച്ച് രണ്ടരമണിയോടെ ഞങ്ങൾ 56 കിലോമീറ്റർ അകലെയുള്ള ഉഡുപ്പിയിലേക്ക് ബസ് കയറുകയും ചെയ്തു. അല്പം. അഡ്രസ്സ് വന്നോയെന്നു ഇടയ്ക്കിടെ ഫോണിൽ നോക്കിക്കൊണ്ടിരിക്കെ സ്റ്റേഷനിൽ നിന്ന് വിളി വന്നു. 'പ്രതിയെ നിങ്ങൾ അന്വേഷിക്കേണ്ട' എന്നും തിരിച്ച് വന്നോളാനും ഐ.പി . പറഞ്ഞു എന്ന്!

അഡ്രസ്സ് സൈബർ സെൽ വഴി എടുത്തു കൊടുക്കണ്ട എന്നും പറഞ്ഞെന്ന്! ഓർക്കാപ്പുറത്ത് തലക്ക് അടിയേറ്റ അവസ്ഥയിലായി ഞങ്ങൾ. മനസ്സ് 'ചുരുളി' യിൽ പെട്ടു പോയി.

എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലിരിക്കുമ്പോഴാണ് അബ്ദുക്കയുടെ വിളി വരുന്നത്. എന്തായി സാറേ, ആളെ കിട്ടിയോ എന്നാണ് ചോദിക്കുന്നത്. ആ മനുഷ്യനും ഈ യാത്രയിൽ കണ്ടുമുട്ടിയ അനേകം മനുഷ്യരും ചേർന്നാണ് പ്രതിയുടെ ഇത്രയും അടുത്തെത്തിച്ചത് എന്ന ബോധത്തിലേക്ക് തിരിച്ചെത്തിക്കാൻ ആ വിളി മതിയായിരുന്നു. "ഹരീഷേട്ടാ, നമുക്ക് മുന്നോട്ട് പോയി നോക്കാം. കിട്ടിയാലും ഇല്ലെങ്കിലും രാത്രിയുള്ള ട്രെയിനിൽ മടങ്ങാമല്ലോ. ഇനിയൊരു രണ്ടുമൂന്ന് മണിക്കൂറും കൂടി നമുക്ക് മുന്നിലുണ്ടല്ലോ.." ഹരീഷേട്ടനും അംഗീകരിച്ചു.അങ്ങനെ ഉഡുപ്പിയിലെത്തി പോലീസ് സ്റ്റേഷൻ കണ്ടു പിടിച്ചു. മറ്റു രണ്ട് സ്റ്റേഷനുകളിലെ പോലെയായിരുന്നില്ല, ഉഡുപ്പിയിലെ പ്രതികരണം. നമ്മൾ പറയുന്നത് കേൾക്കുക പോലും ചെയ്യാതെ ഒഴിവാക്കി വിടാനായിരുന്നു ശ്രമം. ഒടുവിൽ പ്രോസസ് നടത്തുന്ന പോലീസുകാരന്റെ നമ്പർ സംഘടിപ്പിച്ച് അവിടെ നിന്നിറങ്ങി അന്വേഷിച്ചു തുടങ്ങി. അഡ്രസ്സിൽ 'Near Church' എന്നുള്ള ലാൻഡ് മാർക്ക് ആധാരമാക്കി ഓരോ പള്ളികളും തിരഞ്ഞു പോയി. ഒരു പള്ളിക്കടുത്തുള്ള ഹോട്ടലിൽ അന്വേഷിച്ചുകൊണ്ടിരിക്കെ അവിടെ ചായകുടിച്ചു കോണ്ടിരുന്ന മനുഷ്യൻ ഇടപെട്ടു. ഒരു ഗവൺമെന്റ് ഡ്രൈവറെയല്ലേ നിങ്ങൾ അന്വേഷിക്കുന്നത്, അയാൾ ഇവിടെ നിന്ന് 5-6 കിലോമീറ്റർ ദൂരയുള്ള വൈറ്റ് ചർച്ചിന്റെ അടുത്താണ് താമസിക്കുന്നത് എന്ന് പറഞ്ഞ് ഏകദേശം റൂട്ട് വരച്ചു തന്നു. ഞങ്ങൾ നിൽക്കുന്നിടത്ത് നിന്ന് ഒന്നര കിലോമീറ്റർ അകലെ ഡയാന സർക്കിളിൽ പോയാൽ ഓട്ടോ കിട്ടും എന്നും പറഞ്ഞു. ഞങ്ങൾ നടന്ന് ഓട്ടോ സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും ആ മനുഷ്യൻ സൈക്കിളിൽ അവിടെയെത്തി ഓട്ടോക്കാരന് സ്ഥലം പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. അപ്പോഴേക്കും ഇരുട്ട് വീണിരുന്നു. അയാൾ പറഞ്ഞ സ്ഥലത്തെത്തിയപ്പോൾ വീടുകൾ നന്നേ കുറവാണ്. ഉള്ള വീടുകൾ റോഡിൽ നിന്നും ദൂരെയും. ഞങ്ങളും ഓട്ടോക്കാരനും ഇറങ്ങി നടന്ന് അന്വേഷിച്ചു തുടങ്ങി. ഒരു ദിവസം കൂടി സമയമുണ്ടെങ്കിൽ പകൽ അന്വേഷിച്ചാൽ എളുപ്പമുണ്ടായിരുന്നു. ഇതിപ്പോ മിനിറ്റുകൾ മാത്രമേ കയ്യിലുള്ളു. അങ്ങനെ ക്ലൈമാക്സ് മുറുകി നിൽക്കേ ഹരീഷേട്ടന് എസ്. എച്ച്. ഓ.യുടെ വിളി വന്നു. ഇത് വരെ മടങ്ങി വരാത്തതിനുള്ള ചീത്തവിളിയാണ്. നിങ്ങൾ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തുകയാണോ, ഉഡുപ്പിയിൽ പാസ്പോർട്ടിൽ സീൽ വെക്കാൻ പോയതാണോ എന്നൊക്കെയാണ് ചോദ്യം.

പിന്നെ, ഒന്നും നോക്കിയില്ല. റഫീക്കിനോട് ഓട്ടോ ബസ് സ്റ്റാൻഡിലേക്ക് വിടാൻ പറഞ്ഞു. മംഗലാപുരത്തേക്ക് ബസ് കയറി. രാത്രി പതിനൊന്നേമുക്കാലിനുള്ള ട്രെയിനിന് ടിക്കറ്റെടുത്തു..

കപ്പലിൽ പോയ കൂറയുടേതാണോ ചന്തക്ക് പോയ പട്ടിയുടേതാണോ ഞങ്ങൾക്ക് ചേരുന്ന ഉപമ എന്ന് ആലോചിച്ചു കൊണ്ട് തീവണ്ടിക്ക് കാത്തിരുന്നു. ഈ രണ്ട് പട്ടികൾ ചന്തക്ക് പോയ വകയിൽ ഞങ്ങളുടെ കൂലിയടക്കം സർക്കാരിന് നല്ലൊരു ചിലവുണ്ട്. ബസ്സുകൂലിയും ഓട്ടോക്കാശും നോക്കിയാൽ ഞങ്ങൾക്ക് കിട്ടാനുള്ള ടി.എ. അതിന്റ പകുതി പോലും വരില്ല എന്നത് കൊണ്ട് ഞങ്ങൾക്കും സാമാന്യം നഷ്ടമുണ്ട്. അതൊക്കെ പോട്ടെന്ന് വെക്കാം. പക്ഷേ, 33 കൊല്ലം പിടികിട്ടാത്ത ഒരു പ്രതിയെ രണ്ടു ദിവസം കൊണ്ട് കണ്ടെത്താൻ സാധിച്ചിട്ടും വിരൽതുമ്പത്ത് ഉപേക്ഷിച്ച് വരേണ്ടതിന്റെ നഷ്ടം ഞങ്ങൾക്ക് മാത്രമല്ല, ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് കൂടിയാണ്. ഇനിയൊരു 33 കൊല്ലം കഴിഞ്ഞാലും, പ്രതി മരിച്ച് മണ്ണടിഞ്ഞാലും തീരാതെ ഈ കേസ് LP യായി തുടരും. അങ്ങനെയുള്ള അനേകം കേസുകൾ നീതിപീഠങ്ങളെ നോക്കി പല്ലിളിച്ചു കാട്ടും. ഇങ്ങനെയൊരു പോസ്റ്റ് വരുമ്പോൾ പതിവുപോലെ എനിക്ക് പണി കിട്ടുമെന്നുറപ്പാണ്. പക്ഷേ, നമ്മൾ തുമ്പത്തെത്തിച്ചു കൊടുത്ത അന്വേഷണത്തിന് ഒരു തുടർച്ചയുണ്ടായേക്കും. 'അന്വേഷിച്ചു, കണ്ടെത്തിയില്ല' എന്ന പ്രഹസനത്തിൽ നിന്ന് എന്നെ ഒഴിവാക്കിക്കിട്ടിയാൽ അതായിരിക്കും ഈ പോസ്റ്റ് കൊണ്ടുള്ള എന്റെ വലിയ നേട്ടം. തുടൽ വലിച്ചും അയച്ചും പട്ടിയെ കളിപ്പിക്കുന്നതുപോലെ ഞങ്ങളെ കളിപ്പിക്കുന്നത് കൊള്ളാം. അത് സർക്കാരിന്റെ പൈസയും കോടതിയുടെ വാറണ്ടും ഉപയോഗിച്ചാവുന്നത് അതിലും കൊള്ളാം. പൊലീസിന് നീതിനടപ്പാക്കാൻ സ്വന്തം സമയം കളഞ്ഞ് നമ്മളോടൊപ്പം നിന്ന ജനങ്ങളെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും വിഡ്ഢികളാക്കുന്നത് അതിലേറെ കൊള്ളാം..

Content Highlights: Umesh vallikunn shares bitter experience in work life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented